1799 മാർച്ച് മുതൽ 1802 മേയ് വരെയും തുടർന്ന് 1805 ജൂലൈ വരെയും ഇന്ത്യയിലെ തമിഴ്‌നാട്ടിലുള്ള തിരുനെൽവേലി രാജവംശത്തിലെ പാളയക്കാരരും (ഇംഗ്ലീഷിൽ Polygar) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിൽ നടന്ന യുദ്ധങ്ങളാണ് പാളയക്കാരർ യുദ്ധങ്ങൾ (ഇംഗ്ലീഷ്: Polygar Wars). യുദ്ധത്തിന്റെ അവസാനത്തിൽ പാളയക്കാരരുടെ സൈന്യത്തിനെതിരെ ക്രൂരമായി ആക്രമണങ്ങൾ നടത്തിക്കൊണ്ട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിക്കുകയുണ്ടായി. യുദ്ധത്തിൽ ഇരുപക്ഷത്തിലും ധാരാളം സൈനികർ വധിക്കപ്പെട്ടു. പാളയക്കാരരുടെ മേൽ ബ്രിട്ടീഷുകാർ വിജയം നേടിയതോടെ തമിഴ്‌നാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷുകാരുടെ അധീനതയിലായി. ഈ യുദ്ധത്തോടെ ബ്രിട്ടീഷുകാർ ദക്ഷിണേന്ത്യയിൽ ഭൂരിഭാഗം പ്രദേശങ്ങളും കൈയടക്കുകയും ചെയ്തു.

ഒന്നാം പാളയക്കാരർ യുദ്ധം

തിരുത്തുക

ബ്രിട്ടീഷുകാരും, ഇപ്പോൾ തിരുനെൽവേലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പാഞ്ചാലംകുറിച്ചി പാളയത്തിലെ ഭരണാധികാരിയായിരുന്ന വീരപാണ്ഡ്യ കട്ടബ്ബൊമ്മനും തമ്മിൽ നടന്ന യുദ്ധമാണ് ഒന്നാം പാളയക്കാരർ യുദ്ധമായി കണക്കാക്കപ്പെടുന്നത്. 1799-ൽ അവശേഷിക്കുന്ന നികുതികളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാരും കട്ടബൊമ്മനും തമ്മിൽ നടന്ന യോഗത്തിന്റെ അവസാനത്തിൽ ബ്രിട്ടീഷ് കമ്പനിയുടെ ഡെപ്യൂട്ടി കമാന്റിനെ കട്ടബൊമ്മൻ വധിച്ചു. ഇതിനെത്തുടർന്ന് കട്ടബൊമ്മന്റെ തലയ്ക്ക് ബ്രിട്ടീഷുകാർ വില പറയുകയുണ്ടായി. ഈ സമയം പാളയക്കാരരെ കട്ടബൊമ്മൻ യുദ്ധം നടത്താൻ പ്രേരിപ്പിച്ചിരുന്നു.

തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള അധിക സൈന്യത്തിന്റെ കൂടി സഹായത്തോടെ പാഞ്ചാലൻകുറിച്ചിയിൽ വച്ചു നടന്ന യുദ്ധങ്ങളുടെ പരമ്പരകൾക്ക് ഒടുവിൽ കട്ടബൊമ്മൻ പരാജയപ്പെട്ടു. എന്നാൽ പുതുക്കോട്ടൈ രാജ്യത്തിലെ വനത്തിലൂടെ കട്ടബൊമ്മൻ രക്ഷപ്പെടുകയുണ്ടായി. പക്ഷേ, ബ്രിട്ടീഷുകാർ പുതുക്കോട്ടൈയിലെ രാജാവുമായും എട്ടയപ്പനുമായും ഒപ്പിട്ട രഹസ്യ കരാറിന്റെ അടിസ്ഥാനത്തിൽ അവരുടെ സഹായത്തോടെ കട്ടബൊമ്മനെ പിടികൂടി. ഇതിനെത്തുടർന്ന് ജനങ്ങളെ ഭയപ്പെടുത്തുന്നതിനു കൂടിയായി പൊതുജനങ്ങളുടെ മുന്നിൽ വച്ച് വീരപാണ്ഡ്യ കട്ടബൊമ്മനെ കയത്താറിൽ വച്ച് തൂക്കിക്കൊന്നു.

കൂടാതെ, പാഞ്ചാലൻകുറിച്ചിയിൽ വച്ച് കട്ടബൊമ്മന്റെ സുഹൃത്തായിരുന്ന സുബ്രഹ്മണ്യൻ പിള്ളയെയും ബ്രിട്ടീഷുകാർ പൊതുജനങ്ങളുടെ മുന്നിൽ വച്ച് തൂക്കിക്കൊല്ലുകയും സുബ്രഹ്മണ്യൻ പിള്ളയുടെ തല ശൂലത്തിൽ ഉറപ്പിക്കുകയും ചെയ്തു. മറ്റൊരു നേതാവായിരുന്ന സുന്ദര പാണ്ഡ്യനെ ഉൾഗ്രാമത്തിൽവച്ച് ബ്രിട്ടീഷുകാർ വധിക്കുകയുണ്ടായി. കട്ടബൊമ്മന്റെ സഹോദരനായിരുന്ന ഊമൈത്തുറൈയെ പാളയംകോട്ട ജയിലിൽ തടവിൽ വയ്ക്കുകയും ചെയ്തിരുന്നു.

രണ്ടാം പാളയക്കാരർ യുദ്ധം

തിരുത്തുക

1799-ലെ ഒന്നാം പാളയക്കാരർ യുദ്ധത്തിൽ പരാജയപ്പെട്ടെങ്കിലും 1800-ൽ വീണ്ടും പാളയക്കാരർ യുദ്ധത്തിനായി തയ്യാറെടുത്തു. ഒളിഞ്ഞുനിന്നുകൊണ്ടുള്ള യുദ്ധങ്ങളായിരുന്നു രണ്ടാം പാളയക്കാരർ യുദ്ധത്തിൽ കൂടുതലും. കോയമ്പത്തൂരിൽ ഒരു കൂട്ടം പാളയക്കാരരുടെ സൈന്യം ബോംബേറിൽ കൊല്ലപ്പെട്ടതോടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. തുടർന്നുണ്ടായ യുദ്ധത്തിൽ മരുതു പാണ്ഡ്യരുടെ സഹായത്തോടെ ഊമൈത്തുറൈ പാളയക്കാരരെ നയിച്ചു. മലബാറിൽ നിന്നും കേരള വർമ്മ പഴശ്ശിരാജയുൾപ്പെടെയുള്ളവരുമായി വലിയൊരു സഖ്യവും പാളയക്കാരർ രൂപപ്പെടുത്തിയിരുന്നു.

സേലത്തും ദിണ്ടുഗൽ വനങ്ങളിലുമായി പാളയക്കാരർക്ക് ഒരു യുദ്ധോപകരണ നിർമ്മാണ ശാലയും പീരങ്കിപ്പടകളും ഉണ്ടായിരുന്നു. കാരൂർ മേഖലയിൽവച്ച് ഫ്രഞ്ചുകാർ ഇവർക്ക് പ്രത്യേകം പരിശീലനം നൽകുകയും ചെയ്തിരുന്നു. [1] കൊങ്ങുനാട് എന്നറിയപ്പെട്ടിരുന്ന തമിഴ്‌നാട്ടിലെ പടിഞ്ഞാറൻ പ്രദേശങ്ങൾക്ക് നേതൃത്വം നൽകിയത് തീർത്ഥഗിരി ശർക്കരൈ മന്നാഡിയാർ എന്നറിയപ്പെട്ടിരുന്ന ധീരൻ ചിന്നമലൈ ഗൗണ്ടർ ആയിരുന്നു. ചിന്നമലൈ ഗൗണ്ടരുടെ സഹോദരങ്ങളായ കറുപ്പു ദേവരും വേലപ്പനും ഈ സൈന്യത്തിലെ പ്രധാന അംഗങ്ങളായിരുന്നു. മൈസൂർ രാജാവായ ടിപ്പു സുൽത്താനെ പിന്തുണയ്ക്കുന്നതിനുവേണ്ടി കേരളവർമ്മ പഴശ്ശിരാജയുടെ സൈന്യത്തോടൊപ്പം മഴവല്ലി ശ്രീരംഗപട്ടണം, കോവൈ എന്നിവിടങ്ങളിലേക്ക് കൊങ്ങുനാട്ടിൽ നിന്നുള്ള സൈന്യം പോവുകയുണ്ടായി. എന്നാൽ ഈ യാത്രയിലുടനീളം ബ്രിട്ടീഷുകാർ ഈ സൈന്യങ്ങൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയുണ്ടായി. വഴിയിലെ വനങ്ങൾ കത്തിച്ചും പാതകൾ നശിപ്പിച്ചും ബ്രിട്ടീഷുകാർ സൈന്യത്തിന്റെ യാത്രയെ തടസ്സപ്പെടുത്തി. എന്നാൽ ഈ പ്രതിബന്ധങ്ങളെ പാളയക്കാരർ പരമാവധി പ്രതിരോധിക്കുകയുണ്ടായി.

ഒരു വർഷത്തിലധികം നീണ്ടുനിന്ന ഈ വലിയ യുദ്ധത്തിന്റെ അവസാനം ബ്രിട്ടീഷുകാർ വിജയിക്കുകയുണ്ടായി. 1801 മേയിൽ വലിയ പരിശ്രമങ്ങൾക്കൊടുവിൽ ലഫ്റ്റനന്റ് കേണൽ ആഗ്നൂവിന്റെ നേതൃത്വത്തിലുള്ള കമ്പനി പാഞ്ചാലൻകുറിച്ചി തുറമുഖം പിടിച്ചെടുക്കുകയും ചെയ്തു. ഇതേ സമയം കാളയർ കോവിലിലെ വനത്തിൽ വച്ച് ഊമത്തുറൈയും മരുതു സഹോദരന്മാരും കണ്ടുമുട്ടി. 1801-ൽ കാളയർ കോവിൽ പിടിച്ചെടുക്കുന്നതിനിടെ അവിടെവച്ച് ഇവരെ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് 1801 നവംബർ 16-ന് ഊമൈത്തുറൈയും മരുതു സഹോദരന്മാരും തൂക്കിലേറ്റപ്പെട്ടു. [2][3]

1799 ലും 1800 - 1805 വരെയുള്ള കാലയളവിലും പാളയക്കാരർക്ക് സംഭവിച്ച പരാജയം മുഖ്യപദവിയ്ക്ക് ഉണ്ടായിരുന്ന സ്വാധീനം മിതപ്പെടുത്താൻ കാരണമായി. 1801 ജൂലൈ 31-ന് ഒപ്പിട്ട കർണാട്ടിക് ഉടമ്പടി പ്രകാരം ബ്രിട്ടീഷുകാർ തമീഴ്‌നാടിനുമേൽ നേരിട്ട് ആധിപത്യം സ്ഥാപിക്കുകയുണ്ടായി. ഏകദേശം രണ്ടര നൂറ്റാണ്ട് നീണ്ടുനിന്ന പാളയക്കാരർ എന്ന സമ്പ്രദായം ബ്രിട്ടീഷുകാർ അവസാനിപ്പിക്കുകയും ആ സ്ഥാനത്ത് പുതിയതായി സമീന്ദാരി എന്ന സമ്പ്രദായം ആവിഷ്കരിക്കുകയും ചെയ്തു.

ഐതിഹ്യം

തിരുത്തുക

യുദ്ധത്തനു ശേഷമുള്ള കാലഘട്ടത്തിൽ, ധീരൻ ചിന്നമലൈ, കട്ടബൊമ്മൻ, മരുതു പാണ്ടിയർ എന്നിവരുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള ഐതിഹ്യങ്ങൾ രൂപപ്പെടുകയുണ്ടായി.

ഇതും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  • Dirk, Nicholas (1988), The Hollow Crown: Ethnohistory of an Indian Kingdom, pp. 19–24, ISBN 978-0-521-05372-3
  • Francis, W. (1989), Gazetteer of South India, vol. 1, Mittal Publications, p. 261

അധിക വായനയ്ക്ക്

തിരുത്തുക
  • N. Rajendran, National Movement in Tamil Nadu, 1905-1914 - Agitational Politics and State Coercion, Madras Oxford University Press.
  • M.P. Manivel, 2003 - Viduthalaipporil Virupachi Gopal Naickar (Tamil Language), New Century Book House, Chennai
  • Prof. K.Rajayyan M.A., M.Litt, A.M. Ph.D., A History of Freedom Struggle in India
  • Prof. K.Rajayyan M.A., M.Litt, A.M. Ph.D., South Indian Rebellion - The First War of Independence (1800–1801)
  • Welsh, James (1830). "Poligar War". Military Reminiscences: Extracted from a Journal of Nearly Forty Years' Active Service in the East Indies. Vol. 1 (Two volume, 2nd ed.). Smith, Elder, and Company. pp. 81–135. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
"https://ml.wikipedia.org/w/index.php?title=പാളയക്കാരർ_യുദ്ധങ്ങൾ&oldid=2861536" എന്ന താളിൽനിന്ന് ശേഖരിച്ചത്