പഴഞ്ചൊല്ല്
പരമ്പരാഗതമായ ആശയ അഭിവ്യഞ്ജനത്തിന്റെ സമഗ്രവും സംക്ഷിപ്തവുമായ രൂപമാണ് പഴഞ്ചൊല്ലുകൾ. ഒരു ജനസമുദായത്തിൽ പണ്ടേക്കുപണ്ടേ പലരും പറഞ്ഞു പഴക്കം സിദ്ധിച്ചിട്ടുള്ള ചൊല്ലുകൾ എന്നാണിവാക്ക് അർത്ഥം കല്പിച്ചിരിക്കുന്നത്. ഗ്രാമീണ ജനതയുടെ സാമൂഹികവും ബൗദ്ധികവുമായ വളർച്ചയിൽ ഇവ പങ്കുവഹിച്ചിട്ടുണ്ട്. പഴഞ്ചൊല്ലുകൾ അവയുണ്ടായ കാലത്തെ ആത്മാവും ഹൃദയവും പ്രതിഫലിപ്പിക്കുന്നു.
മഹാകവി കുമാരനാശാന്റെ അഭിപ്രായത്തിൽ പണ്ടേയ്ക്ക് പണ്ടേ പലരും പറഞ്ഞു പഴക്കം വന്നിട്ടുള്ള ചൊല്ലുകളാണ് പഴഞ്ചൊല്ലുകൾ അഥവാ പഴമൊഴികൾ എന്ന് അറിയപ്പെടുന്നത്[അവലംബം ആവശ്യമാണ്]. ശബ്ദതാരാവലിയിൽ ഈ വാക്കിന്റെ അർത്ഥം പഴക്കമുള്ള ചൊല്ല്, പണ്ടുള്ളവരുടെ വാക്ക് എന്നിങ്ങനെയാണ് നൽകിയിട്ടുള്ളത്[അവലംബം ആവശ്യമാണ്]. നമ്മുടെ നാടൻ സാഹിത്യത്തിന്റെ ഭാഗമായി രൂപം കൊണ്ടിട്ടുള്ളവയാണ് പഴഞ്ചൊല്ലുകൾ. ഈ ചൊല്ലുകൾ വാമൊഴിയായി തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും കാല ദേശങ്ങൾക്ക് അനുസരിച്ച് വികസിക്കുകയും ചെയ്തു. പഴയകാലമനുഷ്യജീവിതത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പ്രതിഫലനങ്ങൾ ഇത്തരം ചൊല്ലുകളിൽ അടങ്ങിയിരിക്കുന്നു. അതത് കാലങ്ങളിലെ മനുഷ്യരുടെ തൊഴിൽ, ആചാരം, ചരിത്രം, കല, തത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ പഴഞ്ചൊല്ലുകളിൽ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്[1].
പഴഞ്ചൊല്ലിന്റെ വിവിധ നിർവചനങ്ങൾ
തിരുത്തുകപഴഞ്ചൊല്ലെന്നാൽ എന്താണെന്ന് പലരും നിർവചിച്ചിട്ടുണ്ട് [2]
- ഒരു ജനസമൂഹത്തിൽ പണ്ടേക്കു പണ്ടേ പലരും പറഞ്ഞു പറഞ്ഞു പരന്നു പഴക്കം വന്നിട്ടുള്ള ചൊല്ല് (മഹാകവി ഉള്ളൂർ )
- പലരുടെ ജ്ഞാനവും ഒരാളുടെ ബുദ്ധിയുമാണ് പഴമൊഴി (റസ്സൽ)
- പഴയ തത്ത്വശാസ്ത്രത്തിന്റെ ഏറ്റവും സത്യമായ അവശിഷ്ടങ്ങളാണ് പഴഞ്ചൊല്ലുകൾ (അരിസ്റ്റോട്ടിൽ)
- വലിയ അനുഭവങ്ങളിൽനിന്ന് നിർമ്മിക്കപ്പെട്ട ചെറിയ വാക്യങ്ങളാണ് പഴഞ്ചൊല്ലുകൾ ( സെർവാന്റെസ്)
- ഒരു രാഷ്ട്രത്തിന്റെ വിജ്ഞാനവും വിനോദവും ആത്മാവും അവിടത്തെ പഴഞ്ചൊല്ലുകളിൽ ആവിഷ്കരിക്കപ്പെടുന്നു. (ഫ്രാൻസിസ് ബേക്കൺ)
- പഴഞ്ചൊല്ലുകൾ അവ ഉണ്ടായ കാലത്തെ മനുഷ്യരുടെ ആത്മാവും ഹൃദയവും പ്രതിഫലിപ്പിക്കും (എം.വി. വിഷ്ണു നമ്പൂതിരി)
ഘടന
തിരുത്തുകഘടനാപരമായി മിക്ക പഴഞ്ചൊല്ലുകൾക്കും രണ്ടോ അതിൽ കൂടുതലോ ഭാഗങ്ങൾ ഉണ്ടാകും. ക്രമാനുസൃതമായ ശബ്ദവും താളവും ഉള്ളവയായിരിക്കും ആ പദങ്ങൾ. സമാനസംയോജകശക്തിയോ കാര്യകാരണബന്ധമോ ഉള്ള ആ ഘടകങ്ങൾ പരസ്പരം ചേർന്നാണ് അർത്ഥം കൈവരുന്നത്. മിക്കവയ്ക്കും സമതുലിതമായ രണ്ടു ഘടകങ്ങൾ ആണുള്ളത്.
പഴഞ്ചൊല്ലുകളിൽ നേരിട്ട് ഒരു അർത്ഥം നൽകുന്നുണ്ടെങ്കിലും ആ വാക്യത്തിൽ മറ്റൊരു അർത്ഥം കൂടി ഉണ്ടായിരിക്കും. ഇത് ഒന്നോ രണ്ടോ വരിയിൽ വളരെ വിശാലമായ അർത്ഥങ്ങൾ അടങ്ങിയിരിക്കുന്ന പദസഞ്ചയങ്ങളാണ്. കൂടാതെ താളവും ചില പഴഞ്ചൊല്ലുകളിൽ അടങ്ങിയിരിക്കുന്നു. പല പഴഞ്ചൊല്ലുകളും കാലവ്യത്യാസം മൂലം അർത്ഥം മാറിയിട്ടുണ്ട്. കൂടാതെ അവയിൽ ചില പഴഞ്ചൊല്ലുകൾ കാലവ്യത്യാസങ്ങൾക്ക് അനുസരിച്ച് പുതിയ അർത്ഥം ഉൾക്കൊണ്ടവയുമാണ്.[അവലംബം ആവശ്യമാണ്][1]
വർഗ്ഗീകരണം
തിരുത്തുകശാസ്ത്രീയമായ വർഗ്ഗീകരണം പഴഞ്ചൊല്ലുകളിൽ നടത്തിയിട്ടുണ്ട്. ബന്ധം, വ്യാപ്തി, ഗുണം, പ്രകാരം സമീകരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് വർഗ്ഗീകരണം.
ബന്ധപരം
തിരുത്തുക- ബന്ധങ്ങളെ അടിസ്ഥാനമാക്കി നിരുപാധികം സോപാധികം എന്നിങ്ങനെ തരം തിരിക്കാം.
നിരുപാധികം
തിരുത്തുകരണ്ട് ഘടകങ്ങൾ ആണുള്ളതെങ്കിൽ ആദ്യത്തേതിനെ രണ്ടാമത്തേത് ഉപാധികൂടാതെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതാണ് നിരുപാധികമായ ചൊല്ലുകൾ ഉദാ: അട്ടയ്ക്കു പൊട്ടക്കുളം (സ്ഥിരീകരണം) കൈപ്പുണ്ണിനു കണ്ണാടിവേണ്ട (നിഷേധപരം)
സോപാധികം
തിരുത്തുകരണ്ടു ഘടകങ്ങളിൽ ആദ്യത്തേതിന് രണ്ടാമത്തേത് ഉപാധികളോടെ സ്വീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുകയാണെങ്കിൽ അവ സോപാധികം എന്ന വർഗ്ഗത്തിൽ പെടുന്നു ഉദാ: മൂക്കുപിടിച്ചാൽ വായ പിളർക്കും, കക്കാൻ പഠിച്ചാൽ നിക്കാൻ പഠിക്കണം (ഉപാധിയോടെ സ്വീകരിക്കുന്നു) ക്ഷണിക്കാതെ ചെന്നാൽ ഉണ്ണാതെ പോരാം (ഉപാധിയോടെ നിഷേധിക്കുന്നു).
ഗുണപരം
തിരുത്തുക- ഗുണത്തെ അടിസ്ഥാനമാക്കി വിധായകച്ചൊല്ലുകൾ നിഷേധകച്ചൊല്ലുകൾ എന്നിങ്ങനെ തരം തിരിക്കാം
വിധായകം
തിരുത്തുകവിധി നിർണ്ണയിക്കുന്നതരത്തിലുള്ള ചൊല്ലുകൾ. അതായത് അനുസരിപ്പിക്കുന്നവ. സമമൂല്യമുള്ള ഘടക പദങ്ങളാണിവക്ക് ഉദാ: സമയം ധനമാണ്, പരിഹാസം പാപകരം.
നിഷേധകം
തിരുത്തുകപഴഞ്ചൊല്ലിലെ ഘടകങ്ങൾ നിഷേധപരമായി വരുന്നവയാണിവ. ഉദാ: അരി വിതച്ചാൽ നെല്ലാവില്ല, കാക്ക കുളിച്ചാൽ കൊക്കാകുമോ?.
വ്യാപ്തിപരം
തിരുത്തുക- വ്യാപ്തിയെ അടിസ്ഥാനമാക്കി സ്വിസ് തത്ത്വശാസ്ത്രജ്ഞനായ യൂളർ ചൊല്ലുകളുടെ ഘടനയെയും ഇംഗ്ലീഷ് തർക്കശാസ്ത്രജ്ഞനായ ജോണ് വെൻ ഗണങ്ങളുടെ സവിശേഷതയേയും അപഗ്രഥിച്ചതനുസരിച്ച് സർവ്വവ്യാപി, അംശവ്യാപി എന്നു തരം തിരിക്കാം വ്യാപ്തിയും ഗുണവും ചേർന്ന് ഇവ സർവ്വവ്യാപി വിധായകം സർവ്വവ്യാപി നിഷേധകം എന്നും അംശവ്യാപി വിധായകം, അംശവ്യാപി നിഷേധകം എന്നുമുള്ള വർഗ്ഗങ്ങളായി തരം തിർക്കാവുന്നതാണ്.
സർവവ്യാപിവിധായകം
തിരുത്തുകരണ്ടു ഘടകങ്ങളിലെ ആദ്യത്തേത് രണ്ടാമത്തേതിൽ പെടുകയും ആദ്യത്തേതിന്റെ ഭാഗമായിത്തീരുകയും ചെയ്യുന്നു എന്നതാണിതിന്റെ സവിശേഷത. ഒന്നാമത്തേത് രണ്ടാമത്തേതിന്റെ ഉപഗുണമായിത്തീരുന്നു.
ഉദാ: ഉപ്പു തിന്നവൻ വെള്ളം കുടിക്കും. ഇതിൽ ആദ്യത്തേത് ഉപ്പു തിന്നുന്നവർ- ഇതിന്റെ വ്യാപ്തി കുറവാണ്. അതായത് ഉപ്പ് തിന്നുന്നവർ കുറവാണ്. എന്നാൽ രണ്ടാമത്തേത് വെള്ളം കുടിക്കുന്നവരാണ്. ഇതിനു വ്യാപ്തി വളരെ കൂടുതൽ, അതായത് എല്ലാവരും വെള്ളം കുടിക്കുന്നവർ. ആദ്യത്തെ ഘടകം രണ്ടാമത്തേതിനുള്ളിൽ തന്നെ ഉൾക്കൊള്ളും
സർവവ്യാപി നിഷേധകം
തിരുത്തുകരണ്ടു ഘടകങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ല എന്നു തന്നെയല്ല ബന്ധത്തെ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. വിയുക്തഗുണങ്ങളായ ഘടകങ്ങൾ ആണിതിൽ. ഉദാ: ആവശ്യക്കാരനു ഔചിത്യമില്ല. കല്ലാടും മുറ്റത്ത് നെല്ലാടില്ല.
അംശവ്യാപിവിധായകം
തിരുത്തുകരണ്ടു ഘടകങ്ങളുള്ളതിൽ ചില അംശങ്ങൾക്ക് ചേർച്ചയുണ്ട്. ഉദാ: കയ്യൂക്കുള്ളവൻ കാര്യക്കാരൻ. കയ്യൂക്കുള്ളവരിൽ ചിലർ കാര്യക്കാരാണെങ്കിലും എല്ലാവരും അല്ല. കാര്യക്കാരെല്ലാം കയ്യൂക്കുള്ളവരാകണമെന്നുമില്ല. രണ്ടും ചേരുന്ന ഒരു വിഭാഗത്തെയാണ് സൂചിപ്പിച്ചിരിക്കുന്നത്.
അംശവ്യാപിനിഷേധകം
തിരുത്തുകരണ്ടു ഘടകങ്ങളിൽ ആദ്യത്തേത് സൂചിപ്പിക്കുന്ന വർഗ്ഗത്തിൽ നിന്ന് രണ്ടാമത്തേതിന്റെ അംശം ചേരാത്ത ഒന്നാമത്തേതിലെ അംശം വേർപെടുത്തുന്ന ഒന്നാണിത്. ഉദാ: അഴകുള്ള ചക്കയിൽ ചുളയില്ല. അഴകുള്ള ചക്കയും ചുളയില്ലായ്മയും നിഷേധകപരമാണ്. അവ എല്ലായ്പ്പോഴും ഒന്നാകണമെന്നില്ല. എങ്കിലും ശരിയാകുന്ന സന്ദർഭങ്ങളെ കാണിക്കുന്നു.
ചില പഴഞ്ചൊല്ലുകൾ
തിരുത്തുക- തലവിധി, തൈലം കൊണ്ട് മാറില്ല
- കോൽകാരന് അധികാരിപ്പണി
- ചുട്ട ചട്ടി അറിയുമോ അപ്പത്തിൻറെ സ്വാദ്
- പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല
- ഇരിക്കുന്നതിന് മുൻപ് കാലു നീട്ടരുത്
- അടിതെറ്റിയാൽ ആനയും വീഴും
- ചേറ്റിൽ കുത്തിയ കൈ ചോറ്റിൽ കുത്താം
- വിത്താഴം ചെന്നാൽ പത്തായം നിറയും
- മുളയിലറിയാം വിള
- ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ പറ്റില്ല
- കൂറ്റൻ മരവും കാറ്റത്തിളകും
- സമ്പത്തു കാലത്തു തൈ പത്തു വെച്ചാൽ ആപത്തുകാലത്ത് കാ പത്ത് തിന്നാം
- മിന്നുന്നതെല്ലാം പൊന്നല്ല
- ആനവായിൽ അമ്പഴങ്ങ
- രാജാവിനില്ലാത്ത രാജഭക്തി
- നല്ലവന് നാട് ബന്ധു
- അങ്ങാടിയിൽ തോറ്റതിനു അമ്മയോട്
- മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം
അവലംബം
തിരുത്തുക- ↑ 1.0 1.1 http://www.manoramaonline.com/advt/children/padippura/26Sep08/padippura.htm[പ്രവർത്തിക്കാത്ത കണ്ണി] മലയാള മനോരമ പഠിപ്പുര 2006 സെപ്റ്റംബർ 8ലെ ലേഖനം
- ↑ http://www.thejasonline.com/java-thejason/index.jsp?tp=det&det=yes&news_id=20071127164928395[പ്രവർത്തിക്കാത്ത കണ്ണി] തേജസ് പാഠശാല 2007 ഡിസംബർ 1 ലേഖനം