ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു മലയാള നാടകനടിയാണ് ഫോർട്ടുകൊച്ചി മട്ടാഞ്ചേരി സ്വദേശിനിയായ ബിയാട്രീസ്‌ (കെ.പി.എ.സി ബിയാട്രിസ്‌).

കുടുംബം

തിരുത്തുക

ഫോർട്ടുകൊച്ചിയിലെ മട്ടാഞ്ചേരി ഇലഞ്ഞിക്കൽ തറവാട്ടിലെ വക്കോ - മറിയം ദമ്പതിമാരുടെ മകളായി ജനിച്ചു. ഭർത്താവ് ജോസഫ്. ആഷ, ബിന്ദു എന്നിവർ മക്കൾ.

കലാ ജീവിതം

തിരുത്തുക

എട്ടാം വയസ്സിൽ അരങ്ങിലേക്ക്

തിരുത്തുക

പാലാ നാരായണൻ നായരുടെ ‘കവിയുടെ മകൾ’ എന്ന നാടകത്തിന് വേണ്ടിയാണ് ബിയാട്രീസ്‌ തന്റെ എട്ടാം വയസ്സിൽ ആദ്യമായി അരങ്ങിലേറുന്നത്. പിന്നെ പതിമ്മൂന്നാം വയസ്സിൽ പി.ജെ.ആന്റണിയുടെ ‘ചാരിതാർത്ഥ്യം’ എന്ന നാടകത്തിലൂടെ ശ്രദ്ധേയയായി. തുടർന്ന് എരൂർ വാസുദേവിന്റെ ‘ജീവിതം അവസാനിക്കുന്നില്ല’ എന്ന നാടകത്തിൽ അഭിനയിച്ചു.നൂറോളം വേദികളിൽ ആ നാടകം അവതരിപ്പിച്ചു.[1]

കെ.പി.ഏ.സിയുടെ അരങ്ങിലേക്ക്

തിരുത്തുക

കലാമണ്ഡലത്തിൽ ഒരുവർഷം നൃത്തപഠനം പൂർത്തിയാക്കിയ ശേഷമാണ് 1957-ൽ കെ.പി.എ.സി.യിൽ പ്രവേശിച്ചത്. ദേവരാജൻ മാസ്റ്ററും ഒ.എൻ.വി.യും ആണ് ബിയാട്രീസിനെ കെ.പി.എ.സി.യിലേക്ക് ക്ഷണിച്ചത്. [1] ‘സർവേക്കല്ല്’ നാടകം അണിയറയിലൊരുങ്ങുന്ന കാലമായിരുന്നു. സർവേക്കല്ലിലൂടെ ബിയാട്രീസ് കെ.പി.എ.സി. യുടെ നായികയായി മാറി.[1] ബിയാട്രീസിനെ നാടകപ്പാട്ട് പഠിപ്പിച്ചത് ദേവരാജൻ മാഷും കെ.എസ്. ജോർജുമാണ്.[1] മലയാളനാടകത്തിന്റെ ചരിത്രം തിരുത്തി കുറിച്ച ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’യിൽ ‘മാല’ എന്ന നായികാ കഥാപാത്രത്തെ ബിയാട്രീസ് അവിസ്മരണീയമാക്കി. അക്കാലത്താണ് കെ.പി.എ.സി.യുടെ സൂപ്പർ ഹിറ്റുകൾ അരങ്ങിലെത്തുന്നത്. ‘പുതിയ ആകാശം പുതിയ ഭൂമി’ യിൽ പൊന്നമ്മയുടെ വേഷവും ‘മുടിയനായ പുത്രനി’ ലെ രാധയുടെ വേഷവും ബിയാട്രീസിന് താരപദവി നൽകി. ‘ഉദ്യോഗപർവം’, ‘ഭരതക്ഷേത്രം’, ‘മന്വന്തരം’, ‘എനിക്ക് മരണമില്ല’, ‘ഇന്നലെ ഇന്ന് നാളെ’ തുടങ്ങി നിരവധി നാടകങ്ങളിൽ ബിയാട്രീസ് അഭിനയിച്ചു.[1] ‘ഇന്നലെ ഇന്ന് നാളെ’ യിൽ കെ.പി.എ.സി. ലളിത ബിയാട്രീസിന്റെ മകളായി രംഗത്തെത്തി.[1] ഇക്കാലയളവിൽ നെഹ്രുവിന്റെ ക്ഷണപ്രകാരം ഡൽഹിയിൽ നാടകം അവതരിപ്പിക്കാൻ അവസരം ലഭിച്ചു.

വിവാഹം, നാടകവേദിയിലേക്ക് തിരിച്ചുവരവ്

തിരുത്തുക

കെ.പി.എ.സി.യിലെ നായികയായി ബിയാട്രീസ് കത്തി നിൽക്കുമ്പോഴാണ് പത്തനംതിട്ട സ്വദേശി ജോസഫിന്റെ കല്യാണാലോചന വന്നത്. കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ ഭാഗമായ കെ.പി.ഏ.സിയുടെ നാടകങ്ങളിൽ അഭിനയിച്ച് നടക്കുകയായിരുന്ന ബിയാട്രീസ് പള്ളിക്ക് അഭിമതയായിരുന്നില്ല.[1] . മാതാപിതാക്കൾ കമ്മ്യൂണിസ്റ്റ് അനുഭാവികളായിരുന്നത് മറ്റൊരു കാരണമായിരുന്നു. അതുകൊണ്ട് കല്യാണം നടത്താൻ പള്ളിയിൽ നിന്ന് വിലക്ക് വന്നു.[1] . കല്യാണം കഴിക്കാൻ കഴിയാത്ത സ്ഥിതിയായി. പാർട്ടി ബന്ധമൊന്നും ഉപേക്ഷിക്കാൻ ബിയാട്രീസ് ഒരുക്കമായിരുന്നില്ല. കെ.പി.എ.സി. നാടകപ്രവർത്തനം തന്നെ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമാണ്. ഒടുവിൽ പള്ളിക്കാർ ഒരു നിർദേശം വച്ചു. മരക്കുരിശ് പിടിച്ച് കുർബാന കാണണം.[1] അതിന് ശേഷം കല്യാണം. ബിയാട്രീസും കുടുംബവും അതിന് വഴങ്ങി. അങ്ങനെ 1962-ൽ പത്തനംതിട്ട സ്വദേശി ജോസഫിനെ വിവാഹം ചെയ്തു. വിവാഹത്തെ തുടർന്ന് ആറ് വർഷത്തോളം നാടകം വിട്ടു. പിന്നീട് അസുഖത്തെ തുടർന്ന് ഭർത്താവ് തളർന്ന നിലയിലായി. [1] ഇളയമകൾക്ക് ഒരുവയസ്സു പ്രായമുള്ളപ്പോൾ ഭർത്താവ് മരണമടഞ്ഞു. ഒടുവിൽ ജീവിതം വഴിമുട്ടുന്ന സാഹചര്യത്തിൽ കെ.പി.എ.സി.യിലേക്ക് ക്ഷണം വന്നു.[1] അങ്ങനെ വീണ്ടും അവർ നാടകവേദിയിൽ തിരിച്ചെത്തി. ‘എനിക്ക് മരണമില്ല’ എന്ന നാടകത്തിന് ശേഷം ബിയാട്രീസ് കെ.പി.എ.സി.വിട്ടു.[1]

മറ്റു നാടകസമതികളിലേക്ക്

തിരുത്തുക

കൊച്ചിൻ സംഗമിത്രയിൽ എട്ട് വർഷം നാടകങ്ങളിൽ അഭിനയിച്ചു. പിന്നെ സൂര്യസോമയിൽ. കാട്ടുകുതിരയിലെ ‘മങ്ക’ എന്ന കഥാപാത്രത്തെ പ്രേക്ഷകലോകം ഏറ്റെടുത്തു. അങ്കമാലി പൂജ, തിരുവനന്തപുരം ആരാധന, കുന്ദംകുളം ഗീതാഞ്ജലി, പൂഞ്ഞാർ നവധാര, വൈക്കം മാളവിക തുടങ്ങിയ നിരവധി സംഘങ്ങളിൽ പ്രവർത്തിച്ചു.ജോൺ ഫെർണാണ്ടസിന്റെ ‘കൊലകൊല്ലി’ എന്ന നാടകത്തിലാണ് ബിയാട്രീസ് അവസാനമായി അഭിനയിച്ചത്.[1] പല ചലച്ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.

അംഗീകാരം

തിരുത്തുക

കേരള സംഗീത നാടക അക്കാഡമി 2019ലെ ഫെല്ലോഷിപ്പ് ലഭിച്ചു,[2][3][4]

അഭിനയിച്ച നാടകങ്ങൾ

തിരുത്തുക

അഭിനയിച്ച സിനിമകൾ

തിരുത്തുക
  • ഒരു സുന്ദരിയുടെ കഥ
  • ഏണിപ്പടികൾ
  • ഹൃദയം ഒരു ക്ഷേത്രം
  • മണിമുഴക്കം
  • അഹല്യ
  • മദാലസ
  • ലില്ലിപ്പൂക്കൾ
  • അഗ്നിശരം
  • രണ്ടു മുഖങ്ങൾ
  • കാലം
  • കാലം മാറുന്നു
  • എന്റെ ഗ്രാമം
  • കലണ്ടർ as ചിച്ചിലിച്ചേടത്തി
  • വാദ്ധ്യാർ
  • അന്നയും റസൂലും
  • ആമേൻ
  • ഇടുക്കി ഗോൾഡ്

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് 2019

1988-ൽ കേരള സംഗീതനാടക അക്കാദമി അവാർഡ് നേടി. അങ്കമാലി പൂജയുടെ ദേശവിളക്കിലെ അഭിനയത്തിന് 1998-ൽ കേരളസംസ്ഥാന അവാർഡും ലഭിച്ചു.[5] പൂഞ്ഞാർ നവധാരയുടെ അക്ഷയമാനസത്തിലെ അഭിനയത്തിന് പി.ഒ.സി.യുടെ അവാർഡും നേടിയിരുന്നു.

  • കേരള സംഗീത നാടക അക്കാദമിയുടെ സി.ഐ. പരമേശ്വരൻ മെമ്മോറിയൽ അവാർഡ് (1988-ൽ)[6]
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 "കെ പി എ സി ബിയാട്രിസ്‌- 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യിലെ നായിക". Archived from the original on 2021-07-28. Retrieved 2021-07-28.
  2. "കേരള സംഗീത നാടക അക്കാദമി പുരസ്കാരം : കെപിഎസി ബിയാട്രിസിനും വി സുരേന്ദ്രൻ". മാതൃഭൂമി. September 17, 2020. Archived from the original on 2020-09-17. Retrieved September 17, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "ബിയാട്രിസിനും സദനം വാസുദേവനും വി. സുരേന്ദ്രനും : സംഗീത നാടക അക്കാദമി". മാതൃഭൂമി. september 17, 2020. Archived from the original on 2020-09-17. Retrieved september 17, 2020. {{cite web}}: Check date values in: |access-date= and |date= (help)CS1 maint: bot: original URL status unknown (link)
  4. "ബിയാട്രിസിനും സദനം വാസുദേവനും സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്". കേരള കൗമുദി. September 17, 2020. Archived from the original on 2020-09-17. Retrieved September 17, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "നാടകവേദിയിലെ ബിയാട്രീസ്‌, എം.ബി.ഫോർ ഈവ്സ്, മാതൃഭൂമി ഓൺലൈൻ". Archived from the original on 2013-08-03. Retrieved 2013-08-03.
  6. "AWARD". കേരള സംഗീത നാടക അക്കാദമി. Archived from the original on 2014-08-13. Retrieved 2013 ഓഗസ്റ്റ് 15. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ബിയാട്രീസ്_ജോസഫ്&oldid=3806582" എന്ന താളിൽനിന്ന് ശേഖരിച്ചത്