മലയാളത്തിലുള്ള പകർപ്പവകാശനിബന്ധനകളില്ലാത്ത കൃതികൾ ശേഖരിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷനു കീഴിലുള്ള സംരംഭമാണു് മലയാളം വിക്കിഗ്രന്ഥശാല. ഒരു ഗ്രന്ഥശാലയുടെ സേവനങ്ങൾ ഉപയോക്താക്കൾക്ക് നല്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കപ്പെട്ട മലയാളം വിക്കിപീഡിയയുടെ സഹോദരസംരംഭമാണിത്. സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപപീഡിയയിൽനിന്ന് വ്യത്യസ്തമായി പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീന കൃതികൾ, പകർപ്പവകാശ കാലാവധി കഴിഞ്ഞ കൃതികൾ, പകർപ്പവകാശത്തിന്റെ അവകാശി പൊതുസഞ്ചയത്തിൽ ആക്കിയ കൃതികൾ എന്നിവയെല്ലാം ഗ്രന്ഥശാലയിൽ ലഭ്യമാകും. ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന മലയാളകൃതികൾ, മറ്റു് ഭാഷകളിലെ കൃതികളുടെ മലയാളലിപ്യന്തരണങ്ങൾ എന്നിവ വിക്കിഗ്രന്ഥശാലയിലേക്ക് കൂട്ടിച്ചേർക്കാവുന്നതാണ്.

ചരിത്രം

തിരുത്തുക

2006 മാർച്ച് 29-നാണ് മലയാളം വിക്കിഗ്രന്ഥശാലയുടെ തുടക്കം. പൂന്താനത്തിന്റെ ജ്ഞാനപ്പാനയാണ് ആദ്യമായി വിക്കിഗ്രന്ഥശാലയിൽ ചേർത്ത് തുടങ്ങിയത്. ആ വർഷംതന്നെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് ഗ്രന്ഥശാലയിലാക്കുന്ന പ്രവർത്തനം ആരംഭിച്ചു. 2008-2009-ൽ സത്യവേദപുസ്തകം, ഖുർആൻ, കേരളപാണിനീയം, കൃഷ്ണഗാഥ എന്നിവ സമ്പൂർണ്ണമായി വിക്കിഗ്രന്ഥശാലയിലെത്തിച്ചു. കുമാരനാശാന്റെയും ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും കവിതകൾ, ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടേയും കൃതികൾ എന്നിവ ഏതാണ്ട് പൂർണ്ണമായി ഗ്രന്ഥശാലയിൽ സമാഹരിച്ചിട്ടുണ്ട്. ഉള്ളൂർ എസ് പരമേശ്വരയ്യരുടെ കൃതികൾ സമാഹരണം നടന്നുകൊണ്ടിരിക്കുന്നു.

കുഞ്ചൻ നമ്പ്യാർ, പൂന്താനം നമ്പൂതിരി, എഴുത്തച്ഛൻ, മേല്പത്തൂർ നാരായണ ഭട്ടതിരി തുടങ്ങി നിരവധി പേരുടെ വിവിധ കൃതികൾ ഗ്രന്ഥശാലയിൽ സമാഹരണത്തിന്റെ പ്രാഥമികഘട്ടത്തിലാണ്. ഭാഗവതം കിളിപ്പാട്ട്, നാരായണീയം, ഗീതഗോവിന്ദം, ഋഗ്വേദം, ഇന്ദുലേഖ തുടങ്ങിയവ അപൂർണ്ണമായി നിൽക്കുന്നു. അറബിമലയാളത്തിലെ ആദ്യകാവ്യമായി കരുതപ്പെടുന്ന ഖാസി മുഹമ്മദിന്റെ മുഹ്‌യുദ്ദീൻ മാലയും, കെ.വി. സൈമൺ, പി.എം. കൊച്ചുകുറു, പി.വി. തൊമ്മി, മോശവത്സലം, വി. നാഗൽ, കൊച്ചുകുഞ്ഞുപദേശി തുടങ്ങിയവരുടെ ക്രിസ്തീയകീർത്തനങ്ങളും ആണ് വിക്കിഗ്രന്ഥശാലയുടെ അപൂർവത. ത്യാഗരാജകൃതികൾ, സ്വാതിതിരുനാൾ കൃതികൾ എന്നിവയും വിക്കിഗ്രന്ഥശാലയിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.

പകർപ്പവകാശത്തിനു പുറത്തുള്ള എല്ലാ കൃതികളും - മതം, ശാസ്ത്രം, സാഹിത്യം, തത്ത്വചിന്ത, വൈദ്യം, വ്യാകരണം - എന്തുമാകട്ടെ - മലയാളിക്ക് പ്രാപ്യമാക്കുക എന്നതാണ് വിക്കിഗ്രന്ഥശാലയുടെ ലക്ഷ്യം. മലയാളത്തിൽ ചീരാമകവിയുടെ രാമചരിതം മുതൽ ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രം വരെയുള്ള ഗ്രന്ഥങ്ങൾ വിരൽത്തുമ്പിൽ - സ്വതന്ത്രവും സൌജന്യവുമായി- എത്തുക എന്നത് ഏതൊരു ഭാഷാ-സാഹിത്യപഠിതാവിനും ആഹ്ലാദകരമാണ്. അതിനുള്ള ഭൂമികയാണ് ഗ്രന്ഥശാല.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക