സുമംഗല
മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരിയായിരുന്നു സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട്. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചു. സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. കേരളകലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ടു്. 2021 ഏപ്രിൽ 27 ചൊവ്വാഴ്ച വൈകുന്നേരം 6:05 ഓടെ വടക്കാഞ്ചേരിയിലെ മകന്റെ വീട്ടിൽ വെച്ച് അന്തരിച്ചു.[1]
ലീലാ നമ്പൂതിരിപ്പാട് | |
---|---|
ജനനം | 1934 മെയ് 16 പാലക്കാട് ജില്ല, കേരളം, ഇന്ത്യ |
മരണം | 27 ഏപ്രിൽ 2021 വടക്കാഞ്ചേരി, കേരളം, ഇന്ത്യ | (പ്രായം 86)
തൂലികാ നാമം | സുമംഗല |
തൊഴിൽ | എഴുത്തുകാരി |
ശ്രദ്ധേയമായ രചന(കൾ) | പഞ്ചതന്ത്രം, നെയ്‌പായസം, മഞ്ചാടിക്കുരു |
പങ്കാളി | അഷ്ടമൂർത്തി നമ്പൂതിരിപ്പാട് |
കുട്ടികൾ | ഡോ. ഉഷ നീലകണ്ഠൻ, നാരായണൻ, അഷ്ടമൂർത്തി |
ജീവിതരേഖ
തിരുത്തുക1934 മെയ് 16-ന് പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കൽ ജനിച്ചു. പിതാവ് പണ്ഡിതനും കവിയുമായിരുന്ന ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട്. മാതാവു്, നമ്പൂതിരി സമുദായത്തിലെ പരിഷ്കരണപ്രസ്ഥാനത്തിനു നേതൃത്വം നൽകിയവരിലൊരാളായ കുറൂർ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മകൾ, ഉമാ അന്തർജ്ജനം. ഇവരുടെ മൂത്ത പുത്രിയായിരുന്നു ലീല. അവർക്കു് ആറു് അനുജത്തിമാരും മൂന്ന് അനുജന്മാരുമുണ്ടായിരുന്നു.
സ്വഗ്രാമമായ വെള്ളിനേഴിയിൽ സ്കൂൾ ഇല്ലാതിരുന്നതുകൊണ്ടു് ഒറ്റപ്പാലം ഹൈസ്കൂളിലായിരുന്നു സുമംഗലയുടെ വിദ്യാഭ്യാസം. 1948-ൽ പത്താം ക്ലാസ്സ് പാസ്സായെങ്കിലും തുടർന്നു കോളേജിൽ പഠിക്കാൻ പ്രായം തികഞ്ഞിരുന്നില്ല. അച്ഛന്റെ കീഴിൽ സംസ്കൃതവും ഇംഗ്ലീഷും പഠിച്ചു. പിന്നീട് കോളേജിൽ ചേരുകയുണ്ടായില്ല.
പതിനഞ്ചാംവയസ്സിൽ സുമംഗല വിവാഹിതയായി. ദേശമംഗലം മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെയും വിഷ്ണുദത്ത അന്തർജ്ജനത്തിന്റേയും പുത്രനായ അഷ്ടമൂർത്തി നമ്പൂതിരിപ്പാടായിരുന്നു ഭർത്താവു്. യജുർവ്വേദപണ്ഡിതനും ഭൂഗർഭശാസ്ത്രത്തിൽ ബിരുദധാരിയുമായിരുന്ന അദ്ദേഹം 2014-ൽ അന്തരിച്ചു.
ഡോ. ഉഷ നീലകണ്ഠൻ, നാരായണൻ, അഷ്ടമൂർത്തി എന്നിവരാണു് മക്കൾ.
വിവാഹത്തിനുശേഷം കോഴിക്കോടും 1973 മുതൽ ഷൊർണ്ണൂരും വസിച്ചു. കേരളകലാമണ്ഡലത്തിൽ ചെറിയൊരു ജോലിയോടെ പ്രവേശിച്ച സുമംഗല പിന്നീട് അവിടത്തെ പബ്ലിസിറ്റി ഓഫീസർ ചുമതല വഹിച്ചു.
ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചു. സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. 1972 മുതൽ കേരളകലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിൽ പ്രവർത്തിച്ചു.
കൃതികൾ
തിരുത്തുകബാലസാഹിത്യം
തിരുത്തുക- പഞ്ചതന്ത്രം (പുനരാഖ്യാനം)
- തത്ത പറഞ്ഞ കഥകൾ (ശുകസപ്തതിയുടെ പുനരാഖ്യാനം)
- കുറിഞ്ഞിയും കൂട്ടുകാരും
- നെയ്‌പായസം
- തങ്കക്കിങ്ങിണി
- മഞ്ചാടിക്കുരു
- മിഠായിപ്പൊതി
- കുടമണികൾ
- മുത്തുസഞ്ചി
- നടന്നു തീരാത്ത വഴികൾ
നിഘണ്ടു
തിരുത്തുക- പച്ചമലയാളം നിഘണ്ടു (രണ്ടു ഭാഗം)
നോവലുകൾ
തിരുത്തുക- കടമകൾ
- ചതുരംഗം
- ത്രയ്യംബകം
- അക്ഷഹൃദയം
ചെറുകഥാസമാഹാരം
തിരുത്തുക- നുണക്കുഴികൾ
ചരിത്രം
തിരുത്തുക- കേരളകലാമണ്ഡലം ചരിത്രം
പുരസ്കാരങ്ങൾ
തിരുത്തുക- കേരളസർക്കാരിന്റെ സാമൂഹ്യക്ഷേമവകുപ്പ് അവാർഡ് (നെയ്‌പായസം)
- കേരളസാഹിത്യഅക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി അവാർഡ് (മിഠായിപ്പൊതി)
- ബാലസാഹിത്യത്തിനുള്ള 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നടന്നു തീരാത്ത വഴികൾ എന്ന പുസ്തകത്തിന്[2].
- കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം - 2013[3][4]
- ഗുരുവായൂർ ദേവസ്വം പൂന്താനം പുരസ്കാരം (2016)
- ശൂരനാട് കുഞ്ഞൻപിള്ള പുരസ്‌ക്കാരം (2017)
അവലംബം
തിരുത്തുക- ↑ ഏഷ്യാനെറ്റ് വാർത്ത
- ↑ http://www.keralasahityaakademi.org/pdf/Award-Announcement-%2710.pdf
- ↑ "എം ടി ക്ക് കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്; ഷാജികുമാറിന് യുവസാഹിത്യ പുരസ്‌ക്കാരം". മാതൃഭൂമി. 2013 ഓഗസ്റ്റ് 23. Archived from the original on 2013-08-24. Retrieved 2013 ഓഗസ്റ്റ് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ബാൽ സാഹിത്യ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Archived from the original (PDF) on 2016-03-04. Retrieved 2013 സെപ്റ്റംബർ 4.
{{cite web}}
: Check date values in:|accessdate=
(help)