മനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾ

മനഃശാസ്ത്രത്തിൽ ഒട്ടേറെ വ്യത്യസ്ത സമീപനങ്ങൾ പല കാലങ്ങളിലായി വികസിച്ചു വന്നിട്ടുണ്ട്. അവയോരോന്നിനും വ്യക്തമായ അടിസ്ഥാന സമീപനങ്ങളും സങ്കൽപങ്ങളും ഉണ്ട്.

സമീപനങ്ങൾ

തിരുത്തുക

പ്രധാനപ്പെട്ട ചില മനഃശാസ്ത്ര സിദ്ധാന്തങ്ങളും അവയുടെ സവിശേഷ സമീപനങ്ങളും താഴെ ചേർക്കുന്നു.

1. ഘടനാവാദം
തിരുത്തുക

വില്യം വുണ്ടിന്റെ ആശയങ്ങളിൽ നിന്നാണ് ഘടനാവാദത്തിന്റെ തുടക്കം. വുണ്ടിന്റെ ശിഷ്യനായ എഡ്വേർഡ് ടിച്ച്നറാണ് പ്രധാന വക്താവ്. മനുഷ്യമനസ്സിനെ ഘടകങ്ങളായി വിഭജിക്കാനാവുമെന്നും ഈ ഘടകങ്ങളെ കുറിച്ചാണ് മന:ശാസ്ത്രത്തിൽ പഠിക്കേണ്ടതെന്നും ഇവർ കരുതി. മനസ്സിനെ സംവേദനങ്ങളായും ആശയങ്ങളായും വികാരങ്ങളായുമൊക്കെ ഇഴപിരിക്കാമെന്ന് ഇവർ വാദിച്ചു. ഇങ്ങനെ മനസ്സിന്റെ ഘടകങ്ങളെ വേർതിരിച്ചറിയാൻ അന്തർദർശനം എന്ന രീതിയെയും അവർ ആശ്രയിച്ചു. എന്നാൽ രസതന്ത്രത്തിൽ ഒരു സംയുക്തത്തെ ഘടകമൂലകങ്ങളാക്കി വിഭജിക്കും പോലെ മനസ്സിനെ വേർതിരിക്കാനാവില്ലെന്ന് മറ്റു പലരും വാദിച്ചു. പ്രത്യേകിച്ചും വില്യം ജെയിംസിനെ പോലുള്ള ധർമവാദികൾ.

2. ധർമവാദം
തിരുത്തുക

ജീവികളുടെ അടിസ്ഥാന ജീവിതലക്ഷ്യം തന്നെ പരിസരവുമായി നന്നായി ഇഴുകിച്ചേരലാണ്. ഇതിനായി മനസ്സ് പല പ്രവർത്തനങ്ങളും നടത്തുന്നു. മനസ്സിന്റെ ഇത്തരം ധർമങ്ങളാണ് പ്രധാനമെന്ന് ധർമവാദികൾ കരുതുന്നു. പഠനം, ഓർമ, പ്രചോദനം, പ്രശ്നാപഗ്രഥനം തുടങ്ങിയവ ഇത്തരം ധർമങ്ങളാണ്. വില്യം ജെയിംസാണ് ധർമവാദത്തിന്റെ പ്രമുഖവക്താവ്. ജോൺ ഡ്യൂയിയെയും ധർമവാദിയായി കണക്കാക്കാം.

3. ഗസ്റ്റാൾട് സിദ്ധാന്തം
തിരുത്തുക

ജർമൻ മനഃശാസ്ത്രജ്ഞനായ മാക്സ് വർതീമറാണ് ഇതിന്റെ പ്രധാന വക്താവ്. കർട് കൊഫ്ക, വുൾഫ്ഗാങ്ങ് കൊഹ്ലർ എന്നിവരാണ് ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ കൂട്ടുകാർ. 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്. ഭാഗങ്ങളുടെ ആകെത്തുകയെക്കാൾ വലുതാണ് സമഗ്രത എന്നതാണ് ഇതിന്റെ അടിസ്ഥാന കാഴ്ചപ്പാട്. ഫലത്തിൽ ഘടനാവാദത്തിന്റെ ഏറ്റവും വലിയ വിമർശകരായി ഇവർ മാറി. ഒരു വ്യവഹാരത്തെ ചോദക-പ്രതികരണ ബന്ധമായി കാണുമ്പോൾ വിശ്ലേഷണമാണ് നടക്കുന്നത്. പ്രത്യേക തരത്തിലുള്ള മനോമുദ്രകളുടെ രൂപീകരണമാണ് പഠനം എന്നും ഇവർ വിശദീകരിക്കുകയുണ്ടായി. സംവേദനങ്ങളെ സ്വാധീനിക്കുന്ന നാല് ദൃശ്യഘടകങ്ങളെ കുറിച്ചും ഇവർ വിശദീകരിക്കുകയുണ്ടായി. സാമീപ്യം, സാദൃശ്യം, പൂർത്തീകരണം, ലാളിത്യം എന്നിവയാണവ. കൊഹ്ലർ സുൽത്താൻ എന്ന കുരങ്ങിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ പഠനത്തെ സംബന്ധിച്ച ഇവരുടെ കാഴ്ചപ്പാടിന് മൂർത്തരൂപം നൽകി. സുൽത്താന് പഴം സ്വന്തമാക്കാൻ കഴിഞ്ഞത് പ്രശ്നസന്ദർഭത്തെ സമഗ്രമായി കാണാൻ കഴിഞ്ഞതുകൊണ്ടാണ്.

4. മനോവിശ്ലേഷണ സിദ്ധാന്തം
തിരുത്തുക

ആസ്ട്രിയൻ മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ് ഇതിന്റെ ആവിഷ്കർത്താവ്. ബോധതലമല്ല മറിച്ച്, അബോധതലമാണ് ശരിയായ യാഥാർഥ്യമെന്ന് അദ്ദേഹം കരുതി. അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇദ്, ഈഗോ, സൂപ്പർ ഈഗോ എന്നിങ്ങനെയുള്ള വ്യക്തിത്വത്തിന്റെ മൂന്നു ഭാഗങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കാൾ യുങ്ങ്, ആൽഫ്രഡ് അഡ്ലർ എന്നിവരാണ് മറ്റു വക്താക്കൾ.

5. വ്യവഹാരവാദം
തിരുത്തുക

പാവ് ലോവിന്റെ പഠനങ്ങളെയും സ്വന്തം നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ജോൺ ബി. വാട്സൺ ഇതിനു രൂപം നൽകി. ജീവികളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ കണ്ടത്തിയ കാര്യങ്ങൾ മനുഷ്യർക്കും ബാധകമാണെന്ന് കരുതി. മനസ്സ് നിരീക്ഷണവിധേയമല്ലാത്തതിനാൽ അതിനെ അവർ തീർത്തും അവഗണിച്ചു. മനുഷ്യനുൾപ്പെടെയുള്ള എല്ലാ ജീവികളുടെയും വ്യവഹാരങ്ങൾ ചോദക-പ്രതികരണബന്ധങ്ങളിൽ അധിഷ്ഠിതമാണെന്ന് വാദിച്ചു. അനുകരണം, ആവർത്തനം എന്നിവ വഴി ഏതൊരു വ്യവഹാരത്തെയും നാം ആഗ്രഹിക്കുന്ന രീതിയിലേക്കു മാറ്റാനാവുമെന്ന വിശ്വാസത്തെ ബലപ്പെടുത്തി. അതുകൊണ്ടുതന്നെ വലിയ അംഗീകാരം എളുപ്പത്തിൽ കിട്ടി. 1920 മുതൽ 1960 വരെ മന:ശാസ്ത്രമേഖല അടക്കി വാണു. സ്കിന്നർ, തോണ്ടെയ്ക്ക് എന്നിവരായിരുന്നു മറ്റു പ്രധാന വക്താക്കൾ.

6. ജ്ഞാതൃവാദം
തിരുത്തുക

ഷോൺ പിയാഷെയുടെ സിദ്ധാന്തങ്ങൾ ആണ് പ്രധാന അടിത്തറ. 1959 ൽ സ്കിന്നറുടെ വ്വഹാരവാദത്തെ എതിർത്ത് നോം ചോംസ്കി മുന്നോട്ടു വച്ച ആശയങ്ങൾ ജ്ഞാതൃവാദത്തെ ബലപ്പെടുത്തി. മനുഷ്യൻ ചിന്തിക്കുന്ന ജീവിയാണെന്നും അതുകൊണ്ട് മാനസികപ്രക്രിയകളാണ് പഠനവിധേയമാക്കേണ്ടതെന്നുമായിരുന്നു ഇവരുടെ വാദം. തലച്ചോറിന്റെ പ്രവർത്തനങ്ങളെ കറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ജ്ഞാതൃവാദത്തെ ഒന്നുകൂടി ശക്തമാക്കി. അനുഭവങ്ങളിലൂടെ കടന്നുപോവുമ്പോൽ അറിവു നിർമ്മിക്കപ്പെടുന്നുവെന്ന ജ്ഞാതൃവാദ കാഴ്ചപ്പാട് വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് വ്യക്തമായ ദിശാബോധം നൽകുന്നു. ജെറോം എസ്.ബ്രൂണർ, ലവ് വിഗോട്സ്കി എന്നിവരാണ് ജ്ഞാതൃവാദത്തിന്റെ കാഴ്ചപ്പാടുകളെ വികസിപ്പിച്ച മറ്റു പ്രധാനികൾ.

7. മാനവികതാവാദം
തിരുത്തുക

കാൾ റോജേഴ്സിന്റെയും അബ്രഹാം മാസ്ലോവിന്റെയും ആശയങ്ങളിൽ നിന്നും രൂപപ്പെട്ടു. വ്യവഹാരവാദവും മാനസികവിശ്ലേഷണ സിദ്ധാന്തത്തെയും ഒരുപോലെ എതിർത്തു. കാരണം അവ മനുഷ്യനെ മൃഗതുല്യരായി കാണുന്നു. പകരം മനുഷ്യന്റെ ആത്മശേഷികളെ മാനവികതാവാദം ഉയർത്തിപ്പിടിച്ചു. സ്വന്തം പ്രശ്നങ്ങളെ സ്വയം വിശകലനം ചെയ്യാനും പരിഹാരങ്ങൾ കണ്ടെത്താനും മനുഷ്യനു കഴിയുമെന്നു വിശ്വസിക്കുകയും അപ്രകാരം രോഗചികിൽസയിൽ ഏർപ്പെടുകയും ചെയ്തു. മനുഷ്യന്റെ സവിഷേഷമായ കഴിവുകളിൽ ഊന്നുന്ന മാനവികതാവാദം വ്യക്തിപരമായ വളർച്ചയ്ക്കുള്ള ശേഷിയെയും സ്വാതന്ത്ര്യത്തെയും പ്രധാനമായി കാണുന്നു.

  • [1], short note on structuralism