പാവകളി
പാവകളെ ഉപയോഗിച്ച് കഥാഖ്യാനം ചെയ്യുന്ന സമ്പ്രദായമാണ് പാവകളി. ഇംഗ്ലീഷ്: Puppetry. ഒന്നോ അതിലധികമോ കലാകാരൻമാർ പാവകളെ കൈ കൊണ്ട് ചലിപ്പിച്ച് കഥ അവതരിപ്പിക്കുക എന്നതാണ് ഇതിലെ രീതി. പാവക്കൂത്ത് എന്നും ഇത് അറിയപ്പെടുന്നു. ലോകത്തിലെ പല രാജ്യങ്ങളിലും പ്രചാരത്തിലുള്ള ഇത് 4000 വർഷങ്ങൾക്കുമുൻപ് ഇന്ത്യയിലാണ് ആരംഭിച്ചതെന്നു കരുതപ്പെടുന്നു.[1] ലോകത്തിന്റെ പ്രാചീനമായ കലാരൂപമായ പാവകളിയിൽ വ്യത്യസ്ത തരം പാവകളെ ഉപയോഗിക്കുന്നുണ്ട്. മനുഷ്യകരങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന നിർജ്ജീവ രൂപങ്ങൾ എന്നാണു പപ്പറ്റുകളുടെ നിർവചനം. ജപ്പാനിലെ ബുൺറാകുവും ജാവയിലെ റാഡ് പപ്പറ്റുകളും ആന്ധ്രയിലെ തോലുബൊമ്മലുവുമെല്ലാം ഇതിനുദാഹരണങ്ങളാണ്. കേരളത്തിലും തോൽപ്പാവക്കൂത്തിന് പ്രചാരമുണ്ട്.
ഐതിഹ്യങ്ങൾ
തിരുത്തുകപാവകളിയെ ബന്ധപ്പെടുത്തി അതതു രാജ്യങ്ങളിൽ നിരവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. പാവകളിയുടെ ഉത്ഭവത്തെപ്പറ്റിയുള്ള വിശ്വാസങ്ങളാണ് ആ കഥകൾക്കടിസ്ഥാനം. പരമ്പരാഗത പാവക്കൂത്തുകാർ അവരുടെ പാവകൾക്ക് പാവനത്വം കല്പിക്കാനായി പുരാണങ്ങളുമായി ബന്ധപ്പെടുത്തി കഥകൾ ഉണ്ടാക്കാറുണ്ട്.
ഇന്ത്യയിൽ
തിരുത്തുകശിവനേയും പാർവതിയേയും ബന്ധപ്പെടുത്തിയുള്ള കഥയാണ് ഇന്ത്യയിൽ പ്രചാരമുള്ളത്. മരപ്പണിക്കാന്റെ പാവകളെ കണ്ട് ഇഷ്ടപ്പെട്ട പാർവതി അവയ്ക്ക് ജീവൻ നൽകുകയും നേരമ്പോക്കിനായി അവയെക്കൊണ്ട് നൃത്തമാടിക്കുകയും ചെയ്തുവത്രെ. കൗതുകം തീർന്നശേഷം പാവകളെ നിർജ്ജീവമാക്കി തിരിച്ചു പോകുകയും ചെയ്തു.ഇതെല്ലാം ഒളിഞ്ഞിരുന്നു കണ്ട മരപ്പണിക്കാരൻ അവരോട് തന്റെ പാവകൾക്ക് ജീവൻ തിരിച്ചുനൽകണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ സ്വന്തം ബുദ്ധിശക്തികൊണ്ട് അതിനൊരു മാർഗ്ഗം കണ്ടുപിടിക്കാൻ ഉപദേശിച്ച് ശിവ-പാർവതിമാർ തിരിച്ചു പോയി. മരപ്പണിക്കാരൻ പിന്നെ ആലോചിച്ച് തയ്യാറാക്കിയ ഒരു കലാരൂപമാണത്രെ പാവകളി.[2] പാവകളി കഴിഞ്ഞാൽ അവയെ പുഴയിലൊഴുക്കുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നത് പാവകളാണെങ്കിലും അവയുടെ ഭൗതികശരീരം ഇല്ലായ്മ ചെയ്യുന്ന സങ്കല്പത്തിലാണ്.
പാവകളി അതി പ്രാചീനകാലം മുതൽക്കേ ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടുകളിൽ പാവകളിക്ക് അപചയം നേരിട്ടുവെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഭാരതത്തിലെ പാവകളിക്ക് പുനരുജ്ജീവനം സാധ്യമായി. ആരോഗ്യകരമായ മാറ്റം ഗതകാല പാരമ്പര്യത്തിന്റെ നേർക്കുള്ള സമീപനത്തിൽ സാധ്യമായി. ദീർഘകാലം ഭാരതീയ കരകൗശല ബോർഡിന്റെ അദ്ധ്യക്ഷയായിരുന്ന ശ്രീമതി കമലാദേവി ചതോപാധ്യായ പാവകളിയെ പുനർജനിപ്പിക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. 1952- ൽ ഉദയ്പ്പൂരിൽ സ്ഥാപിക്കപ്പെട്ട ഭാരതീയ ലോക് കലാമണ്ടൽ എന്ന സ്ഥാപനം പാവകളിയെ വികസിപ്പിക്കുന്നതിൽ സഹായിച്ചു. ഡൽഹിലെ ഭാരതീയ സംഘം നാടൻ കലകളെ പ്രോത്സാഹിപ്പിച്ച മറ്റൊരു സ്ഥാപനമാണ്. അഹമ്മദാബാദിലെ കലാസംഘടനയായ ദർപ്പണ യുടെ കീഴിലെ പാവകളി സംഘത്തിന്റെ നേതൃത്വം വഹിച്ചിരുന്ന മെഹർ കോണ്ട്ട്രാക്റ്റർ പാവകളിക്കാരുടെ അനിഷേധ്യ നേതാവെന്നാണറിയപ്പെടുന്നത്. കൽക്കട്ടയിലെ ലിറ്റിൽ പപ്പറ്റ് തിയേറ്റർ, ഡെൽഹിയിലെ ശ്രീറാം കൾചറൽ സെന്ററിലെ സൂത്രധാർ പപ്പറ്റ് തിയേറ്റർ തുടങ്ങിയവ പാവകളിയിൽ പ്രശസ്തമായ പേരുകളാണ്.
തരംതിരിവ്
തിരുത്തുകപാവകളിയെ പൊതുവെ രണ്ടായി തരം തിരിച്ചുകാണാറുണ്ട്. പരമ്പരാഗതം, ആധുനികം എന്നിവയാണവ. ജാവ, ഇന്ത്യ, ജപ്പാൻ എന്നീ പൂർവ്വേഷ്യൻ രാജ്യങ്ങളിൽ പരമ്പരാഗതമായ രീതിയിലുള്ള പാവകളിയാണ് പിന്തുടർന്ന് പോരുന്നത്. എന്നാൽ ആധിനിക നിർമ്മാണ വസ്തുക്കളുടെ ആധിപത്യവും പുതിയ ശാസ്ത്രശാഖകളുമായിട്ടുള്ള അടുപ്പവും മൂലം പാവകളിക്ക് പുതിയ മാനങ്ങൾ സൃഷ്ടിക്കാൻ കളിക്കാർക്ക് കഴിഞ്ഞിട്ടുണ്ട്. പടിഞ്ഞാറൻ രാജ്യങ്ങളിലും ജപ്പാനിലും ഇത്തരം പരീക്ഷണങ്ങൾ കൂടുതൽ നടന്നിട്ടുണ്ടത്രെ. ജിം ഹെൽസൻ രൂപം നൽകിയ മപ്പറ്റ്ഷോ, (മാരിയോനെറ്റ് +പപ്പറ്റ് ഷോ) എന്ന പരിപാടി ഇതിനുദാഹരണമാണ്.
നാലു തരം പാവകളികൾ
തിരുത്തുക- കയ്യുറപ്പാവ (Glove puppet)[3]
മനുഷ്യന്റെ കൈയ്യുകൊണ്ട് ചലിപ്പിക്കുന്നു. നടുവിരലും ചൂണ്ടുവിരലിലും ഉയർത്തി നിർത്തി മറ്റുവിരലുകൾ കൊണ്ട് ചലിപ്പിക്കുന്നു. ഇന്ത്യയിൽ, കേരളത്തിലെ പാവക്കഥകളി, ബംഗാളിലെ ബനീർ പുതുൽ, ഒറീസയിലെ സഖീകുന്ധേയി, ഉത്തർപ്രദേശിലെ ഗുലാബോ സിതാബോ എന്നിവയും, ചൈനയിലെ പോരാളിപാവകൾ, ബ്രിട്ടനിലെ പഞ്ച് അന്ദ് ജൂഡി എന്നിവയും ഈ വിഭാഗത്തിൽ പെടുന്നു.
- കോല്പാവ (Rod Puppet)
കോലുകളുപയോഗിച്ച് കൈയ്യും ശരീരവും താങ്ങി നിർത്തി കൈകൾ ചലിപ്പിച്ചാണ് ഈ പാവകളി. കോല്പാവക്ക് പൊതുവേ പൂർണ്ണരൂപം ഉണ്ടാകാറില്ല. ജപ്പാനിലെ ബ്ൺരാകു ഇത്തരം പാവകളിയാണ്. ബംഗാളിലെ ഡാംഗേർ പുതുൽനാച്ച്, ഒറീസയിലെ കതി കുന്ധേയി എന്നിവ ഇന്ത്യയിലെ പ്രശസ്ത കൊല്പാവക്കൂത്തുകളാണ്.
- നിഴൽപ്പാവ (Shadow puppet),
നേരിട്ട് അരങ്ങിലെത്താതെ തുണികൊണ്ടുള്ള തിരശ്ശീലക്കുപിന്നിൽ വച്ച വെളിച്ചത്തിനു മുമ്പിലായി പാവയെ ചലിപ്പിച്ച് അതിന്റെ നിഴലാട്ടമാണ് നിഴൽപ്പാവക്കൂത്ത്. പലനിറത്തിലുള്ള നിഴലുകളും ഇതിനുപയോഗിക്കാറുണ്ട്. പരമ്പരാഗത രീതിയിൽ തോല്പാവകളാണ് ഉപയോഗിക്കുന്നത് എന്നതുകൊണ്ട് തോൽപ്പാവക്കൂത്ത് എന്നും പറയാറുണ്ട്. കേരളത്തിലെ തോൽപ്പാവക്കൂത്ത്, തമിഴ് നാട്ടിലെ തോലുബൊമ്മലാട്ടം കർണ്ണാടകത്തിലെ തൊഗലുഗൊമ്പയാട്ട, ഒറീസയിലെ രാവൺഛായ എന്നിവ പ്രസിദ്ധ നിഴൽ പാവ രൂപങ്ങളാണ്. ഇന്തൊനെഷ്യയിലെ വയാങ് കുലിത് വളരെ ശ്രദ്ധേയമായ ഒന്നാണ്.
- ചരടുപാവ അഥവാ നൂൽപാവ (String Puppet)
പാവയുടെ ശരീരഭാഗങ്ങൾ നൂലുകൊണ്ട് കെട്ടി ചലിപ്പിക്കുന്നു. താരതമ്യേന വിഷമം കൂടുതലാണിതിന്. രാജസ്ഥാനിലെ കട്പുതലി, കർണ്ണാടകത്തിലെ യക്ഷഗാന കൊമ്പയാട്ട, ബംഗാളിലെ തരേർ പുതുൽ, ആസംലെ പുതുൽ നാച്ച, മഹാരാഷ്ട്രയിലെ കലാസൂത്രി ബാഹുല്യ എന്നിവ ഇന്ത്യയിൽ പ്രചാരമുള്ള നൂൽ പാവക്കളികളാണ്. 2004ൽ റിലീസായ ബ്രിട്ടിഷ് പ്പ്രഞ്ച് സിനിമാ സംരംഭമായ strings എന്ന ബിഗ് ബജറ്റ് സിനിമ പൂർണ്ണമായും നൂല്പാവകളെക്കൊണ്ട് നിർമ്മിച്ചതാണ്.
പുതിയ പരീക്ഷണങ്ങൾ
തിരുത്തുകആധുനിക പാവനാടകരംഗം വളരെ വിപുലവും ഒട്ടേറെ പരീക്ഷണങ്ങൾ നടക്കുന്നതുമാണ്. വേദി മുഴുവൻ ഉപയോഗിക്കുന്നതും വിവിധ പാവരൂപങ്ങൾ സമന്വയിപ്പിച്ചും അതിനെ വൈവിധ്യമുള്ളതാക്കുന്നു. ശരീരത്തിൽ പാവയെ ഉറപ്പിക്കുന്ന ബോഡി പപ്പറ്റ്, മേശമേൽ പാവയെ വക്കുന്ന റ്റേബിൾ റ്റൊപ് പപ്പറ്റ് എന്നിവ ചിൽ പരിക്ഷണങ്ങളാണ്. ടി വി രംഗത്തും പല തരത്തിൽ ഇവ് ഉപയോഗപ്പെടുത്തുന്നു. gali gali sim, hand pappet, എന്നീ പ്രൊഗ്രാമുകൾ പാവകളിയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നു. റബർ പാവകളെ ഉപയോഗിച്ച് വിവിധ നേതാക്കന്മാരുടെ കാരിക്കേച്ചർ അവതരിപ്പിക്കുന്ന എൻ ഡി ടിവിയിലെ ദ് ഗ്രൈറ്റ് ഇന്ത്യൻ തമാശ പാവകളിയിലെ മറ്റൊരു വികാസമാണ്.
കേരളത്തിൽ
തിരുത്തുകവീടുകൾതോറും ചെന്ന് കയ്യുറപ്പാവകളെക്കൊണ്ട് പാവകളി നടത്തി ജീവിച്ചിരുന്നവർ കേരളത്തിലുമുണ്ടായിരുന്നു. ഇവയുടെ കൈകളിലേക്ക് പാവയുടെ പിൻഭാഗത്തുനിന്ന് പാവകളിക്കാരൻ തന്റെ ഇടതു കൈ കടത്തുന്നു. അയാളുടെ കൈപ്പത്തി പാവയുടെ വസ്ത്രങ്ങൾ കൊണ്ട് മൂടിയിരിക്കും. ഒരു കൈ കൊണ്ട് ചലിപ്പിക്കാവുന്ന രീതിയിൽ പാവയുടെ രണ്ടു കൈകളും ചലനസജ്ജമായിരിക്കും. മറ്റേ കൈ കൊണ്ട് അയാൾ ഒരു ഇലത്താളം വായിക്കുന്നു. പാവകൾ കഥകളിവേഷങ്ങളായാണ് ചെയ്തുകണ്ടിട്ടുള്ളത്. പാവകളിക്കാരൻ പാടിയിരുന്നത് കഥകളിപ്പദങ്ങളും. കഥകളിയിലെ താടി, കത്തി, കരി, സ്ത്രീ വേഷങ്ങളെല്ലാം അയാൾ വെവ്വേറെ ഉണ്ടാക്കി തന്റെ ഭാണ്ഡത്തിൽ കരുതിയിരിക്കും.
മദ്യത്തിന്റെയും മയക്കുമരുന്നിൻ്റെയും ദൂഷ്യവശങ്ങൾ ജനങ്ങൾക്കിടയിൽ ബോധവൽക്കരണത്തിനായും ഈ കല ഉപയോഗിച്ചു വരുന്നു.
ചിത്രശാല
തിരുത്തുക-
നിഴല്പ്പാവക്കൂത്ത് (ബീജിങ്ങ്)
-
ചൈനയിലെ കോല്പ്പാവകൾ
-
Sanbaso Bunraku Puppet, Tonda Puppet Troupe, Japan
-
ഇന്തോനേഷ്യയിലെ കോല്പ്പാവക്കൂത്ത്-പാവകളിക്കാരനെയുംകാണാം.
-
വയാങ്ങ് പാവകൾ; റാഡ് പപ്പറ്റുകൾക്കുദാഹരണം.