ഐസക്ക് വാൾട്ടൺ 1653-ൽ പ്രസിദ്ധീകരിച്ച മീൻ പിടിത്തത്തെക്കുറിച്ചുള്ള ഇംഗ്ലീഷ് പുസ്തകമാണ് ദ കം‌പ്ലീറ്റ് ആംഗ്ലർ (തികഞ്ഞ ചൂണ്ടൽക്കാരൻ).ഇംഗ്ലീഷ്:The Compleat Angler. ചൂണ്ടയിട്ടുള്ള മീൻപിടിത്തത്തിന്റെ വിഷയത്തിൽ ക്ലാസ്സിക്കായി കണക്കാക്കപ്പെടുന്ന ഈ രചന അതിലെ സുഹൃദ്ഭാവം നിറഞ്ഞ ശൈലിയുടേയും, പ്രകൃതിവിവരണത്തിന്റേയും, ജീവിതനിരീക്ഷണത്തിന്റേയും പേരിലും അറിയപ്പെടുന്നു. "തികഞ്ഞ ചൂണ്ടൽക്കാരൻ അല്ലെങ്കിൽ ചിന്താശീലരുടെ വിനോദം" (The Compleat Angler or Contemplative Man's Recreation) എന്നാണ് പുസ്തകത്തിന്റെ മുഴുവൻ പേര്.[1]

ദ കം‌പ്ലീറ്റ് ആംഗ്ലർ എഴുതിയ ഇസാക്ക് വാൾട്ടൺ(1593-1683)

ഗ്രന്ഥകർത്താവ്

തിരുത്തുക

ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ് നഗരത്തിൽ ഒരു സത്രം ഉടമയുടെ മകനായി 1593-ൽ ജനിച്ച വാൾട്ടൺ ലണ്ടണിൽ പലതരം തൊഴിലുകളിലും കച്ചവടത്തിലും ഏർപ്പെട്ട് കഴിഞ്ഞു. പരിമിതമായ വിദ്യാഭ്യാസമേ കിട്ടിയിരുന്നുള്ളുവെങ്കിലും വിജ്ഞാനസമ്പാദനത്തിൽ, പ്രത്യേകിച്ച് വായനയിൽ, ഏറെ താത്പര്യം കാട്ടിയ വാൾട്ടൺ വിദ്യാസമ്പന്നരുമായുള്ള സൗഹൃദം ഇഷ്ടപ്പെട്ടു. ലണ്ടണിലെ ഫ്ലീറ്റ് സ്റ്റ്ട്രീറ്റിൽ ജോലി ചെയ്യുന്നതിനിടെ അദ്ദേഹം അടുത്തുള്ള [2] സെയിന്റ് ഡൺസ്റ്റൺ പള്ളി വികാരിയായിരുന്ന പ്രശസ്ത ഇംഗ്ലീഷ്കവി ജോൺ ഡണ്ണുമായി പരിചയപ്പെട്ടു. ഇംഗ്ലണ്ടിലെ ആഭ്യന്തരയുദ്ധത്തിൽ വാൾട്ടൺ രാജപക്ഷത്തെയാണ് പിന്തുണച്ചത്. രാജവിരുദ്ധരായ പ്യൂരിട്ടൻ പക്ഷത്തിന്റെ വിജയത്തെ തുടർന്ന് തൊഴിലിൽ നിന്ന് വിരമിച്ച് ജന്മനാടായ സ്റ്റാഫോർഡിൽ താമസമാക്കിയ വാൾട്ടൺ 1650-ൽ ലണ്ടണിൽ തിരിച്ചെത്തി. 1660-ൽ പ്യൂരിറ്റൻ ഭരണം അവസാനിച്ച് രാജവാഴ്ച പുന:സ്ഥാപിക്കപ്പെട്ടപ്പോൾ വാൾട്ടന്റെ സുഹൃത്തായ ജോർജ്ജ് മോർളി വിഞ്ചസ്റ്ററിലെ മെത്രാനായി. മെത്രാസനമന്ദിരത്തിലെ വസതിയിലാണ് വാൾട്ടൺ അവശേഷിച്ച കാലം ജീവിച്ചത്. തനിക്ക് അനശ്വരതനൽകിയ കം‌പ്ലീറ്റ് ആംഗ്ലർ എഴുതുന്നതിനുമുൻപ്, 1640-ൽ ജോൺ ഡണ്ണിന്റേയും, 1651-ൽ ഹെന്റി വോട്ടന്റേയും ജീവചരിത്രങ്ങൾ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിരുന്നു. ആംഗ്ലറുടെ ആദ്യപതിപ്പിനുശേഷം 1665-ൽ റിച്ചാർ ഹുക്കറുടേയും, 1670-ൽ ജോർജ് ഹെർബർട്ടിന്റേയും ജീവചരിത്രങ്ങളും പ്രസിദ്ധീകരിച്ചു. 1683-ലായിരുന്നു മരണം. സംസ്കാരസ്ഥാനമായ വൂസ്റ്ററിലെ ഭദ്രാസനപ്പള്ളിയിൽ വാൾട്ടണ് ഒരു സ്മാരകമുണ്ട്.

പ്രസാധനചരിത്രം

തിരുത്തുക
 
മദ്ധ്യ-ഉത്തര ഇംഗ്ലണ്ടിൽ പീക്ക് ജില്ലയിലെ മിൽഡേലിലുള്ള "വിയേറ്ററുടെ പാലം" കം‌പ്ലീറ്റ് ആംഗ്ലറിൽ പരാമർശിക്കപ്പെടുന്നതുകൊണ്ട് പ്രശസ്തമായി.

സ്റ്റാറ്റ്ഫോർഡിൽ നിന്നുമടങ്ങി ലണ്ടണിൽ താമസിക്കുന്നതിനിടെ, 1653-ൽ കം‌പ്ലീറ്റ് ആംഗ്ലറുടെ ആദ്യപതിപ്പു പ്രസിദ്ധീകരിക്കുമ്പോൾ വാൾട്ടണ് അറുപതു വയസ്സുണ്ടായിരുന്നു.[ക] ആദ്യപതിപ്പിൽ ഗ്രന്ഥകാരന്റെ പേരുപോലും ചേർത്തിരുന്നില്ല. അതിൽ ഉണ്ടായിരുന്നത് പതിനഞ്ച് അദ്ധ്യായങ്ങളാണ്. വാൾട്ടൺ തന്റെ കൃതി പൂർത്തിയാക്കിയിരുന്നില്ല. വളരെ വർഷങ്ങൾ പുസ്തകം വിപുലീകരിക്കുന്ന ജോലി അദ്ദേഹം തുടർന്നു. രണ്ടാം പതിപ്പിൽ അദ്ധ്യായങ്ങളുടെ എണ്ണം ഇരുപത്തിരണ്ടായി വർദ്ധിച്ചു. തുടർന്ന് വാൾട്ടന്റെ ജീവിതകാലത്തിറങ്ങിയ മറ്റു മൂന്നു പതിപ്പുകളിലും വിപുലീകരണം തുടർന്നു. 1676-ൽ ഇറങ്ങിയ അഞ്ചാം പതിപ്പിൽ വാൾട്ടന്റെ സുഹൃത്ത് ചാൾസ് കോട്ടൺ എഴുതിയ ഒരു രണ്ടാം ഭാഗവും ചേർത്തിരുന്നു. ആംഗ്ലറുടെ പിൽക്കാലപതിപ്പുകളൊക്കെ രണ്ടുഭാഗവും ചേർന്നാണ് ഇറങ്ങിയിട്ടുള്ളത്.


വാൾട്ടന്റെ മരണത്തെ തുടർന്ന് മുക്കാൽ നൂറ്റാണ്ടുകാലം പ്രസിദ്ധീകരണം നിലച്ചിരുന്ന ആംഗ്ലർക്ക് പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പുനർജ്ജന്മം ലഭിച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് സാഹിത്യരംഗം നിറഞ്ഞുനിന്ന വിമർശകനും സാഹിത്യകാരനുമായ സാമുവൽ ജോൺസൺ, സുഹൃത്ത് റെവറന്റ് ആസിലിനോട് (Reverend Astle)വായിക്കാൻ നിർദ്ദേശിച്ച പുസ്തകങ്ങളിലൊന്ന് കം‌പ്ലീറ്റ് ആംഗ്ലർ ആയിരുന്നെന്ന് ജോൺസന്റെ ജീവചരിത്രകാരൻ ജെയിംസ് ബോസ്വെൽ രേഖപ്പെടുത്തിയിട്ടുണ്ട്.[3] തുടർന്നുള്ള കാലത്ത് അതിന്റെ മുന്നൂറോളം പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. [4] ബൈബിളിന്റെ കിങ്ങ് ജെയിംസ് ഭാഷ്യവും, ഷേക്സ്പിയർ നാടകങ്ങളും കഴിഞ്ഞാൽ ഇംഗ്ലീഷ് ഭാഷയിൽ ഏറ്റവും ഏറെ പതിപ്പുകൾ ഇറങ്ങിയ രചനയാണ് ആംഗ്ലർ എന്ന് വാദമുണ്ട്.[5]

ഉള്ളടക്കം

തിരുത്തുക

ഒരു പ്രത്യേകതരം മീൻപിടിത്തത്തെക്കുറിച്ചുള്ള സാങ്കേതികകൃതിയെന്നു പറയാവുന്ന കം‌പ്ലീറ്റ് ആംഗ്ലർ, സാമാന്യവായനക്കാരേയും ആകർഷിക്കുന്ന ക്ലാസിക്കായി നൂറ്റാണ്ടുകൾ പിന്നിട്ടത്, ശൈലിയുടേയും ഉള്ളടക്കത്തിന്റേയും അസാധാരണതകൾ മൂലമാണ്. സംഭാഷണശൈലിയിലാണ് രചന.[6]

തുടക്കം

തിരുത്തുക

ഒരു മേയ് മാസം ആദ്യദിവസം പ്രഭാതത്തിൽ യാത്രക്കിറങ്ങിയ മുഖ്യകഥാപാത്രമായ ചൂണ്ടൽക്കാരൻ(Angler) മുന്നേനടന്നുപോകുന്ന രണ്ടുപേരെ കാണുന്നതിലാണ് തുടക്കം. നടത്തത്തിനുവേഗതകൂട്ടി അവർക്കൊപ്പമെത്തിയ അയാൾ അവരോട് പറയുന്നതിതാണ്:-



തുടർന്നുള്ള സംഭാഷണത്തിൽ, സഹയാത്രികളിൽ ഒരാൾ നായാട്ടുകാരനും(Hunter) മറ്റേയാൾ പക്ഷിവേട്ടക്കാരനുമാണെന്ന് (Falconer) ചൂണ്ടൽക്കാരൻ മനസ്സിലാക്കി. അവർക്കിടയിൽ തങ്ങളുടെ തൊഴിലുകളുടെ മഹത്ത്വത്തെക്കുറിച്ച് മാന്യതവിടാതെയുള്ള തർക്കമാണ് പിന്നെ. ചൂണ്ടൽക്കാരൻ തന്റെ തൊഴിലിന്റെ കാര്യത്തിൽ തികഞ്ഞ പക്ഷപാതിയായിരുന്നു. മീൻപിടിത്തം സുന്ദരകലയാണെന്നും മീൻപിടിത്തക്കാർ നന്മകൾ നിറഞ്ഞ പഴയകാലത്തിന്റെ പ്രതിനിധികളാണെന്നും അയാൾ വാദിച്ചു. "വക്കീലന്മാർ വളരെക്കുറച്ചുമാത്രമുണ്ടായിരുന്ന" പഴയ നല്ലകാലത്തെ മനുഷ്യരുടെ സ്വഭാവമാണവർ‍ക്ക്. മീൻ പിടിത്തം ദൈവികമായ തൊഴിലുമാണ്. യേശുവിന്റെ ശിഷ്യന്മാർ മീൻപിടിത്തകാരായിരുന്നുവെന്നതു തന്നെ ഇതിന് തെളിവ്. ഈ ആദ്യചർച്ചയിൽ തന്നെ തന്റെ നിലപാടുകൾ സ്ഥാപിക്കാനായി ചൂണ്ടൽക്കാരൻ ബൈബിളിലെ സോളമൻ രാജാവ്, ഗ്രീക്ക് ഹാസ്യകവി ലൂഷൻ, ഫ്രഞ്ച് ഉപന്യാസകാരൻ മൊണ്ടേയ്ൻ എന്നിവരെ ഉദ്ധരിക്കുന്നുണ്ട്. ചർച്ചപൂരോഗമിക്കുന്നതോടെ പക്ഷിവേട്ടക്കാരൻ തോൽവി സമ്മതിക്കുകയും നായാടി ചൂണ്ടൽക്കാരന്റെ ശിഷ്യനാവുകയും ചെയ്തു.

പരിശീലനം

തിരുത്തുക
 

വാൾട്ടണും ശിഷ്യനും - അമേരിക്കൻ ചിത്രകാരൻ ലൂയി റീഡിന്റെ ചിത്രം

നായാടിക്ക് മീൻപിടിത്തത്തിൽ പരിശീലനം നൽകുകയാണ് പിന്നെ. ലീ നദിയെ പിന്തുടർന്ന് ഇംഗ്ലീഷ് നാട്ടിൻപുറത്തുകൂടിയുള്ള അഞ്ചുദിവസത്തെ യാത്രക്കിടെയാണ് പരിശീലനം. അതിനുപയോഗിക്കുന്ന സംഭാഷണത്തിൽ നാടൻപാട്ടുകളും, കവിതകളും, നാടോടിക്കഥകളും, പാചകവിധിവിവരണങ്ങളും, തത്ത്വവിചാരവും, ബൈബിളിൽ നിന്നും ക്ലാസിക്ക് രചനകളിൽ നിന്നുമുള്ള ഉദ്ധരണികളും ഉൾനാടൻ ജലാശയങ്ങളും മീൻപിടിത്തവുമായി ബന്ധപ്പെട്ട അനുഭവവിവരണങ്ങളും, അല്ലാതെയുള്ള സംഭവകഥകളും എല്ലാമുണ്ട്.[7]


ഉദാഹരണമായി, പരൽമീനിനെ(Carp) സംബന്ധിച്ച ഒൻപതാം അദ്ധ്യായത്തിൽ, അതിനെ പിടിക്കുന്ന രീതി വിശദീകരിക്കുകയല്ല ആദ്യം. പരൽ ശുദ്ധജലമത്സ്യങ്ങളുടെ റാണിയാണെന്നു പറഞ്ഞാണ് തുടക്കം. എന്നാൽ ഇംഗ്ലണ്ടിൽ ആ മത്സ്യം എത്തിയിട്ട് നൂറിൽ ചില്വാനം വർഷങ്ങളേ ആയിട്ടുള്ളു എന്ന് ഓർമ്മിപ്പിക്കാൻ, "ഹോപ്പ് ചെടിയും ടർക്കിക്കൊഴിയും പരലും ബിയറും ഇംഗ്ലണ്ടിൽ ഒരേവർഷം വന്നു" [ഖ] എന്നുള്ള റിച്ചാർഡ് ബേക്കറുടെ ഈരടി വാൾട്ടൺ പാടുന്നു. പിന്നെ പരലിന്റെ ജീവിതകാലം, പ്രജനനം എന്നിവയെക്കുറിച്ചുപറയുന്നു. ഈ വിഷയങ്ങളിൽ അരിസ്റ്റോട്ടിലും, പ്ലിനിയും, ഫ്രാൻസിസ് ബേക്കണും മറ്റും പ്രകടിപ്പിച്ച അഭിപ്രായങ്ങൾ വാൾട്ടൺ പരാമർശിക്കുന്നുണ്ട്. പിന്നെയാണ് മീൻ പിടിത്തം വിവരിക്കുന്നത്. അതിന് ഉപയോഗിക്കാവുന്ന തരം ഇരകളെക്കുറിച്ചു പറഞ്ഞതിനുശേഷം, ചിലതരം മിശ്രിതങ്ങൾ ഉണ്ടാക്കി അവയും ഇരയാക്കാം എന്നു പറയുന്നു. മിശ്രിതങ്ങളാണെങ്കിൽ പല്ലുവേദനക്കുള്ള മരുന്നുകളെപ്പോലെ, അനേകം ഇനങ്ങളുണ്ട്. എന്നാൽ മധുരമുള്ള മിശ്രിതമാണ് ഭേദം. അതുണ്ടാക്കുന്നത് മുയലിന്റേയോ, പൂച്ചയുടേയോ ചെറുതായി മുറിച്ച ഇറച്ചി, പയറുപൊടി, എന്നിവയെ പഞ്ചസാരയോ തേനോ ചേർത്ത് കുഴച്ചാണ്. ഈ അദ്ധ്യായം സമാപിക്കുന്നത് പരൽമീൻ പാചകം ചെയ്യുന്ന രീതി വിവരിച്ചാണ്. ചുവന്ന വീഞ്ഞ്, പാർസ്‌ലി, റോസ്മേരി, അഞ്ചോവി മീൻ, അച്ചാറിട്ട കക്കയിറച്ചി തുടങ്ങിയവ പാചകത്തിന്റെ ചേരുവകളിൽ പെടുന്നു.


യാത്രക്കിടെ ചൂണ്ടൽക്കാരനും നായാടിയും കണ്ടുമുട്ടുന്ന സത്രം സൂക്ഷിപ്പുകാരൻ, പാൽക്കാരി തുടങ്ങിയ മനുഷ്യരുമായുള്ള സംഭാഷണവും രസകരമാണ്. ഗദ്യത്തിലുള്ള സംഭാഷണത്തിനിടെ മീൻപിടിത്തത്തിന്റേയും ഇംഗ്ലീഷ് നാട്ടിൻപുറത്തിന്റേയും മഹിമകൾ വർണ്ണിക്കുന്ന കുറെ പാട്ടുകളുമുണ്ട്. കം‌പ്ലീറ്റ് ആംഗ്ലറിലെ പാൽക്കാരിയുടെ പാട്ട്, ചൂണ്ടൽക്കാരന്റെ പാട്ട് തുടങ്ങിയവ പ്രസിദ്ധമാണ്.


ആംഗ്ലറുടെ 1676-ൽ പ്രസിദ്ധീകരിച്ച അഞ്ചാം പതിപ്പിലാണ് വാൾട്ടന്റെ സുഹൃത്തും ശിഷ്യനുമായിരുന്ന ചാൾസ് കോട്ടൺ എഴുതിയ രണ്ടാം ഭാഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വാൾട്ടന്റെ വൈദഗ്ദ്ധ്യം തവള, ശലഭങ്ങൾ, പുഴുക്കൾ തുടങ്ങിയ സ്വാഭാവിക ഇരകളെ ജീവനോടെ ഉപയോഗിച്ചുള്ള മീൻപിടിത്തത്തിലായിരുന്നു. കൃത്രിമ ശലഭങ്ങളെ ഉപയോഗിക്കുന്നതിൽ (fly fishing) വിദഗ്ദ്ധനായിരുന്ന കോട്ടൺ അതിനെക്കുറിച്ചാണ് രണ്ടാം ഭാഗം എഴുതിയത്. രണ്ടാം ഭാഗത്ത് കൃത്രിമ ഇരകളെ ഉപയോഗിച്ചുള്ള മീൻപിടിത്തത്തിൽ നായാടിക്ക് പരിശീലനം കിട്ടുന്നത് ഡോവ് നദിയുടെ തീരത്തെ പിന്തുടർന്നുള്ള യാത്രയിലാണ്.

വിലയിരുത്തൽ

തിരുത്തുക

ഏറ്റെടുത്ത വിഷയം കൈകാര്യം ചെയ്യുന്നതിൽ കാട്ടിയ സാങ്കേതിക തികവല്ല ആംഗ്ലറെ ആകർഷകമാക്കുന്നത്. മീൻപിടിത്തത്തെക്കുറിച്ച് സാങ്കേതികജ്ഞാനം നേടാൻ ആംഗ്ലറേക്കാൾ സഹായകമായ കൃതികൾ വേറേയുണ്ട്. ആഭ്യന്തരയുദ്ധവും, പ്യൂരിറ്റൻ ഭരണവും രാജഭരണപുനസ്ഥാപനവും എല്ലാമായി ഇംഗ്ലണ്ട് പ്രക്ഷുബ്ധമായിരുന്നപ്പോഴായിരുന്നു കം‌പ്ലീറ്റ് ആംഗ്ലറിന്റെ രചന. ആ കാലത്തിന്റെ സങ്കീർണ്ണതകൾ വാൾട്ടന്റെ സുഹൃത്തായിരുന്ന ജോൺ ഡണ്ണിനെപ്പോലുള്ളവരുടെ ശുഭാപ്തിവിശ്വാസം കെടുത്തിയെങ്കിലും വാൾട്ടന്റെ കൃതിയുടെ പ്രത്യേകതയായി നിൽക്കുന്നത് അതിന്റെ പ്രസാദാഭാവമാണ്. അദ്ദേഹത്തിന്റെ വാക്കുകളിൽ ശുഭാപ്തിവിശ്വാസവും കൃതജ്ഞതയുമാണ്. "എന്നെ ഏശാതെ പോകുന്ന ഓരോ ദുരിതവും ഓരോ പുതിയ കരുണയാണ്" എന്നദ്ദേഹം ഒരിടത്ത് പറയുന്നുണ്ട്.[ഗ] ഇംഗ്ലണ്ട് രാജാവിന് വധശിക്ഷ കൊടുത്ത് നാലുവർഷം മാത്രം കഴിഞ്ഞ് ആദ്യപതിപ്പിറങ്ങിയ ഈ കൃതിയിൽ [8] ആംഗ്ലിക്കൻ സഭയുടെ പ്രസിദ്ധമായ പ്രാർത്ഥനാഗ്രന്ഥത്തിലെ (The Book of Common Prayer) പ്രാർത്ഥനകളുടെ സൗമ്യഭാഷയാണ്. മീൻ പിടിത്തത്തിൽ താത്പര്യമില്ലാത്ത വലിയൊരുവിഭാഗമടക്കം ലക്ഷക്കണക്കിനാളുകൾ ആംഗ്ലറുടെ ആരാധകരാകാൻ അതാണ് കാരണം.[9]


പുസ്തകത്തിൽ പലയിടത്തും പ്രകടമാകുന്ന വിദ്യാഗർവ് (Pedantry)രസിക്കാത്തവർക്കുപോലും അത് വിരസതക്കുപകരം, സുഖകരമായ ഉറക്കം മാത്രം കൊടുക്കുന്നു. അത്ര ദയാപൂർണ്ണമാണ്, മനുഷ്യരോടും, ഭൂമിയോടും ആകാശത്തോടുമുള്ള ആംഗ്ലറുടെ മനോഭാവം. പുസ്തകം വായിച്ചുതീരുമ്പോൾ ആംഗ്ലർ കണ്ടുമുട്ടിയ പാൽക്കാരിയെപ്പോലെ (Milkmaid) വായനക്കാരും ഇങ്ങനെ പറഞ്ഞേക്കാമെന്ന് സാഹിത്യചരിത്രകാരനായ വില്യം ജെ. ലോങ്ങ് അഭിപ്രായപ്പെട്ടിട്ടുണ്ട്: "ഞങ്ങൾ എല്ലാ മീൻപിടിത്തക്കാരേയും സ്നേഹിക്കുന്നു; അത്ര സത്യസന്ധരും, മാന്യരും, ശാന്തരുമായ മനുഷ്യരാണവർ". [ഘ] [10]

കുറിപ്പുകൾ

തിരുത്തുക

ക.^ 2003-ൽ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ച് മൂന്നര നൂറ്റാണ്ടുതികഞ്ഞപ്പോൾ, ആംഗ്ലർ പരക്കെ ശ്രദ്ധിക്കപ്പെട്ടു.[11]
ഖ.^ "Hops and Turkies, Carps and Beer; Came into England all in a Year".[12]
ഗ.^ "Every misery that I miss is a new mercy".[13]
ഘ.^ "We love all anglers, they be such honest, civil, quiet men." [14]

  1. കം‌പ്ലീറ്റ് ആംഗ്ലറുടെ റിനാസൻസ് പതിപ്പ് ഓൺലൈൻ [1]
  2. The Churches of the City of London Reynolds,H: london, Bodley Head, 1922
  3. ജെയിംസ് ബോസ്വെൽ, സാമുവൽ ജോൺസന്റെ ജീവിതം - പുറം 544
  4. The Compleat Angler - Encycopedia Britanica, Student Edition
  5. The National Sporting Library, Collection Hilights, The Complete Angler [2] Archived 2009-06-26 at the Wayback Machine.
  6. The Compleat Angler -Everything2.com [3]
  7. Compleat Angler, The, or The Contemplative Man's Recreation
  8. The New York Times - Editorial Observer; The Wisdom of 'The Compleat Angler' at 350 - [4]
  9. Bureau of Public Secrets - Classics Revisited(6) [5]
  10. വില്യം ജെ. ലോങ്ങ് : English Literature - Its History and Its Significance for the Life of the English Speaking World പുറം 232
  11. New York Public Library Gone Fishing! The Library Celebrates the 350th Anniversary of Izaak Walton’s The Compleat Angler - Exhibition on Definitive Work on Fishing Opens February 28 [6]
  12. കം‌പ്ലീറ്റ് ആംഗ്ലർ, അദ്ധ്യായം 9
  13. കം‌പ്ലീറ്റ് ആംഗ്ലർ - അദ്ധ്യായം 21
  14. കം‌പ്ലീറ്റ് ആംഗ്ലർ - അദ്ധ്യായം 4
"https://ml.wikipedia.org/w/index.php?title=ദ_കം‌പ്ലീറ്റ്_ആംഗ്ലർ&oldid=3830883" എന്ന താളിൽനിന്ന് ശേഖരിച്ചത്