അന്യഭാഷാപദങ്ങൾ, പ്രത്യേകിച്ചും സംസ്കൃതപദങ്ങൾ കലരാത്ത മലയാള ഭാഷപ്രസ്ഥാനമാണ് പച്ച മലയാള പ്രസ്ഥാനം . സാഹിത്യഭാഷയിൽ സംസ്കൃതത്തിന്റെ അതിപ്രസരം ക്രമാതീതമായപ്പോൾ അതിനെതിരായി വളർന്നുവന്ന ആശയമാണ് പച്ചമലയാളം. പത്തൊമ്പതാം ശതകത്തിന്റെ മധ്യഘട്ടത്തിൽ കാവ്യഭാഷയും കാവ്യരൂപവും ഒരളവിൽ കേരളീയമാകാൻ ഇത് സഹായകമായി.പത്തൊമ്പതാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരിൽ കേന്ദ്രീകരിച്ചായിരുന്നു ഇതിന്റെ പ്രവർത്തനം. മലയാളകവിതയുടെ രൂപത്തിലും ഭാവത്തിലും പിന്നീടുണ്ടായ വമ്പിച്ച പരിവർത്തനങ്ങളുടെ മുന്നോടിയായിരുന്നു ഇത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ് തനി മലയാളത്തിൽ ആദ്യം ഒരു കൃതി എഴുതിയത്. പച്ചമലയാളപ്രസ്ഥാനം എന്നൊരു കാവ്യസരണിയുടെ ആവിർഭാവത്തിന് ഇത് കാരണമായി. ചേലപ്പറമ്പു നമ്പൂതിരി, വെണ്മണി അച്ഛൻ നമ്പൂതിരിപ്പാട്‌ , വെണ്മണി മഹൻ നമ്പൂതിരിപ്പാട്‌ , നടുവത്തച്ഛൻ നമ്പൂതിരി, ഒറവങ്കര നാരായണൻ നമ്പൂതിരി, ശീവൊള്ളിനാരായണൻ നമ്പൂതിരി, കാത്തുള്ളിൽ അച്യുതമേനോൻ, കൊണ്ടൂർ നാരായണമേനോൻ, കൊട്ടാരത്തിൽ ശങ്കുണ്ണി, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, മൂലൂർ പദ്മനാഭപ്പണിക്കർ തുടങ്ങിയവരാണ് പ്രമുഖകവികൾ. സുമംഗല പച്ചമലയാളം നിഘണ്ടു തയ്യാറാക്കിയിട്ടുണ്ട് . വെണ്മണിക്കവികൾ ഈ തരത്തിൽ കൂടുതൽ എഴുതാൻ തുടങ്ങിയതിനു ശേഷം വെണ്മണി പ്രസ്ഥാനം എന്നും അറിയപ്പെട്ടിരുന്നു.

പേരിനു പിന്നിൽ

തിരുത്തുക

ഉൽഭവത്തിനു പിന്നിൽ

തിരുത്തുക

ഏകദേശം ഒരു നൂറ്റാണ്ടിനു മുൻപ് രണ്ട് കലാകാരന്മാർ തമ്മിലുണ്ടായ വാദപ്രതിവാദമാണ് ഇതിലേയ്ക്ക് വഴിവെച്ചത്. മലയാളസാഹിത്യത്തിന്റെ വളർ‌ച്ചയ്ക്ക് നിദാനമായ വിദ്യാവിനോദിനി മാസികയുടെ ജനയിതാവായ സി.പി. അച്യുതമേനോനും അതിനെ എതിർത്ത കവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും ആയിരുന്നു അവർ.

സംസ്കൃതപദങ്ങൾ തീരെ ഉപേക്ഷിച്ച് ഒന്നോ രണ്ടൊ ശ്ലോകങ്ങൾ രചിയ്ക്കുക എന്നതിൽ കവിഞ്ഞ് ഒരു കാവ്യം പൂർണ്ണമായും രചിയ്ക്കുക അസാദ്ധ്യമാണെന്ന് അച്യുതമേനവനും അത് സാദ്ധ്യമാണെന്ന് തമ്പുരാനും വാദിച്ചു. വാദം സമർത്ഥിയ്ക്കുന്നതിനായി നല്ല ഭാഷ എന്ന ഒരു കാവ്യം നിർമ്മിച്ച് കൊ.വ.1066ൽ വിദ്യാവിനോദിനിയിൽ പ്രസിദ്ധീകരിച്ചു. സംസ്കൃതഭാഷയുടെ അതിപ്രസരത്തിൽ നിന്ന് മലയാളത്തിന്റേത് മാത്രമായ ഒരു രീതി അവലംബിയ്ക്കണമെന്നതിൽ കവിഞ്ഞ് സംസ്കൃതഭാഷയോടുള്ള അവഗണനയായിരുന്നില്ല ഇത്തരമൊരു പ്രസ്ഥാനം രൂപം കൊള്ളാൻ കാരണമായത്.

സംസ്കൃതസാഹിത്യത്തിന്റെ മേൽക്കോയ്മയെ അവഗണിച്ച് മലയാളഭാഷയെ അതിന്റെ നൈസർഗ്ഗികസൗന്ദര്യത്തോടെ അവതരിപ്പിച്ച വെണ്മണിപ്രസ്ഥാനം രൂപം കൊണ്ടതുംശക്തിപ്പെട്ടതും ഇക്കാലത്തായിരുന്നു. പച്ചമലയാള ശൈലിയോടൊപ്പം ദ്രുതകവനതയും ഈ കവികൾ പ്രയോഗിച്ചിരുന്നു മലയാള ഭാഷയുടെ തനിമയോട് വെണ്മണിപ്രസ്ഥാനം കാട്ടിയ താല്പര്യം പച്ചമലയാള പ്രസ്ഥാനത്തിന്റെ ആവിർഭാവത്തൊടെ അളക്കപ്പെട്ടു.

കുഞ്ഞിക്കുട്ടൻ തമ്പുരാൻ തെളിച്ചുകാട്ടിയ ഈ രീതിയെത്തുടർന്ന് പലകവികളും രംഗത്ത്വന്നെങ്കിലും അവരിൽ പ്രമുഖൻ കുണ്ടൂർ നാരായണ മേനവൻ ആണ്. നാലു ഭാഷാകാവ്യങ്ങൾ എന്ന പേരിൽ സമാഹരിയ്ക്കപ്പെട്ട കോമപ്പൻ, ശക്തൻ തമ്പുരാൻ, പാക്കനാർ, കണ്ണൻ എന്നീ കൃതികൾ ഈ രീതിയിൽ രചിയ്ക്കപ്പെട്ടവയാണ്. വടക്കൻ പാട്ടിലെ വീരസാഹസികനായ പാലാട്ട് കോമന്റെ കഥപറയുന്നതാണ് കോമപ്പൻ. ശുദ്ധമായ മലയാള പദങ്ങൾ എത്ര ഹൃദ്യമായ വിധത്തിൽ ഉപയോഗിയ്ക്കാം എന്ന് ഈ കവിത തെളിയിയ്ക്കുന്നു.

നല്ലഭാഷയിലെ ഒരു ശ്ലോകം

തിരുത്തുക

ഇതിവൃത്തം

തിരുത്തുക

കൊച്ചിദേശക്കരനായ ഒരു നമ്പൂതിരി സാമൂതിരിയുടെ ദേശത്തുചെല്ലുകയും അവിടെയുള്ള ഒരു അമ്പലത്തിൽ ശാന്തിക്കാരനാവുകയും ചെയ്തു. അമ്പലത്തിനരുകിൽ കുഴിച്ചിട്ടിരുന്ന തന്റെ സമ്പാദ്യം മോഷണം പോയതറിഞ്ഞ് സാമൂതിരിയോട് സങ്കടം ഉണർത്തിയ്ക്കുന്നത് ആണ് സന്ദർഭം. കാര്യം മസ്സിലാക്കിയ രാജാവാകട്ടെ പുഴുക് എന്ന സുഗന്ധദ്രവ്യം നമ്പൂതിരിയ്ക്ക് നൽകുകയും ശേഷം മോഷ്ടാവിനെ കണ്ടെത്തിയെന്നുമാണ് കഥ.

ആരോടെല്ലാം പറഞ്ഞൂ പണമിവിടെയിരു-

പ്പുള്ളതാരോടുമില്ലേ?

നേരോ?നേരാണ്,ചൊവ്വല്ലിത് ചെറിയൊരക

ത്താളൊടുവ്വായിരിയ്ക്കാം

പോരും നേരാണിതെന്നാല്പ്പറവത് വെറുതേ;

പോയതോ പോയിടട്ടേ;

പൂരത്തിൻ‌നാൾ വരൂ നോക്കൊരുമയോടൊരു വേ-

ളയ്ക്ക് വേലയ്ക്ക് പോകാം

കോമപ്പനിലെ ഒരു ശ്ലോകം

തിരുത്തുക

കോമൻ തന്റെ പ്രിയതമയായ ഉണ്ണിയമ്മയോട് പറയുന്ന വാക്കുക്കൾ

തേടിക്കയർത്തു പടയിൽ പലർ കൂടിവന്നാൽ

കൂടിക്കരുത്തുടയ കയ്യിതു കൂസുകില്ല

മോടിയ്ക്കുവേണ്ടിതരവാളിതെടുത്തതല്ല

പേടിയ്ക്കവേണ്ട പിടമാൻ മിഴി തെല്ലുപോലും

പ്രധാനപ്പെട്ട കവികൾ[1]

തിരുത്തുക

പ്രധാനപ്പെട്ട കവിതകൾ

തിരുത്തുക
  • പൂരപ്രബന്ധം
  • അംബോപദേശം
  • കവിപുഷ്പമാല
  • മലയവിലാസം
  • നല്ല ഭാഷ
  • കോമപ്പൻ 
  • പാക്കനാർ 
  1. കേരള സംസ്കാര ദർശനം. പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ. ജുലൈ‌ 1990. ഏട് 304. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ, കേരള

https://www.keralatourism.org/malayalam/malayalam-poetry-.php

"https://ml.wikipedia.org/w/index.php?title=പച്ചമലയാളപ്രസ്ഥാനം&oldid=3676023" എന്ന താളിൽനിന്ന് ശേഖരിച്ചത്