കാത്തുള്ളിൽ അച്യുതമേനോൻ
കൊടുങ്ങല്ലുർ കളരിയിൽപ്പെട്ട മലയാളകവിയായിരുന്നു കാത്തുള്ളിൽ അച്യുതമേനോൻ. തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരുള്ള മേത്തല പുല്ലൂറ്റ് വില്ലേജിൽ കാത്തുള്ളിൽ കല്യാണിയമ്മയുടെയും മാമ്പറ നാരായണൻനമ്പൂതിരിയുടെയും പുത്രനായി 1851-ൽ ജനിച്ചു. ചിങ്ങപുരത്ത് അച്യുതവാര്യരാണ് ആദ്യഗുരു. പിന്നീട് കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാനും കുഞ്ഞിക്കുട്ടൻതമ്പുരാനുമൊത്ത് വിദ്വാൻ കുഞ്ഞുരാമവർമത്തമ്പുരാനിൽനിന്നും സംസ്കൃതം പഠിച്ചു. കാവ്യരചന ചെറുപ്പത്തിലേ ആരംഭിച്ചു. മിക്കവാറും കൊടുങ്ങല്ലൂർ കോവിലകത്തുതന്നെ താമസിക്കുകയാൽ അക്കാലത്തെ പ്രാമാണികരായ കവികളുമായി സമ്പർക്കമുണ്ടായി. പാരമ്പര്യമായി സിദ്ധിച്ചുപോന്ന വില്ലേജ് മേനോൻ ജോലി അച്യുതമേനോനും സ്വീകരിച്ചു. ഗാർഹികമായ ചില അന്തശ്ചിദ്രങ്ങൾമൂലം ഇടക്കാലത്ത് സാഹിത്യസേവനം നിർത്തിവയ്ക്കുകയുണ്ടായെങ്കിലും താമസിയാതെ അതു പുനരാരംഭിച്ചു. 1910-ൽ ഇദ്ദേഹം അന്തരിച്ചു. അച്യുതമേനോന്റെ സഹോദരി ജാനകിയമ്മയായിരുന്നു കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ ഭാര്യ.
പ്രധാനകൃതികൾ
തിരുത്തുക- ജൈമിനീയാശ്വമേധം കിളിപ്പാട്ട്
- ആനന്ദരാമായണം കിളിപ്പാട്ട്
- വിക്രമാദിത്യചരിതം കിളിപ്പാട്ട്
- രുക്മിണീ സ്വയംവരം കാവ്യം' ഒന്നാംഭാഗം (രണ്ടും മൂന്നും ഭാഗങ്ങൾ കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാനാണ് എഴുതിയത്)
- സതീനിദർശനം കാവ്യം
- പ്രതാപമുകുടചരിതം കാവ്യം
- കുലടാഗർഹണം കാവ്യം
- കവിപുഷ്പമാല
- നാഗാനന്ദം നാടകം (തർജുമ)
- അംബോപദേശം മണിപ്രവാളം എന്നിവയാണ് പ്രധാനകൃതികൾ.
ഇവ കൂടാതെ ഏതാനും ഒറ്റശ്ളോകങ്ങളും തിരുവാതിരപ്പാട്ടുകളും രചിച്ചിട്ടുണ്ട്. അർഥപുഷ്ടിയേക്കാൾ ശബ്ദഭംഗിക്കു പ്രാധാന്യം നല്കി എന്നതാണ് ഇദ്ദേഹത്തിന്റെ കാവ്യരീതിയുടെ സവിശേഷത.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ കാത്തുള്ളിൽ അച്യുതമേനോൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |