പർവീൺ ബാബി

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു മികച്ച നടി ആയിരുന്നു പർവീൺ ബാബി (ഗുജറാത്തി: પરવીન બાબી, ഹിന്ദി: परवीन बाबी, ഉർദു: پروین بابی) (ഏപ്രിൽ 4 1954 - ജനുവരി 20, 2005). 1970 കളിലും 1980 കളുടെ തുടക്കത്തിലും തന്റെ മികച്ച ഗ്ലാമർ വേഷങ്ങളിലൂടെ വളരെ പ്രസിദ്ധിയാർജ്ജിച്ച ഒരു നടീയായിരുന്നു പർവീൺ ബാബി.[1] . ചില മികച്ച ചിത്രങ്ങൾ ദീവാർ, നമക് ഹലാൽ, അമർ അക്ബർ ആന്റണി, ശാൻ എന്നിവയാണ് [2][3] ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഗ്ലാമറസ് നടിമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന പർവീൺ ബാബി, സീനത്ത് അമൻ, രേഖ എന്നിവരോടൊപ്പം അക്കാലത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായിരുന്നു.

പർവീൺ ബാബി
പർവീൺ ബാബി 1970 കളിൽ
ജനനം(1954-04-04)ഏപ്രിൽ 4, 1954
മരണംജനുവരി 20, 2005(2005-01-20) (പ്രായം 50)
തൊഴിൽനടി

15 വർഷം നീണ്ടുനിന്ന ചലച്ചിത്രജീവിതത്തിൽ അവർ 50 ഹിന്ദി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 1973 ൽ ചരിത്ര എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പർവീൺ ബാബി അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച മജ്‌ബൂർ, ദിവാർ എന്നീ ചിത്രങ്ങളുടെ വിജയത്തെ തുടർന്ന് ഒരു പ്രശസ്ത നടിയെന്ന പേരു സമ്പാദിച്ചു. ടൈം മാസികയുടെ പുറംചട്ടയിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരിയായിരുന്ന പർവീൺ ബാബി. അത് അക്കാലത്തെ ഒരു അപൂർവ നേട്ടമായിരുന്നു. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച പന്ത്രണ്ട് ചിത്രങ്ങളിൽ അവർ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചു.

ആദ്യ ജീവിതം തിരുത്തുക

പർവീൺ ബാബി ജനിച്ചത് ജുനഗത് എന്ന സ്ഥലത്താണ്. സ്കൂൾ ജീവിതം കഴിഞ്ഞത് ഔറഗബാദിലാണ്. പിന്നീട് അഹമ്മദാ‍ബാദിൽ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു. പിതാവ് വലി മുഹമ്മദ് ബാബി, ഒരു ഗുജറാത്തി മുസ്ലിം ആണ്. തന്റെ മാതാപിതാക്കളുടെ വിവാഹത്തിന്റെ പതിനാല് വർഷം കഴിഞ്ഞിട്ടാണ് പർവീൺ ജനിച്ചത്. ഇവരുടെ ഏക മകളായിരുന്നു പർവീൺ.

മരണം തിരുത്തുക

മൂന്ന് ദിവസങ്ങളായി വാതിൽപ്പടിയിൽ നിന്ന് പാലും വർത്തമാനപത്രങ്ങളും ശേഖരിച്ചിട്ടില്ലെന്ന് റെസിഡൻഷ്യൽ സൊസൈറ്റിയുടെ സെക്രട്ടറി പോലീസിനെ വിളിച്ചറിയിച്ചതിനെത്തുടർന്ന് 2005 ജനുവരി 22 ന് അവരെ വീടിനള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് ഏകദേശം 72 മണിക്കൂറിനുമുമ്പ് അവർ മരിച്ചിരിക്കാമെന്ന് പോലീസ് നിഗമനം നടത്തി. അവരുടെ മരണകാരണം ഉടനടി കണ്ടെത്താൻ സാധിച്ചില്ല. അവളുടെ പ്രമേഹ രോഗാവസ്ഥയുടെ സങ്കീർണതയായി ഇടത് കാലിൽ ഒരു വ്രണമുള്ളതായി കണ്ടെത്തി. അവളുടെ കിടക്കക്കു സമീപം ഒരു വീൽചെയറും അലങ്കോലപ്പെട്ടുകിടക്കുന്ന പെയിന്റിംഗുകളും വസ്ത്രങ്ങളും മരുന്നുകളും പഴയ പത്രങ്ങളും കണ്ടെത്തി. നീണ്ട കാലത്തെ പ്രമേഹ രോഗത്തിന്റെ ഫലമായുണ്ടായ വ്രണം ചികിത്സിക്കുന്നതിനായി ഇടതുകാൽ കാലിൽ ഒരു ബാൻഡേജ്‌ ഒട്ടിച്ചിരുന്നു. കാലിലെ വ്രണം കാരണം അവരുടെ അവസാന നാളുകളിൽ നടക്കാൻ കഴിയാതിരുന്നതിനാൽ വീടിനുള്ളിലൂടെ നീങ്ങാൻ വീൽചെയർ ഉപയോഗിച്ചിരുന്നതിനു സാധ്യതയുണ്ടായിരുന്നു. മൃതദേഹം കൂപ്പർ ഹോസ്പിറ്റലിൽ പോസ്റ്റ്‌മോർട്ടം നടത്തുകയും അവരുടെ വയറ്റിൽ ഭക്ഷണത്തിന്റെ യാതൊരു അടയാളവും ഇല്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു, എന്നാൽ കുറച്ച് മദ്യം (അവർ കഴിച്ച മരുന്നിൽ നിന്നുള്ളതാകാം) കണ്ടെത്തിയിരുന്നു. മൂന്ന് ദിവസത്തിൽ കൂടുതൽ ആഹാരം കഴിക്കാതിരുന്ന അവർ പട്ടിണി കിടന്നതിന്റെ ഫലമായിട്ടാരയിരിക്കാം മരണമടഞ്ഞതെന്നു നീരീക്ഷിക്കപ്പെട്ടു. കപട പ്രചരണങ്ങളെ പോലീസ് നിരസിക്കുകയും അവയവങ്ങളുടെ തകരാറും പ്രമേഹവും കാരണം അവൾ മരണമടഞ്ഞുവെന്ന് തീർപ്പുകൽപ്പിക്കുയും ചെയ്തു.

പർവീൺ ബാബി തന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നു. ഒരു അഭിമുഖത്തിൽ അവർ പറഞ്ഞതുപ്രകാരം, മലബാർ ഹില്ലിലെ ഒരു പ്രൊട്ടസ്റ്റന്റ് ആംഗ്ലിക്കൻ പള്ളിയിൽവച്ച് അവർ ക്രിസ്തുമതം സ്വീകരിച്ചു. ക്രിസ്ത്യൻ ആചാരപ്രകാരം സംസ്‌കരിക്കാനുള്ള ആഗ്രഹം അവർ പ്രകടിപ്പിച്ചിരുന്നുവെങ്കിലും മുസ്ലീങ്ങളായ അവളുടെ ബന്ധുക്കൾ മരണശേഷം അവളുടെ മൃതശരീരത്തിന് അവകാശമുന്നയിക്കുകയും ഇസ്ലാമിക ആചാരപ്രകാരം അടക്കം ചെയ്യപ്പെടുകയുമുണ്ടായി. മുംബൈയിലെ സാന്താക്രൂസിലെ ജുഹു മുസ്ലീം പള്ളി സെമിത്തേരിയിൽ പാർവീൻ ബാബിയെ സംസ്കരിച്ചു.

അവരുടെ മരണശേഷം മഹാരാഷ്ട്ര സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റർ ജനറൽ അവരുടെ സ്ഥാവര ജംഗമവസ്തുക്കളുടെ ഏക രക്ഷാധികാരിയായിത്തീർന്നു. ഒരു ജുനാഗഡ് ബാങ്കിന്റെ ലോക്കറിൽ കിടന്നിരുന്ന അവരുടെ സ്വത്തിന്റെ വിൽപ്പത്രം സംബന്ധിച്ച് അവരുടെ അകന്ന ബന്ധുക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയപ്പോൾ പർവീൺ ബാബിയുടെ സ്വത്തിനെക്കുറിച്ച് തർക്കങ്ങൾ ഉടലെടുത്തു. വിൽപ്പത്രം നടത്തിപ്പിലാക്കുന്നതിനുള്ള ചുമതലയിൽ അന്തരിച്ച നടനും അവരുടെ സുഹൃത്തുമായിരുന്ന മുറാദ് ഖാനും ഭാഗഭാക്കായിരുന്നു. അവളുടെ സ്വത്തിന്റെ 70 ശതമാനവും ബാബി കുടുംബത്തിലെ പാവപ്പെട്ടവരെ സഹായിക്കാനായി അവളുടെ പേരിൽ ഒരു ട്രസ്റ്റ് സ്ഥാപിക്കണം. മുരാദ് ഖാൻ ബാബിയ്ക്ക് "ഒരു മാർഗ്ഗനിർദ്ദേശശക്തി" എന്ന പേരിൽ ഇരുപത് ശതമാനം മാറ്റി വച്ചിരുന്നതു കൂടാതെ 10 ശതമാനം ക്രിസ്ത്യൻ മിഷനറി ഫണ്ടുകൾക്കും നൽകണമെന്നായിരുന്ന അവരുടെ വിൽപ്പത്രത്തിൽ നിഷ്കർഷിച്ചിരുന്നത്.

അഞ്ചുവർഷത്തിനുശേഷം, ശവസംസ്കാരത്തിനുള്ള സ്ഥലത്തിന്റെ അഭാവം മൂലവും  പുതിയ ശവസംസ്കാരങ്ങൾക്ക് ഇടം നൽകാനുമായി പർവീൺ ബാബിയുടെ ശവകുടീരം, ബോളിവുഡിലെ മറ്റ് പ്രസിദ്ധ താരങ്ങളായിരുന്ന മുഹമ്മദ് റാഫി, മധുബാല, സാഹിർ ലുധിയാൻവി, തലാത്ത് മഹമൂദ്, നൌഷാദ് അലി എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളോടൊപ്പം പുറത്തെടുക്കുകയും സാന്താക്രൂസ് മുസ്ലീം സെമിത്തേരിയിൽ നിന്നു മാറ്റിസ്ഥാപിക്കുയും ചെയ്തു.

ചലച്ചിത്രങ്ങൾ തിരുത്തുക

വഴിത്തിരിവായ ചിത്രങ്ങൾ : Source [1]
വർഷം ചിത്രം സഹനടൻ
1974 മജ്ബൂർ അമിതാബ് ബച്ചൻ
1975 ദീവാർ അമിതാബ് ബച്ചൻ
1977 അമർ അക്ബർ ആന്റണി അമിതാബ് ബച്ചൻ
1979 സുഹാഗ് ശശി കപൂർ
1981 കാലിയ അമിതാബ് ബച്ചൻ
1981 മേരി ആവാസ് സുനോ ജിതേന്ദ്ര
1982 നമക് ഹലാൽ ശശി കപൂർ
1982 അശാന്തി മിഥുൻ ചക്രവർത്തി
1982 ഖുദ്ദാർ അമിതാബ് ബച്ചൻ
1983 രംഗ് ബിരംഗി അമോൽ പാലേക്കർ

കൂടുതൽ വായനക്ക് തിരുത്തുക

അവലംബം തിരുത്തുക

  1. Filmography[പ്രവർത്തിക്കാത്ത കണ്ണി]
  2. Parveen Babi dies, alone in death as in life Times of India, Jan 22, 2000.
  3. 'Parveen wanted to be left alone' Times of India, Jan 30, 2005.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പർവീൺ_ബാബി&oldid=3661417" എന്ന താളിൽനിന്ന് ശേഖരിച്ചത്