നെല്ലിക്കുത്ത് മുഹമ്മദ് മുസ്ലിയാർ
ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
1932-2007 കാലയളവിൽ കേരളത്തിൽ ജീവിച്ചിരുന്ന ചരിത്ര പണ്ഡിതനായ മത പണ്ഡിതൻ ആയിരുന്നു നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ല്യാർ എന്ന നെല്ലിക്കുത്ത് എരികുന്നൻ പാലത്ത്മൂലയിൽ മുഹമ്മദലി മുസ്‌ലിയാർ . മലബാർ കാർഷിക കലാപത്തിലെ നേതാവായിരുന്ന ആലി മുസ്‌ല്യാരുടെ പൗത്രൻ എന്ന നിലയിലായിരുന്നു അറിയപ്പെട്ടിരുന്നത് .
അൽബിറൂനിയെയും ഇബ്‌നുബത്തൂത്തയെയും പോലെ ചരിത്ര ശേഖരണത്തിനായി, ശേഖരണ യാത്രകൾക്കുമായി ജീവിതംതന്നെ ഉഴിഞ്ഞുവെച്ച പ്രതിഭയായിരുന്നു മുഹമ്മദലി മുസ്ലിയാർ . ഇംഗ്ലീഷ് ചരിത്രകാരന്മാരായിരുന്ന ടെയ്‌ലർ , മില്ലർ ,കേരള ചരിത്രകാരൻ കെ.കെ മുഹമ്മദ് അബ്ദുൽ കരീം എന്നിവർ സംശയ നിവാരണങ്ങൾക്കായി പലപ്പോഴും അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു. ഡോ. കെ.വി വീരാൻ മൊയ്തീൻ, ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. കെ. ടി ജലീൽ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുർറഷീദ്, പ്രൊഫ. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. കെ. കെ അബ്ദുസ്സത്താർ, ഡോ. മായിൻകുട്ടി, ഡോ. സക്കീർ ഹുസൈൻ തുടങ്ങിയ നിരവധി പ്രമുഖർ കേരളത്തിനകത്തും പുറത്തും അദ്ദേഹത്തിന്റെ സഹായത്തോടെ ചരിത്രത്തിൽ ഉന്നതബിരുദങ്ങൾ നേടിയിട്ടുണ്ട്. വിദ്യാർഥികൾക്കും ഗവേഷകർക്കും അദ്ദേഹം ഒരു ജീവനുള്ള വിജ്ഞാനകോശമായിരുന്നു. കേരളചരിത്രത്തിലെ ത്വബരിയെന്നും മസ്ഊദിയെന്നും ഇബ്‌നുഖൽദൂനെന്നുമെല്ലാം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു .
ജീവിത രേഖ
തിരുത്തുക1932 ഒക്‌ടോബർ 25ഇൽ മഹത്തായ പൈതൃകവും പണ്ഡിതപാരമ്പര്യവുമുള്ള കുടുംബത്തി ലാണ് മുഹമ്മദലി മുസ്‌ല്യാരുടെ ജനനം. പണ്ഡിതനും കവിമായിരുന്ന അബ്ദുല്ലക്കുട്ടി മുസ്‌ല്യാരാണ് പിതാവ് , മാതാവ് ഫാത്തിമ സൂഫി പണ്ഡിതനും ഖിലാഫത്ത് പ്രസ്ഥാന നായകനുമായിരുന്ന നെല്ലി കുത്ത് ആലി മുസ്‌ലിയാർ പിതാ മഹാനാണ് . പിതാവ് തന്നെയായിരുന്നു പ്രഥമ ഗുരുനാഥൻ. മൊയ്തീൻകുട്ടി മുസ്‌ല്യാർ, ശേഷം താഴെക്കോട് കുഞ്ഞലവിമുസ്‌ല്യാർ , ഇ.കെ അബൂബക്കർ മുസ്‌ല്യാർ, കോട്ടുമല അബൂബക്കർ മുസ്‌ല്യാർ, ഖുതുബി മുഹമ്മദ് മുസ്‌ല്യാർ തുടങ്ങിയ പ്രഗല്ഭരുടെ കീഴിൽ മതപഠനം നടത്തി. 1965 ൽ കാർത്തലയിൽ മുദരിസായി അധ്യാപനത്തിന് തുടക്കം കുറിച്ചു. പണ്ഡിതനും കവിയുമായ കിടങ്ങയം കെ.ടി ഇബ്‌റാഹീം മുസ്‌ല്യാരുടെ മകൾ മൈമൂനയാണ് ഭാര്യ. അഞ്ച് പെൺമക്കളും രണ്ട് ആൺമക്കളുമുണ്ട്.
ചരിത്രം തേടിയുള്ള യാത്രകൾ
തിരുത്തുകനാടും വീടും വിട്ട് ചരിത്ര സത്യങ്ങൾ തേടിയുള്ള തന്റെ യാത്രയെ രണ്ട് ഘട്ടമായിട്ടാണ് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്നത്. 1951 മുതലുള്ള ഒന്നാംഘട്ടവും 1979 മുതലുള്ള രണ്ടാം ഘട്ടവും. കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ അദ്ദേഹം ചെന്നെത്താത്ത ഗ്രന്ഥാലയങ്ങളോ സ്ഥാപനങ്ങളോ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളോ ഇല്ല. ചരിത്ര പുരുഷന്മാരുടെ ഉറവിടങ്ങൾ തേടി ഇരണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന യാത്രകൾ. വിജ്ഞാനം തേടിയുള്ള യാത്രയിൽ കക്ഷി വഴക്കുകളോ സംഘടനാ പ്രശ്‌നങ്ങളോ അദ്ദേഹത്തിനു മുമ്പിൽ തടസ്സങ്ങളായിരുന്നില്ല. ആയിരക്കണക്കിന് ഗ്രന്ഥങ്ങളിലൂടെ സഞ്ചരിച്ച് ഗ്രഹിച്ച വിജ്ഞാനങ്ങൾ മരണംവരെ അദ്ദേഹത്തിന്റെ ഓർമയിൽ നിലനിന്നിരുന്നു.
രചനകൾ
തിരുത്തുകഅറബി, ഉറുദു, പേർഷ്യൻ ഭാഷകളിൽ കഴിവുണ്ടായിരുന്ന മുഹമ്മദലി മുസ്‌ല്യാരുടെ രചനകളെല്ലാം ശുദ്ധവും ലളിതവുമായ അറബിഭാഷയിലാണ്. മലയാളത്തിൽ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ട ഏക ഗ്രന്ഥം മലയാളത്തിലെ മഹാരഥന്മാർ എന്ന പേരിൽ 1997 ൽ പുറത്തിറങ്ങി. പൊന്നാനി സൈനുദ്ദീൻ മഖ്ദൂം മുതൽ ഇ. കെ അബൂബക്കർ മുസ്‌ല്യാർ വരെയുള്ള പ്രഗൽഭ പണ്ഡിതന്മാരെക്കുറിച്ചുള്ളതാണിത്[1]. സൈനുദ്ദീൻ മഖ്ദൂമിന്റെ തുഹ്ഫതുൽ മുജാഹിദീന്റെ പരിഭാഷയും ഇദ്ദേഹം നിർവഹിച്ചിട്ടുണ്ട്.
വെളിച്ചം കാണാത്ത കൃതികൾ
1. തുഹ്ഫതുൽ അഖ്‌യാർ ഫീ താരീഖി ഉലമാഇ മലൈബാർ {കേരളക്കരയിൽ മൺമറഞ്ഞുപോയ പണ്ഡിതശ്രേഷ്ഠരുടെ ജീവചരിത്രമായ ഈ ഗ്രന്ഥത്തിന് മൂന്നുവാള്യമുണ്ട്} 2. തുഹ്ഫതുൽ അഖില്ലാഅ് ഫീ താരീഖിൽ ഖുലഫാഅ് - {ഒന്നാം ഖലീഫ അബൂബക്കർ മുതൽ ഉസ്മാനിയാ ഖലീഫ സുൽത്താൻ വഹീദുദ്ദീൻ ഖാൻ വരെയുള്ളവരുടെ ചരിത്രമാണ് ഇതിൽ} 3. മുഅ്ജമുൽ മുസന്നിഫീൻ - ശൈഖ് ഇസ്മാഈൽ ബാദുഷയുടെ ഹിദായതുൽ ആരിഫീൻ എന്ന കൃതിയുടെ സംഗ്രഹം {ആയിരത്തിഅഞ്ഞൂറോളം പൗരാണിക മുസ്‌ലിം ഗ്രന്ഥകാരന്മാരുടെ ചരിത്രവും ഗ്രന്ഥ വിവരണങ്ങളും ഉൾകൊള്ളുന്നു} 4. തുഹ്ഫത്തുൽ ഇഖ്‌വാൻ ഫീ ബയാനിത്തഫാസീറി വൽ മുഫസ്സിറീന ഫിൽ ഖുർആൻ - ഖുർആൻ വ്യാഖ്യാനങ്ങളെയും വ്യാഖ്യാതാക്കളെയും കുറിച്ചുള്ള കൃതിയാണിത്. 5. അശ്ശംസുൽ മുളീഅഃ - ഖിലാഫത്ത് സമരത്തെക്കുറിച്ച് സമരനായകൻ ആലി മുസ്‌ല്യാരുടെ പൗത്രൻ രചിച്ച കൃതി എന്നത് ഇതിനെ വ്യതിരിക്തമാക്കുന്നു. 6. അൽ അശ്ആറു വശ്ശുഅറാഉ {കേരളത്തിലെ നൂറോളം കവികളെയും കവിതകളെയും കുറിച്ചുള്ള കൃതി} 7. ളൗഉല്ലംആത്തു ഫീ താരീഖിസ്സാദാത്ത് {കേരളത്തിലെ സയ്യിദ് കുടുംബങ്ങളുടെ ചരിത്രം} 8.മജ്മഉശ്ശുറൂഹ്- അറബി വ്യാകരണ ഗ്രന്ഥമായ അൽഫിയ, ഫിഖ്ഹ് ഗ്രന്ഥമായ മിൻഹാജ്, ഉസ്വൂലുൽ ഫിഖ്ഹ് ഗ്രന്ഥമായ ജംഉൽ ജവാമിഅ് തുടങ്ങിയവയുടെ വിവിധ വ്യാഖ്യാനങ്ങളെക്കുറിച്ചുള്ള വിവരണമാണിത്. 9. ശുറൂഹുൽ ബുർദ { ഇമാം ബൂസുരി ഖസ്വീദതുൽ ബുർദയുടെ നാല്പത്തിയെട്ട് വ്യാഖ്യാനങ്ങൾ ഒരുമിച്ചുകൂട്ടിയത്}
മറ്റു കൃതികൾ
മലയാളത്തിൽ ആദ്യമായി അറബി മലയാള ഭാഷാ നിഘണ്ടു തയ്യാറാക്കിയത് അദ്ദേഹമാണെങ്കിലും പ്രസ്തുത കൃതി നഷ്ടപ്പെട്ടുപോവുകയുമാണുണ്ടായത്. ഇതുപോലെ അദ്ദേഹത്തിന്റെ പല രചനകളും നഷ്ടപ്പെട്ടതായി പറയുന്നു. വിവിധ മൗലീദ് രചയിതാക്കളെപ്പറ്റിയുള്ള വിവരണ ഗ്രന്ഥവും കേരളത്തിലെ വിവിധ പള്ളികളുടെ നിർമ്മാണ വിവരങ്ങളടങ്ങുന്ന മറ്റൊരു കൃതിയും അദ്ദേഹത്തിന്റേതായുണ്ട്. ഇതിനുപുറമേ ധാരാളം അറബികവിതകളും അദ്ദേഹം എഴുതിയിട്ടുണ്ട്.
ഗ്രന്ഥശേഖരം
തിരുത്തുകപിതാമഹൻ ആലി മുസ്‌ല്യാരിൽ നിന്ന് പൈതൃകമായി ലഭിച്ചതും താൻ ശേഖരിച്ചതും രചിച്ചതുമായ നിരവധി ഗ്രന്ഥങ്ങളുടെ ശേഖരം മുഹമ്മദലി മുസ്‌ല്യാരുടെ വീട്ടിലുണ്ട്. രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ശേഖരമായിരുന്നു ആലി മുസ്‌ല്യാരുടേത്. അവയിൽ ഭൂരിഭാഗവും ഖിലാഫത്ത് സമരകാലത്ത് ബ്രിട്ടീഷുകാർ തീയിട്ട് നശിപ്പിച്ചു. അവശേഷിക്കുന്നത് മുന്നൂറോളം ഗ്രന്ഥങ്ങൾ മാത്രമായിരുന്നു. കടുത്ത സാമ്പത്തിക പരാധീനത കാരണം ചില ഗ്രന്ഥങ്ങൾ വിൽക്കാൻ പിതാവ് അബ്ദുല്ലക്കുട്ടി മുസ്‌ല്യാർ നിർബന്ധിതനാവുകയായിരുന്നു. ബ്രിട്ടീഷുകാർ ബൂട്ടിട്ട് ചവിട്ടിയ അടയാളമുള്ള മഹല്ലിയുടെ രണ്ടു ഭാഗവും ശേഖരത്തിലുണ്ട്. നിരവധി അലമാരകളിലായി സൂക്ഷിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ പലതും കാലപ്പഴക്കത്താൽ ദ്രവിക്കാൻ തുടങ്ങിയിട്ടുണ്ട്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇസ്‌ലാമിക് ചെയർ, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ദുബൈ കൾച്ചറൽ സെന്റർ, പെരുമ്പിലാവ് അബ്ദുല്ലാഹിൽ ഹദ്ദാദ് ട്രസ്റ്റ്, (ഹദ്ദാദ് അവാർഡ്) കോടാമ്പുഴ ദാറുൽ മആരിഫ് അറബിക് കോളേജ് (ഇമാം ഗസ്സാലി അവാർഡ്), 2005 ലെ മഖ്ദൂം അവാർഡ്, മലബാറിലെ ചരിത്രഗവേഷണങ്ങൾക്കുള്ള അദർ ബുക്‌സ് അവാർഡ്, കാലിക്കറ്റ് സർവകലാശാല, കടമേരി റഹ്മാനിയ്യ അറബിക് കോളേജ് തുടങ്ങിയവയുടെ ബഹുമതികൾ എന്നിവ ലഭിച്ചിട്ടുണ്ട്.
ഭൗതിക ബിരുദങ്ങളൊന്നുമില്ലാത്ത മുഹമ്മദലി മുസ്‌ല്യാരുടെ വൈജ്ഞാനിക പ്രഭയിൽ നിന്നും ചരിത്ര ബോധത്തിൽ നിന്നും നിരവധി ഗവേഷണപ്രബന്ധങ്ങളും പുറത്തുവന്നിട്ടുണ്ട്. 2007 ഓഗസ്റ്റ് 7 ന് അദ്ദേഹം അന്തരിച്ചു.
അവലംബം
തിരുത്തുക- നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാർ/ ഡോ. പി. മുജീബ് നെല്ലിക്കുത്ത്/ കേരള മുസ്ലിം ഹിസ്റ്ററി കോൺഫ്രൻസ് / muslimheritage.in
- ചന്ദ്രിക വാരാന്തപ്പതിപ്പ് - 1990 സെപ്റ്റംബർ 2
- ചന്ദ്രിക വാരാന്തപ്പതിപ്പ്- 2001 സെപ്റ്റംബർ 9
- സത്യധാര മാസിക -2007 ഒക്‌ടോബർ 15
- അൽ ഇർഫാദ് മാസിക -1998 മാർച്ച്
- അൽ ഇർഫാദ് മാസിക. 2006 ഡിസംബർ
- രിസാല മാസിക -1997 ഒക്‌ടോബർ 8
- സിറാജ് ഫ്രൈഡേ ഫീച്ചർ - 1996 നവംബർ 22
- തേജസ് ആഴ്ചവട്ടം 2006 ഫെബ്രുവരി
- മാധ്യമം ദിനപത്രം 2009 ആഗസ്റ്റ് 7
- മലയാള മനോരമ ശ്രീ. 2006 ഒക്‌ടോബർ 8
- മലയാളത്തിലെ മഹാരഥന്മാർ - ഇർഷാദ് പബ്ലിക്കേഷൻസ് 1997
- നമ്മുടെ നാട് പുണ്യനാട് നെല്ലിക്കുത്ത് നുസ്‌റത്ത് കൾച്ചറൽ സെന്റർ
- സ്പന്ദനം - നെല്ലിക്കുത്ത് മഹല്ല് സ്മരണിക
- പത്തായം - താനൂർ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളേജ് സുവനീർ 2008
- മാതൃഭൂമി എഡിറ്റോറിയൽ- 2009 ആഗസ്റ്റ് 7
- ↑ മലയാളത്തിലെ മഹാരഥന്മാർ - ഇർഷാദ് പബ്ലിക്കേഷൻസ് 1997