സംവാദം:പാണ്ടിക്കാട് മിലിട്ടറി ക്യാമ്പ് ആക്രമണം
പാണ്ടിക്കാട് പട്ടാളക്യാമ്പ് ആക്രമണത്തെക്കുറിച്ച്, അക്കാലത്ത് കോൺഗ്രസിൻ്റെയും ഖിലാഫത്ത് മൂവ്മെൻ്റിൻ്റെയും നേതാവായിരുന്ന ശ്രീകെ.മാധവൻ നായർ ഇങ്ങിനെയെഴുതി.
കിഴക്കൻ ഏറനാട്ടിലുള്ള പട്ടാളക്കാർക്കുണ്ടായിരുന്ന ക്യാമ്പുകളിൽ ഒന്നായിരുന്നു പാണ്ടിക്കാട് ക്യാമ്പ്. അവിടെ ഒരു പഴയ ചന്തപ്പുരയുണ്ട്. അതിനുള്ളിലായിരുന്നു ഗൂർക്ക പട്ടാളം താമസിച്ചിരുന്നത്. പട്ടാളത്തെ പെട്ടെന്ന് എതിർത്ത് നശിപ്പിക്കുവാൻ ലഹളക്കാർ തീർച്ചപ്പെടുത്തി. പട്ടാളക്കാരുമായി നേരിട്ടെതിർക്കുകയെന്നത് ലഹളക്കാർക്ക് സാധാരണ നയമായിരുന്നില്ലെങ്കിലും, പട്ടാളക്കാർ ആലോചിക്കാതെയും ഒരുങ്ങാതെയുമുള്ള അവസരത്തിൽ ക്യാമ്പിനെ ആക്രമിച്ചാൽ അവരെ മുഴുവൻ നശിപ്പിക്കാമെന്ന് ലഹളക്കാരാശിച്ചു. അതിനായി കിഴക്കൻ ഏറനാട്ടിലെ ലഹളത്തലവൻമാരിൽ പ്രധാനികളായ കുഞ്ഞഹമ്മദ് ഹാജിയും ചെമ്പ്രശ്ശേരി തങ്ങളും യോജിച്ച് ഒരുങ്ങി. ഏകദേശം മൂവായിരം ലഹളക്കാരെ അവർ തങ്ങളുടെ കീഴിൽ ശേഖരിച്ചുവത്രേ. അങ്ങിനെ എല്ലാ ഒരുക്കങ്ങളും ചെയ്തശേഷം നവംബർ മാസം പതിനഞ്ചാം തീയതി ഞായറാഴ്ച പുലർച്ചെ സമയത്ത് പാറാവിൻ്റെ നിഷ്കർഷയും മറ്റും കുറയുന്ന തഞ്ചം നോക്കി ചന്തപ്പുരയുടെ നാലുഭാഗത്തുനിന്നും ലഹളക്കാർ വളഞ്ഞു, പഴയ ചുമർ ഉന്തിമറിച്ചു. ലഹളക്കാർ അകത്ത് പ്രവേശിച്ചു പട്ടാളക്കാരോട് എതിർത്തു. ചന്തപ്പുരയുടെ അകത്തുണ്ടായിരുന്നത് പോലീസ് സൈന്യമോ വെള്ളപ്പട്ടാളമോ ആയിരുന്നുവെങ്കിൽ അവരിലാരെങ്കിലും അന്ന് ശേഷിക്കുമായിരുന്നുവോ എന്ന് സംശയമാണ്. തോക്കെടുക്കാനും തിര നിറയ്ക്കാനും അണിയായി നിൽക്കാനും കൽപ്പന കൊടുക്കാനും കേൾപ്പാനും ഒന്നിന്നും അതിലേർപ്പെട്ടവർക്ക് ഇടയുണ്ടായിരുന്നില്ല.
പക്ഷേ, ഗൂർക്കപ്പട്ടാളത്തിന് തങ്ങളുടെ എതിരാളികളോട് എതിർക്കാൻ ഈവക ഒരുക്കങ്ങൾ ഒന്നും ആവശ്യമുണ്ടായിരുന്നില്ല. കുക്രി എന്നു പറയുന്ന ഒരു വിധം വളഞ്ഞ, നീളംകുറഞ്ഞ വാളാണ് അവരുടെ ആയുധം. അതവർ എപ്പോഴും അവരുടെ ദേഹത്തിൽ ധരിച്ചിരിക്കും. ദ്വന്ദ യുദ്ധത്തിൽ കുക്രിധാരിയായ ഗൂർക്കയെ ജയിപ്പാൻ ഈ ലോകത്തിൽ ആരുമില്ല. പുലർച്ചെ സമയമായതുകൊണ്ട് ഏതാനും പട്ടാളക്കാർ ദിനകർമ്മങ്ങൾക്കായി പുറത്തു പോയിരുന്നു. എങ്കിലും കുറേപ്പേർ അവിടെത്തന്നെ ഉണ്ടായിരുന്നു. ഗൂർക്ക പട്ടാളക്കാർ ആകെ 80 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ലഹളക്കാർക്ക് ഗൂർക്കാസിൻ്റെ കുക്രിപ്രയോഗം തടുക്കാൻ കഴിഞ്ഞില്ല. പട്ടാളക്കാർ ലഹളക്കാരെ തലങ്ങും വിലങ്ങും വെട്ടി വീഴ്ത്തി. ഇത്ര ഭയങ്കരമായ ഒരു യുദ്ധം ഈ കലാപത്തിൽ മറ്റെങ്ങും ഉണ്ടായിട്ടില്ല. 230ലഹളക്കാർ അവിടെവെച്ചുതന്നെ കൊല്ലപ്പെട്ടു. ലഹളക്കാർ തീരെ പരാജിതരായി ഓട്ടമായി. അപ്പോൾ പട്ടാളക്കാർ അവരുടെ നേരെ വെടി തുടങ്ങി. ആ വെടിയിൽ എത്ര പേർ മരിച്ചിട്ടുണ്ട് എന്ന് പറയാൻ തരമില്ല. ഈ യുദ്ധത്തിൽ പട്ടാളക്കാരിൽ മൂന്നോ നാലോ പേർ മാത്രം മരിച്ചു. 34 ആളുകൾക്ക് മുറി പറ്റി. ക്യാപ്റ്റൻ ആവറിൽ എന്ന പട്ടാള ഉദ്യോഗസ്ഥന് കഠിനമായ മുറിവേൽക്കുകയും പിന്നീട് അയാൾ മരിക്കുകയും ചെയ്തു. സബ്ഇൻസ്പെക്ടർ അഹമ്മദ് കുട്ടി (ഖാൻ ബഹദൂർ ചേക്കുട്ടിയുടെ മകൻ), ഹെഡ്കോൺസ്റ്റബിൾ ദാമോദരമേനോൻ, മജിസ്ട്രേറ്റ് കോർട്ട് ഹെഡ് ക്ലർക്ക് വേലു ഇവർക്കും മുറിവുകൾ പറ്റിയിരുന്നു. പാണ്ടിക്കാട് തപാൽ മാസ്റ്ററെ ലഹളക്കാർ പോകുന്ന വഴിക്കാണെന്ന് തോന്നുന്നു കൊല്ലുകയുമുണ്ടായി.
ഈ യുദ്ധത്തോടുകൂടി കുഞ്ഞഹമ്മദ് ഹാജിയുടെയും ചെമ്പ്രശ്ശേരി തങ്ങളുടെയും ശക്തി ക്ഷയിച്ചുവെന്നുതന്നെ പറയാം.
പട്ടാളക്കാരുടെ ഉണ്ട വെള്ളമായി പോകുമെന്നും വെട്ട് ഫലിക്കില്ലെന്നും ലഹളക്കാർക്കുണ്ടായിരുന്ന വിശ്വാസം അസ്ഥാനത്തിലാണെന്നും ഈ യുദ്ധം കൊണ്ട് ലഹളക്കാർക്ക് ബോധ്യപ്പെട്ടിരിക്കണം.
(മലബാർ കലാപം. കെ.മാധവൻ നായർ പേജ് 248,249 (2016ജനുവരി എഡിഷൻ)
പാണ്ടിക്കാട് മിലിട്ടറി ക്യാമ്പ് ആക്രമണം എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. പാണ്ടിക്കാട് മിലിട്ടറി ക്യാമ്പ് ആക്രമണം ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.