പച്ചമലയാളപ്രസ്ഥാനത്തിന്റെ നായകരിലൊരാളായ മലയാള കവിയാണ് കുണ്ടൂർ നാരായണമേനോൻ. തൃശൂരിനടുത്ത് ഊരകം ദേശത്തുള്ള കുണ്ടൂർ തറവാട്ടിൽ കല്യാണിയമ്മയുടെയും കോമത്ത് കൃഷ്ണമേനോന്റെയും മകനായി 1861 ജൂൺ 23-ന് (കൊ.വ. 1036 മിഥുനം 11, പൂരാടം നക്ഷത്രം) ജനിച്ചു. മദ്രാസ് പ്രസിഡൻസി കോളജിൽനിന്ന് മലയാളം ഐച്ഛികമായി ബി.എ. പാസ്സായി. കോഴിക്കോട് പൊലീസ് ട്രെയിനിങ് കോളജിൽനിന്നു പരിശീലനം നേടിയ ഇദ്ദേഹം കൊച്ചി പൊലീസ് സൂപ്രണ്ട് ഓഫീസിൽ ഹെഡ്ക്ളാർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ചു. കുറച്ചുനാൾ തഹസിൽദാരായിരുന്നു. പാലിയം മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആദ്യത്തെ ബി.എ.ക്കാരനായ ഭാഷാകവി എന്ന നിലയിൽ വളരെവേഗം ശ്രദ്ധേയനായി. കൊ.വ. 1065-ൽ വിദ്യാവിനോദിനി ആരംഭിച്ചതുമുതൽ നിരന്തരമായി സാഹിത്യസേവനത്തിൽ മുഴുകി. വെൺമണി പ്രസ്ഥാനത്തിൽ പങ്കുചേർന്നു കാവ്യരംഗത്തു സ്ഥിരപ്രതിഷ്ഠ നേടി. പച്ചമലയാളത്തിൽ കവിതയെഴുതുന്നതിനു കുഞ്ഞിക്കുട്ടൻ തമ്പുരാൻ പോലും കുണ്ടൂരിനു തുല്യനായിരുന്നില്ല എന്നും, നല്ല ഭാഷ തിരിയാണെങ്കിൽ കോമപ്പൻ അതിൽനിന്നും കൊളുത്തിയ പന്തമാണെന്നും ഉള്ളൂർ രേഖപ്പെടുത്തുന്നു.

കോമപ്പൻ, കൊച്ചി ചെറിയ ശക്തൻതമ്പുരാൻ, പാക്കനാർ, അജാമിള മോക്ഷം, ഒരു രാത്രി, നാറാണത്തു ഭ്രാന്തൻ തുടങ്ങി പന്ത്രണ്ടു കാവ്യങ്ങളും കിരാതം പതിന്നാലു വൃത്തം കൈകൊട്ടിക്കളിപ്പാട്ട്, പൂതനാമോക്ഷം വഞ്ചിപ്പാട്ട് തുടങ്ങിയ ഗാനങ്ങളും കുണ്ടൂരിന്റെ സ്വതന്ത്രകൃതികളിലുൾപ്പെടുന്നു. രത്നാവലി, ദ്രൗപദീഹരണം, പ്രമദ്വരാചരിതം തുടങ്ങിയവ കൂട്ടുകവിത (ഒന്നിലധികം പേർ ചേർന്നെഴുതുന്ന കവിത)കളാണ്.

കോമപ്പൻ, കൊച്ചി ചെറിയ ശക്തൻതമ്പുരാൻ, പാക്കനാർ, കണ്ണൻ എന്നിവ ചേർത്ത് നാലുഭാഷാകാവ്യങ്ങൾ എന്ന പേരിൽ കുണ്ടൂർ പ്രസിദ്ധീകരിച്ചു. വടക്കൻപാട്ടുകളും ഐതിഹ്യങ്ങളുമാണ് ഈ കൃതികൾക്കാധാരം. തനിമലയാള പദ്യത്തിന്റെ ഓജസ്സും ആർജവവും സൗന്ദര്യവും ഇതിൽനിന്നു മനസ്സിലാക്കാം.

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കുണ്ടൂർ നാരായണമേനോൻ എന്ന താളിലുണ്ട്.

ശബ്ദത്തിനും അർഥത്തിനും പ്രാധാന്യം നല്കിയുള്ള രചനയ്ക്കു മികച്ച ദൃഷ്ടാന്താണ് പാക്കനാറിലെ ശ്ലോകങ്ങൾ. ഒരു മാതൃക:

വിവർത്തനശാഖയിലും കുണ്ടൂരിന്റെ സംഭാവന ശ്രദ്ധേയമാണ്. മാളവികാഗ്നിമിത്രം, കുമാരസംഭവം, രഘുവംശം, മേഘസന്ദേശം, ദൂതഘടോത്കചവ്യായോഗം, അധ്യാത്മരാമായണം തുടങ്ങിയ എട്ടു കൃതികൾ തർജുമ ചെയ്തിട്ടുണ്ട്. വൃത്താനുവൃത്തവിവർത്തനമാണ് ഏറെയും.

കവി എന്നതിനൊപ്പം ഗദ്യകാരനും ഗവേഷകനും കൂടിയായിരുന്നു ഇദ്ദേഹം. ചെറുശ്ശേരി ഭാരതത്തെപ്പറ്റി എഴുതിയ നിരൂപണം പ്രസിദ്ധമാണ്. കുണ്ടൂരിന്റെ സേവനങ്ങളെ പുരസ്കരിച്ച് കൊച്ചി വലിയ തമ്പുരാൻ 'സാഹിത്യ കുശലൻ' ബിരുദം സമ്മാനിക്കുകയുണ്ടായി. 1936 ജൂലൈ 19-ന് (കൊ.വ. 1111 കർക്കടകം 4, പൂയം നക്ഷത്രം) 75-ആമത്തെ വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ - 1936) നാരായണമേനോൻ,_കുണ്ടൂർ_(1861 - 1936) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കുണ്ടൂർ_നാരായണമേനോൻ&oldid=3995266" എന്ന താളിൽനിന്ന് ശേഖരിച്ചത്