ഇസ്രയേലിലെ ഒരു പുരാതന പട്ടണവും ചരിത്രപ്രസിദ്ധമായ തീർഥാടനകേന്ദ്രവുമാണ് നസ്രെത്ത്. മെഡിറ്ററേനിയൻ കടലിനും ഗലീലിയാകടലിനും ഏതാണ്ട് മധ്യേ ഹൈഫയ്ക്ക് 32 കിലോമീറ്റർ തെക്കുകിഴക്ക് സമുദ്രനിരപ്പിൽ നിന്ന് സുമാർ 340 മീറ്റർ ഉയരത്തിൽ കുന്നുകളാൽ ചുറ്റപ്പെട്ട ഒരു താഴ്വരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

നസ്രെത്ത്
ഇസ്രായേലിലെ മുൻസിപ്പാലിറ്റി
ഹീബ്രു transcription(s)
 • ഹീബ്രുנָצְרַת‬ (നസ്രത്ത് അഥവാ നസ്രെത്ത്; ബിബ്ലിക്കൽ ഹീബ്രുവിൽ നസ്രത്ത്)
 • ISO 259Naçrat, Naççert
അറബിക് transcription(s)
 • അറബിക്النَّاصِرَة (അൻ-നസീറ)
ഔദ്യോഗിക ലോഗോ നസ്രെത്ത്
Nazareth coat of arms
ജില്ലവടക്ക്
Government
 • മേയർറമീസ് ജരായിസി
വിസ്തീർണ്ണം
 • ആകെ14,123 dunams (14.123 കി.മീ.2 or 5.453 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ81,410[1]
വെബ്സൈറ്റ്www.nazareth.muni.il

മുഖ്യ ആകർഷണങ്ങൾ തിരുത്തുക

യേശുക്രിസ്തു ബാല്യം മുതൽ പരസ്യജീവിതത്തിന്റെ തുടക്കം വരെ നസ്രെത്തിൽ ജീവിച്ചു എന്നാണ് സുവിശേഷങ്ങളിൽ പറയുന്നത് . മുപ്പതാംവയസ്സിൽ പ്രബോധന ദൗത്യവുമായി ഗലീലായിലെ ഇതരപ്രദേശങ്ങളിലും യൂദയായിലും സഞ്ചരിച്ച അദ്ദേഹം അതിനിടെ നസ്രെത്തിൽ തിരിച്ചെത്തി. അവിടെ സിനഗോഗിലെ സാബത്തു ശുശ്രൂഷയിൽ പങ്കെടുത്ത യേശു അതിനിടെ എബ്രായബൈബിളിലെ ഏശയ്യായുടെ പ്രവചനഗ്രന്ഥം വായിച്ച ശേഷം ശതാബ്ദങ്ങൾക്കു മുമ്പ് ആ പ്രവാചകൻ ദീർഘദൃഷ്ട്യാ ദർശിച്ച ദൈവാഭിഷിക്തനാണ് താൻ എന്നവകാശപ്പെട്ടതായി സുവിശേഷങ്ങൾ പറയുന്നു.[2] അക്കാലത്ത് നസ്രെത്ത് നഗരം ഇവിടത്തെ കുന്നുകളുടെ നെറുക വരെ വ്യാപിച്ചിരുന്നതായി സുവിശേഷത്തിൽ നിന്നു മനസ്സിലാക്കാം. പുതിയ നിയമത്തിൽ നസ്രെത്ത് പട്ടണത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ടെങ്കിലും പഴയ നിയമത്തിൽ അതില്ല. ബൈബിൾ കാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന അനേകം ദേവാലയങ്ങൾ നസ്രെത്തിലുണ്ട്.

  • ബൈബിൾ കാലഘട്ടത്തിൽ നിർമിച്ച ജൂതദേവാലയം
  • വിശുദ്ധ മേരിയുടെ നീരുറവ (St.Mary's Well)
  • യേശുക്രിസ്തുവിന്റെ തിരുവത്താഴ മേശ (Mews a Christi) എന്നറിയപ്പെടുന്ന പാറ
  • ജോസഫിന്റെ ദേവാലയം, (Church of Joseph)
  • അരുളപ്പാടിന്റെ ദേവാലയം (Church of Annunciation)

എന്നിവ നസ്രേത്തിലെ മുഖ്യആകർഷണങ്ങളാണ്.

തീർഥാടന കേന്ദ്രം തിരുത്തുക

എ.ഡി. 600-ഓടെയാണ് ഒരു തീർഥാടന കേന്ദ്രമെന്ന നിലയിൽ നസ്രെത്ത് ശ്രദ്ധനേടിയത്. 1251-ൽ ഫ്രഞ്ചു രാജാവായിരുന്ന സെന്റ് ലൂയിയും പത്നിയും, 1219-ൽ അസീസ്സിയിലെ ഫ്രാൻസിസ്സും സന്ദർശിച്ചിട്ടുള്ളതായി ചരിത്രരേഖകളുണ്ട്. ഇസ്രയേലിന്റെ ഉത്തരജില്ലയുടെ തലസ്ഥാനനഗരമാണ് നസ്രെത്ത് ഇപ്പോൾ. 11-ആം നൂറ്റാണ്ടിൽ നസ്രെത്തിലെത്തിയ കുരിശുയുദ്ധക്കാർ നരനായാട്ട് നടത്തി ക്രിസ്തീയ ദേവാലയങ്ങൾ സ്ഥാപിച്ചു. 1948-ലാണ് നസ്രെത്ത് ഇസ്രയേലിന്റെ ഭാഗമായത്. ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും ക്രിസ്തുമത വിശ്വാസികളാണ്. മുസ്ലീങ്ങൾക്കാണ് രണ്ടാംസ്ഥാനം. ജനങ്ങളിൽ മൂന്നിലൊന്ന് ഭാഗം യഹൂദരാണ്.

അവലംബം തിരുത്തുക

  1. "Table 3 - Population of Localities Numbering Above 2,000 Residents and Other Rural Population" (PDF). Israel Central Bureau of Statistics. 2010-06-30. ശേഖരിച്ചത് 2010-10-31.
  2. ലൂക്കായുടെ (St.Luke) സുവിശേഷം (4:14-18)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നസ്രെത്ത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നസ്രെത്ത്&oldid=3925369" എന്ന താളിൽനിന്ന് ശേഖരിച്ചത്