പാണ്ടിക്കാട് മിലിട്ടറി ക്യാമ്പ് ആക്രമണം

1921 ലെ മലബാർ കലാപത്തിലെ ഒരു സുപ്രധാന സംഭവമാണ് പാണ്ടിക്കാട് മിലിട്ടറി ക്യാമ്പ് ആക്രമണം അല്ലെങ്കിൽ പാണ്ടിക്കാട് യുദ്ധം എന്നറിയപ്പെടുന്നത്. 1921 നവംബർ 14നാണ് പ്രസ്തുത ആക്രമണം അരങ്ങേറിയത്. മലബാർ കലാപത്തിന്റെ രണ്ടാം ഘട്ടത്തിലായിരുന്നു പ്രസ്തുത സംഭവം. 1921ആഗസ്റ്റ്‌ അവസാനത്തോടെ മലബാർ കലാപത്തിലെ രക്തചോരിച്ചിലുകൾ തൽക്കാലത്തേക്ക് കെട്ടടങ്ങിയെങ്കിലും ബ്രിട്ടീഷുകാർ കലാപകാരികളെ പിടിക്കൂടുവാൻ ഇറങ്ങിയപ്പോൾ വീണ്ടും കലാപകാരികൾ ആക്രമണം അഴിച്ചുവിട്ടു. പലയിടത്തും ബ്രിട്ടീഷ് - മാപ്പിള ഖിലാഫത്ത് കലാപകാരികൾ ഏറ്റുമുട്ടലുകൾ അരങ്ങേറി. അവയിൽ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായിരുന്നു പാണ്ടിക്കാട് ഗൂർഖ മിലിട്ടറി ക്യാമ്പ് ആക്രമണം.

മലബാർ കലാപത്തിലെ കലാപകരികളുടെ നേതാവായിരുന്ന വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായിച്ചേർന്നു ചെമ്പ്രശ്ശേരി തങ്ങളാണ് മിലിട്ടറി ക്യാമ്പ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയത്. കൂട്ടിനു മുക്രി അയമു, പയ്യനാടൻ മോയീൻ എന്നിവരുമുണ്ടായിരുന്നു.[1] പാണ്ടിക്കാട് മൊയ്തുണ്ണിപ്പാടത്തിന് സമീപമുള്ള ചന്തപ്പുരയായിരുന്നു പ്രസ്തുത സൈനിക ക്യാമ്പ്. മണ്ണുകൊണ്ട് ചുറ്റുമതിൽ നിർമിച്ചു കാവൽ ഏർപെടുത്തിയ സൈനിക ക്യാമ്പിൽ ഗറില്ല ആക്രമണമായിരുന്നു പ്ലാൻ ചെയ്തത്. ചെമ്പ്രശ്ശേരി, കരുവാരക്കുണ്ട്, കീഴാറ്റൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പ്രത്യേകം പരിശീലനം നേടിയെത്തിയ 400 പേരാണ് ക്യാമ്പ് ആക്രമണത്തിന് നിയോഗിക്കപ്പെട്ടത്. 1921 നവംബർ 14ന് പുലർച്ചെ അഞ്ചുമണിക്കാണ് ആക്രമണം നടന്നത്. ക്യാമ്പിന്റെ ചുറ്റുമതിൽ പൊളിച്ചു അകത്തു കയറിയ മാപ്പിള കലാപകാരികൾ, തുടക്കത്തിൽ ശക്തമായ ആക്രമണം അഴിച്ചു വിട്ടു. എന്നാൽ വിദഗ്ദ്ധ പരിശീലനം നേടിയ പോരാട്ട വീര്യമേറിയ ഗൂർഖ സൈനികരാണ് ക്യാമ്പിൽ കൂടുതലുണ്ടായിരുന്നത്. മാപ്പിളകലാപകാരികളുടെ പ്രതീക്ഷക്ക് വിരുദ്ധമായി വമ്പിച്ച ആയുധ ശേഖരവും ക്യാമ്പിലുണ്ടായിരുന്നു. ആദ്യം ഒന്ന് പതറിയെങ്കിലും മനോനില വീണ്ടെടുത്ത ഗൂർഖ സൈനികർ മെഷീൻ ഗണ്ണുകളുപയോഗിച്ചു ശക്തമായി തിരിച്ചടി ആരംഭിച്ചതോടെ യുദ്ധഗതി മാറി മറിഞ്ഞു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ അവസാനിച്ചതോടെ അക്രമികളായ മാപ്പിളമാർ യുദ്ധത്തിൽ പരാജയപ്പെട്ടു. ആക്രമണത്തിൽ ബ്രിട്ടീഷ് സൈനിക മേധാവി ക്യാപ്റ്റൻ അവ്റെലിയും അഞ്ചു സൈനികരും കൊല്ലപ്പെട്ടു. മുപ്പത്തിനാലു പേർക്ക് പരിക്ക് പറ്റി. മാപ്പിള ഭാഗത്ത് നിന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 200 അടുത്തായിരുന്നു.

സ്വാതന്ത്ര സമര സേനാനിയും മാതൃഭൂമിയുടെ ആദ്യകാല പത്രാധിപരുമായ കെ. മാധവൻ നായർ ഈ പോരാട്ടത്തെ കുറിച്ച് എഴുതിയത് ഇങ്ങനെയായിരുന്നു.

കുഞ്ഞഹമ്മദ് ഹാജിയുടെയും ചെമ്പ്രശ്ശേരി തങ്ങളുടെയും സംയുക്ത നേതൃത്വത്തിൽ മാപ്പിളമാർ ക്യാമ്പ് ആക്രമിച്ചപ്പോൾ ഗുർഖാസൈന്യം അകത്തുണ്ടായിരുന്നു. സാധാരണ ബ്രിട്ടീഷ് പട്ടാളക്കാരായിരുന്നു അവിടെയുണ്ടായിരുന്നതെങ്കിൽ അവർക്കൊരിക്കലും മാപ്പിളമാരുടെ ഈ കടന്നാക്രമണത്തെ പ്രതിരോധിക്കാനാകുമായിരുന്നില്ല. എന്നാൽ എതിരാളികളെ നേരിടുന്നതിൽ അതീവ വൈദഗ്ദ്ധ്യം നേടിയ ഈ ഗൂർക്കകൾശക്തമായി തിരിച്ചടിച്ചപ്പോൾ മലബാർ കണ്ട ആ കലാപശ്രമവും പരാജയത്തിൽ കലാശിച്ചു.

  1. "പോരാളികളെ മറക്കാതിരിക്കാൻ പ്രകൃതിയൊരുക്കി സ്മാരകം". മാതൃഭൂമി. Archived from the original on 2015-09-06. Retrieved 7 സെപ്റ്റംബർ 2015.{{cite web}}: CS1 maint: bot: original URL status unknown (link)