കേരളത്തിലെ തളിപ്പറമ്പിലുള്ള പഴയ ഒരു ബ്രാഹ്മണസങ്കേതത്തെക്കുറിച്ച് പന്ത്രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ചെമ്പ് തകിട് രേഖയാണ് പെരുഞ്ചെല്ലൂർ ചെപ്പേട്. കൊല്ലവർഷം 321 കന്നിമാസം 21 (1145 സപ്റ്റംബർ) എന്ന് കാലഗണന നടത്തിയിട്ടുണ്ട്. [1] ചിറയ്ക്കൽ ടി. ബാലകൃഷ്ണൻ നായർ, ഡോ.കേശവൻ വെളുത്താട്ട്‌, തഞ്ചാവൂർ സർവകലാശാലാ പണ്ഡിതൻ വൈ. സുബരായലു തുടങ്ങിയ ചരിത്രകാരന്മാരും ഭാഷാപണ്ഡിതരും പെരിഞ്ചല്ലൂർ ചേപ്പേടിനെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്.

ഈ രേഖ, രാഘവവാര്യരുടെ സഹായത്തോടെ ഡോ.കേശവൻ വെളുത്താട്ട്‌ 1976-ൽ വായിച്ചിരുന്നു. 1978 ൽ പ്രസിദ്ധീകരിച്ച ‘കേരളത്തിലെ ബ്രാഹ്മണസങ്കേതങ്ങൾ‘ എന്ന പുസ്തകത്തിലും ഇതിനെക്കുറിച്ച് പരാമർശമുണ്ട്. കേരളത്തിലെ ആദ്യകാല ബ്രാഹ്മണ അധിനിവേശങ്ങളിൽ പ്രധാനമാണ് പെരിഞ്ചല്ലൂർ എന്ന തളിപ്പറമ്പിലേത്. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം എന്നീ ക്ഷേത്ര സങ്കേതങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ബ്രാഹ്മണ അധിവാസകേന്ദ്രമാണ് പെരിഞ്ചല്ലൂർ. രേഖകൾ ലഭ്യമായിട്ടുള്ള ആദ്യത്തെ ബ്രാഹ്മണ അധിവാസ കേന്ദ്രംകൂടിയാണിത്.

കേരളത്തിൽ നിന്നും കണ്ടെടുത്തതിൽ ഏറ്റവും പഴയ ലിഖിതമായ എ.ഡി 831-ലെ വാഴപ്പള്ളി ശാസനവുമായി നിരവധി വ്യത്യാസങ്ങൾ ഇതിൽ ഉണ്ടായിട്ടുണ്ട്. രണ്ടു വശവും എഴുതപ്പെട്ടിട്ടുള്ള ഈ ചെമ്പു തകിടിനു പന്ത്രണ്ടാം നൂറ്റാണ്ടിലെ വട്ടെഴുത്തിന്റെ സ്വഭാവമാണ് ലിപിക്ക്. താലവ്യാദേശം, ഐകാരലോപം, അനുനാസികാതിപ്രസം എന്നിവയുണ്ട്. പുരുഷഭേദനിരാസം ഇല്ല. അന്നത്തെ രാജാവായ കോലത്തിരിയും പെരുഞ്ചെല്ലൂരിലെ രണ്ടു ബ്രാഹ്മണസഭകളും ചേർന്ന് ഒരു സ്വകാര്യ ജന്മിയായ 'പുകൾമലൈച്ചേരി ചുവരൻ തേവനു' 707 ആനയച്ചുകൾ പലിശയ്ക്ക് കൊടുക്കുന്നതാണ് പ്രതിപാദ്യ വിഷയം. ഒന്നാം ചേരന്മാരുടെ കാലശേഷം കേരളത്തിൽ പ്രചാരമുണ്ടായിരുന്ന നാണയമാണ് ആനയച്ച്. ആനയച്ചിനെപ്പറ്റി പറയുന്ന ലഭ്യമായതിൽ ഏറ്റവും പഴയ പ്രാമാണിക രേഖ കൂടിയാണിത്. 707 ആനയച്ചുകൾക്ക് പണയമായി 100 പൊതി കൃഷിഭൂമിയാണ് ഈടുനൽകുന്നത്. ഒരു പൊതി ഭൂമി പത്തു പറക്കു തുല്യമാണ്. കൃഷിഭൂമി പണയം വെക്കുമ്പോൾ അവിടെ പണി ചെയ്തിരുന്നവരും കൂടെ പണയമാകുന്ന പതിവുണ്ടായിരുന്നെന്നും ഈ ചെപ്പേടിൽനിന്ന് വ്യക്തമാകുന്നുണ്ട്. ഇതുകൂടാതെ പലിശ നിരക്കിനെക്കുറിച്ചും രേഖയിൽ സൂചനയുണ്ട്.[2]

1976-ൽ കോഴിക്കോട് സർവ്വകലാശാല ചരിത്ര വിഭാഗത്തിനു ഭാഷാ ഗവേഷകനായ ചിറയ്ക്കൽ ടി. ബാലകൃഷ്ണൻ നായർ തന്റെ കൈവശം ഉണ്ടായിരുന്ന ഈ ചേപ്പേട് സംഭാവന ചെയ്താതായിരുന്നു. അവിടെ സൂക്ഷിച്ചിരുന്ന ചേപ്പേട് കാണാതായി, പിന്നീട് ഈ ചേപ്പേട് ബ്രിട്ടീഷ് ലൈബ്രറി (ലണ്ടൻ)-ൽ കണ്ടെത്തി.[3][1]

  1. 1.0 1.1 "കാണാതായ 'പെരിഞ്ചെല്ലൂർ ചെപ്പേട് ' ലണ്ടനിലെ ലൈബ്രറിയിൽ". മാതൃഭൂമി. നവംബർ 09, 2013. Archived from the original on 2014-01-10 12:10:27. Retrieved 2014 ജനുവരി 10. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  2. Ār Rāghava Vāriyar, Kesavan Veluthat. "The Perunchellur copper plate of Kōlattiri Karumpattu Irāman Iravi, AD 1150". Retrieved 2013 സെപ്റ്റംബർ 18. {{cite web}}: Check date values in: |accessdate= (help)
  3. ഡോ.കേശവൻ വെളുത്താട്ട്‌ (2013). സാഹിത്യവും ചരിത്രവും. മാതൃഭൂമി. ISBN 978-81-8265-602-4.