പൂർണ്ണസംഖ്യാക്രമങ്ങളുടെ ഓൺലൈൻ വിജ്ഞാനകോശം

(പൂർണ്ണസംഖ്യകളുടെ അനുക്രമങ്ങളുടെ ഓൺലൈൻ വിജ്ഞാനകോശം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൂർണ്ണസംഖ്യകളുടെ അനുക്രമങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്ന ഒരു വെബ്സൈറ്റാണ് പൂർണ്ണസംഖ്യാക്രമങ്ങളുടെ ഓൺലൈൻ വിജ്ഞാനകോശം (On-Line Encyclopedia of Integer Sequences). "OEIS", സ്രഷ്ടാവായ നീൽ സ്ലോണിന്റെ പേരിൽ "സ്ലോൺസ്" (Sloane's) എന്ന ചുരുക്കപ്പേരുകളിലും ഈ വെബ്സൈറ്റ് അറിയപ്പെടൂന്നു. എ.ടി.&ടി ലാബ്സിൽ ഗവേഷകനായിരിക്കെയാണ് നീൽ സ്ലോൺ ഈ വിജ്ഞാനകോശം നിർമ്മിച്ച് പരിപാലിക്കാൻ തുടങ്ങിയത്. 2012-ൽ റിട്ടയർ ചെയ്യുന്നതിനു മുമ്പായി 2009 ഒക്ടോബറിൽ ബൗദ്ധികസ്വത്തവകാശം ഓ.ഇ.ഐ.എസ്. ഫൗണ്ടേഷന് കൈമാറുകയായിരുന്നു.[4] ഫൗണ്ടേഷന്റെ പ്രസിഡന്റായി തുടരുന്ന സ്ലോൺ വിജ്ഞാനകോശത്തിന്റെ പ്രവർത്തനങ്ങളിൽ ഇപ്പോഴും വ്യാപൃതനാണ്.

പൂർണ്ണസംഖ്യാക്രമങ്ങളുടെ ഓൺലൈൻ വിജ്ഞാനകോശം
സൃഷ്ടാവ്(ക്കൾ)നീൽ സ്ലോൺ
യുആർഎൽoeis.org
അലക്സ റാങ്ക്positive decrease 48,397 (October 2018—ലെ കണക്കുപ്രകാരം)[1]
വാണിജ്യപരംഅല്ല[2]
അംഗത്വംഐച്ഛികം[3]
ആരംഭിച്ചത്1996; 28 വർഷങ്ങൾ മുമ്പ് (1996)

ഗണിതശാസ്ത്രജ്ഞർക്കും നേരമ്പോക്കിനായി ഗണിതത്തിലേർപ്പെടുന്നവർക്കും ഉപയോഗപ്രദമായ സംഖ്യാക്രമങ്ങൾ സ്ലോൺസിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഗണിതശാസ്ത്രജേണലുകളിലെ ലേഖനങ്ങൾ ഈ സംഖ്യാക്രമങ്ങളെ ഉദ്ധരിക്കാറുണ്ട്. 2018 സെപ്റ്റംബറിൽ മൂന്നു ലക്ഷത്തിലധികം സംഖ്യാക്രമങ്ങളുണ്ടായിരുന്ന ഈ വെബ്സൈറ്റ് ഈ വിഷയത്തിലുള്ള ലോകത്തെ ഏറ്റവും വലിയ ഡാറ്റാബേസാണ്.

വെബ്സൈറ്റിലെ ഓരോ താളും ഒരു സംഖ്യാക്രമത്തെക്കുറിച്ചാണ്. സംഖ്യാക്രമത്തിലെ ആദ്യത്തെ സംഖ്യകൾ, ഗണിതത്തിൽ സംഖ്യാക്രമത്തിന്റെ പ്രാധാന്യം, സംഖ്യാക്രമത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും പട്ടിക, സംഖ്യാക്രമത്തിന്റെ ഗുണധർമ്മങ്ങൾ തുടങ്ങിയവ താളിലുണ്ടാകും. സംഖ്യാക്രമത്തിലെ സംഖ്യകളെ ഗ്രാഫായും സംഗീതമായും പ്രതിനിധീകരിക്കാനുള്ള വഴികളുമുണ്ട്. സംഖ്യാക്രമത്തിന്റെ വിവരണമുപയോഗിച്ചും അതിലെ സംഖ്യകളുപയോഗിച്ചും തിരയാൻ സാധിക്കും. പൂർണ്ണസംഖ്യാക്രമങ്ങൾക്കു പുറമെ ഭിന്നസംഖ്യകളുടെ സംഖ്യാക്രമങ്ങളുടെയും (അംശവും ഛേദവും വെവ്വേറെ സംഖ്യാക്രമങ്ങളാക്കി) അഭിന്നകസംഖ്യകളുടെയും (ഏതെങ്കിലും സംഖ്യാവ്യവസ്ഥയിലെ അക്കങ്ങളുടെ സംഖ്യാക്രമം) പട്ടികകളുമുണ്ട്.

ചരിത്രം

തിരുത്തുക

ഗവേഷണവിദ്യാർത്ഥിയായിരിക്കെ തന്റെ സഞ്ചയനശാസ്ത്രഗവേഷണത്തിൽ സഹായിക്കാനാണ് 1965-ൽ നീൽ സ്ലോൺ പൂർണ്ണസംഖ്യാക്രമങ്ങൾ ശേഖരിക്കാൻ തുടങ്ങുന്നത്.[5] പഞ്ച്ഡ് കാർഡുകളിൽ സംഖ്യാക്രമങ്ങളിലെ അംഗങ്ങളെ സംഭരിച്ചുകൊണ്ടായിരുന്നു തുടക്കം. ഡാറ്റാബേസിലെ പ്രധാനപ്പെട്ട സംഖ്യാക്രമങ്ങൾ രണ്ടു തവണ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

  1. പൂർണ്ണസംഖ്യാക്രമങ്ങളുടെ കൈപ്പുസ്തകം (A Handbook of Integer Sequences: 1973, ISBN 0-12-648550-X). 2372 സംഖ്യാക്രമങ്ങളാണ് ഇതിലുണ്ടായിരുന്നത്, ഇവയ്ക്ക് 1 മുതൽ 2372 വരെ നിഘണ്ടുക്രമത്തിൽ 1 മുതൽ 2372 വരെ പേര് നിശ്ചയിക്കുകയായിരുന്നു.
  2. പൂർണ്ണസംഖ്യാക്രമങ്ങളുടെ വിജ്ഞാനകോശം (The Encyclopedia of Integer Sequences: 1995, ISBN 0-12-558630-2). സൈമൺ പ്ലൂഫ്ഫിനോടൊപ്പം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ 5488 സംഖ്യാക്രമങ്ങളാണുണ്ടായിരുന്നത്. M0000 മുതൽ M5487 വരെയാണ് ഇവയെ പട്ടികപെടുത്തിയത്. കൈപ്പുസ്തകത്തിലെ ക്രമവും N0001 മുതൽ N2372 വരെയുള്ള സംഖ്യകളായി അതത് സംഖ്യാക്രമങ്ങളുടെ കൂടെ കൊടുത്തിരുന്നു. ഓൺലൈൻ വിജ്ഞാനകോശത്തിൽ സംഖ്യാക്രമങ്ങളെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന A-സംഖ്യകളും ഈ പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്.

രണ്ടു പുസ്തകങ്ങൾക്കും നല്ല സ്വീകരണമാണ് ലഭിച്ചത്. വിജ്ഞാനകോശത്തിന്റെ പ്രസിദ്ധീകരണത്തിനു ശേഷം ഗണിതശാസ്ത്രജ്ഞർ പുതിയ സംഖ്യാക്രമങ്ങളുമായി സ്ലോണിനെ സമീപിച്ചു. പുസ്തകരൂപത്തിൽ തുടർന്നുപോകാനാവില്ലെന്ന് മനസ്സിലാക്കിയ സ്ലോൺ ഡാറ്റാബേസിൽ പതിനാറായിരം സംഖ്യാക്രമങ്ങളായപ്പോൾ ആദ്യം ഈമെയിൽ സർവീസ് ആയും (1994 ഓഗസ്റ്റ്) പിന്നീട് വെബ്സൈറ്റായും (1996) മാറ്റുകയായിരുന്നു. ഇതിന്റെ ഭാഗമായി പൂർണ്ണസ്സംഖ്യാക്രമങ്ങളെക്കുറിച്ചുള്ള ഒരു ഗണിതശാസ്ത്രജേണലും 1998-ൽ തുടങ്ങിവച്ചു.[6]

ഓരോ വർഷവും പതിനായിരത്തോളം പുതിയ സംഖ്യാക്രമങ്ങളാണ് വിജ്ഞാനകോശത്തിലെത്തുന്നത്. നാല്പത് വർഷത്തോളം ഡാറ്റാബേസ് ഒറ്റക്ക് പരിപാലിച്ചിരുന്ന സ്ലോൺ 2002-ൽ അസോസിയേറ്റ് എഡിറ്റർമാരുടെ ബോർഡിന്റെയും സന്നദ്ധസേവകരുടെയും സഹായം തേടാൻ തുടങ്ങി.[7]

2004-ലാണ് ഡാറ്റാബേസിൽ ഒരു ലക്ഷം സംഖ്യാക്രമങ്ങളായത്. ഇഷാങ്കോ എല്ലുകളിലെ അടയാളങ്ങളുടെ എണ്ണമായിരുന്നു ഈ താൾ (A100000). 2006-ൽ വെബ്സൈറ്റിന്റെ മുഖം മാറ്റുകയും തിരച്ചിലിന് കൂടുതൽ ശേഷികൾ ചേർക്കുകയും ചെയ്തു. എഡിറ്റർമാർക്കും ലേഖകർക്കുമിടയിൽ സഹകരണം എളുപ്പമാക്കുന്നതിനു വേണ്ടീ 2010-ൽ ഒരു ഒ.ഇ.ഐ.എസ്. വിക്കിയും ആരംഭിച്ചു.[8] 2011-ൽ സംഖ്യാക്രമങ്ങളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. സവിശേഷമായ ഒരു സംഖ്യാക്രമത്തിന് ഈ സ്ഥാനം ലഭിക്കാൻ വേണ്ടി A200715 എന്ന് ആദ്യം സ്ഥാനമിട്ടിരുന്ന സംഖ്യാക്രമത്തെ പിന്നീട് A200000 ആക്കി മാറ്റുകയായിരുന്നു .[9][10][11]

  1. "Oeis.org Traffic, Demographics and Competitors - Alexa". www.alexa.com (in ഇംഗ്ലീഷ്). Archived from the original on 2020-10-02. Retrieved 1 October 2018. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. "Goals of The OEIS Foundation Inc". The OEIS Foundation Inc. Archived from the original on 2013-12-06. Retrieved 2017-11-06.
  3. നിലവിലുള്ള സംഖ്യാശ്രേണികൾ തിരുത്തുകയോ പുതിയവ നിർദ്ദേശിക്കുകയോ ചെയ്യാൻ രജിസ്റ്റർ ചെയ്യണം
  4. "Transfer of IP in OEIS to The OEIS Foundation Inc". Archived from the original on 2013-12-06. Retrieved 2018-12-03.
  5. Gleick, James (January 27, 1987). "In a 'random world,' he collects patterns". The New York Times. p. C1.
  6. Journal of Integer Sequences (ISSN 1530-7638)
  7. "Editorial Board". On-Line Encyclopedia of Integer Sequences.
  8. Neil Sloane (2010-11-17). "New version of OEIS". Archived from the original on 2016-02-07. Retrieved 2018-12-03. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  9. Neil J. A. Sloane (2011-11-14). "[seqfan] A200000". SeqFan mailing list. Archived from the original on 2012-04-26. Retrieved 2011-11-22.
  10. Neil J. A. Sloane (2011-11-22). "[seqfan] A200000 chosen". SeqFan mailing list. Archived from the original on 2012-04-26. Retrieved 2011-11-22.
  11. "Suggested Projects". OEIS wiki. Retrieved 2011-11-22.