ശ്രീനാരായണഗുരുവിന്റെ സന്യസ്തശിഷ്യന്മാരിൽ പ്രമുഖനായിരുന്നു ബോധാനന്ദസ്വാമികൾ. 1104 കന്നി 5 ന്‌ ശ്രീനാരായണഗുരു സമാധിയായി മൂന്ന് ദിവസം കഴിഞ്ഞ്, കന്നി 8 ന്‌ ബോധാനന്ദ നിര്യാതനായി.

ജനനം, സന്യാസം

തിരുത്തുക

തൃശൂരിലെ ചിറക്കലിൽ സാമാന്യം ഭേദപ്പെട്ട ഒരു തറവാട്ടിൽ ജനിച്ച ബോധാനന്ദ പതിനെട്ടാം വയസ്സിൽ സത്യാന്വേഷണനിരതനായും സർവസംഗപരിത്യാഗിയായും ഇറങ്ങിത്തിരിച്ചു. ഭാരതമെമ്പാടും ചുറ്റിസഞ്ചരിച്ച അദ്ദേഹം ഹിമാലയസാനുക്കളിൽ കഠിനമായ തപശ്ചര്യയിൽ മുഴുകി.

വിപ്ലവപ്രസ്ഥാനം

തിരുത്തുക

ശങ്കരാചാര്യ പരമ്പരയിൽനിന്ന്‌ സന്യാസദീക്ഷ സ്വീകരിച്ച്‌ ബോധാനന്ദസ്വാമികളായി മാറി, കേരളത്തിൽ മടങ്ങിയെത്തിയ സ്വാമികൾ അയിത്തവും അനാചാരവും ജാതിജന്യമായ അനീതിയും ദൂരീകരിക്കുവാൻ വേണ്ടി ഒരു വിപ്‌ളവപ്രസ്ഥാനത്തിന്‌ രൂപം നൽകി. കേരളം അതിനുമുൻപോ, അതിനുശേഷമോ ദർശിക്കാത്ത ഒരു വിപ്‌ളവപ്രസ്ഥാനമായിരുന്നു അത്‌. ധർമ്മഭടസംഘം അഥവാ രഹസ്യസംഘം എന്നായിരുന്നു അതിന്റെ പേര്‌. വരേണ്യവർഗ്‌ഗത്തിന്റെ കരബലകൽപിതമാണ്‌ ജാതിഭേദമെന്ന്‌ സ്വാമികൾ കണ്ടിരുന്നു. അതിനെ നേരിടാൻ അതേപോലെ കരബലമാർജ്ജിക്കുക, പൊരുതുക ഇതായിരുന്നു ധർമ്മഭടസംഘത്തിന്റെ മാർഗ്‌ഗം. കായികപരിശീലനം നേടിയ ഒരു ഡസൻ വരുന്ന യുവാക്കളെ തിരഞ്ഞെടുത്ത്‌ അർദ്ധരാത്രി സമയത്ത്‌ മിന്നിത്തിളങ്ങുന്ന നിലവിളക്കിന്റെ മുൻപിൽ കുളിച്ച്‌ ഈറനായി തറ്റുടുത്ത്‌ കഠാരകൊണ്ട്‌ കൈമുറിച്ച്‌ രക്തംതൊട്ട്‌ സത്യം ചെയ്യുന്നു. "ജാതിയിൽ ഞാൻ ആരുടെയും പിന്നിലല്ല. ജാതിഭേദത്തെ ഇല്ലായ്‌മ ചെയ്യുവാൻ ഞാൻ എന്റെ ജീവനെ ബലിയർപ്പിക്കുന്നു".

ധർമ്മഭടാംഗങ്ങൾ പഴയ കൊച്ചി, മലബാർ പ്രദേശങ്ങളിൽ ധാരാളം യൂണിറ്റുകൾ ധർമ്മഭടസംഘത്തിനുണ്ടാക്കി. കൊച്ചിയിലും മലബാറിലും സഞ്ചാരസ്വാതന്ത്യ്‌രം നേടിയെടുക്കുവാൻ വലിയ ത്യാഗവും സേവനവുമാണ്‌ ധർമ്മഭടസംഘം നിർവഹിച്ചത്‌. അനവധി സന്യാസിശിഷ്യന്മാരും ഗൃഹസ്ഥശിഷ്യന്മാരുമടങ്ങിയ ബോധാനന്ദസംഘം ഒരു വിപ്‌ളവ കൊടുങ്കാറ്റായി കേരളമെങ്ങും ചീറിയടിച്ച കാലത്താണ്‌ വിധി നിയോഗമെന്നോണം ആ പ്രസ്ഥാനം ശ്രീനാരായണഗുരുദേവപ്രസ്ഥാനത്തിൽ വിലയംപ്രാപിച്ചത്‌. അന്ന്‌ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ചട്ടമ്പിസ്വാമികൾ, വാഗ്ഭടാനന്ദൻ, ബ്രഹ്‌മാനന്ദശിവയോഗി തുടങ്ങിയ കേരളീയ നവോത്ഥാനനായകന്മാരായ ആദ്ധ്യാത്മികാചാര്യന്മാരുടെ ഗണനയിൽ ബോധാനന്ദസ്വാമികളും സ്‌മരിക്കപ്പെടുമായിരുന്നു.

ശ്രീനാരായണഗുരുവിന്റെ അനന്തരഗാമി

തിരുത്തുക

ശിവഗിരി ശാരദാമഠം പ്രതിഷ്ഠാവേളയിൽ ഗുരുദേവശിഷ്യ പരമ്പരയിൽ വിലയംപ്രാപിച്ച ബോധാനന്ദസ്വാമികൾ അതേ ശാരദാമഠത്തിൽവച്ചുതന്നെ ഗുരുദേവന്റെ അനന്തരഗാമിയായി ഗുരുദേവനാൽ അഭിഷിക്തനാകുകയും ചെയ്തു. ആ വേളയിൽ ശ്രീസഹോദരൻ അയ്യപ്പൻ സ്വാമികൾക്ക്‌ സമർപ്പിച്ച മംഗളപത്രത്തിൽ

“സാക്ഷാൽ ജ്ഞാനദയാസിന്‌ധുവ
കുഗുരുമൂർത്തിതൻ
അനഘം ഗുണസംജാതം പകരും സ്വാമി
അങ്ങയിൽ
അങ്ങേടെയാജ്ഞാവാഹകന്മാർ സ്വാമിൻ! ഞങ്ങളശേഷവും“
എന്നാണ്‌ സ്‌മൃതി അർപ്പിച്ചത്‌.


എസ്.എൻ.ഡി.പി യോഗ പ്രവർത്തനങ്ങൾ

തിരുത്തുക

തിരുവിതാംകൂർ എസ്‌.എൻ.ഡി.പി യോഗം സ്ഥാപകനായി ശ്രീനാരായണ ഗുരുദേവൻ അറിയപ്പെടുമ്പോൾ കൊച്ചി എസ്‌.എൻ.ഡി.പി യോഗത്തിന്റെ സ്ഥാപകൻ (അന്ന്‌ കൊച്ചി തിയമഹാസഭ) ബോധാനന്ദസ്വാമികളാണ്‌. നീണ്ട 13 വർഷക്കാലം സ്വാമികൾ തന്നെയായിരുന്നു യോഗത്തിന്റെ പ്രസിഡന്റ്‌. ഗുരുദേവസ്ഥാപനങ്ങളോടും ക്ഷേത്രങ്ങളോടും ചേർന്ന്‌ ഗുരുദേവപ്രതിമ സ്ഥാപിക്കണമെന്ന ആശയത്തിന്റെ ഉപജ്ഞാതാവ്‌ ബോധാനന്ദസ്വാമികളാണ്‌. ആ പ്രതിമ ശ്രീമൂർക്കോത്തുകുമാരന്റെ നേതൃത്വത്തിൽ തലശ്ശേരി ജഗന്നാഥക്ഷേത്രാങ്കണത്തിൽവച്ച്‌ ഗുരുദേവൻ സശരീരനായിരിക്കവെ ബോധാനന്ദസ്വാമികൾ തന്നെ സ്ഥാപിക്കുകയും ചെയ്തു. സാധുക്കളുടെ വിദ്യാഭ്യാസം, ഉദ്യോഗം, ജീവിതവൃത്തി എന്നിവയെ സഹായിക്കുന്നതിനുവേണ്ടി ആദ്യമായി ഒരു ബാങ്ക്‌ - കൊച്ചി നാഷണൽ ബാങ്ക്‌ സ്ഥാപിച്ചതും ബോധാനന്ദസ്വാമികൾ തന്നെ. ഗുരുദേവസന്ദേശങ്ങളുടെ സാക്ഷാത്കാരത്തിനും സ്വതന്ത്രചിന്തയ്ക്കുംവേണ്ടി ഒരു "ശ്രീനാരായണമതം" തന്നെ സ്വാമികൾ സ്ഥാപിക്കുവാനൊരുങ്ങി. എന്നാൽ സർവമത സമന്വയമൂർത്തിയായ ഗുരുദേവന്റെ കൽപനപ്രകാരം സ്വാമികൾ മതസ്ഥാപന പ്രവൃത്തികളിൽനിന്ന്‌ പിൻവാങ്ങി.[1]

ശ്രീനാരായണ ധർമ്മ സംഘം

തിരുത്തുക
 
ശ്രീനാരായണ ധർമ്മസംഘം രൂപവത്കരിച്ച ശേഷം എടുത്ത ചിത്രം

1928ൽ ശിവഗിരിമഠം കേന്ദ്രമാക്കി ശ്രീനാരായണധർമ്മസംഘം എന്ന സന്യാസിസംഘം സ്ഥാപിക്കുവാൻ നേതൃത്വം കൊടുത്തതും സ്വാമികളാണ്‌. അദ്ദേഹം സ്ഥാപിച്ച തൃശൂർ - കൂർക്കഞ്ചേരി ശ്രീനാരായണഭക്തപരിപാലനയോഗം അദ്വൈതാശ്രമം, മഹേശ്വരക്ഷേത്രാങ്കണത്തിൽവച്ച്‌ സ്ഥാപിതമായ ശ്രീനാരായണധർമ്മസംഘത്തിന്റെ ആദ്യ അദ്ധ്യക്ഷനായി ശ്രീനാരായണ ഗുരുദേവൻ നിയോഗിച്ചനുഗ്രഹിച്ചത്‌ ബോധാനന്ദസ്വാമികളെയാണ്‌. ശ്രീനാരായണഗുരുദേവന്റെ അനന്തരഗാമിയെന്നനിലയിൽ 1926 ൽ എസ്‌. എൻ.ഡി.പി യോഗത്തിന്റെ ഇരുപത്തിമൂന്നാം വാർഷികയോഗത്തിൽ സ്വാമികളെയാണ്‌ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്‌. ആ യോഗത്തിൽവച്ച്‌ ബോധാനന്ദസ്വാമികളെ എസ്‌. എൻ.ഡി.പി യോഗത്തിന്റെ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. സ്ഥിര അദ്ധ്യക്ഷൻ ഗുരുദേവൻ ആയിരുന്നുവല്ലോ. ഗുരുദേവന്റെ മഹാപരിനിർവാണത്തിനുശേഷം അനന്തരഗാമി യോഗത്തിന്റെയും സ്ഥിരാദ്ധ്യക്ഷനാകുക ഇതായിരുന്നു അന്നത്തെ സങ്കൽപം. എന്നാൽ ആ മഹാഭാഗ്യം അനുഭവിക്കുവാൻ ശ്രീനാരായണപ്രസ്ഥാനത്തിനു സാധിച്ചില്ല. ഗുരുദേവൻ മഹാസമാധി പ്രാപിച്ചതിന്റെ മൂന്നാംനാൾ സ്വാമികളും സമാധിയടഞ്ഞു. [2]

ശ്രീനാരായണഭക്തലോകം ഗുരുദേവന്റെ ഈ അനന്തരഗാമിയെ വിസ്‌മരിക്കുവാൻ പാടില്ലാത്തതാണ്‌. "ബോധാനന്ദനോളം ത്യാഗം നമുക്കില്ലല്ലോ" എന്ന ശ്രീനാരായണ ഗുരുദേവവചനം ബോധാനന്ദസ്വാമികളുടെ മഹത്ത്വം വിളിച്ചറിയിക്കുന്നു.

പ്രമാണാധാ‍രസൂചി

തിരുത്തുക
  1. സച്ചിദാനന്ദസ്വാമി എഴുതിയ ലേഖനം - കേരളകൗമുദി ദിനപത്രം.
  2. ശിവഗിരി മാസിക 1990.
"https://ml.wikipedia.org/w/index.php?title=ബോധാനന്ദ_സ്വാമി&oldid=3729554" എന്ന താളിൽനിന്ന് ശേഖരിച്ചത്