പള്ളു കളി
മദ്ധ്യ കേരളത്തിലെ പറയരുടെ ഇടയിൽ പ്രചാരമുള്ള കലാരൂപമാണ് പള്ളുകളി. നന്തനാരുടെ കഥയുമായി ബന്ധപ്പെട്ട കലാരൂപമാണിത്.പരമശിവനും സുബ്രമഹ്ണ്യനും ശ്രീവള്ളിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് പള്ളു കളി നടക്കുന്നത്. രാത്രിയിലാണ് കളി നടക്കുക. പന്തലിന്റെ മൂന്നു ഭാഗവും മറച്ച് ഒരു ഭാഗത്ത് കർട്ടൻ ഇടുന്നു. വേദിയിൽ കത്തിച്ച നിലവിളക്ക് കാണാം. പണക്കാരൻ, പണിക്കാരൻ, പണിക്കാരുടെ ഭാര്യമാർ, കോമാളിയായ കോൽക്കാരൻ, ഗുരുനാഥൻ തുടങ്ങിയവരാണ് മറ്റുവേഷക്കാർ. സംഗീതാത്മകമായ പാട്ട് പള്ളുകളിയുടെ പ്രത്യേകതയാണ്. ഗുരുനാഥൻ കാവ്യാലാപനം നടത്തും. മറ്റുവേഷങ്ങൾ പാട്ടിന്റെ അർത്ഥത്തിനനുസരിച്ച് അഭിനയിക്കും. കഥകളി വേഷത്തിന്റെ സ്വാധീനം ഉള്ളവയാണ് പുരുഷ വേഷങ്ങൾ. സ്ത്രീവേഷക്കാർ മുണ്ടും വേഷ്ടിയുമാണ്. ചെണ്ട, മദ്ദളം, കുഴിത്താളം എന്നീ വാദ്യോപകരണങ്ങളാണ് പള്ളുകളിക്ക് ഉപയോഗിക്കുന്നത്. അടുത്ത കാലത്തായി ഹാർമോണിയവും ഉപയോഗിക്കുന്നുണ്ട്.