നിർവ്വഹണ മനഃശാസ്ത്രം

(Functional psychology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യനും അവന്റെ സാഹചര്യങ്ങളും തമ്മിലുള്ള പൊരുത്തപ്പെടലിൽ, ബോധമനസ്സിന്റെ പ്രവർത്തനങ്ങൾ വഹിക്കുന്ന പങ്കിന് പരമപ്രാധാന്യം കല്പിക്കുന്ന മനഃശാസ്ത്രപ്രസ്ഥാനമാണു് നിർവ്വഹണ മനഃശാസ്ത്രം. ഡാർവിന്റെ പരിണാമ സിദ്ധാന്തമാണ് നിർവഹണ മനഃശാസ്ത്രത്തിന്റെ വികാസത്തിന് പ്രചോദനം നല്കിയത്. നിർവഹണ മനഃശാസ്ത്രത്തിന്റെ അടിസ്ഥാന ആശയങ്ങൾ വില്യം ജെയിംസ് (1887-1919), ജോൺ ഡ്യൂയി (1855-1952) എന്നീ ചിന്തകരുടെ വീക്ഷണങ്ങളിൽ നിന്നും ഉടലെടുത്തവയാണ്.

പ്രായോഗികതാവാദത്തിന്റെ പിതാവെന്നറിയപ്പെടുന്ന ജെയിംസ്, ആശയങ്ങളുടെ മൂല്യനിർണയം നടത്തേണ്ടത് അവയുടെ പ്രായോഗിക ഫലങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് വാദിച്ചു. പൊരുത്തപ്പെടൽ, നിർവഹണം എന്നീ ആശയങ്ങൾക്ക് ജെയിംസിന്റെ വീക്ഷണത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. മനുഷ്യനെ അവന്റെ പരിസ്ഥിതിയുമായി ഇണക്കിച്ചേർക്കുക എന്നതാണ് മാനസിക പ്രവർത്തനങ്ങളുടെ കർത്തവ്യം എന്ന് ഇദ്ദേഹം തന്റെ പ്രിൻസിപ്പിൾസ് ഒഫ് സൈക്കോളജി എന്ന കൃതിയിൽ പറയുകയുണ്ടായി. അനുഭവങ്ങളിലൂടെ രൂപം കൊള്ളുന്ന ശീലങ്ങൾ ഈ ഇണങ്ങിച്ചേരൽ കുറ്റമറ്റതാക്കുന്നു.

ജെയിംസിനെപ്പോലെ തന്നെ പ്രായോഗികതയിൽ വിശ്വസിച്ചിരുന്ന ഡ്യൂയിയുടെ വീക്ഷണങ്ങൾ 'കാരണവാദ'മെന്ന പേരിലാണറിയപ്പെടുന്നത്. ഒരു പ്രശ്നത്തിൽ നിന്നും ഉരുത്തിരിയുന്ന ആശയങ്ങൾ ആ പ്രശ്നത്തിന്റെ തന്നെ പരിഹാരം കണ്ടെത്തുവാൻ കാരണമാകുന്നു എന്ന് ഇദ്ദേഹം വിശ്വസിച്ചു. ആശയങ്ങൾ, യഥാർഥ അനുഭവങ്ങളുടെ മുൻപിൽ എത്ര പിടിച്ചു നിൽക്കുന്നു എന്നതിനെ ആസ്പദമാക്കിയാണ് അവയുടെ മൂല്യനിർണയം നടത്തേണ്ടത് എന്ന് ഇദ്ദേഹം വാദിച്ചു. 1896-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഡ്യൂയിയുടെ 'ദ് റിഫ്ളക്സ് ആർക് കൺസപ്റ്റ് ഇൻ സൈക്കോളജി' എന്ന ലേഖനമാണ് നിർവഹണ മനഃശാസ്ത്രം ഒരു പ്രത്യേക പ്രസ്ഥാനമായി വികസിക്കുവാൻ വഴിയൊരുക്കിയത്. അക്കാലത്ത് വളരെ പ്രാമുഖ്യമുണ്ടായിരുന്ന 'ഘടനാ മനഃശാസ്ത്ര' വീക്ഷണങ്ങളെ ഇദ്ദേഹം ഈ ലേഖനത്തിൽ വിമർശിച്ചു. മനുഷ്യന്റെ പെരുമാറ്റ രീതികളെ വെറും 'ചോദന-പ്രതികരണ' ഏകകങ്ങളായി വിഭജിക്കുന്ന പ്രവണതയെ ഇദ്ദേഹം ചോദ്യം ചെയ്തു. മനുഷ്യന്റെ ഓരോ പ്രവൃത്തിയിലും പൂർവാനുഭവങ്ങളിൽ നിന്നുള്ള അറിവ് സ്വാധീനം ചെലുത്തുന്നു. ഓരോ പ്രവർത്തിക്കും വ്യക്തമായ ഉദ്ദേശ്യവുമുണ്ടായിരിക്കും. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് മാത്രമേ മനുഷ്യവ്യവഹാരം അപഗ്രഥിക്കുവാൻ സാധിക്കുകയുള്ളൂ.

അന്തർനിരീക്ഷണത്തിന് അമിതപ്രാധാന്യം കല്പിച്ചിരുന്ന ഘടനാമനഃശാസ്ത്രം നിരവധി മനഃശാസ്ത്രജ്ഞർക്കിടയിൽ അസംതൃപ്തി ഉളവാക്കിയിരുന്നു. ഡ്യൂയിയുടെ ലേഖനം ഇവരിൽ വൻ സ്വാധീനം ചെലുത്തി. അപസാമാന്യതകളൊന്നും പ്രദർശിപ്പിക്കാത്ത മുതിർന്ന മനുഷ്യരുടെ പഠനത്തിൽ മാത്രം ഒതുങ്ങി നിന്ന മനഃശാസ്ത്രപഠനം, മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കുവാനുള്ള ആഗ്രഹവും നിർവഹണ മനഃശാസ്ത്രത്തിന്റെ വികാസത്തിനു കാരണമായി. കുട്ടികൾ, അപസാമാന്യ വ്യക്തിത്വമുള്ളവർ തുടങ്ങിയവരെക്കുറിച്ച് പഠിക്കുവാനും വ്യവസായങ്ങളിലും മറ്റും മനഃശാസ്ത്രം എങ്ങനെ പ്രയോഗിക്കാം എന്നതിനെക്കുറിച്ചറിയുവാനും മനഃശാസ്ത്രജ്ഞർ ശ്രമിച്ചു.

ചിക്കാഗൊ സർവകലാശാല കേന്ദ്രീകരിച്ചാണ് നിർവഹണ മനഃശാസ്ത്ര പഠനം പുരോഗമിച്ചത്. ഡ്യൂയി, ജെയിംസ് റൌലണ്ട് ഏഞ്ചൽ, ഹാർവി.എ.കാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇവിടെ പഠനം നടന്നിരുന്നത്. മൂവരും രചിച്ച മനഃശാസ്ത്ര പാഠപുസ്തകങ്ങളിലെ നിർവഹണ വീക്ഷണങ്ങൾ വിദ്യാർഥികളെ ആകർഷിച്ചു. ഡ്യൂയിയുടെ ശ്രദ്ധ തത്ത്വശാസ്ത്ര, വിദ്യാഭ്യാസ രംഗങ്ങളിലേക്ക് തിരിഞ്ഞപ്പോൾ, ഏഞ്ചലും കാറും നിർവഹണ മനഃശാസ്ത്ര പഠനത്തിന്റെ നേതൃത്വം പൂർണമായി ഏറ്റെടുത്തു. സർവകലാശാലയിലെ തത്ത്വശാസ്ത്ര അധ്യാപകനായ ജോർജ് ഹെർബർട്ട് മീഡ് ഭാഷയുടെ മനഃശാസ്ത്രത്തെക്കുറിച്ചും, സാമൂഹ്യവ്യവഹാരത്തെക്കുറിച്ചുമുള്ള പഠനങ്ങളിലൂടെ നിർവഹണ മനഃശാസ്ത്രത്തിന് കരുത്തേകി.

മനഃശാസ്ത്രം മാനസിക പ്രവർത്തനങ്ങളുടെ പഠനമാണെന്ന് ഏഞ്ചലും കാറും നിർവചിച്ചു. പ്രത്യക്ഷണം, പഠനം, ഓർമ, ഭാവന, വികാരം, ചിന്ത, ഇച്ഛാശക്തി തുടങ്ങിയവയെല്ലാം മാനസിക പ്രവർത്തനങ്ങളാണ്. അനുഭവങ്ങളിലൂടെ ആർജിക്കുന്ന അറിവ് ക്രമമായി സൂക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തതിനുശേഷം പിന്നീട് ഉപയോഗിക്കുന്നതിൽ മേല്പറഞ്ഞ എല്ലാ മാനസിക പ്രവർത്തനങ്ങളും ഭാഗഭാക്കാകുന്നു. പരിതഃസ്ഥിതിയുമായുള്ള പൊരുത്തപ്പെടൽ അഥവാ അനുകൂലനമാണ് മാനസിക പ്രവർത്തനങ്ങളുടെ ലക്ഷ്യം.

ഒരു മനുഷ്യൻ പരിതഃസ്ഥിതികളിൽ നിന്നുമുള്ള ചോദനകളും അന്തഃചോദനകളും ഒരേ സമയം നേരിടുന്നു. ഈ ചോദനകളോട് ആരോഗ്യകരമായി പ്രതികരിക്കുകയും അവ കുറയ്ക്കുകയുമാണ് അനുകൂലന പ്രവൃത്തികളുടെ കർത്തവ്യം. അനിച്ഛാപര പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായി, അനുകൂലന പ്രവൃത്തികളിൽ ആന്തരോദ്ദേശ്യങ്ങളുടെ സ്വാധീനമുണ്ട്. തുടർച്ചയായി ലഭിക്കുന്ന ചോദനകളിൽ നിന്നുമാണ് ആന്തരോദ്ദേശ്യങ്ങൾ ഉടലെടുക്കുന്നത്. ചോദന നീക്കം ചെയ്യപ്പെടുമ്പോൾ മാത്രമാണ് ആന്തരോദ്ദേശ്യം സഫലമാകുന്നത്. വിശപ്പുമായി ബന്ധപ്പെട്ട ചോദന നീക്കം ചെയ്യുന്നതിനാണ് മനുഷ്യൻ ആഹാരം കഴിക്കുന്നത്. കായികമത്സരങ്ങളിൽ വിജയം നേടുക, കവിതയെഴുതുക തുടങ്ങിയ സങ്കീർണ പ്രവൃത്തികൾക്കും കാരണമാകുന്നത് ഇത്തരത്തിലുള്ള ചോദനകൾ തന്നെയാണ്.

അനുകൂലന പ്രവൃത്തികളുടെ സത്വരകാരണങ്ങളും, ദൂരവ്യാപക പ്രതിഫലനങ്ങളും തമ്മിൽ കാതലായ വ്യത്യാസമുണ്ടെന്ന് കാർ വാദിക്കുന്നു. ആഹാരം വിശപ്പകറ്റുക മാത്രമല്ല ശരീരം പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ ശരീരം പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ല സാധാരണയായി മനുഷ്യർ ആഹാരം കഴിക്കുന്നത്. ഒരു മനുഷ്യന്റെ പെരുമാറ്റത്തെ ദൂരവ്യാപക പ്രതിഫലനങ്ങൾ മാത്രം ആസ്പദമാക്കി വിശകലനം ചെയ്യുക സാധ്യമല്ല. മനുഷ്യരിൽ അനുകൂലന പ്രവൃത്തികളിൽ ഏറിയ പങ്കും ആർജിതമാണ്. അന്തഃപ്രേരണ, പ്രത്യക്ഷണം, പഠനം, ചിന്ത, സാമൂഹികപരിതഃസ്ഥിതി എന്നിവയുടെ പങ്ക് വിശകലനം ചെയ്തുകൊണ്ട് അനുകൂലന പ്രവൃത്തികളെക്കുറിച്ച് പഠിക്കുകയാണ് നിർവഹണ മനഃശാസ്ത്രം ചെയ്തത്. ഈ സങ്കീർണ പ്രക്രിയകളെക്കുറിച്ച് പഠിക്കുക വഴി നിർവഹണവാദികൾ മനഃശാസ്ത്രത്തെ ഘടനാവാദത്തിന്റെ ഇടുങ്ങിയ മതിൽക്കെട്ടുകൾക്കുള്ളിൽ നിന്നും മോചിപ്പിച്ചു.എല്ലാ മാനസിക പ്രവർത്തനങ്ങളെയും മനഃശാരീരിക പ്രവൃത്തികളായാണ് നിർവഹണവാദികൾ കണക്കാക്കുന്നത്. മാനസികവും ശാരീരികവുമായ പ്രക്രിയകൾ ചേർന്നതാണ് എല്ലാ പ്രവർത്തനങ്ങളും. എന്നാൽ ഈ രണ്ടു വശങ്ങളും തമ്മിൽ വേർതിരിക്കുവാനുള്ള ശ്രമങ്ങൾ വിജയം കാണുകയില്ല എന്നും ഇവർ പറയുന്നു.

ബോധമനസ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുവാൻ നിർവഹണവാദം അന്തർനിരീക്ഷണ മാർഗ്ഗം അവലംബിക്കുന്നുണ്ടെങ്കിലും, പരീക്ഷണ-നിരീക്ഷണങ്ങൾക്കാണ് ഈ മനഃശാസ്ത്ര പ്രസ്ഥാനം കൂടുതൽ പ്രാധാന്യം നല്കുന്നത്. കല, സാഹിത്യം, രാഷ്ട്രീയപ്രസ്ഥാനങ്ങൾ തുടങ്ങിയവയുടെ വിശകലനവും, മനഃശാസ്ത്രപരീക്ഷകളും നിർവഹണ മനഃശാസ്ത്രപഠനങ്ങളിൽ ഉപയോഗിക്കാറുണ്ട്. മനുഷ്യന്റെ സ്വഭാവത്തെയും പ്രവൃത്തികളെയും മനസ്സിലാക്കുവാൻ ഇവയെല്ലാം സഹായകമാകുമെന്ന് നിർവഹണവാദികൾ വിശ്വസിക്കുന്നു. വ്യക്തികൾ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനത്തിനും നിർവഹണമനഃശാസ്ത്രം വളരെയധികം പ്രാധാന്യം കല്പിച്ചിരുന്നു.

ചിക്കാഗൊ സർവകലാശാലയിലെ പ്രവർത്തനങ്ങൾ നിരവധി മനഃശാസ്ത്രജ്ഞർക്ക് പ്രചോദനമായി. നിർവഹണ മനഃശാസ്ത്രത്തിന്റെ പ്രധാന വക്താവായിരുന്ന കാർ, ജന്തുമനഃശാസ്ത്ര രംഗത്ത്, പ്രത്യേകിച്ച് മൃഗങ്ങളുടെ പ്രത്യക്ഷണ ശേഷിയെക്കുറിച്ചും മേസ് - പഠനശേഷിയെക്കുറിച്ചും നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു. അഭിരുചികളുടെ ഗണിതക വിശ്ളേഷണത്തിലൂടെ അഭിരുചി പരീക്ഷകൾ വികസിപ്പിച്ചെടുത്ത ലൂയി ലിയൊൺ തഴ്സ്റൺ (1887-1955), ബാല-കൌമാര മനഃശാസ്ത്രരംഗത്ത് നിരവധി സംഭാവനകൾ നൽകിയ ഗ്രാൻവിൽ സ്റാൻലി ഹാൾ (1846-1924) തുടങ്ങിയവർ ചിക്കാഗൊ സർവകലാശാലയിലെ നിർവഹണ മനഃശാസ്ത്ര പ്രസ്ഥാനത്തിൽനിന്നും പ്രചോദനമുൾക്കൊണ്ടവരാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിർവ്വഹണ മനഃശാസ്ത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.


"https://ml.wikipedia.org/w/index.php?title=നിർവ്വഹണ_മനഃശാസ്ത്രം&oldid=2283853" എന്ന താളിൽനിന്ന് ശേഖരിച്ചത്