ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും പത്രപ്രവർത്തകനുമായിരുന്ന മാർക്സിസ്റ്റ് ചിന്തകനായിരുന്നു പി.കുഞ്ഞനന്തൻ നായർ എന്നറിയപ്പെടുന്ന ബർലിൻ കുഞ്ഞനന്തൻ നായർ. (1926-2022)[1] ഒളിക്യാമറകൾ പറയാത്തത്, പൊളിച്ചെഴുത്ത് തുടങ്ങിയവയാണ് അദ്ദേഹം രചിച്ച പ്രധാന പുസ്തകങ്ങൾ. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമജീവിതത്തിലിരിക്കെ 2022 ഓഗസ്റ്റ് 8ന് വൈകിട്ട് 6 മണിക്ക് അന്തരിച്ചു.[2][3][4][5]

ബർലിൻ കുഞ്ഞനന്തൻ നായർ
വ്യക്തിഗത വിവരങ്ങൾ
ജനനം
പി.കുഞ്ഞനന്തൻ നായർ

(1926-11-26)നവംബർ 26, 1926
ചെറുകുന്ന്, കണ്ണൂർ
മരണംഓഗസ്റ്റ് 8, 2022(2022-08-08) (പ്രായം 95)
നാറാത്ത്, കണ്ണൂർ
രാഷ്ട്രീയ കക്ഷിസി.പി.എം(2015-2022,1964-2005) കമ്മ്യൂണിസ്റ്റ് പാർട്ടി(1942-1964) ആർ.എം.പി(2012-2014)
പങ്കാളി(കൾ)സരസ്വതി
കുട്ടികൾഉഷ
ജോലിപത്രപ്രവർത്തകൻ
As of 8 ഓഗസ്റ്റ്, 2022
ഉറവിടം: മലയാള മനോരമ

ജീവിതരേഖതിരുത്തുക

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ചെറുകുന്നിൽ കോളങ്കട പുതിയ വീട്ടിൽ അനന്തൻ നായരുടേയും ശ്രീദേവിയുടേയും മകനായി 1926 നവംബർ 26ന് ജനിച്ചു. പി.കുഞ്ഞനന്തൻ നായർ എന്നതാണ് ശരിയായ പേര്. നാറാത്ത് ഈസ്റ്റ് എൽ.പി. സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസ് വരെ കണ്ണാടിപറമ്പ് ഹയർ എലമെൻററി സ്കൂളിലും തേഡ് ഫോറത്തിൽ കണ്ണൂർ ടൗൺ മിഡിൽ സ്കൂളിലും ഫോർത്ത് ഫോറം മുതൽ പത്താം ക്ലാസ് വരെ ചിറക്കൽ രാജാസ് സ്കൂളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.

രാജാസ് സ്കൂളിൽ പഠിക്കുമ്പോഴെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിരുന്നു. കോൺഗ്രസ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ കുഞ്ഞനന്തൻ നായർ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1943 മെയ് മാസത്തിൽ ബോംബെയിൽ വച്ച് നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമ്പോൾ പ്രായം പതിനേഴ് വയസ്. പി.കൃഷ്ണപിള്ളയാണ് അദ്ദേഹത്തിൻറെ രാഷ്ട്രീയ ഗുരു.

സ്കൂൾ വിദ്യാർത്ഥിയായിരിക്കെ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകരിച്ച ബാലസംഘത്തിൻ്റെ നേതൃസ്ഥാനത്തേക്ക് ബർലിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. പതിമൂന്നാം വയസ് മുതൽ ബാലസംഘത്തിലും പിന്നീട് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പിളർപ്പോടെ മാർക്സിസ്റ്റ് പാർട്ടിയിലും ചേർന്നു.

1942-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ ബർലിൻ പാർട്ടി നിരോധിച്ചതിനെ തുടർന്ന് 1945-1946 വർഷങ്ങളിൽ ബോംബെ കേന്ദ്രീകരിച്ചും 1948-ൽ കൊൽക്കത്തയിലും രഹസ്യ പാർട്ടി പ്രവർത്തനം നടത്തി. 1953 മുതൽ 1958 വരെ ഡൽഹിയിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രക്കമ്മറ്റി ഓഫീസിൽ പ്രവർത്തിച്ചു. 1957-ൽ ഇ.എം.എസ് മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. 1958-ൽ റഷ്യയിൽ നിന്ന് മാർക്സിസം-ലെനിനിസത്തിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം നേടിയ ബർലിൻ 1959-ൽ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോൺഗ്രസിൽ പങ്കെടുത്തു. 1961-ൽ എ.കെ.ജിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു.

1962 മുതൽ 1992 വരെയുള്ള മുപ്പത് വർഷക്കാലം കറഞ്ചിയയുടെ പത്രാധിപത്യത്തിലുള്ള ബ്ലിറ്റ്സ് വാരികയുടേയും ഇടത് ആഭിമുഖ്യം പുലർത്തുന്ന പത്രങ്ങളായ ന്യൂഎജ്, നവയുഗം, നവജീവൻ, ദേശാഭിമാനി, ജനയുഗം ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് പത്രങ്ങളുടെ യൂറോപ്യൻ ലേഖകനായി ജർമ്മനിയിലെ ബർലിനിൽ പ്രവർത്തിച്ചു.

1989 നവംബർ 9ന് ബർലിൻ മതിൽ പൊളിഞ്ഞ് ജർമ്മനികൾ ഒന്നാവുകയും 1990-കളുടെ തുടക്കത്തിലെ സോവിയറ്റ് യൂണിയൻ്റെ തകർച്ചയും മൂലം യൂറോപ്യൻ കമ്മ്യൂണിസം വെറും ചരിത്ര ഗ്രന്ഥങ്ങളിലേക്ക് ഒതുങ്ങുകയും ചെയ്തതോടെ 1992-ൽ കേരളത്തിലേക്ക് തിരിച്ചെത്തി. ഇതോടെ പേരിൻ്റെ കൂടെ ബർലിൻ എന്ന് കൂട്ടിച്ചേർത്തു. ബർലിൻ കുഞ്ഞനന്തൻ നായരായി മാറി.

നാട്ടിലെത്തിയ ശേഷം മാർക്സിസ്റ്റ് പാർട്ടിയുടെ പ്രാദേശിക ഘടകത്തിലെ സജീവ പ്രവർത്തകനായി പാർട്ടി ജീവിതമാരംഭിച്ച കുഞ്ഞനന്തൻ 2002-ലെ കണ്ണൂർ സംസ്ഥാന സമ്മേളനത്തോടെ മാർക്സിസ്റ്റ് പാർട്ടിയിൽ വി.എസ്, പിണറായി വിഭാഗങ്ങൾ വന്നതോടെ വി.എസ് പക്ഷത്തോടൊപ്പം ചേർന്നു.

നാലാം ലോക വിവാദത്തോടെ പാർട്ടി പുത്തൻ ആശയങ്ങളിലേയ്ക്ക് വഴിതിരിഞ്ഞതും നിലവിലെ ആശയങ്ങളിലെ വ്യതിചലനങ്ങളും ബർലിനെ പ്രകോപിപ്പിച്ചു. ഇതിനെ തുടർന്ന് മാർക്സിസ്റ്റ് പാർട്ടിക്കെതിരെയും അന്ന് സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരെയും മറ്റ് മാർക്സിസ്റ്റ് നേതാക്കന്മാർക്കെതിരെയും നിരന്തരം വിമർശനം ഉന്നയിച്ച് പത്ര-മാധ്യമങ്ങളിൽ ലേഖനമെഴുതി.

പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ പാർട്ടി നിലപാടിലെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടി. എന്നാൽ ബൂർഷ്വാ മാധ്യമങ്ങളെ ഉപയോഗിച്ച് മാർക്സിസ്റ്റ് പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് 2005 മാർച്ച് മൂന്നിന് ബർലിനെ മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി. അദ്ദേഹത്തിൻ്റെ പാർട്ടി ഘടകമായ നാറാത്ത് ബ്രാഞ്ച് കമ്മറ്റിയിലെ മുഴുവൻ അംഗങ്ങളുടേയും എതിർപ്പിനെ വകവെയ്ക്കാതെ മേൽക്കമ്മിറ്റി തീരുമാനപ്രകാരമാണ് ബർലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.

മുതലാളിത്തത്തിൻ്റെ ദത്തുപുത്രൻ എന്നാണ് അന്ന് മാർക്സിസ്റ്റ് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായിയെ ബർലിൻ വിശേഷിപ്പിച്ചത്. അദ്ദേഹത്തിൻ്റെ ഒളിക്യാമറകൾ പറയാത്തത് എന്ന പുസ്തകം പിണറായി വിജയനെ അതിരൂക്ഷമായി വിമർശിക്കുന്നതായിരുന്നു. പിണറായി വിജയൻ തൊഴിലാളി വർഗ്ഗത്തിൻ്റെ ദത്തുപുത്രനാണെങ്കിൽ വി.എസ്. അച്യുതാനന്ദൻ തനത് പുത്രനാണെന്ന ബർലിൻ്റെ നിരീക്ഷണം പാർട്ടിയിൽ കോളിളക്കം സൃഷ്ടിച്ചു. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ ചർച്ചയാക്കും വിധം അദ്ദേഹമെഴുതിയ പൊളിച്ചെഴുത്ത് എന്ന പുസ്തകം ഏറെ വിവാദമായിരുന്നു.

മാർക്സിസ്റ്റ് പാർട്ടിയിൽ വിഭാഗീയത കത്തിക്കാളിയ 2002 മുതൽ 2013 വരെ വി.എസിനൊപ്പമായിരുന്നു ബർലിൻ കുഞ്ഞനന്തൻ നായർ. പാർട്ടിയിൽ നിന്ന് പുറത്തായ കുഞ്ഞനന്തൻ നായരെ കാണാൻ വി.എസ്. അച്യുതാനന്ദൻ വീട്ടിൽ പോയതും ഭക്ഷണം കഴിക്കാൻ വിലക്കുള്ളതിനാൽ വെള്ളം കുടിച്ച് മടങ്ങിയെന്നും ബർലിൻ പറഞ്ഞത് വലിയ വിവാദം സൃഷ്ടിച്ചു.

എം.എൻ.വിജയനെപ്പോലെ ഒരു കാലത്ത് പാർട്ടിയുടെ ആശയമുഖമായി ജീവിക്കുകയും പിന്നീട് പാർട്ടിയ്ക്ക് അനഭിമതനാവുകയും ചെയ്ത ആളായിരുന്നു ബർലിൻ. പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ആൾ എന്നായിരുന്നു ചില മുതിർന്ന മാർക്സിസ്റ്റ് നേതാക്കൾ ഒരു ഘട്ടത്തിൽ ബർലിനെ വിശേഷിപ്പിച്ചത്.

2012-ലെ ടി.പി.ചന്ദ്രശേഖരൻ വധത്തിന് ശേഷം ആർ.എം.പിയുടെ വേദികളിൽ സ്ഥിര സാന്നിധ്യമായിരുന്ന കുഞ്ഞനന്തൻ നായർ ആർ.എം.പിയുമായി മാനസികമായി അകന്നു. എന്നാൽ 2014 മുതൽ വീണ്ടും പാർട്ടി അനുകൂല നിലപാടുകൾ പ്രകടിപ്പിച്ച് രംഗത്തെത്തി.

പിണറായി വിജയനെ അതിനിശിതമായി വിമർശിച്ചിരുന്ന ബർലിൻ പിന്നീട് വി.എസ്. അച്യുതാനന്ദനുമായി അകന്നു. വി.എസിൻ്റെ നടപടികൾ തെറ്റായിരുന്നു എന്നും പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷമായിരുന്നു ശരിയെന്നും പിന്നീട് ബർലിൻ തിരുത്തി. മാർക്സിസ്റ്റ് പാർട്ടിയുമായി അടുക്കുകയും ചെയ്തു.

ഒരു കാലത്ത് വി.എസിനൊപ്പം നിലകൊണ്ടിരുന്ന ബർലിൻ പിന്നീട് വി.എസിനെ തള്ളിപ്പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടിയിലേയ്ക്ക് തിരിച്ചെത്താനുള്ള ആഗ്രഹം നേതൃത്വത്തെ അറിയിച്ചതിനെ തുടർന്ന് 2015-ൽ കുഞ്ഞനന്തനെ മാർക്സിസ്റ്റ് പാർട്ടി തിരിച്ചെടുത്തു.[6]

സ്വകാര്യ ജീവിതംതിരുത്തുക

 • ഭാര്യ : സരസ്വതിയമ്മ
 • മകൾ : ഉഷ (ബർലിൻ)
 • മരുമകൻ : ബർണർ റിസ്റ്റർ

മരണംതിരുത്തുക

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2022 ഓഗസ്റ്റ് 8ന് വൈകിട്ട് 6 മണിയോടെ അന്തരിച്ചു. സംസ്കാരം ഓഗസ്റ്റ് 9ന് വൈകിട്ട് മൂന്നു മണിയ്ക്ക് വീട്ടുവളപ്പിൽ നടന്നു.[7]കടുത്ത പ്രമേഹം മൂലം കാഴ്ച നഷ്ടപ്പെട്ടതിനെ തുടർന്ന് നാറാത്തെ വീട്ടിൽ ഏറെക്കാലമായി വിശ്രമജീവിതത്തിൽ തുടരവെയായിരുന്നു അന്ത്യം.[8]

കൃതികൾതിരുത്തുക

 • ഏകാധിപതികൾ അർഹിക്കുന്നത്
 • ഒളിക്യാമറകൾ പറയാത്തത്
 • പൊളിച്ചെഴുത്ത് (ആത്മകഥ) [9]

അവലംബംതിരുത്തുക

 • ബർലിൻ, കുഞ്ഞനന്തൻനായർ (2012). പൊളിച്ചെഴുത്ത്. മാതൃഭൂമി ബുക്സ്. ISBN 978-81-8265-170-8.
 1. "വിപ്ലവ ബോധ്യം വിട്ടുകളയാത്ത ലോക കമ്യൂണിസ്റ്റ് | Berlin Kunjananthan Nair | Manorama News" https://www.manoramaonline.com/news/kerala/2022/08/09/berlin-kunjananthan-nair.html
 2. "ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു". 8 ഓഗസ്റ്റ് 2022. Archived from the original on 2022-08-08. ശേഖരിച്ചത് 8 ഓഗസ്റ്റ് 2022.CS1 maint: bot: original URL status unknown (link)
 3. "നേതാക്കളെ സോവിയറ്റ് മുങ്ങിക്കപ്പലിൽ യാത്രയയക്കാൻപോയ കുഞ്ഞനന്തൻ നായർ, അനുഭവങ്ങളുടെ കടൽ, Berlin Kunjananthan Nair, Berlin Kunjananthan Nair Death, Communist Party Of India" https://www.mathrubhumi.com/news/kerala/berlin-kunjananthan-nair-communist-party-of-india-1.7768140
 4. "പിണറായിയെ കാണണമെന്ന അവസാന ആഗ്രഹം ബാക്കിയാക്കി ബർലിൻ കുഞ്ഞനന്തൻ മടങ്ങി..., CPM theorists, Berlin Kunjananthan Nair, CPM Party Congress 2022" https://www.mathrubhumi.com/videos/originals/cpm-theorist-berlin-kunjananthan-nair-expresses-his-wish-to-take-part-in-cpm-party-congress-2022-1.7407413
 5. "തെറ്റുപറ്റി, പിണറായി വിജയനെ കണ്ട് ക്ഷമപറയണം : ബർലിൻ കുഞ്ഞനന്തൻ നായർ, Berlin Kunjananthan Nair, Pinarayi Vijayan, CPIM Kerala" https://www.mathrubhumi.com/videos/news-in-videos/berlin-kunjananthan-nair-pinarayi-vijayan-cpim-kerala-1.5365226
 6. "വിഎസുമായി എക്കാലവും ആത്മബന്ധം; കണ്ണൂരിലെ പാർട്ടി ഗെസ്റ്റ് ഹൗസായ നാറാത്തെ ശ്രീദേവിപുരം വീട്" https://www.manoramaonline.com/district-news/kannur/2022/08/09/kannur-berlin-kunjananthan-nair-passes-away.amp.html
 7. "വിവാദങ്ങൾക്കെല്ലാം വിട; ഒടുവിൽ പാർട്ടിക്കാരനായി ബർലിൻ മടങ്ങി | Berlin Kunjananthan Nair | Manorama News" https://www.manoramaonline.com/news/kerala/2022/08/09/berlin-kunjananthan-nair-demise.html
 8. "berlin kunjananthan nair funeral, ബർലിൻ ജ്വലിക്കുന്ന ചരിത്രമായി; ചെങ്കൊടി പുതച്ച് മടക്കയാത്ര - report on veteran communist berlin kunjananthan nair funeral - Samayam Malayalam" https://malayalam.samayam.com/local-news/kannur/report-on-veteran-communist-berlin-kunjananthan-nair-funeral/amp_articleshow/93458000.cms
 9. ബർലിൻ, കുഞ്ഞനന്തൻനായർ (2012). പൊളിച്ചെഴുത്ത്. മാതൃഭൂമി ബുക്സ്. ISBN 978-81-8265-170-8.
"https://ml.wikipedia.org/w/index.php?title=ബർലിൻ_കുഞ്ഞനന്തൻ_നായർ&oldid=3788339" എന്ന താളിൽനിന്ന് ശേഖരിച്ചത്