വോൾബ്രീറ്റ് നാഗൽ
മലയാളത്തിലുള്ള നിരവധി ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവായ ഒരു ജർമ്മൻ മിഷണറിയാണ് വി.നാഗൽ എന്നറിയപ്പെടുന്ന വോൾബ്രീറ്റ് നാഗൽ (Volbrecht Nagel) (ഫോൾ ബ്രെഷ്റ്റ് നാഗൽ എന്ന് ജർമ്മൻ ഉച്ചാരണം). നാഗൽ സായിപ്പ് എന്ന പേരിലാണ് ഇദ്ദേഹം കേരള ക്രൈസ്തവരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. ജനനം: 1867 നവംബർ 3നു ജർമ്മനിയിലെ ഹെസൻ എന്ന സംസ്ഥാനത്ത്. മരണം: 1921 മെയ് 12-നു ജർമ്മനിയിൽ.
ഇപ്പോൾ കേരളക്രൈസ്തവർ ശവസംസ്കാര ചടങ്ങുകളിൽ പാടാറുള്ള സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു എന്നാരംഭിക്കുന്ന പ്രശസ്ത ഗാനത്തിന്റെ രചയിതാവ് ഇദ്ദേഹമാണ്.[1] പിന്നീട് 21 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗാനത്തിന്റെ പ്രശസ്തി മലയാളത്തിനപ്പുറത്തേക്കും വളരുകയായിരുന്നു. അരനാഴികനേരം എന്ന മലയാള സിനിമയിൽ കേട്ടതോടെയാണു് സമയരഥത്തിന്റെ ഗാനം മലയാളത്തിൽ പ്രശസ്തമായത്. നാഗലിന്റെ വരികളിൽ ചില ഭേദഗതികൾ വരുത്തിയാണ് വയലാർ രാമവർമ്മ ഈ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയത്.[2]
ജീവിതരേഖ
തിരുത്തുകആദ്യകാലം
തിരുത്തുകജർമനിയിലെ ഹെസൻ സംസ്ഥാനത്താണ് അദ്ദേഹം ജനിച്ചത്. തുകൽപ്പണിക്കാരനായ ഹെൻറി പീറ്ററും എലിസബേത്ത് മേയും ആയിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ശൈശവത്തിൽത്തന്നേ അവർ മരിച്ചു. ഭക്തിപൂർണ്ണമായ ഒരു അന്തരീക്ഷത്തിലാണ് പിന്നീട് അദ്ദേഹം വളർന്നത്. സഞ്ചാര സുവിശേഷകനായിരുന്ന ഒരു ചെരുപ്പുകുത്തിയുടെ പ്രസംഗം കേട്ട് പതിനെട്ടാമത്തെ വയസ്സിൽ നാഗലിനു മാനസാന്തരം ഉണ്ടായെന്നും, അതോടെ സുവിശേഷകനായി ജീവിക്കണം എന്നു തീരുമാനിച്ചെന്നും പറയപ്പെടുന്നു. ആ തീരുമാനത്തെ തുടർന്ന് സിറ്റ്‌സ്വർലാൻഡിലുള്ള ബാസൽ പട്ടണത്തിലെ ലൂഥറൻ വൈദികപാഠശാലയിൽ പ്രവേശിച്ചു. ആറു വർഷത്തെ അഭ്യസനത്തിനു ശേഷം 1892-ൽ അദ്ദേഹത്തെ ഇവാഞ്ചലിക്കൽ ലൂതറൻ മിഷന്റെ ഇന്ത്യയിലെ പ്രവർത്തനത്തിനായി നിയോഗിച്ചു. ഇന്ത്യയിലേക്കു പുറപ്പെടുന്നതിനു മുൻപ് വൈദികപ്പട്ടവും ഏറ്റു. പ്രേക്ഷിത സംഘത്തിൻെറ പ്രവർത്തകനായി കണ്ണൂരിലെത്തി.
കേരളത്തിലെ പ്രവർത്തനം
തിരുത്തുക1893-ഡിസംബർ മാസത്തിലാണു അദ്ദേഹം കണ്ണൂരിൽ എത്തിയത്. വാണിയങ്കുളത്തെ ബാസൽ മിഷൻ കേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്തു. മിഷൻ സ്ഥാപനങ്ങളായ സ്കൂളുകളും വ്യവസായ സ്ഥാപനങ്ങളും അവയുടെ നടത്തിപ്പും പണത്തിന്റെ ഉത്തരവാദിത്തവും എല്ലാം സ്വതന്ത്രമായ സുവിശേഷഘോഷണത്തിനു തടസ്സമായി നാഗലിനു തോന്നി. അതിനാൽ മുന്നു വർഷത്തിനു ശേഷം സ്വതന്ത്ര സുവിശേഷ പ്രവർത്തനം നടത്തുന്നതിനു വേണ്ടി മിഷൻ കേന്ദ്രത്തിന്റെ ഉത്തരവാദിത്തം ഉപേക്ഷിച്ചു. അധികം താമസിയാതെ ലൂഥറൻ സഭയുടെ അധികാരത്തിൻ കീഴുള്ള പ്രവർത്തനം ബന്ധനമായി തോന്നുകയാൽ അതും ഉപേക്ഷിച്ചു.[3]
കുന്നംകുളത്തേക്ക്
തിരുത്തുകകണ്ണൂരിൽ നിന്നു എങ്ങോട്ടു പോകണം എന്നു ലക്‌ഷ്യം ഇല്ലാതെ നാഗൽ തെക്കോട്ടു യാത്ര ചെയ്തു. കാളവണ്ടിയിലായിരുന്നു യാത്ര. കുന്നംകുളം പട്ടണത്തിലെത്തിയപ്പോൾ ഒരു പ്രാർത്ഥനാകേന്ദ്രം കണ്ട് അവിടെ കയറി വിശ്രമിച്ചു. ആ പുരാതന ക്രൈസ്തവ കേന്ദ്രത്തിൽ തന്റെ മിഷനറി പ്രവർത്തനം തുടങ്ങാൻ നിശ്ചയിച്ചു. സുവിശേഷപ്രചരണം കൂടുതൽ കാര്യക്ഷമമാക്കാൻ നാഗൽ മലയാളം പഠിച്ചു. ചുരുങ്ങിയ കാലം കൊണ്ട് മലയാള ഭാഷയിൽ പ്രസംഗം നടത്തുന്നതിനും, പാട്ടുകൾ എഴുതുന്നതിനും പാടവം നേടി. മലയാളത്തിൽ പാടുകയും പ്രസംഗിക്കുകയും ചെയ്യുന്ന നാഗൽ സായിപ്പ് നാട്ടുകാർക്ക് പ്രിയംകരനായി. കുന്നംകുളം പട്ടണത്തിലും ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലും അദ്ദേഹം തന്റെ മിഷനറി പ്രവർത്തനം തുടർന്നു.
വിവാഹം, കുടുംബം
തിരുത്തുക1897-ൽ കുന്നംകുളത്ത് താമസിച്ച് മിഷനറി പ്രവർത്തനം ചെയ്യുന്ന സമയത്ത്, നാഗൽ സായിപ്പ് ഹാരിയറ്റ് മിച്ചൽ എന്ന ആംഗ്ലോ-ഇന്ത്യൻ വനിതയെ തന്റെ ജീവിതപങ്കാളിയായി സ്വീകരിച്ചു.[4]
വിവാഹത്തിനു ശേഷം ചില മാസങ്ങൾ നവദമ്പതികൾ നീലഗിരിയിൽ ചെന്നു പാർത്തു. ആ സമയത്താണു ഇംഗ്ലീഷ്‌കാരനായ ബ്രദറൺ മിഷനറി ഹാൻലി ബോർഡുമായി നാഗൽ പരിചയപ്പെടുന്നത്. ബോർഡിന്റെ പഠിപ്പിക്കലിനെത്തുടർന്ന് നാഗലും ഭാര്യയും അദ്ദേഹത്തിന്റെ കൈകൊണ്ടു തന്നെ മുതിർന്ന സ്നാനം ഏൽക്കയും ബ്രദറൻ സഭയോട് ചേർന്നു പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു.[4] നാഗലിന്റെ പ്രവർത്തനത്തിനു ഏറ്റവും നല്ല കൂട്ടാളിയായിട്ടാണു മിച്ചൽ പ്രവർത്തിച്ചത്. ജർമ്മൻകാരനായിരുന്ന നാഗലിന് ഇംഗ്ലീഷിലുള്ള എഴുത്തുകുത്തുകളിലും മറ്റുമുണ്ടായിരുന്ന പോരായ്മ പരിഹരിക്കാൻ മിച്ചൽ സഹായിച്ചു. ഇവർക്കു 5 ആൺകുട്ടികളും 2 പെൺകുട്ടികളും ഉണ്ടായി. ഇവരിൽ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ശൈശവത്തിൽ തന്നെ മരിച്ചു പോയി.
പറവൂരിലേക്ക്
തിരുത്തുകഒരു സ്ഥലത്തു തന്റെ മിഷനറി പ്രവർത്തനം മൂലം സഭ സ്ഥാപിക്കപ്പെട്ടാൽ പിന്നീടു പുതിയ സ്ഥലത്തേക്ക് പോകണം എന്നായിരുന്നു നാഗലിന്റെ ആഗ്രഹം. അതിനാൽ 1899-ൽ 32-ആമത്തെ വയസ്സിൽ കുന്നംകുളത്തു നിന്നു ഏകദേശം 32 കി.മീ. അകലെയുള്ള പറവൂർ എന്ന സ്ഥലത്തേക്ക് തന്റെ പ്രവർത്തനവും താമസവും മാറ്റി. ഇതിനകം അദ്ദേഹം അറിയപ്പെടുന്ന ഒരു പ്രഭാഷകനും അദ്ധ്യാപകനും ആയി തീർന്നതു മൂലം ധാരാളം കൺവെൻഷൻ വേദികളിലെക്കു ക്ഷണം ലഭിച്ചു. 1898-ൽ 31-ആമത്തെ വയസ്സിൽ ക്രിസ്തീയ സ്നാനം എന്ന പേരിൽ ഒരു പുസ്തകം എഴുതി. വ്യക്തികൾ മുതിർന്നതിന് ശേഷം വിശ്വാസം ഏറ്റ് പറഞ്ഞു കൊണ്ടുള്ള സ്നാനത്തെ സാധൂകരിച്ചു കൊണ്ടു മലയാളത്തിലെഴുതപ്പെട്ട ആദ്യത്തെ പുസ്തങ്ങളിൽ ഒന്നായി ഇതു കരുതപ്പെടുന്നു. നാളുകൾക്കു ശെഷം 1906-ൽ, തന്റെ 39-ആമത്തെ വയസ്സിൽ നാഗൽ തൃശൂർ നഗര പ്രാന്തത്തിലുള്ള നെല്ലിക്കുന്നത്തു കുറേ സ്ഥലം വാങ്ങി ഒരു അനാഥശാലയും വിധവാമന്ദിരവും ആരംഭിച്ചു. ആ മിഷൻ കേന്ദ്രത്തിനു 'റഹബോത്ത്' എന്നാണു നാമകരണം ചെയ്തത്. ഈ അനാഥശാല നൂറുവർഷത്തിലേറെയുള്ള സേവന പാരമ്പര്യത്തോടെ ഇപ്പോഴും നിലനിൽക്കുന്നു.[5]
അവസാനകാലം
തിരുത്തുക1914-ൽ 47-ആമത്തെ വയസ്സിൽ, ജന്മദേശം ഒന്നു സന്ദർശിച്ച് ആറു മാസം കഴിഞ്ഞ് തിരിച്ചു വരാമെന്നുള്ള ആശയോടെ രണ്ട് മക്കളുമായി നാഗൽ ജർമ്മനിയിലെക്ക് പൊയി. രണ്ടു മക്കളെ ഉപരിപഠനത്തിനു വേണ്ടി ഇംഗ്ലണ്ടിലാക്കിയിട്ടു മടങ്ങാനായിരുന്നു പദ്ധതി. പക്ഷെ ആ സമയത്ത് ഒന്നാം ലോകമഹായുദ്ധം പൊട്ടി പുറപ്പെട്ടതിനാൽ തിരിച്ചു വരവ് സാദ്ധ്യമായില്ല. അദ്ദേഹത്തിന് ഇന്ത്യയിലേക്ക് വരാനുളള അനുമതിയും നിഷേധിക്കപ്പെട്ടു. 1914-ൽ തന്നെ അദ്ദേഹം നിഷ്പക്ഷരാജ്യമായ സ്വിറ്റ്സ്വർലാന്റിൽ അഭയം നേടി. ഭാര്യ ഹാരിയറ്റും മൂന്നു മക്കളും കേരളത്തിൽ, മൂത്ത രണ്ടു മക്കൾ ഇംഗ്ലണ്ടിൽ. കേരളത്തിലേക്കു വരാൻ സാധിക്കാത്തതിൽ ഏറെ ദുഃഖിതനായിരുന്നു അദ്ദേഹം.
“ | ഞാൻ എന്റെ രാജ്യത്തായിരുന്നുവെങ്കിൽ, നിയമ പ്രകാരം ജർമ്മനിയുടെ വിജയത്തിനു വേണ്ടി പ്രാർത്ഥിക്കാൻ നിർബന്ധിതനാവുമായിരുന്നു. ഇംഗ്ലണ്ടോ ജർമ്മനിയോ ജയിക്കേണ്ടതെന്നും രണ്ടു കൂട്ടരും ദൈവത്തിന്റെ ശിക്ഷണത്തിനു വിധേയരാകണമോ എന്നും നിശ്ചയിക്കെണ്ടതു ഞാനല്ല ദൈവമാണ്. എന്റെ രാഷ്ട്രീയം ദൈവരാജ്യത്തിന്റെ രാഷ്ട്രീയമായതു കൊണ്ട് ജർമ്മൻ സാമ്രാജ്യം തവിടു പൊടിയായാലും ക്രിസ്തുവിന്റെ ശിഷ്യനെന്ന നിലയിൽ എനിക്കതിൽ ഏതുമില്ല.
ജർമ്മനിയിലുള്ള അനേക സുവിശേഷവേലക്കാർ യുദ്ധത്തിന്റേയും വാളിന്റേയും സേവനത്തിൽ മരിച്ചു. എന്തൊരു അജ്ഞത? ഭീകരമായ അടിമത്തം! യൂറോപ്പിലെ ക്രൈസ്തവരാണ് ക്രൂരമായ ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികൾ. യേശുക്രിസ്തുവിലുള്ള പൂർണ്ണമായ സൗന്ദര്യം കണ്ടെത്തേണ്ടതിനു പകരം, അവരിപ്പോഴും പഴയനിയമത്തിന്റെ ആശയങ്ങളിലാണ് പൂണ്ടു കിടക്കുന്നത്. അതു കൊണ്ട് ക്രിസ്ത്യാനിയും യുദ്ധവും എന്ന പേരിൽ ജർമ്മൻ ഭാഷയിൽ ഞാനൊരു പുസ്തകം എഴുതിയത് അച്ചടിച്ചു കൊണ്ടിരിക്കുന്നു. സ്വിറ്റ്സർലാൻഡിലുള്ള എന്റെ താമസത്തിന്റേയും വേലയുടേയും ഫലമായി വിലപ്പെട്ട അനേകം ആത്മാക്കളെ ദൈവം എനിക്കു തന്നു. അതാണു വലിയൊരു ആശ്വാസം. എന്നാൽ ഇന്ത്യയിലുള്ള നിങ്ങളാണു എന്റെ വില തീരാത്ത നിധികൾ. അതു കൊണ്ട് അവിടെയാണു എന്റെ ഹൃദയവും ആകാംക്ഷയും ഇരിക്കുന്നത്. വാഗ്ദാനപ്രകാരം നിങ്ങളോടൊപ്പമെത്തി സ്നേഹത്തിന്റെ മധുരിമ അനുഭവിപ്പാനും സംസർഗ്ഗസുഖം ആസ്വദിപ്പാനും പ്രയത്നിപ്പാനും അവന്റെ വരവിനു കാലതാമസമുണ്ടെങ്കിൽ എന്റെ പ്രിയമുള്ള ഇന്ത്യയിലും ഇന്ത്യൻ ജനതയ്ക്കു വേണ്ടിയും മരിപ്പാനുള്ള എന്റെ ആഗ്രഹം അവൻ നിറവേറ്റട്ടെ. പറവൂർ സഭയിലെ വാത്സല്യഭാജനങ്ങളായ കൂട്ടു വിശ്വാസികൾക്കു സ്നേഹസലാം ചൊല്ലിക്കൊണ്ടു കർത്താവിൽ നിങ്ങളുടെ സഹോദരൻ വി. നാഗൽ |
” |
ഈ കത്ത് എഴുതി അധികനാൾ കഴിയുന്നതിനു മുമ്പ് നാഗൽ പക്ഷവാതരോഗബാധിതനായി. 1921 മേയ് 12-ആം തീയതി ജന്മസ്ഥലമായ ജർമ്മനിയിൽ വെച്ച് നാഗൽ അന്തരിച്ചു.
നാഗൽ സായിപ്പിന്റെ ഗാനങ്ങൾ
തിരുത്തുകകേരളത്തിൽ വന്നു മിഷനറി പ്രവർത്തനം ലക്‌ഷ്യമാക്കി നാഗൽ സായിപ്പ് മലയാളം പഠിച്ചു എന്നു മാത്രമല്ല അതിൽ പ്രാവീണ്യം ഉള്ളവനുമായി തീരുകയും ചെയ്തു. ചെറുപ്പം മുതൽ തന്നെ പാട്ടുകൾ ഈണത്തിൽ പാടാനും ജർമ്മൻ ഭാഷയിൽ കൊച്ചു കൊച്ചു ഗാനങ്ങൾ എഴുതാനും നാഗൽ സായിപ്പ് താത്പര്യംപ്രദർശിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഈ വാസന മലയാള ഗാനരചനയ്ക്ക് അദ്ദേഹം ഉപയോഗിച്ചു. തനിക്ക് പ്രിയങ്കരങ്ങളായ ഇംഗ്ലീഷ് രാഗങ്ങൾ അവലംബിച്ച് ഉപദേശ നിഷ്ഠയിൽ ആശയ സമ്പുഷ്ടതയോടെ ഭക്തി സംവർദ്ധകങ്ങളായ ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചു. അതൊക്കെ ഇപ്പോൾ സഭാവ്യത്യാസം കൂടാതെ കേരള ക്രൈസ്തവർ അവരുടെ ആരാധനകളിൽ ഉപയോഗിക്കുന്നു.
അദ്ദേഹത്തിന്റെ പ്രശസ്തമായ ചില മലയാള ക്രൈസ്തവ ഗാനങ്ങൾ താഴെ പറയുന്നവ ആണ്.
- സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു
- യേശുവേ നിന്റെ രൂപമീയെന്റെ കണ്ണുകൾക്കെത്ര സൗന്ദര്യം
- സ്നേഹത്തിൽ ഇടയനാം യേശുവേ വഴിയും സത്യവും നീ മാത്രമേ
- വിതച്ചീടുക നാം സ്വർഗ്ഗത്തിന്റെ വിത്താം
- യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം (Sing them over again to me എന്ന ആംഗലേയ ഗാനത്തിന്റെ സ്വതന്ത്രവിവർത്തനം)
- ഗോൽഗോത്തായിലെ കുഞ്ഞാടെ
- വീശുക ദൈവാത്മാവേ സ്വർഗ്ഗീയമാം
അവലംബങ്ങൾ
തിരുത്തുക- ↑ "'സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു എൻ സ്വദേശം കാൺമതിന്നായ് ബദ്ധപ്പെട്ടോടിടുന്നു' എന്നുതുടങ്ങുന്ന മരണമില്ലാത്ത മരണപ്പാട്ടിന്റെ എഴുത്തുകാരൻ, വോൾബ്രീറ്റ് നാഗൽ ഓർമയായിട്ട് നാളെ ഒരു നൂറ്റാണ്ട്". deshabhimani.com. ദേശാഭിമാനി. 9 മേയ് 2021. Retrieved 19 മേയ് 2022.
...പക്ഷേ ആ വരികൾ ക്രൈസ്‌തവരുടെ സംസ്‌കാര ചടങ്ങിൽ മരണമില്ലാത്ത മരണഗാനമായി.
- ↑ "അരനാഴിക നേരത്തിന് അര നൂറ്റാണ്ട്". janayugomonline.com. ജനയുഗം. 24 ജനുവരി 2021. Archived from the original on 2022-11-22. Retrieved 19 മേയ് 2022.
ജർമ്മൻ വൈദികൻ വോൾ ബെറ്റ് നാഗലിന്റെ വരികൾ വയലാർ ചില മാറ്റങ്ങൾ വരുത്തി.
- ↑ Ken J. Newton (1975). Glimpses of Indian Church History. Gospel Literature Service for Living Light Publications. p. 54.
- ↑ 4.0 4.1 Stanley J. Valayil C. John (22 February 2018). Transnational Religious Organization and Practice: A Contextual Analysis of Kerala Pentecostal Churches in Kuwait. BRILL. p. 97. ISBN 978-90-04-36101-0.
- ↑ Doug McNaught (November 2007). Reclaiming the Bible from the Enlightened. Lulu.com. p. 2. ISBN 978-1-84753-654-9.
}}