ശ്രീനാരായണഗുരുവിന്റെ അനന്തരഗാമിയായി ഗുരുദേവനാൽ അഭിഷേകം ചെയ്യപ്പെട്ട ബോധാനന്ദ സ്വാമികൾ തന്റെ യൗവ്വന കാലത്ത് രൂപീകരിച്ച പ്രസ്ഥാനമാണ് ധർമ്മഭടസംഘം. രഹസ്യസംഘം എന്ന പേരിലും അറിയപ്പെട്ടിരുന്ന ഈ സംഘത്തിന് പഴയ കൊച്ചി, മലബാർ പ്രദേശങ്ങളിൽ ധാരാളം യൂണിറ്റുകൾ ഉണ്ടായിരുന്നു.[1] മേൽജാതിക്കാർ കൈക്കരുത്തുകൊണ്ട് നടപ്പാക്കുന്ന ജാതീയ വേർതിരിവുകളെ നേരിടാൻ അതേപോലെ കരബലമാർജ്ജിക്കുകയും പൊരുതുകയും ചെയ്യുക ഇതായിരുന്നു ധർമ്മഭടസംഘത്തിലൂടെ സ്വാമി ലക്ഷ്യം വെച്ചത്.[1]

കായികപരിശീലനം നേടിയ ഒരു കൂട്ടം യുവാക്കളെ തിരഞ്ഞെടുത്ത്‌ അർദ്ധരാത്രി നിലവിളക്കിന്റെ മുൻപിൽ കുളിച്ച്‌ ഈറനുടുത്ത് കഠാരകൊണ്ട്‌ കൈമുറിച്ച്‌ രക്തം തൊട്ട് ‌"ജാതിയിൽ ഞാൻ ആരുടെയും പിന്നിലല്ല; ജാതിഭേദത്തെ ഇല്ലായ്‌മ ചെയ്യുവാൻ ഞാൻ എന്റെ ജീവനെ ബലിയർപ്പിക്കുന്നു" എന്ന് സത്യം ചെയ്യിപ്പിക്കും.[1] ഇങ്ങനെ ജാതിവിവേചനത്തിനെതിരെ പോരാടാൻ നിയോഗിക്കപ്പെട്ട യുവാക്കളുടെ കൂട്ടായ്‍മയായിരുന്നു "ധർമ്മഭടസംഘം".

താണിശ്ശേരി ലഹള

തിരുത്തുക

ഒരാൾ മരിച്ചാൽ ബ്രാഹ്മണരും മറ്റ് സവർണസമുദായക്കാരും പത്തുദിവസം മാത്രം പുല ആചരിക്കുമ്പോൾ പിന്നാക്കസമൂഹം 16 മുതൽ 64 വരെയുള്ള ദിനങ്ങൾ പുലയാചരിക്കണമെന്നായിരുന്നു അന്നത്തെ കീഴ്‍വഴക്കം. സവർണ്ണ വിഭാഗത്തെ പോലെ പത്ത് ദിവസം പുല ആചരിച്ചാൽ മതിയെന്നായിരുന്നു ശ്രീനാരായണ ഗുരുവിന്റെ പക്ഷം. താണിശ്ശേരി മേനോത്ത് വീട്ടിലെ കാരണവർ കൊച്ചുകൃഷ്ണൻ മരിച്ചപ്പോൾ ബോധാനന്ദ സ്വാമിയുടെ നിർദ്ദേശപ്രകാരം കുടുംബം പത്ത് പുല ആചരിക്കാൻ തീരുമാനിക്കുകയും സവർണ്ണർ ഇതിനെ എതിർത്ത് രംഗത്തെത്തുകയും ചെയ്തു. ഗുരു കൽപ്പന പാലിക്കാൻ പുറപ്പെട്ട ധർമ്മഭട സംഘവും സവർണ്ണരും തമ്മിൽ താണിശ്ശേരിയിൽ വെച്ചുണ്ടായ ഏറ്റുമുട്ടലാണ് താണിശ്ശേരി ലഹള അല്ലെങ്കിൽ താണിശ്ശേരി വിപ്ലവം എന്ന് അറിയപ്പെടുന്നത്.[2][3] ഈ കലാപത്തിൽ ധർമ്മഭട സംഘം വിജയിക്കുകയും അത്, സവർണ്ണരെപ്പോലെ കീഴ്ജാതിക്കാരും പത്ത് ദിവസം മാത്രം പുല ആചരിച്ചാൽ മതി എന്ന തീരുമാനത്തിലേക്ക് നയിക്കുകയും ചെയ്തു.[3][4]

  1. 1.0 1.1 1.2 admin (2017-10-14). "ബോധാനന്ദ സ്വാമികൾ" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-11-08.[പ്രവർത്തിക്കാത്ത കണ്ണി]
  2. "താണിശ്ശേരി വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷം". Archived from the original on 2020-11-16. Retrieved 2020-11-08.
  3. 3.0 3.1 "വെറുമൊരു ചൂരൽവടിയല്ല, മുച്ചാൺ വടി". Archived from the original on 2020-11-16. Retrieved 2020-11-08.
  4. Daily, Keralakaumudi. "താണിശ്ശേരി വിപ്ലവം അനാചാരങ്ങൾക്ക് എതിരെയുണ്ടായ കനത്ത പ്രഹരങ്ങളിലൊന്ന്: രാജീവ് നെടുകപ്പിള്ളി". Retrieved 2020-11-08.
"https://ml.wikipedia.org/w/index.php?title=ധർമ്മഭടസംഘം&oldid=3805406" എന്ന താളിൽനിന്ന് ശേഖരിച്ചത്