കുട്ടികളിൽ പല്ലുകളുടെ ശരിയായ ക്രമം നിലനിർത്തി ദന്തപരിപാലനം നിർവഹിക്കുന്നതിലൂടെ കൈവരുന്ന അവസ്ഥയെ ദന്താരോഗ്യം കുട്ടികളിൽ എന്നു പറയപ്പെടുന്നു. ലോകാരോഗ്യസംഘടനയുടെ എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യം ഫലപ്രാപ്തിയിൽ എത്തിക്കണമെങ്കിൽ പ്രത്യേകപരിഗണന നല്കേണ്ട ഒന്നാണ് ദന്തപരിപാലനം എന്നത് അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഇതിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാന കാര്യം ലോകജനസംഖ്യയിൽ 90 ശതമാനത്തിലധികം പേർക്കും ഏതെങ്കിലും തരത്തിലുള്ള ദന്തരോഗബാധയുണ്ട് എന്നതാണ്. കുട്ടികൾ ഇക്കാര്യത്തിൽ മുതിർന്നവരേക്കാൾ മുന്നിൽ നില്ക്കുന്നു. 12 വയസ്സുവരെയുള്ള കുട്ടികളുടെ ദന്തരോഗചികിത്സയുമായി ബന്ധപ്പെട്ട് പിഡോഡോൺടിക്സ് (Paedodontics)[1] എന്ന പുതിയ ഒരു ദന്തശാസ്ത്രശാഖ ആഗോളതലത്തിൽ പ്രചുരപ്രചാരം നേടിക്കഴിഞ്ഞിട്ടുണ്ട്.

ദന്തിസ്റ്റ് സ്കൂൾകുട്ടികളെ പരിശോധിക്കുന്നു

ആമുഖം തിരുത്തുക

നമ്മുടെ പൊതുവായ ആരോഗ്യം നിലനിർത്തുന്നതിന് വിവിധ ഘടകങ്ങളിൽ സുപ്രധാനമായ സ്ഥാനം വായുടെ ആരോഗ്യസംരക്ഷണത്തിനുണ്ട്. ശരീരത്തിലേക്കുള്ള കവാടം എന്നാണ് വായ് വിശേഷിപ്പിക്കപ്പെടുന്നത്. ആരോഗ്യമുള്ള വായിൽ ഉറച്ച പല്ലുകളും ദൃഢമായ മോണകളുമുണ്ടാകും. പല്ലിന്റെ വളർച്ച ഗർഭസ്ഥ ശിശുവിൽനിന്ന് തുടങ്ങുന്നു. മുഖസൌന്ദര്യത്തിൽ ഏറ്റവും വലിയ മുതൽക്കൂട്ടായ പല്ലുകളാണ് മനോഹരമായ പുഞ്ചിരിയിലൂടെ ഒരു വ്യക്തിയെ ആകർഷണീയനാക്കുന്നത്. ഒപ്പം ആഹാരപദാർഥങ്ങൾ ചവച്ചരയ്ക്കുന്നതിലും ഉച്ചാരണശുദ്ധിയോടെ സംസാരിക്കുന്നതിലും പല്ലുകൾ വഹിക്കുന്ന പങ്ക് നിസ്തുലം തന്നെ. വായിൽ ഉണ്ടാകുന്ന രോഗങ്ങളിൽ കൂടുതലും പല്ലിനെ ബാധിക്കുന്നവയാണ്. കുട്ടികളിൽ സർവസാധാരണമായി കണ്ടുവരുന്ന രോഗങ്ങളാണ് പല്ലുദ്രവിക്കലും മോണരോഗങ്ങളും. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികളിൽ ഇത് ഗണ്യമായ അളവിൽ ഉണ്ട്. അതിനാൽ ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

പല്ലുകളുടെ നിര തെറ്റിയാൽ അത് അഭംഗിയാണ്. വികൃതമായ പല്ലുകൾ മോണരോഗം, ദന്തക്ഷയം എന്നിവയൊക്കെ ഉണ്ടാകാനും ഇടയാക്കുന്നു. ആഹാരം ചവച്ചരയ്ക്കുമ്പോൾ ക്രമം തെറ്റിയ പല്ലുകളിന്മേൽ അമിതബലം ഏല്ക്കുന്നതുകൊണ്ട് പല്ലുകൾ ഉറപ്പിച്ചുനിർത്തുന്ന അസ്ഥിക്കും മോണയ്ക്കും കേടുപറ്റുന്നു. ചുണ്ടുകൾ പരിധിവിട്ട് പുറത്തേക്ക് ഉന്തിനിൽക്കുന്നത് മനസ്സിന് വൈഷമ്യം ഉണ്ടാക്കുകയും ചെയ്യുന്നു.

ദന്തവൈകൃതത്തിനു കാരണം പലപ്പോഴും പാരമ്പര്യമാണ്. പല്ലുകൾ ഞെരുങ്ങി വളരുക, പല്ലുകൾക്കിടയിൽ വിടവുണ്ടാവുക, അധികം പല്ലുകൾ വരുക, അണ്ണാക്കിലും ചുണ്ടിലും വിടവും ദ്വാരവും ഉണ്ടാവുക തുടങ്ങി താടിയെല്ലുകളെയും മുഖത്തെയും ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ഇക്കൂട്ടത്തിൽപ്പെടുന്നു.

കുട്ടികളിൽ പല്ലിന്റെ ക്രമീകരണം തിരുത്തുക

താടിയെല്ലിനുള്ളിൽ പല്ലിന്റെ രൂപം ഉണ്ടാവൽ തിരുത്തുക

പല്ലിന്റെ വളർച്ച ശിശു ഗർഭപാത്രത്തിനുള്ളിലായിരിക്കുമ്പോൾത്തന്നെ തുടങ്ങുന്നു. ഗർഭസ്ഥശിശുവിന് ആറ് ആഴ്ച പ്രായമാകുമ്പോൾ താടിയെല്ലിനുള്ളിൽ പല്ലുകൾ രൂപംകൊണ്ടു തുടങ്ങും. ഗർഭധാരണത്തിന്റെ ആറാം മാസത്തിലാണ് സ്ഥിരം പല്ലുകൾ രൂപംകൊള്ളാൻ ആരംഭിക്കുന്നത്. പല്ലിന്റെ വളർച്ചയ്ക്കും ആരോഗ്യത്തിനും പോഷകാഹാരം, ധാതുലവണങ്ങൾ, വൈറ്റമിൻ (A,C,D), കാൽസിയം, ഫോസ്ഫറസ്, ഫ്ലൂറൈഡ് എന്നിവ പ്രധാനമാണ്. കുഞ്ഞിന്റെ പല്ലുകൾ നല്ലതുപോലെ രൂപപ്പെടുന്നതിന് ആവശ്യമായ പോഷകാംശങ്ങൾ അമ്മയിൽനിന്നാണ് ലഭിക്കേണ്ടത്. അതിനാൽ ഗർഭിണിയായിരിക്കുന്ന അമ്മ ധാരാളം പോഷകാഹാരങ്ങളും കാൽസിയം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയവ അടങ്ങിയ ധാതുലവണങ്ങളും ഇലക്കറികളും ഉൾപ്പെട്ട ഭക്ഷണരീതി അവലംബിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന് പല്ല് മുളയ്ക്കാൻ വൈകുക, പല്ല് ക്രമം തെറ്റി വളരുക, കേടുണ്ടാവുക എന്നീ പ്രശ്നങ്ങൾ അമ്മയുടെ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ടു കാണുന്ന ചില പ്രശ്നങ്ങളാണ്. അമ്മയ്ക്കുണ്ടാകുന്ന പോഷകാഹാരക്കുറവ്, മണ്ണൻ, അഞ്ചാംപനി, റൂബെല്ലാ പോലുള്ള വൈറൽ അണുബാധ, ഗർഭകാലത്ത് കഴിക്കുന്ന ടെട്രാസൈക്ളിൻ പോലുള്ള ആന്റിബയോട്ടിക് മരുന്നുകൾ എന്നിവ കുഞ്ഞിന്റെ വായുടെയും പല്ലിന്റെയും ആരോഗ്യത്തെയും ഘടനയെയും നിറത്തെയും ബാധിക്കാറുണ്ട്.

പാൽപ്പല്ലിന്റെ ക്രമീകരണം തിരുത്തുക

പാൽപ്പല്ലുകൾ ഇരുപത് എണ്ണം ആണ്. മേൽത്താടിയിലും കീഴ്ത്താടിയിലും 10 എണ്ണം വീതമാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. പല്ലുകൾ താടിയെല്ലിനുള്ളിൽ മുളച്ച്, എല്ലിനെ പൊതിഞ്ഞിരിക്കുന്ന മോണയിലൂടെ പുറത്തേക്കു വരുന്നു. ഈ പ്രക്രിയയെയാണ് ഇറപ്ഷൻ (eruption) എന്നു പറയുന്നത്. ആറുമാസം പ്രായമാകുമ്പോൾ കുട്ടികളിൽ താഴത്തെ താടിയെല്ലിന്റെ മുൻഭാഗത്ത് ആദ്യത്തെ പല്ല് മുളയ്ക്കും. അതിനുശേഷം രണ്ടു വയസ്സിനുള്ളിൽ ഓരോന്നോരോന്നായി 20 പാൽപ്പല്ലുകളും മുളച്ചുവരും. പാൽപ്പല്ലുകളുടെ ഇടയിലെ വിടവ് പ്രകൃത്യാ ഉള്ളതാണ്. പാൽപ്പല്ലുകൾക്കിടയിൽ വിടവില്ലാതിരുന്നാൽ വലിയ സ്ഥിരം പല്ലുകൾ മുളയ്ക്കുമ്പോൾ അവയ്ക്ക് സ്ഥലക്കുറവുണ്ടാകും; സ്ഥിരം പല്ലുകൾ ക്രമം തെറ്റി മുളയ്ക്കാനുള്ള സാധ്യതയും ഏറും.[2]

പാൽപ്പല്ലുകൾ മുളയ്ക്കുന്ന പ്രായം

പല്ല് മുളയ്ക്കുന്ന പ്രായം
മേൽത്താടി - കീഴ്ത്താടി
കൊഴിയുന്ന പ്രായം
മേൽത്താടി - കീഴ്ത്താടി
ഉളിപ്പല്ല് 8-1 മാസം 6-10 മാസം 6-7 വയസ് 6-7 വയസ്
രണ്ടാമത്തെ ഉളിപ്പല്ല് 9-13 മാസം 8-12 മാസം 7-8 വയസ് ‌ 7-8 വയസ്
കോമ്പല്ല് 17-23 മാസം 16-22 മാസം 10-12 വയസ് 9-12 വയസ്
ആദ്യത്തെ അണപ്പല്ല് 13-19 മാസം 14-18 മാസം 9-11 വയസ് 9-11 വയസ്
രണ്ടാമത്തെ അണപ്പല്ല് 25-31 മാസം 22-30 മാസം 10-12 വയസ് 10-12 വയസ്

ദ്രവരൂപത്തിലുള്ള ഭക്ഷണക്രമത്തിൽനിന്ന് കട്ടിയുള്ള ആഹാര രീതിയിലേക്കു മാറുന്നതിന് കുട്ടിയെ പരിശീലിപ്പിക്കുന്നതിനുവേണ്ടിയാണ് ചെറിയ രൂപത്തിലുള്ള പാൽപ്പല്ലുകൾ രൂപപ്പെട്ടുവരുന്നത്. ഘട്ടം ഘട്ടമായി താടിയെല്ലിനുള്ളിൽ രൂപപ്പെടുന്ന സ്ഥിരം പല്ലുകൾ നേരായ രീതിയിൽ പൊടിച്ചുവരാൻ വഴികാട്ടിയായും പാൽപ്പല്ലുകൾ സഹായകമാകുന്നു. പാൽപ്പല്ലുകൾ ആഹാരം ചവച്ചരയ്ക്കുന്നതിനും സംസാരശേഷി വികസനത്തിനും സഹായിക്കുന്നു. കുട്ടികളുടെ സമഗ്ര വികസനത്തിൽ പാൽപ്പല്ലുകൾക്ക് പ്രധാന സ്ഥാനമാണുള്ളത്.[3]

മിശ്രദന്ത സംവിധാനം തിരുത്തുക

(Mixed dentitionperiod)

ആറുമുതൽ പന്ത്രണ്ടുവരെ വയസ്സുള്ള കുട്ടികളിൽ പാൽപ്പല്ലുകളും സ്ഥിരം പല്ലുകളും കാണും. ഈ പ്രായത്തിൽ പാൽപ്പല്ലുകൾ കൊഴിഞ്ഞുപോവുകയും തത്സ്ഥാനത്ത് സ്ഥിരം പല്ലുകൾ മുളച്ചു വരുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ പാൽപ്പല്ലുകൾ കൊഴിയാതിരിക്കുകയും അതിന്റെ വശത്തുകൂടി നിരതെറ്റി സ്ഥിരം പല്ലുകൾ മുളച്ചുവരുകയും ചെയ്യാറുണ്ട്. ഈ അവസരത്തിൽ പാൽപ്പല്ലുകൾ തനിയെ പിഴുതുമാറ്റാൻ സാധിക്കാതെ വന്നാൽ ശിശുദന്തരോഗ ചികിത്സാവിദഗ്ദ്ധന്റെ നിർദ്ദേശം തേടണം. പാൽപ്പല്ലിനെ അവിടെത്തന്നെ നിലനില്ക്കാൻ അനുവദിച്ചാൽ സ്ഥിരം പല്ലുകൾ നിരതെറ്റി വളരുകയും ദന്ത ക്രമീകരണം തെറ്റുകയും കുട്ടിക്ക് അഭംഗിയുണ്ടാവുകയും പല്ലുകൾ ശരിയായി വൃത്തിയാക്കാൻ കഴിയാതെ വരുകയും തുടർന്ന് മോണരോഗങ്ങൾ ബാധിക്കാനുള്ള സാധ്യതയേറുകയും ചെയ്യുന്നു. പാൽപ്പല്ലുകൾ മാറി സ്ഥിരം പല്ലുകൾ വരുന്ന പ്രായത്തിൽ (9 വയസ്സു മുതൽ 12-13 വയസ്സുവരെയുള്ള പ്രായം) പല്ലുകൾ ക്രമവും രൂപവും തെറ്റിക്കാണുന്ന അവസ്ഥയുണ്ടാകാം. മേൽത്താടിയിലെ മുൻവരിപ്പല്ലുകൾ പൊങ്ങിയും വിടവുകൾ പ്രത്യക്ഷപ്പെടാറുണ്ട്. പല്ലുകൾ മുളയ്ക്കുകയും പുനഃക്രമീകരണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പല്ലുകൾ കാണാൻ ഭംഗിക്കുറവുണ്ടാകും. ഇത് താത്കാലികമായ ഒരു അവസ്ഥയാണ്. അതിനാൽ ഇത്തരം രൂപത്തെക്കുറിച്ച് അസ്വസ്ഥരാകേണ്ടതില്ല. ഇതിന് പ്രത്യേക ചികിത്സയും ആവശ്യമില്ല. ഈ താത്കാലിക അവസ്ഥയെ 'ugly duckling stage' എന്നു പറയുന്നു. എന്നാൽ ഈ കാലഘട്ടത്തിൽ മറ്റു ചിലതരം വൈകല്യങ്ങൾ കാണാറുണ്ട്. പല്ലിന്റെ ക്രമീകരണത്തിൽ പ്രകടമായ അസ്വാഭാവികത കണ്ടാൽ ദന്തരോഗ ചികിത്സാവിദഗ്ദ്ധന്റെ സഹായം തേടണം.[4] സ്ഥിരം പല്ലിന്റെ ക്രമീകരണം

സ്ഥിരം പല്ലുകളുടെ ക്രമീകരണം തിരുത്തുക

 
സ്ഥിരം പല്ലുകളുടെ ക്രമീകരണം

കുട്ടിക്ക് 6 വയസ്സാകുമ്പോൾ ഒരു പാൽപ്പല്ലും കൊഴിഞ്ഞു പോകാതെതന്നെ ആദ്യത്തെ സ്ഥിരം അണപ്പല്ല് മുളയ്ക്കാൻ തുടങ്ങും. ഈ അവസരത്തിൽ പാൽപ്പല്ലുകൾ ഓരോന്നായി കൊഴിഞ്ഞുതുടങ്ങുന്നു. കീഴ്ത്താടിയിലെ മുൻവശത്തെപല്ലുകളാണ്ആദ്യംകൊഴിയുന്നത്.തുടർന്ന് ആദ്യത്തെ അണപ്പല്ലും കോമ്പല്ലും, രണ്ടാമത്തെ അണപ്പല്ല് എന്ന ക്രമത്തിൽ കൊഴിയുകയും തത്സ്ഥാനത്ത് സ്ഥിരം പല്ലുകൾ മുളച്ചു തുടങ്ങുകയും ചെയ്യുന്നു. ഈ പ്രക്രിയ 12 വയസ്സുവരെ നീണ്ടുനില്ക്കും. 12 വയസ്സാകുമ്പോൾ രണ്ടാമത്തെ സ്ഥിരം അണപ്പല്ലും 18 മുതൽ 25 വരെ വയസ്സിനിടയിൽ മൂന്നാമത്തെ അണപ്പല്ലുകളും മുളയ്ക്കും. ആകെ 32 സ്ഥിരം പല്ലുകളാണ് ഉള്ളത്.[5]

പല്ലുകൾ മുളയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തിരുത്തുക

സാധാരണയായി ശിശുക്കളിൽ 6 മാസം പ്രായമാകുമ്പോൾ പല്ലുകൾ മുളയ്ക്കാൻ തുടങ്ങും. എന്നാൽ ചില കുഞ്ഞുങ്ങളിൽ ജനിക്കുമ്പോൾത്തന്നെ പല്ലുകൾ കണ്ടുവരാറുണ്ട്. ഇവ നേറ്റൽ പല്ലുകൾ (natal teeth) എന്ന് അറിയപ്പെടുന്നു.[6] ചില കുഞ്ഞുങ്ങളിൽ, ജനിച്ച് 30 ദിവസത്തിനകം പല്ലുകൾ മുളച്ചുവരും. ഇവ നിയോനേറ്റൽ റ്റീത്ത് (neonatal teeth) എന്നറിയപ്പെടുന്നു.[7] ചില അവസരങ്ങളിൽ 6 മാസത്തിനുമുമ്പ് പല്ലുകൾ മുളച്ചു തുടങ്ങാറുണ്ട്. മറ്റു ചില അവസരങ്ങളിൽ രണ്ടോ മൂന്നോ മാസംകൂടി താമസിച്ചേ പല്ലുകൾ മുളച്ചു തുടങ്ങുകയുള്ളൂ. ഇത് അത്ര ഗൌരവമായി കണക്കാക്കേണ്ടതില്ല.

ജനിക്കുമ്പോൾത്തന്നെ മുളച്ച പല്ലുകൾ മുലയൂട്ടുമ്പോൾ അമ്മമാർക്ക് പ്രയാസം ജനിപ്പിക്കാറുണ്ട്. അതേസമയം, പൂർണമായും രൂപംപ്രാപിക്കാത്ത ഇത്തരം പല്ലുകൾ കുഞ്ഞുങ്ങളുടെ നാക്കിനടിയിൽ വ്രണങ്ങൾ ഉണ്ടാകുന്നതിനും ഹേതുവാകും. ഇമ്മാതിരി തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരം പല്ലുകൾ എടുത്തു കളയുകയാണ് ഉത്തമം.

പല്ല് മുളയ്ക്കുമ്പോൾ മോണ ചുവന്നു തടിക്കുകയും പനിയും വയറിളക്കവും ഉണ്ടാവുകയും വായിൽനിന്ന് ഉമിനീർ ധാരാളമായി ഒലിക്കുകയും ചെയ്യുന്നു. കുട്ടിക്ക് അസ്വസ്ഥതയും വിശപ്പില്ലായ്മ, കരച്ചിൽ, ഉറക്കമില്ലായ്മ മുതലായവയും കണ്ടുവരുന്നു. ഇതിനെ റ്റീത്തിങ് സിക്നസ്സ് (Teething sickness) എന്നു പറയുന്നു.[8] ഈ അസ്വസ്ഥതകളെ നിയന്ത്രിക്കുന്നതിന് പല മാർഗങ്ങൾ ഉണ്ട്. കടിക്കാൻ പറ്റുന്ന കളിപ്പാട്ടങ്ങൾ (റിങ്ങുകൾ, താക്കോൽ, കിലുക്കാംപെട്ടി) കൊടുക്കാം. പക്ഷേ, അവ ശുചിത്വമുള്ളതും സുരക്ഷിതവും രാസവസ്തുക്കൾ അടങ്ങിയിട്ടില്ലാത്തതും സാമാന്യം വലിപ്പം ഉള്ളതും ഇളകിവരുന്ന ഭാഗങ്ങൾ ഇല്ലാത്തതും ആയിരിക്കണം. കടിക്കുന്ന കൂട്ടത്തിൽ വിഴുങ്ങിപ്പോകാനിടയുള്ള ചെറിയ കളിപ്പാട്ടങ്ങൾ കുഞ്ഞിനു കടിക്കാൻ കൊടുക്കുന്നത് ഒഴിവാക്കണം. വേദന ശമിപ്പിക്കുന്നതിനായി അനസ്തറ്റിക് ഓയിന്റ്മെന്റുകൾ മോണയിൽ പുരട്ടാം. പനി കൂടുതൽ ഉണ്ടെങ്കിൽ വേദനസംഹാരികൾ നല്കാവുന്നതാണ്. ഇതൊക്കെ ഒരു ശിശുദന്തരോഗ ചികിത്സാവിദഗ്ദ്ധന്റെ നിർദ്ദേശപ്രകാരം നടത്തണം.

പല്ല് മേൽത്താടിയിൽ
മുളയ്ക്കുന്ന
പ്രായം
വയസ്സ് (വർഷം)
കീഴ്ത്താടിയിൽ
മുളയ്ക്കുന്ന
പ്രായം
വയസ്സ് (വർഷം)
ആദ്യത്തെ ഉളിപ്പല്ല് 7 - 8 6 - 7
രണ്ടാമത്തെ ഉളിപ്പല്ല് 8 - 9 7 - 8
കോമ്പല്ല് 10 - 12 9 - 10
ആദ്യത്തെ മുൻ അണപ്പല്ല് 10 - 11 10 - 12
രണ്ടാമത്തെ മുൻ അണപ്പല്ല് 10 - 12 10 - 12
ആദ്യത്തെ അണപ്പല്ല് 6 - 7 6 - 7
രണ്ടാം അണപ്പല്ല് 12 - 13 11 - 13
മൂന്നാം അണപ്പല്ല് 18 - 25 18 - 25

പല്ലുകൾ വൈകി മുളയ്ക്കാനുള്ള കാരണങ്ങൾ പലതാണ്. പല്ലിന്റെ വളർച്ചാവഴിയിലുണ്ടാകുന്ന തടസ്സംമൂലമോ പാൽപ്പല്ലിന്റെ ദ്രവിച്ച ഭാഗം ഇരിക്കുന്നതുകൊണ്ടോ കട്ടിയുള്ള മോണയായതുകൊണ്ടോ പൊതുവായ വളർച്ചക്കുറവുകൊണ്ടോ എല്ലിന്റെ ക്രമക്കേടിനാലോ തൈറോയ്ഡ്, പാരാ തൈറോയ്ഡ് എന്നീ ഹോർമോണുകളുടെ പ്രവർത്തനക്കുറവിനാലോ പല്ല് വൈകി മുളയ്ക്കാം. ചിലപ്പോൾ ഒന്നോ അതിലധികമോ പല്ലുകൾ മുളയ്ക്കാതിരിക്കാം. ഇത് മറ്റൊരു പല്ലിന്റെ സ്ഥാനം തെറ്റിയ വളർച്ച, വീക്കം, മുഴ, മുളയ്ക്കേണ്ട പല്ലിന്റെ സ്ഥാനത്തു തടസ്സം എന്നിവമൂലം സംഭവിക്കാം.

മേൽത്താടിയിലും കീഴ്ത്താടിയിലും ആയി സാധാരണ 32 പല്ലുകളാണുള്ളത്. എന്നാൽ ചിലയാളുകളിൽ ഇതിലുമധികം പല്ലുകൾ കാണും. അധികമുള്ള പല്ലിന്റെ ഇനം, സ്ഥാനം, അടുത്തുള്ള പല്ലിനുണ്ടായിരിക്കുന്ന പൊരുത്തക്കേട് എന്നിവ കണക്കാക്കി അധികമുള്ള പല്ലുകൾ എടുത്തുകളയേണ്ടതാണ്.

ചില കുഞ്ഞുങ്ങളിൽ ഒരു പല്ലിന്റെ അഭാവവും ചിലപ്പോൾ ഒന്നിലധികം പല്ലുകൾ ഇല്ലാതെയിരിക്കുന്ന അവസ്ഥയും കാണാം. എന്നാൽ 'ഹെറിഡിറ്ററി എക്റ്റോഡേർമൽ ഡിസ്പ്ളാസിയ' (Hereditary Ectodermal Dysplasia)[9] എന്ന അസുഖമുള്ള കുട്ടികളിൽ ഭാഗികമായോ പൂർണമായോ പാൽപ്പല്ലുകളും സ്ഥിരം പല്ലുകളും ഇല്ലാതെയിരിക്കുന്ന അവസ്ഥ കണ്ടുവരുന്നു.

പല്ലിന്റെ നിറവ്യത്യാസം തിരുത്തുക

 
അമിലോജനെസിസ് ഇംപെർഫക്റ്റ ബാധിച്ച പല്ലുകൾ

പല്ലുണ്ടാകുന്ന സമയത്തെ പ്രശ്നങ്ങൾമൂലം പല്ലിന്റെ ഘടനയിൽ അസ്വാഭാവികത, വെള്ളപ്പാട്, തവിട്ടുപാട്, മഞ്ഞനിറം ഇവയൊക്കെ ഉണ്ടാകാം. ഗർഭിണിയായിരിക്കുമ്പോൾ അമ്മയ്ക്കുണ്ടാകുന്ന വൈറൽ പനികളും ടെട്രാസൈക്ലിൻ പോലുള്ള മരുന്നുകളുടെ ഉപയോഗവുംമൂലം കുഞ്ഞിന്റെ പല്ലിന് മഞ്ഞനിറം ഉണ്ടാകാൻ സാധ്യത ഏറെയാണ്. മണ്ണനും അഞ്ചാംപനിയും പോലെയുള്ള വൈറൽ അണുബാധ, ജനിതക കാരണങ്ങൾ, ഫ്ലൂറൈഡിന്റെ അധിക ആഗിരണം, എൻഡോക്രൈൻ ഗ്ലാൻഡിന്റെ കുഴപ്പങ്ങൾ മുതലായവ പല്ലിന്റെ ഘടനയെ പ്രതികൂലമായി ബാധിക്കാം. കൂടാതെ പാൽപ്പല്ലിനുണ്ടായ മുറിവ്, ആഘാതം, അണുബാധ ഇവ സ്ഥിരം പല്ലുകൾക്ക് നിറവ്യത്യാസം ഉണ്ടാക്കും. മേൽപ്പറഞ്ഞ ഏതെങ്കിലും ഒരവസ്ഥയുണ്ടായാൽ പല്ലിന്റെ ഇനാമലിനും ഡെന്റിനിനും കുഴപ്പമുണ്ടാകാനുള്ള സാധ്യതയേറും. പല്ലുകൾക്ക് ഇടി, വീഴ്ച എന്നിവ മൂലമുള്ള ആഘാതം ഉണ്ടാവുകയാണെങ്കിൽ മുൻവരി പല്ലുകൾ നിർജീവമാവുകയും പല്ലിന് കറുത്തനിറമുണ്ടാകാനുള്ള സാധ്യത ഏറുകയും ചെയ്യുന്നു.

പാരമ്പര്യമായി കുഞ്ഞുങ്ങളുടെ പല്ലിന്റെ ഘടനയെയും നിറത്തെയും ബാധിക്കുന്ന അസുഖങ്ങളാണ് അമിലോജനെസിസ് ഇംപെർഫക്റ്റ(Amelogenesis imperfecta)യും[10] ഡെന്റിനോജനെസിസ് ഇംപെർഫെക്റ്റ(Dentinogenesis)യും.[11] ഇത്തരം രോഗാവസ്ഥകളിൽ പല്ലുകൾ മഞ്ഞനിറത്തിൽ കാണാം.

മുച്ചുണ്ടും അണ്ണാക്കിലെ വിള്ളലും തിരുത്തുക

(Cleft lip and palate)

 
മുച്ചുണ്ട്
 
അണ്ണാക്കിലെ വിള്ളൽ

ജനനസമയത്ത് ചില കുഞ്ഞുങ്ങളിൽ കാണപ്പെടുന്ന വികസന പോരായ്മയാണ് മുച്ചുണ്ടും അണ്ണാക്കിലെ വിള്ളലും. ഏകദേശം ആയിരം ശിശുക്കളിൽ ഒന്ന് എന്ന അനുപാതത്തിൽ ഇതു കണ്ടുവരുന്നു. അണ്ണാക്കിലെ വിള്ളൽ ചെറിയ ദ്വാരമായോ വലിയ വിടവായോ കാണപ്പെടാം. ചില അവസരങ്ങളിൽ മൂക്കും വായും തമ്മിൽ ഒരു വഴി ഉണ്ടായിരിക്കുന്നതായി കാണാം. ഇതുമൂലം കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കുന്നതിന് പ്രയാസം ഉണ്ടാകുന്നു. കുഞ്ഞ് ജനിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഫീഡിങ് പ്ലേറ്റ് (feeding plate) നിർമിച്ചു നല്കാൻ ഒരു ശിശു ദന്തരോഗ ചികിത്സാവിദഗ്ദ്ധനു കഴിയും. അണ്ണാക്കിൽ വിള്ളലുള്ള കുട്ടിയെ പരിചരിക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണം. അണ്ണാക്കിലെ വിള്ളൽ പില്ക്കാലത്ത് സംസാരശേഷിയിൽ പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകും. അണ്ണാക്കിൽ വിള്ളലുള്ള കുട്ടികളിൽ പല്ല് ശരിയായ സ്ഥാനത്തു മുളയ്ക്കണമെന്നില്ല. അധികം പല്ലോ, പല്ലിന്റെ അഭാവമോ ഉണ്ടാകാം. ഒരു വിദഗ്ദ്ധ ദന്തഡോക്ടറെ ക്രമമായി കാണിച്ചുകൊണ്ടിരിക്കണം. അണ്ണാക്കിലെ വിള്ളലിനുള്ള ശസ്ത്രക്രിയകൾ നടത്തി ഒരു പരിധിവരെ വിടവുകൾ നികത്താം. കുട്ടി ജനിച്ച ഉടൻതന്നെ ശിശുരോഗ ശസ്ത്രക്രിയാ വിദഗ്ദ്ധന്റെ ഉപദേശം തേടണം. ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷമുള്ള വിടവുകൾ ഓബ്റ്റൂറേറ്റർ (obturator)[12] എന്ന അക്രിലിക് പ്ളേറ്റ് ഉപകരണം നിർമിച്ച് വായിൽ വച്ചാൽ അടച്ചെടുക്കാൻ സാധിക്കും. അതുവഴി സംസാരശേഷി വർധിക്കാനുള്ള സാധ്യത കൂടുന്നു; ആഹാരം കഴിക്കുമ്പോൾ മൂക്കിൽക്കൂടി വരുന്നത് തടയാനും സാധിക്കും. മുളച്ചുവരുന്ന പല്ലുകൾ നിരയല്ലാതെ വരുന്നത് സ്ഥിരം പല്ലുകൾ മുളച്ചതിനുശേഷം കമ്പിയിട്ടു ശരിയാക്കാനും സാധിക്കും. ഇത്തരം കുഞ്ഞുങ്ങളെ ചികിത്സിക്കുന്നതിന് വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ആവശ്യമാണ് (Paediatrician,Paediatric Surgeon,Paedodontist,Plastic Surgen,Orthodontist,Anaesthetist).[13]

ദന്തക്ഷയം തിരുത്തുക

(Dental caries)

ജലദോഷം കഴിഞ്ഞാൽ മനുഷ്യനെ ഏറ്റവും കൂടുതൽ ബാധിക്കുന്ന രോഗമാണ് ദന്തക്ഷയം അഥവാ പല്ലുദ്രവിക്കൽ. തൊണ്ണൂറു ശതമാനത്തോളം ആളുകളെ ഏതെങ്കിലും തരത്തിലുള്ള ദന്തരോഗങ്ങൾ ബാധിച്ചിട്ടുണ്ട് എന്നാണ് ഗവേഷണ പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. കുട്ടികളിലാണ് പല്ലുദ്രവിക്കൽ കൂടുതലായി കണ്ടുവരുന്നത്. ഇത് വളരെക്കാലം നീണ്ടുനില്ക്കുന്ന രോഗമാണ്. ദന്തരോഗമുള്ളവർ ആസ്ത്മാ രോഗമുള്ളവരുടെ അഞ്ചിരട്ടി വരുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. പല്ലിന് കേട് അഥവാ ദന്ത്രദ്രവമുള്ള കുട്ടികൾക്ക് മറ്റു കുട്ടികളെ അപേക്ഷിച്ച് ഭാരം കുറഞ്ഞിരിക്കും. എന്നാൽ ഈ രോഗമുള്ള കുട്ടികൾക്ക് ആദ്യമേതന്നെ ശരിയായ ചികിത്സ ലഭിച്ചാൽ രോഗം ഇല്ലാതാക്കാൻ കഴിയും; ആരോഗ്യക്കുറവ് പരിഹരിക്കാനുമാകും.

 
എൻഡോഡോന്റിക് ചികിത്സാവിധി

പല്ലുകളിൽ കറുപ്പുനിറത്തിലോ തവിട്ടുനിറത്തിലോ ഉള്ള പാടുകൾ വീഴുക, പല്ലുകളുടെ പ്രതലത്തിൽ ചെറിയ പോടുകൾ ഉണ്ടാകുക തുടങ്ങിയവ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ ആണ്. വായിൽ ധാരാളം രോഗാണുക്കളുടെ ശേഖരം ഉണ്ട്. പൊതുവേ ഇവ കുഴപ്പമൊന്നും ചെയ്യുകയില്ല. ഇക്കൂട്ടത്തിലുള്ള സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടൻസ് എന്ന ബാക്റ്റീരിയ പല്ലിനു ചുറ്റും ഒട്ടിപ്പിടിച്ചിരിക്കുന്ന മധുര പദാർഥങ്ങളുമായി പ്രതിപ്രവർത്തിച്ച് അമ്ലങ്ങൾ ഉണ്ടാക്കുന്നു. ഇവ പല്ലിനെ ദ്രവിപ്പിക്കുന്നതിന് കാരണമാകും. ഉമിനീരിലെ മ്യൂസിനും ആഹാര അവശിഷ്ടങ്ങളും കൂടിച്ചേർന്ന് നേർത്ത സുതാര്യമായ ഡെന്റൽ പ്ളാക്ക് എന്ന പാടയുണ്ടായി പല്ലിന്മേൽ ഒട്ടിപ്പിടിക്കുന്നു. ഇത് അണുക്കൾക്ക് സുഗമമായി വായിൽ തങ്ങിനില്ക്കാനുള്ള സാഹചര്യം ഉണ്ടാക്കും. അന്നജവുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന അമ്ലം പ്ലാക്കിൽ തങ്ങിനില്ക്കുന്നതിനാൽ അതിവേഗം പല്ലിന്റെ ഇനാമൽ ദ്രവിക്കുകയും അണുക്കൾ പൾപ്പിൽ കടന്നുകൂടുകയും ചെയ്യുന്നു. അണുക്കളുടെ പ്രവർത്തനംമൂലം പൾപ്പിൽ നീരും പഴുപ്പും ഉണ്ടാകുമ്പോൾ വേദന അനുഭവപ്പെടും. വായിൽ ഒട്ടിപ്പിടിക്കുന്ന മിഠായികളിലും ചോക്കലേറ്റുകളിലും അടങ്ങിയിരിക്കുന്ന മധുരം സൂക്രോസ് ആണ്. ആഹാരവും മധുരപദാർഥങ്ങളും കഴിച്ചുകഴിഞ്ഞാൽ വായിലെ അമ്ലത രണ്ടോ മൂന്നോ മിനിറ്റുകൊണ്ട് കൂടുന്നതായി കാണുന്നു. ഏകദേശം അര മണിക്കൂർ കഴിഞ്ഞു മാത്രമേ പൂർവസ്ഥിതിയിൽ ആവുകയുള്ളൂ. ആഹാരം കഴിച്ചതിനുശേഷം വായ് വൃത്തിയാക്കുന്നതും മുഖ്യാഹാരത്തോടൊപ്പമല്ലാതെ മധുരപലഹാരങ്ങൾ കഴിക്കുന്ന രീതി ഒഴിവാക്കുന്നതും ദന്തക്ഷയം വരാനുള്ള സാഹചര്യം ഇല്ലാതാക്കുന്നു. ഇനാമലിന്റെ ഉപരിതലത്തെ മാത്രമാണ് ദന്തക്ഷയം ബാധിച്ചതെങ്കിൽ ഫ്ളൂറൈഡ് ലവണങ്ങൾ പുരട്ടുന്നതിലൂടെ രോഗബാധ തടയാൻ സാധിക്കും. ഇനാമലിനെ റെസിൻ ഉപയോഗിച്ച് സീൽ ചെയ്യാനും കഴിയും. പല്ലിൽ കേട് പിടിച്ചുകഴിഞ്ഞാൽ പ്രസ്തുത ഭാഗങ്ങൾ നീക്കം ചെയ്തതിനുശേഷം തത്സ്ഥാനത്ത് അമാൽഗം പോലെയുള്ള ലോഹസങ്കരങ്ങളോ റെസിനുകളോ ഉപയോഗിച്ച് പുനഃസൃഷ്ടി നടത്തുകയാണ് വേണ്ടത്. പല്ലിന്റെ നിറത്തിൽ തന്നെയുള്ള കോംപസിറ്റ് റെസിനുകളും ഉപയോഗിക്കപ്പെടുന്നു. എന്നാൽ ദന്തക്ഷയം പൾപ്പിനെ ബാധിച്ച് നീരും പഴുപ്പും വേദനയും ഉണ്ടായാൽ സാധാരണ രീതിയിൽ പല്ല് അടയ്ക്കാൻ സാധിക്കുകയില്ല. കേടുപിടിച്ച പൾപ്പിനെ നീക്കം ചെയ്ത്, അണുനിബദ്ധമാക്കിയ പൾപ്പ്ചേംബറും റൂട്ട്കനാലും സീൽ ചെയ്യുന്നു. ഇതിനു മുകളിൽ ലോഹസങ്കരം ഉപയോഗിച്ച് അടയ്ക്കാം. ഈ ചികിത്സാരീതിയെ എൻഡോഡോന്റിക് ചികിത്സ എന്നാണ് പറയുന്നത്.[14]

കുട്ടികളിൽ പല്ലുകൾക്കുണ്ടാകുന്ന കേടുകൾ ആരംഭത്തിൽ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് കാണപ്പെടുന്നത്. പിന്നീട് പല്ലിനു വേദനയുണ്ടാകുമ്പോഴാണ് കുട്ടിയുടെ പല്ലിനു കേടുണ്ടായ വിവരം മുതിർന്നവർ അറിയുന്നത്. പൊഴിഞ്ഞുപോകുന്നവ എന്ന കാരണത്താൽ പാൽപ്പല്ലുകൾക്കുണ്ടാകുന്ന കേടുകൾക്ക് പലരും വലിയ ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ പാൽപ്പല്ലുകൾ അവശ്യം സംരക്ഷിക്കേണ്ടവയാണ് എന്നത് ഓർക്കേണ്ട വസ്തുതയാണ്.

നഴ്സിങ് ദന്തക്ഷയം തിരുത്തുക

(Nursing Caries)

പാൽപ്പല്ലുകളിൽ കണ്ടുവരുന്ന ഒരു തരം ദന്തക്ഷയമാണ് നഴ്സിങ് ദന്തക്ഷയം. ഇപ്പോൾ ഇത് ഏർലി ചൈൽഡ്ഹുഡ് കാരിസ്[15] എന്ന പേരിലും അറിയപ്പെടുന്നുണ്ട്. കുഞ്ഞുങ്ങളിലുണ്ടാകുന്ന പല്ലുകളുടെ കേടാണിത്. ഉറക്കത്തിൽ ഉമിനീർ ഉത്പാദനം കുറവായതിനാൽ രാത്രിയിൽ കുഞ്ഞു കുടിക്കുന്ന പാൽ, പഴച്ചാറുകൾ, മറ്റു മധുരപാനീയങ്ങൾ തുടങ്ങിയവ പാൽപ്പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുവാനുള്ള സാധ്യത കൂടുതലാണ്. വായിൽ സാധാരണയായി ധാരാളം രോഗാണുക്കൾ കണ്ടുവരാറുണ്ട്. ചില രോഗാണുക്കൾ പല്ലിനുചുറ്റും ഒട്ടിപ്പിടിച്ചിരിക്കുന്ന പദാർഥങ്ങളുമായി പ്രവർത്തിച്ച് അമ്ലം അഥവാ ആസിഡ് ഉണ്ടാകുന്നു. ഇത് പല്ലിനെ ദ്രവിപ്പിക്കുന്നു. ഇത്തരം സന്ദർഭങ്ങളിലാണ് പല്ല് മുളച്ചുവന്നപ്പോൾത്തന്നെ പൊടിഞ്ഞുപോയി എന്ന് ആവലാതിപ്പെടാറുള്ളത്. മുകളിലത്തെ മുൻവരി പല്ലുകളിലാണ് ദ്രവിക്കൽ തുടങ്ങുന്നത്. പിന്നീട് പല്ലിനു ചുറ്റും വ്യാപിക്കുകയും പല്ലുകൾ പൊടിഞ്ഞുപോവുകയും ചെയ്യുന്നു. കുട്ടിക്ക് പല്ലു തേക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും വേദന അനുഭവപ്പെടാം. ചില അവസരങ്ങളിൽ പല്ലുകൾ കുറ്റിപ്പല്ലുകളായി ബ്രൌൺ നിറത്തിൽ വേദനയില്ലാതെ വായിൽ നിലകൊള്ളുന്നു. എന്നാൽ ചില കുട്ടികളിൽ പഴുപ്പും വേദനയും നീരും അതോടനുബന്ധിച്ച് പനിയും വയറിളക്കവും ഉണ്ടാകുന്നു. ഇത് നഴ്സിങ് ബോട്ടിൽ സിൻഡ്രൊം എന്ന് അറിയപ്പെടുന്നു.[16]

മോണരോഗങ്ങൾ തിരുത്തുക

ദന്തക്ഷയം കഴിഞ്ഞാൽ ഏറ്റവും അധികം കാണപ്പെടുന്ന ദന്തരോഗം മോണരോഗങ്ങളാണ്. കുട്ടികളിൽ ഈ രോഗം വർധിച്ചുവരികയാണ്. പല്ലിന്റെ ഭാഗങ്ങളെയും ദന്ത അസ്ഥികളെയും പൊതിഞ്ഞുസൂക്ഷിക്കുന്ന ചുവപ്പുനിറത്തിലുള്ള ഭാഗത്തെയാണ് മോണ എന്നു പറയുന്നത്. മോണയ്ക്ക് രോഗബാധയുണ്ടായാൽ മോണ ചുവന്നു തടിക്കുകയും അമർത്തുമ്പോൾ രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെത്തുടർന്ന് വേദനയുണ്ടാകും. ജിൻജിവൈറ്റിസ് എന്നാണ് ഈ അവസ്ഥയെ പറയുന്നത്. മോണരോഗങ്ങൾ പല തരത്തിലുണ്ട്.

ഇറപ്ഷൻ ജിൻജിവൈറ്റിസ് തിരുത്തുക

കുട്ടികളിൽ പാൽപ്പല്ലുകൾ മുളച്ചുവരുന്ന സമയത്ത് മോണയ്ക്ക് തടിപ്പും ചുവപ്പും പ്രത്യക്ഷപ്പെടാറുണ്ട്. പല്ല് പുറത്തേക്ക് വന്നുകഴിഞ്ഞാൽ ഇത്തരം ഇറപ്ഷൻ ജിൻജിവൈറ്റിസ് സ്വതേ മാറും.[17] ഇതിനോട് അനുബന്ധിച്ച് മിക്ക കുട്ടികളിലും മോണയ്ക്കു വേദന, ഉമിനീർ സ്രവം, പനി, വയറിളക്കം എന്നിവ കണ്ടുവരാറുണ്ട്. ഇതിനെ റ്റീത്തിങ് സിക്നെസ് (Teething sickness)[18] എന്നു പറയുന്നു. പല്ല് മുളച്ചു കഴിയുന്നതോടെ ഈ ലക്ഷണങ്ങൾ കുറയും. കുറവ് കാണുന്നില്ലെങ്കിൽ ശിശു ദന്തരോഗ ചികിത്സാവിദഗ്ദ്ധന്റെ ഉപദേശം തേടുന്നത് ഉചിതമായിരിക്കും. മിക്ക കുട്ടികളിലും ആദ്യത്തെ സ്ഥിരമായ അണപ്പല്ലുകൾ മുളച്ചുവരുന്ന പ്രായത്തിൽ (6-7 വയസ്സിനിടയിൽ) പല്ലിനോടു ചേർന്ന മോണയ്ക്ക് ചുവപ്പും തടിപ്പും ചില അവസരങ്ങളിൽ പഴുപ്പും നീരും അനുഭവപ്പെടാറുണ്ട്. ഇത് പെരികൊറോണൈറ്റിസ് (Pericoronitis) എന്നറിയപ്പെടുന്നു.[19]

വായ് വൃത്തിയായി സൂക്ഷിക്കാത്തതിനാലുണ്ടാകുന്ന ജിൻജിവൈറ്റിസ് തിരുത്തുക

(Gingivitis due to local deposits)

 
വായ് വൃത്തിയാക്കുന്നതിൽ കാണിക്കുന്ന അവഗണന കൊണ്ടുണ്ടാകുന്ന ഡെന്റൽ പ്ലാക്ക്

വായ് വൃത്തിയാക്കുന്നതിൽ കാണിക്കുന്ന അവഗണന കൊണ്ടുണ്ടാകുന്ന ഡെന്റൽ പ്ലാക്ക് (Dental plaque)[20] ആണ് ഇത്തരം മോണരോഗത്തിന് കാരണം. കുട്ടികളിലും മുതിർന്നവരിലും ഒന്നുപോലെ കാണപ്പെടുന്നതാണിത്. മോണകളുടെയും പല്ലിന്റെയും ഇടയ്ക്ക് അണുക്കളുടെ ഒരു ശേഖരം ഉണ്ടാകും. ഈ വിവിധതരം അണുക്കൾ ചില രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നു. ഇതുമൂലം മോണയ്ക്ക് ചുവപ്പും തുടുപ്പും ഉണ്ടാകുന്നു. ചില അവസരങ്ങളിൽ മോണയ്ക്ക് നീരും പഴുപ്പും ബാധിക്കാം. ഈ സന്ദർഭങ്ങളിൽ വായ്നാറ്റം അനുഭവപ്പെടാം. ആഹാരം കഴിച്ചതിനുശേഷം ദന്തശുദ്ധി വരുത്തുന്നതിൽ ശ്രദ്ധിച്ചാൽ ഈ രോഗം ഒരു പരിധിവരെ തടയാൻ സാധിക്കും. ഡെന്റൽ പ്ലാക്ക് നീക്കം ചെയ്ത് പല്ലുകൾ വൃത്തിയാക്കിയാൽ ഇത്തരം മോണരോഗം ഇല്ലാതാകുന്നു. എന്നാൽ ഇതിനെ വർധിപ്പിക്കുന്ന പല സാഹചര്യങ്ങളും മനുഷ്യ ശരീരത്തിലുണ്ടാകാറുണ്ട്. ചില കുട്ടികൾ വെറുതെയിരിക്കുമ്പോൾ ചുണ്ടുകൾ പൂട്ടി വയ്ക്കാറില്ല. മാത്രമല്ല, വായിൽക്കൂടി ശ്വസിക്കുകയും ചെയ്യുന്നു. ഇവരുടെ മോണ ഉണങ്ങിപ്പോകുന്നു. ഡെന്റൽ പ്ളാക്ക് ഉണ്ടാകുന്നതിനും അണുബാധമൂലം ജിൻജിവൈറ്റിസ് ഉണ്ടാകുന്നതിനും ഇത് അനുകൂല സാഹചര്യം ഉണ്ടാക്കുന്നു.

ജുവനൈൽ പെരിയോഡോൺടൈറ്റിസ് തിരുത്തുക

(Juvenile Periodontitis)

കൗമാരപ്രായത്തിൽ പ്രത്യേകിച്ച് കാരണം കണ്ടുപിടിക്കപ്പെടാനാകാതെ ഉണ്ടാകുന്ന മോണരോഗമാണിത്. വളരെ പെട്ടെന്ന് വർധിക്കുകയും മോണയ്ക്കു നാശമുണ്ടാക്കുകയും ചെയ്യുന്നുവെന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. രോഗാരംഭത്തിൽ പ്രത്യേക ലക്ഷണങ്ങൾ ഒന്നും കാണപ്പെട്ടില്ലെന്നുവരാം. എന്നാൽ ദന്ത അസ്ഥികൾക്ക് നാശം സംഭവിക്കുകയും പല്ലിന് ആട്ടം സംഭവിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം മോണരോഗം ബാധിച്ചതായി അറിയുന്നത്. ഇതുമൂലം യൌവനാരംഭത്തിൽത്തന്നെ സ്ഥിരം പല്ലുകൾ നഷ്ടപ്പെടുന്നു. ചില കുടുംബങ്ങളിൽ ഈ രോഗം പരമ്പരാഗതമായി കണ്ടുവരുന്നു.[21]

അക്യൂട്ട് അൾസറേറ്റിവ് ജിൻജിവൈറ്റിസ് തിരുത്തുക

പ്രാചീന കാലം മുതൽ പടയാളികളിൽ കണ്ടുവന്നിരുന്ന ഒരുതരം മോണരോഗമാണിത്. പ്രത്യേകതരം ബാക്റ്റീരിയകളുടെ (ബാസില്ലസ് ഫ്യൂസിഫോർമിസ്, ബൊറീലിയ വിൻസെന്റൈ) അണുബാധ മൂലമാണ് ഇതുണ്ടാകുന്നത്. പനി, കഴുത്തിലെ കഴലവീക്കം, ക്ഷീണം, ദുർഗന്ധം, ചുവന്നു തുടുത്ത മോണ, രക്തസ്രാവം, പല്ലുകൾക്കിടയിലെ മോണഭാഗത്ത് വ്രണങ്ങൾ ഉണ്ടാകുന്നത് എന്നിവയൊക്കെ ഈ രോഗത്തിന്റെ പ്രത്യേകതകളാണ്. കുട്ടികളിലും ഈ രോഗം ഇപ്പോൾ കണ്ടുവരുന്നു. ഈ രോഗമുള്ളവരിലെ ഉമിനീരിന് ലോഹരുചി അനുഭവപ്പെടാറുണ്ട്. പ്രത്യേകതരം വായ്നാറ്റവും ഈ രോഗികകൾക്കുണ്ടാകും. രോഗലക്ഷണങ്ങൾ കണ്ടാലുടനെ വായ് വൃത്തിയാക്കി സൂക്ഷിക്കുകയും വിദഗ്ദ്ധോപദേശം നേടുകയും ചെയ്യണം. ഏകദേശം 10 ദിവസം കഴിയുമ്പോൾ ഈ അസുഖം താനെ കുറയുന്നതായി കാണാം.[22]

പ്രൈമറി ഹെർപ്പറ്റിക് ജിൻജിവോസ്റ്റോമറ്റൈറ്റിസ് തിരുത്തുക

(Herpetic Gingivostomatitis).

മൂന്ന് വയസ്സിനുതാഴെ പ്രായമുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു വൈറസ് രോഗമാണിത്. അതിശക്തമായ പനി, താടിക്ക് അടിയിലെ വീക്കം, ക്ഷീണം മുതലായവയാണ് ആദ്യ ലക്ഷണം. തുടർന്ന് മോണ ചുവന്നു തുടുക്കുന്നു. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു. വായിലെ ശ്ലേഷ്മ സ്തരത്തിൽ ധാരാളം ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടും. ഈ കുമിളകൾ ഒത്തുചേർന്ന് പൊട്ടുമ്പോൾ ആ ഭാഗത്ത് വ്രണങ്ങൾ ഉണ്ടാകുന്നു. 10 മുതൽ 14 വരെ ദിവസത്തിനകം ഈ വ്രണങ്ങൾ എല്ലാം ഉണങ്ങിപ്പോകും. ഒരു പാടുപോലും അവശേഷിക്കില്ല. ഈ രോഗത്തിന്റെ ആരംഭദശയിൽ കുട്ടികളുടെ വായിൽനിന്ന് ഉമിനീർ കൂടുതലായി ഒഴുകുന്നു. കുഞ്ഞുങ്ങൾക്ക് നീറ്റലും വേദനയും ഉണ്ടാകാനിടയുണ്ട്. ചില കുട്ടികളിൽ നിർജലീകരണം (dehydration) ഉണ്ടാകാം. ചിലരിൽ ഇതുമൂലം ശ്വാസകോശത്തിനും അണുബാധയുണ്ടാകാറുണ്ട്. എന്നാൽ ചില കുഞ്ഞുങ്ങളിൽ ഈ അസുഖം വരുന്നതും പോകുന്നതും ആരും അറിയാറില്ല. ഒരിക്കൽ കുഞ്ഞുങ്ങളിൽ ഈ അസുഖം ഉണ്ടായിക്കഴിഞ്ഞാൽ ഇതിനു കാരണമായ വൈറസ് അടുത്ത സെൻസറി നാഡി വഴി ഗാംഗ്ലിയോണിൽ (sensory ganglion )[23] കടന്നുകൂടി നിദ്രാവസ്ഥയിൽ കഴിയുന്നു. ശരീരത്തിന്റെ പ്രതിരോധശക്തി കുറയുമ്പോൾ ഈ വൈറസുകൾ നാഡികളിലൂടെ സഞ്ചരിച്ച് വായിലും ചുണ്ടിന്റെ പുറത്തും വ്രണങ്ങളുണ്ടാക്കുന്നു. അസഹനീയ വേദനയുള്ള ഈ വ്രണങ്ങൾ 10 ദിവസത്തിനകം ഉണങ്ങും. വ്രണങ്ങളിലുണ്ടാകുന്ന പൊരിക്ക പ്രത്യേകതയാർന്നതാണ്. ഈ അസുഖം വർഷങ്ങളോളം ആവർത്തിച്ചു വരാറുണ്ട്. ലേബിയൽ ഹെർപ്പിസ് (Labial Herpes)[24] എന്നും ഈ അസുഖത്തെ വിളിക്കുന്നു.[25]

ജിൻജിവൽ എൻലാർജ്മെന്റ് തിരുത്തുക

(Gingival enlargement)

കുട്ടികളിൽ അപസ്മാര രോഗ ചികിത്സക്കായി ഉപയോഗിക്കുന്ന ഡയാലാന്റിൻ പോലുള്ള മരുന്നുകളുടെ പാർശ്വഫലമായി മോണയ്ക്ക് കട്ടിയും തടിപ്പും വളർച്ചയും ഉണ്ടാകുന്നു. ചിലരിൽ മോണ വളർന്ന് പല്ലുകളെ പൂർണമായി മൂടുന്നതായി കണ്ടുവരാറുണ്ട്. ഇവരിൽ ജിൻജിവൈറ്റിസുണ്ടാകുന്നത് അപൂർവമല്ല. ഇത്തരം കുട്ടികളിൽ അപസ്മാര രോഗത്തിന് ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് മരുന്ന് മാറുന്നത് നല്ലതാണ്. ഈ കുഞ്ഞുങ്ങളിൽ ക്ളീനിങ് ചികിത്സയ്ക്കുശേഷം ജിൻജിവോ പ്ളാസ്റ്ററി എന്ന ചെറിയ ശസ്ത്രക്രിയയിലൂടെ മോണയിലെ വളർച്ചയെ നീക്കം ചെയ്യാൻ സാധിക്കും.[26]

ആപ്തസ് വ്രണങ്ങൾ തിരുത്തുക

(Apthous ulcers)

 
ആപ്തസ് വ്രണങ്ങൾ

ഏകദേശം 3 മി.മീ. വ്യാസത്തിലുള്ള വ്രണങ്ങളാണ് ഇവ. ആവർത്തന സ്വഭാവമുള്ള ഈ രോഗം ഇടയ്ക്കിടെ വായിലും ചുണ്ടിലും കവിളിലും അണ്ണാക്കിലും നാക്കിലും നാക്കിനടിയിലും ഒക്കെ കാണപ്പെടുന്നു. കുട്ടികളിലും മുതിർന്നവരിലും സാധാരണയായി കണ്ടുവരുന്ന അവസ്ഥാവിശേഷമാണ് ഇത്. വ്രണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ ആ ഭാഗത്ത് അസ്വാസ്ഥ്യം അനുഭവപ്പെടുക പതിവാണ്. നീറ്റലും വേദനയുമാണ് വ്രണങ്ങൾ മൂലമുള്ള അസ്വാസ്ഥ്യം. ഏകദേശം പത്തുദിവസം കഴിയുമ്പോൾ വ്രണങ്ങൾ ഉണങ്ങുന്നു. അവിടെ പാടുകൾ ഒന്നും അവശേഷിക്കുകയില്ല. ഏതാനു ആഴ്ചകൾ കഴിയുമ്പോൾ വ്രണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുന്നു. കുട്ടികളിൽ സാധാരണനിലയിൽ പരീക്ഷാഭീതി ഉൾപ്പെടെയുള്ള മാനസിക പിരിമുറക്കവും ഉത്കണ്ഠയും ഇതിനു കാരണമാകുന്നു. ഇത് ഒരു സ്വയം പ്രതിരോധ രോഗം (autoimmune disease)[27] ആണെന്ന അഭിപ്രായമുണ്ട്. സെപ്റ്റോകോക്കസ് പോലുള്ള ചില ബാക്റ്റീരിയകൾ ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കൾ മ്യൂക്കസ് മെംബ്രയിനിൽ പ്രതിപ്രവർത്തിച്ചും ഇത്തരം വ്രണങ്ങൾ ഉണ്ടാകാറുണ്ട്. വ്രണങ്ങളിൽ ആന്റിസെപ്റ്റിക് മരുന്നുകൾ, അനസ്തെറ്റിക് മരുന്നുകൾ എന്നിവ പുരട്ടുന്നത് നല്ലതാണ്. വ്രണങ്ങൾ പഴുക്കാതിരിക്കുന്നതിനും ആഹാരം കഴിക്കുമ്പോൾ വേദന കുറയ്ക്കുന്നതിനും ഇത് സഹായകമാകും. വൈറ്റമിൻ ബി അടങ്ങിയ ടോണിക് ഉപയോഗിക്കുന്നത് നല്ലതാണ്.[28]

വൈറ്റമിനുകളുടെ അഭാവം മൂലമുണ്ടാകുന്ന ജിൻജിവൈറ്റിസ് തിരുത്തുക

വൈറ്റമിൻ സി-യുടെ കുറവും മോണ രോഗത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. ചുവന്നു തുടുത്ത് സ്പോഞ്ച് പോലെയുള്ള വീക്കം മോണയിൽ ഉണ്ടാകാറുണ്ട്. അതോടൊപ്പം രക്തസ്രാവമുണ്ടാവുക പതിവാണ്. വൈറ്റമിൻ സി-യുടെ കുറവുമൂലമുണ്ടാകുന്ന ഈ മോണവീക്കം സ്കർവി (Scurvy) എന്നറിയപ്പെടുന്നു.[29]

മുൻവരിപ്പല്ലുകൾക്കുണ്ടാകുന്ന ദന്തക്ഷതം തിരുത്തുക

(Traumatic injuries to anterior teeth).

കുട്ടികളിൽ ഓട്ടത്തിനും ചാട്ടത്തിനും കളിക്കും ഇടയ്ക്ക് മറിഞ്ഞുവീഴലും മുൻവരിപല്ല് പൊട്ടലും ഒക്കെ സ്വാഭാവികമാണ്. അതിവേഗം ഓടുന്ന അതലറ്റുകളിലും സൈക്ളിങ് താരങ്ങളിലും മുൻവരിപ്പല്ലുകളുടെ പരിക്ക് കൂടുതലായി കാണാറുണ്ട്. മോണയിലുണ്ടാകുന്ന മുറിവിൽനിന്ന് അമിത രക്തസ്രാവം ഉണ്ടായാൽ വൃത്തിയുള്ള പഞ്ഞിയോ തുണിയോ ഉപയോഗിച്ച് രക്തം വരുന്ന ഭാഗത്ത് അമർത്തി പിടിച്ചാൽ രക്തസ്രാവം തടയാൻ സാധിക്കും. അപകടം പിണയുമ്പോൾ ബോധക്ഷയം ഉണ്ടാകാനും സാധ്യതയുണ്ട്. ഈ അവസരത്തിൽ തല ചരിച്ചുപിടിച്ച് കിടത്തുകയും വായ്ക്കകത്ത് രക്തം കട്ടപിടിച്ചു കിടക്കുന്നുവെങ്കിൽ അത് നീക്കം ചെയ്യുകയും വേണം. ഈ അവസ്ഥ സംജാതമായാലുടൻതന്നെ പ്രാഥമിക വൈദ്യപരിചരണവും തുടർന്ന് ദന്തചികിത്സയും ആവശ്യമുണ്ട്.[30]

പല്ലിനുണ്ടാകുന്ന ആഘാതംമൂലം പല്ലിന്റെ മുകൾഭാഗത്തോ വേരിന്റെ ഭാഗത്തോ പല്ലിന് മൊത്തത്തിലോ പരിക്ക് സംഭവിക്കാം. പല്ലിന്റെ അനുബന്ധ കലകൾ, പല്ലുമായി ചേർന്നിരിക്കുന്ന എല്ലുകൾ, മോണ എന്നീ ഭാഗങ്ങൾക്കും കേടുവരാം. താടിയെല്ലുകൾക്കും മുൻവരി പല്ലുകൾക്കും ഉണ്ടാകുന്ന ക്ഷതങ്ങൾ കൂടുതലും 6-12 വയസ്സ് പ്രായമുള്ള കുട്ടികളിലാണ് കണ്ടുവരുന്നത്. പെൺകുട്ടികളേക്കാൾ ആൺകുട്ടികളിലാണ് വീഴ്ച കൊണ്ടുള്ള അപകടങ്ങൾ, പ്രത്യേകിച്ചും മുൻവരിയിലെ സ്ഥിരം പല്ലുകളുടെ പൊട്ടൽ കണ്ടുവരുന്നത്. കീഴ്ത്താടിയെല്ലിനും മിക്കപ്പോഴും പൊട്ടൽ സംഭവിക്കാറുണ്ട്.

1 മുതൽ 3 വരെ വയസ്സു പ്രായമുള്ള കുട്ടികളിലെ പാൽപ്പല്ലുകൾക്കും താടിയെല്ലിനും ക്ഷതം ഉണ്ടാകാറുണ്ട്. പിച്ചവച്ചു നടക്കുമ്പോഴും ഓടിക്കളിക്കുമ്പോഴും ആണ് ഇതിനുള്ള സാധ്യത ഏറുന്നത്. ഇങ്ങനെയുണ്ടാകുമ്പോൾ നിർബന്ധമായും ശിശു ദന്തരോഗ ചികിത്സാവിദഗ്ദ്ധന്റെ ഉപദേശം തേടുകയും ആവശ്യമെങ്കിൽ വിദഗ്ദ്ധചികിത്സ നടത്തുകയും വേണം. മുളച്ചുവരുന്ന സ്ഥിരം പല്ലുകൾക്ക് കേടുപാടുണ്ടാകാതെ സൂക്ഷിക്കുന്നതിനുകൂടി വേണ്ടിയാണിത്.

മുൻവരിപ്പല്ലുകൾക്ക് സംഭവിക്കുന്ന പൊട്ടലുകൾ പലതരത്തിൽ ഉണ്ടാകാം. പല്ലിന്റെ ഒരറ്റം പൊട്ടിപ്പോവുകയോ പല്ലിന്റെ ക്രൌൺ (ദന്തശീർഷം) പൂർണമായി പൊട്ടിപ്പോവുകയോ ആകാം. പല്ലിന്റെ പൊട്ടൽ ചിലപ്പോൾ ഇനാമലിനെ മാത്രം ബാധിക്കുന്നു. ചിലപ്പോൾ ഇനാമലും ഡെന്റിനും ചേർന്ന് ക്രൌൺ പൊട്ടിപ്പോകും. പല്ലിന്റെ ജീവനുള്ള ഭാഗമായ പൾപ്പ് പുറത്തുവരുന്ന തരത്തിലുള്ള പൊട്ടലും ഉണ്ടാകാം. പല്ലിന്റെ ക്ഷതം ഇനാമലിനെ മാത്രമോ, ഇനാമലിനെയും ഡെന്റിനെയും ഒരുമിച്ചോ ബാധിച്ചാൽ പല്ലിന്റെ അതേ നിറത്തിലുള്ള കോമ്പോസിറ്റ് (composite) പോലുള്ള പദാർഥം ഉപയോഗിച്ച് പുനഃസൃഷ്ടി നടത്താനാവും. പൊട്ടൽ പൾപ്പിനെയുംകൂടി ബാധിച്ചാൽ വേരുചികിത്സയും തുടർന്ന് ക്യാപ് (Jacket crown) ഉൾപ്പെടെയുള്ള ചികിത്സാവിധികളും സ്വീകരിച്ച് പ്രശ്നം പരിഹരിക്കുകയും മുഖസൗന്ദര്യം നിലനിർത്തുകയും ചെയ്യാം. ആഘാതത്തിന്റെ വ്യാപ്തി അനുസരിച്ച് കുറേക്കാലത്തിനുശേഷം മുൻവരിപ്പല്ലുകൾക്ക് നിറവ്യത്യാസം കണ്ടെന്നുവരാം.

കുട്ടികളുടെ പല്ലുകൾക്ക് ക്ഷതം സംഭവിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. പല്ലിന്റെ പൊട്ടിപ്പോയ ഭാഗങ്ങൾ തൊണ്ടയിൽ കുടുങ്ങാതെ വായ്ക്കുള്ളിൽനിന്ന് നിശ്ശേഷം എടുത്തുമാറ്റൻ ശ്രദ്ധിക്കണം. വായ്ക്കുള്ളിൽനിന്നും പരിസരത്തുനിന്നും എടുത്തു മാറ്റുന്ന പൊട്ടിപ്പോയ ഭാഗങ്ങൾ വൃത്തിയാക്കി നനഞ്ഞ പഞ്ഞിയിൽ പൊതിഞ്ഞോ വെള്ളത്തിലിട്ടോ സൂക്ഷിച്ചുവയ്ക്കണം. എത്രയും പെട്ടെന്ന് ഒരു ശിശു ദന്തരോഗചികിത്സാവിദഗ്ദ്ധന്റെ സേവനം നേടുകയും വേണം. ചികിത്സയ്ക്കു പോകുമ്പോൾ പൊട്ടിയ പല്ലിന്റെ ഭാഗം നിർബന്ധമായും കൊണ്ടുപോകേണ്ടതുണ്ട്. ഇത് രണ്ടുതരത്തിൽ പ്രയോജനപ്പെടും. തൊണ്ടയ്ക്കുള്ളിലോ മുറിവുകൾക്കുള്ളിലോ പല്ലിന്റെ പൊട്ടിയ കഷണങ്ങൾ കുടുങ്ങികിടക്കാതെ പൂർണമായും പുറത്ത് എടുത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്താൻ കഴിയുമെന്നതാണ് ഒന്നാമത്തെ പ്രയോജനം. ഒപ്പം ചില രാസപദാർഥങ്ങൾ ഉപയോഗിച്ച് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകാത്തവിധം, പൊട്ടിപ്പോയ ഭാഗങ്ങൾ ഒട്ടിച്ചു ചേർക്കാനാകുമോ എന്നും പരിശോധിക്കാൻ കഴിയും.

ഇടിയുടെ ആഘാതംമൂലം പല്ലുകൾ താടിയെല്ലിനുള്ളിലേക്കോ പുറത്തേക്കോ നീങ്ങാനിടയുണ്ട് (displacement of teeth).[31] പല്ലിനെ ഉറപ്പിച്ചുനിർത്തുന്ന ആൽവിയോളാർ അസ്ഥിക്കുണ്ടാകുന്ന ഒടിവാണ് പല്ലിന്റെ നീക്കത്തിനു കാരണമാകാറുള്ളത്. ഇങ്ങനെ വന്നാൽ പല്ലിനെ പൂർവസ്ഥിതിയിലാക്കി 'സ്പ്ളിന്റിങ്' (splinting) അല്ലെങ്കിൽ കമ്പിയുപയോഗിച്ചു കെട്ടി (wiring) ദന്തമൂലം ഉറപ്പിച്ചുനിർത്തുന്ന ചികിത്സാവിധി നിലവിലുണ്ട്. ഇതുമൂലം നാല് മുതൽ ആറ് വരെ ആഴ്ചകൊണ്ട് പല്ലിനെ പൂർണമായി താടിയെല്ലിൽ ഉറപ്പിക്കാൻ സാധിക്കും. എന്നാൽ, ചില സന്ദർഭങ്ങളിൽ മുൻവരിപ്പല്ലുകൾ പൂർണമായി താടിയെല്ലിൽനിന്ന് ഇളകിപ്പോയി എന്നു വരാം. നഷ്ടപ്പെട്ട പല്ലുകൾ കണ്ടെടുത്താൽ ഈ പല്ലുകൾ തിരികെ തത്സ്ഥാനത്ത് പല്ലിന്റെ സോക്കറ്റിൽ (socket) ഉറപ്പിക്കുവാൻ കഴിയും. ഈ ചികിത്സാവിധിയെ റീഇംപ്ലാന്റേഷൻ (Reimplantation)[32] എന്നു പറയുന്നു. ഇതിനായി ഊരിപ്പോയ പല്ലുകൾ കഴുകിയെടുത്ത് നനഞ്ഞ പഞ്ഞിയിൽ പൊതിഞ്ഞുവയ്ക്കുകയോ, ഉപ്പുകലർന്ന വെള്ളത്തിലോ പാലിലോ അപകടം സംഭവിച്ച കുട്ടിയുടെ ഉമിനീരിലോ മുക്കിവയ്ക്കുകയോ ചെയ്യേണ്ടതുണ്ട്. ഇത് പല്ലിന്റെ ജീവൻ നഷ്ടപ്പെടാതെ താടിയെല്ലിൽ നിലനിർത്തുന്നതിന് സഹായകമാകും. ഇത്തരം ചികിത്സയുടെ വിജയസാധ്യത ഊരിപ്പോയ പല്ലുകൾ എത്രയുംവേഗം തത്സ്ഥാനത്ത് ഉറപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഇളകിപ്പോയ പല്ലുകൾ മുപ്പതു മിനിറ്റുകൾക്കകംതന്നെ താടിയെല്ലിനുള്ളിൽ ഉറപ്പിച്ചു വയ്ക്കാൻ സാധിച്ചാൽ 90% വിജയസാധ്യതയുണ്ട്.

എന്നാൽ പാൽപ്പല്ലുകളാണ് താടിയെല്ലുകളിൽനിന്ന് ഊരിപ്പോയത് എങ്കിൽ അവ തത്സ്ഥാനത്ത് തിരിച്ച് ഉറപ്പിക്കേണ്ടതില്ല.

മേൽവിവരിച്ച ചികിത്സാവിധികളൊക്കെ കാലതാമസം കൂടാതെയും വിദഗ്ദ്ധോപദേശം തേടിയും നടത്താൻ കഴിഞ്ഞെങ്കിൽ മാത്രമേ വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ.

കുട്ടികളിൽ കാണുന്ന ചില ദുശ്ശീലങ്ങളും ദന്താരോഗ്യപ്രശ്നങ്ങളും തിരുത്തുക

ശീലദുശ്ശീലങ്ങൾ ഒരു കുഞ്ഞിന്റെ പിറവിയോടൊപ്പംതന്നെ വളർന്നുവരും. ഇവയിൽ വായ് സംബന്ധമായ ശീലക്കേടുകൾ അനവധിയാണ്. ചിലത് സഹജവും മൂന്ന് വയസ്സുവരെ സ്വാഭാവികവുമായിരിക്കും. മൂന്നുവയസ്സു കഴിഞ്ഞും ഇവ തുടർന്നുപോവുകയാണെങ്കിൽ പല്ലുകളുടെ ക്രമീകരണത്തെയും മുഖകാന്തിയെയും ബാധിക്കാം. വിരൽ ഊറൽ, വായിൽ ക്കൂടിയുള്ള ശ്വസനം, നാക്ക് തള്ളൽ, ചുണ്ട് കടിക്കൽ, ചുണ്ട് ഊറൽ, പല്ലിറുമ്മൽ, നഖം കടിക്കൽ എന്നിവ കുട്ടികളിൽ കാണുന്ന ചില ദുശ്ശീലങ്ങളാണ്. ഈ ശീലങ്ങളുടെ അടിസ്ഥാനകാരണങ്ങൾ എന്താണെന്നു കണ്ടുപിടിക്കേണ്ടതുണ്ട്.

വിരൽ ഊറൽ ശീലം തിരുത്തുക

(Thumb sucking habit)

ഊറുക എന്നത് ശിശുക്കളുടെ സഹജവാസനയാണ്. അതുകൊണ്ടാണ് അവർ വിരലുകളും മറ്റു വസ്തുക്കളും ഊറാൻ താത്പര്യം കാണിക്കുന്നത്. ഈ ശീലം കുഞ്ഞുങ്ങൾക്ക് സുരക്ഷിതത്വവും സന്തോഷവും നല്കുന്നു. ആദ്യത്തെ ആറുമാസമെങ്കിലും കുഞ്ഞിന് മുലപ്പാൽ കൊടുക്കണം. മുലപ്പാൽ വലിച്ചെടുക്കുന്നത് മുഖത്തിന്റെയും വായുടെയും പേശികളുടെയും വളർച്ചയ്ക്കാവശ്യമാണ്. കുപ്പിപ്പാൽ ശീലിപ്പിക്കുന്ന കുഞ്ഞുങ്ങളിൽ മുഖം വികലമാകാനിടയുണ്ട്. കുപ്പിപ്പാൽ കുടിക്കുന്ന ശീലം 2-3 വയസ്സുവരെ തുടരുന്ന കുഞ്ഞുങ്ങളിൽ വിരൽ ഊറൽ ശീലവും നാക്ക് തള്ളൽ ശീലവും കണ്ടുവരുന്നു. കുട്ടിക്ക് അമ്മയുടെ പരിലാളനയും ചൂടും ലഭിക്കാതെ വരുന്നതുകൊണ്ടാണ് ഈ രീതിയിലുള്ള ദുശ്ശീലങ്ങൾ സംജാതമാകുന്നത്. മിക്ക കുട്ടികളും ഒന്നോ അതിലധികമോ വിരലുകൾ ഊറുന്നതും സാധാരണമാണ്. ഭൂരിഭാഗം കുട്ടികളും തള്ളവിരലുകളാണ് ഊറുന്നത്. ഉദ്യോഗസ്ഥകളായ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളുടെ സംരക്ഷണം ആയമാരെ ഏല്പിക്കുന്ന രീതി സർവസാധാരണമായിട്ടുണ്ട്. ഈ കുട്ടികൾക്ക് അമ്മയുടെ ലാളനക്കുറവ് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഇത് കുഞ്ഞിന് മാനസികമായി സുരക്ഷിതക്കുറവ് ഉണ്ടാക്കും. (വിരൽ ഊറൽ ശീലത്തിലേക്ക് വഴുതിമാറുന്നത് മുലപ്പാൽ കുടിക്കുമ്പോഴും ദൃശ്യമാകാറുണ്ട്.) സുരക്ഷിതത്വവും ആനന്ദവും ലഭിക്കാതെവരുമ്പോൾ കുഞ്ഞുങ്ങൾ സ്വയം അറിയാതെ വിരൽ ഊറിത്തുടങ്ങുന്നു. ഈ ശീലം 3-4 വയസ്സുവരെ സ്വാഭാവികമാകാം. ഇത് പിന്നീടും അനുസ്യൂതം തുടർന്നാൽ പല്ലിന്റെ ക്രമീകരണത്തെയും വായുടെ ശരിയായ വളർച്ചയെയും ബാധിക്കും. കുട്ടികളുടെ മുൻവരിപ്പല്ലുകൾക്ക് തള്ളൽ, പല്ലുകൾക്കിടയിൽ വിടവ്, ഉച്ചാരണശുദ്ധിക്കുറവ്, വായ് അടയ്ക്കുമ്പോൾ താഴത്തെ നിരയിലെയും മുകളിലത്തെ നിരയിലെയും പല്ലുകൾ കടിച്ചുപിടിക്കാൻ കഴിയാതെവരൽ തുടങ്ങിയവ കണ്ടുവരുന്നു. അതിനാൽ ഈ ശീലം മാറ്റിയെടുത്തില്ലെങ്കിൽ കുട്ടിയുടെ മുഖത്തിന്റെ ആകൃതിയെത്തന്നെ പ്രതികൂലമായി ബാധിക്കും.

സാധാരണയായി 4 മുതൽ 5 വരെ വയസ്സിനകം വിരൽ ഊറൽ സ്വഭാവം സ്വതേ നിന്നിരിക്കും. എന്നാൽ ഈ ശീലം പിന്നീടും തുടരുന്നുവെങ്കിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മാതാപിതാക്കൾ കുട്ടിക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുകയും തങ്ങളുടെ വാത്സല്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതിലൂടെ കുട്ടിയിൽ സുരക്ഷിതത്വബോധം ഉളവാക്കുവാനും കുട്ടി വിരൽ ഊറുന്നത് നിർത്തുവാനും സാധിക്കും.

വായിൽ ഇടുന്ന വിരലുകളിൽ കയ്പുള്ള ചെന്നിക്കായം പോലെയുള്ള വസ്തുക്കൾ പുരട്ടുകയോ ബാൻഡേജ് ചെയ്യുകയോ ചെയ്താൽ ഒരു പരിധിവരെ ഇതു തടയാം. മിക്ക കുട്ടികളിലും ഉറങ്ങുമ്പോഴാണ് ഈ ശീലം കൂടുതലായി കണ്ടുവരുന്നത്. ഉറങ്ങാൻ കിടക്കുന്ന സമയത്ത് വിരലുകൾ മറയത്തക്കവിധം നീണ്ട കൈയുള്ള ഉടുപ്പുകൾ ധരിപ്പിച്ചാൽ കുറച്ചു ദിവസത്തിനകം ഈ ശീലം പാടെ നിർത്തുന്നതായിട്ടാണ് നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്.

നാക്ക് തള്ളൽ ശീലം തിരുത്തുക

(Tongue thrusting habit)

കുട്ടികളിൽ കാണപ്പെടുന്ന മറ്റൊരു ദുശ്ശീലമാണ് ഇത്.[33] നവജാതശിശുക്കളിൽ നാക്ക് കീഴ്ത്താടിയേക്കാൾ വലുതാകുന്നതു മൂലമാണ് ഇതു സംഭവിക്കുന്നത്. ഉമിനീർ വിഴുങ്ങുമ്പോൾ നാക്ക് മുന്നോട്ടു തള്ളിവരുന്നത് സ്വാഭാവികമാണ്. പല്ലുകൾ മുളച്ചുവരുമ്പോൾ ഇതു താനേ ക്രമീകരിക്കപ്പെട്ടുകൊള്ളും. എന്നാൽ ചില കുട്ടികളിൽ പല്ലുകൾ മുളച്ചുകഴിഞ്ഞതിനുശേഷം ഉമിനീർ ഉൾപ്പെടെയുള്ളവ വിഴുങ്ങുമ്പോൾ നാക്ക് തള്ളിവരുന്നതായി കാണാറുണ്ട്. വിരലൂറൽ സ്വഭാവമുള്ള കുട്ടികളിലും നാക്ക് തള്ളൽ സ്വഭാവം കണ്ടുവരുന്നു. അസാധാരണമായി നാക്ക് തള്ളൽ ഉള്ള കുട്ടികളിൽ മുൻവരിപ്പല്ലുകൾക്ക് തള്ളൽ, വിടവ്, ഉച്ചാരണശുദ്ധിക്കുറവ് തുടങ്ങിയവ കണ്ടുവരുന്നു. ഏതു തരത്തിലുള്ള നാക്ക് തള്ളലും പരിഹരിക്കാനാകും. നാക്ക് തള്ളൽ സ്വഭാവമുള്ള കുട്ടികളിൽ നാക്കിന് ശരിയായ പരിശീലനം നല്കുകയാണ് ആവശ്യം. ഒപ്പം ചൂളംവിളി, കോട്ടുവായിടൽ, കുലുക്കുഴിയൽ തുടങ്ങിയ വ്യായാമ മുറകളും അനുവർത്തിക്കേണ്ടിവരും. ദിനംപ്രതി 60-70 തവണ ഇത് ആവർത്തിച്ചു ചെയ്യണം. നാക്കിന്റെ പേശിബലം വർധിക്കാനാണിത്. ഈ പരിശീലനവും വ്യായാമ മുറകളുംകൊണ്ട് നാക്ക് തള്ളൽ ശീലം പരിഹരിക്കാനാകാതെവരുമ്പോൾ ഒരു വിദഗ്ദ്ധ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഹാബിറ്റ് റിമൈൻഡർ (Habit reminder)[34] എന്ന ഉപകരണം ഉപയോഗിക്കേണ്ടിവരും.

വായിൽക്കൂടി ശ്വസിക്കുന്ന ശീലം തിരുത്തുക

(Mouth breathing habit)

വായിൽക്കൂടി സ്ഥിരമായി ശ്വാസം വിടുന്നതാണ് കുഞ്ഞുങ്ങളിൽ കാണുന്ന മറ്റൊരു ശീലം.[35] ചില കുട്ടികളിൽ മൂക്കിന്റെ പാലം വളഞ്ഞിരിക്കുക, മൂക്കിൽ ദശ വളരുക, മൂക്കിൽക്കൂടിയുള്ള ശ്വസനരീതിക്ക് തടസ്സമുണ്ടാവുക തുടങ്ങിയവ മൂലമാണ് വായിൽക്കൂടി ശ്വസിക്കേണ്ടിവരുന്നത്. ഈ അവസരങ്ങളിൽ ഒരു ഇ.എൻ.ടി. സർജന്റെ ഉപദേശം തേടേണ്ടതുണ്ട്. എന്നാൽ ഈ പറഞ്ഞ തടസ്സങ്ങൾ ഒന്നുമില്ലാതെ വായിൽക്കൂടിയുള്ള ശ്വസനരീതി ശീലമാക്കിയ കുഞ്ഞുങ്ങളുമുണ്ട്. ചുണ്ട് കൂട്ടിപ്പിടിക്കാത്തതിനാൽ വായിലൂടെ ശ്വസിക്കുന്ന കുഞ്ഞുങ്ങളുടെ വായ് എളുപ്പത്തിൽ ഉണങ്ങിവരണ്ടുപോകും. ഇത്തരം ദുശ്ശീലമുള്ള കുട്ടികളിലെ മുൻവരിപ്പല്ലുകൾക്ക് തള്ളലും വിടവുമുണ്ടാകുന്നു. മുൻവരിപ്പല്ലുകളുടെ മോണ ചുവന്നുതടിച്ച് അണുബാധയുണ്ടാകുന്നതും സാധാരണമാണ്. കുട്ടിക്ക് മൂക്കിലൂടെയുള്ള ശ്വസനരീതിക്ക് ഒരു തടസ്സവുമില്ലെന്ന ഉറപ്പ് വരുത്തിയതിനുശേഷം ഓറൽ സ്ക്രീൻ[36] പോലുള്ള ഉപകരണം നിർമിച്ച് വിശ്രമസമയങ്ങളിലും രാത്രികാലങ്ങളിലും ഉപയോഗിക്കാനായി നല്കാൻ ഒരു വിദഗ്ദ്ധ ദന്തഡോക്ടർക്ക് കഴിയും. ഇത്തരം ഉപകരണങ്ങൾ വായിലൂടെയുള്ള ശ്വസനരീതിയെ തടഞ്ഞ് ചുണ്ടുകൾ കൂട്ടിപ്പിടിപ്പിക്കുന്നതിന് പരിശീലനം നല്കും.

ചുണ്ട് കടിക്കൽ തിരുത്തുക

(Lip biting)

ചുണ്ട് കടിക്കൽ കുട്ടികളിൽ ഒരു ദുഃസ്വഭാവമായി മാറാറുണ്ട്.[37] സംസാരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ചുണ്ടുകളുടെ സന്തുലിതമായ പ്രവർത്തനം അനിവാര്യമാണ്. ചുണ്ട് കടിക്കുമ്പോൾ കിട്ടുന്ന സുഖാനുഭൂതി കുട്ടിക്ക് തുടർന്നുള്ള നാളുകളിൽ ചുണ്ടുകൾ ആവശ്യത്തിന് പൂട്ടിവയ്ക്കാനാകാത്ത സ്ഥിതിവിശേഷം ഉണ്ടാക്കും. കീഴ്ച്ചുണ്ടിലോ മേൽച്ചുണ്ടിലോ അസ്വാഭാവികത ജനിപ്പിക്കുകയും ചെയ്യും.

പല്ലിറുമ്മൽ തിരുത്തുക

(Bruxism)

 
പല്ലിറുമ്മൽ

കുട്ടികളിൽ കാണുന്ന മറ്റൊരു വൈകൃതമാണ് പല്ലിറുമ്മൽ.[38] മാനസിക പിരിമുറുക്കമുള്ളവരിലും വിരശല്യമുള്ളവരിലും ഈ ശീലം ഏറിയ തോതിൽ കണ്ടുവരാറുണ്ട്. ഇത് പാൽപ്പല്ലുകളിലും സ്ഥിരം പല്ലുകളിലും തേയ്മാനം ഉണ്ടാക്കുന്നതിനിടയാക്കും. ഇത് ഏറെ വർഷം തുടരാൻ അനുവദിച്ചാൽ കീഴ്ത്താടിയെല്ലിന്റെ കുഴയ്ക്ക് തേയ്മാനം വരും. കുട്ടികളിൽ പല്ലിറുമ്മൽ അസ്വാഭാവികമായി കണ്ടുതുടങ്ങിയാൽ താമസിയാതെ വിദഗ്ദ്ധ ഡോക്ടറുടെ നിർദ്ദേശം തേടണം.

നഖം കടിക്കൽ തിരുത്തുക

(Nail biting)

 
നഖം കടിയന്റെ വിരലുകൾ

കുട്ടികളിൽ കണ്ടുവരുന്ന മറ്റൊരു ദുശ്ശീലമാണ് നഖം കടിക്കൽ.[39] ഇത് 4-6 വയസ്സിൽ വർധിച്ച തോതിലായിരിക്കും. 7-10 വയസ്സിൽ ഈ സ്വഭാവത്തിന് തെല്ലൊരു അറുതി വന്നേക്കാം. എന്നാൽ 10 വയസ്സ് കഴിയുന്നതോടെ ക്രമാതീതമായ അളവിൽ ഇതു വർധിക്കുന്നു. പരീക്ഷ ഉൾപ്പെടെയുള്ള ഉൾഭയം ജനിപ്പിക്കുന്ന സന്ദർഭങ്ങളിലും മാനസിക പിരിമുറുക്കമുള്ളപ്പോഴുമാണ് നഖം കടിക്കൽ സ്വഭാവം കൂടുതൽ വഷളാകുന്നത്. പല്ലുകൾക്ക് വളവ്, തിരിവ് തുടങ്ങിയ പലവിധ പ്രശ്നങ്ങൾ നഖം കടിയിലൂടെ ഉണ്ടാകാം.

ചെറുപ്രായത്തിൽ തുടങ്ങുന്ന ഇത്തരം ദുശ്ശീലങ്ങൾ തുടക്കത്തിൽത്തന്നെ മാറ്റുന്നതിന്റെ ഉത്തരവാദിത്തം മാതാപിതാക്കൾക്കാണ്. ശൈശവകാലം മുതൽതന്നെ ദന്താരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ നല്കേണ്ടത് ആരോഗ്യമുള്ള പൗരന്മാരെ സൃഷ്ടിക്കാൻ അത്യന്താപേക്ഷിതമാണ്.

ദന്തരോഗത്തിന്റെ പ്രതിരോധ മാർഗങ്ങൾ തിരുത്തുക

കുട്ടികളുടെ ദന്തരോഗങ്ങൾ തടയുന്നതിന് പ്രധാനമായി അഞ്ച് കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്.

വായിലെ ശുചിത്വം തിരുത്തുക

പല്ല് മുളയ്ക്കുന്നതിനു മുമ്പുതന്നെ ശിശുവിന്റെ മോണ വൃത്തിയാക്കിത്തുടങ്ങണം. വൃത്തിയും മാർദവവുമുള്ള നനഞ്ഞ തുണിയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. കുഞ്ഞിന് പാൽ കൊടുത്തതിനുശേഷം മോണ വൃത്തിയാക്കുന്നതാണ് ഏറ്റവും ഉചിതം.

വായിൽ പല്ല് മുളച്ചുവന്നുതുടങ്ങുമ്പോൾ കുട്ടികൾക്കായി രൂപകല്പന ചെയ്തിട്ടുള്ള ചെറിയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കണം. ആദ്യത്തെ പല്ല് മുളച്ചുതുടങ്ങുമ്പോൾ മുതൽ ബ്രഷ് ചെയ്യൽ തുടങ്ങാം. ചെറിയ കുട്ടികൾക്ക് രണ്ടരവയസ് വരെ ബ്രഷ് ചെയ്തു കൊടുക്കണം. എന്നാൽ ആരംഭത്തിൽത്തന്നെ ഇത് കുട്ടിക്ക് ഇഷ്ടമില്ലാത്ത കാര്യമായി മാറാൻ അവസരമൊരുക്കരുത്. ചെറിയ കുട്ടികൾ സാധാരണയായി മുതിർന്നവരെ അനുകരിക്കാൻ താത്പര്യം കാണിക്കാറുണ്ട്. അതിനാൽ രക്ഷാകർത്താക്കൾ ശരിയായ രീതിയിൽ ബ്രഷ് ചെയ്യുന്നത് കാണാനുള്ള അവസരം ഉണ്ടാക്കികൊടുക്കുകയും കുട്ടികളെ ബ്രഷ് ചെയ്യുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. രണ്ടരവയസ്സു മുതൽ 6-7 വയസ്സുവരെയുള്ള കുട്ടികൾ മാതാപിതാക്കളുടെ മേൽനോട്ടത്തിലായിരിക്കണം ബ്രഷ് ചെയ്യേണ്ടത്.

ടൂത്ത് പേസ്റ്റ് തീരെ കുറച്ച് ഉപയോഗിച്ചാൽ മതിയാകും. വെള്ളം കുലുക്കിത്തുപ്പാൻ കുട്ടി പഠിച്ചുകഴിഞ്ഞാൽ (ഏകദേശം രണ്ടര മൂന്നു വയസ്സ് കഴിയുന്നതോടെ) ഒരു പയർമണിയുടെ വലിപ്പത്തിൽ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്: പല്ലുകൾ വൃത്തിയാക്കുന്നത് പേസ്റ്റ് അല്ല; ശരിയായ രീതിയിലുള്ള ബ്രഷിങ് ആണ്. പല്ലുകളുടെമേൽ അടിഞ്ഞുകൂടുന്ന ഡെന്റൽ പ്ളാക്ക് നീക്കം ചെയ്യാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം പല്ലുകളുടെ അകവും പുറവും ചവയ്ക്കുന്ന ഭാഗവും ഓരോ പല്ലിന്റെ ഇടയും ബ്രഷ് ചെയ്യുക എന്നതാണ്. പല്ലുകളിന്മേൽ അല്പം ചരിച്ച് (45o) ബ്രഷ് വയ്ക്കുക; ഒരു ഭാഗത്തെ ഏതാനും പല്ലുകളുടെ മുകളിൽ വട്ടത്തിൽ ബ്രഷ് ചെയ്യുക. അങ്ങനെ എല്ലാ പല്ലുകളും വൃത്തിയാക്കണം. രാവിലേയും വൈകിട്ടും പല്ലുകൾ തേക്കണം. ഏകദേശം 2-3 മിനിറ്റ് എങ്കിലും ബ്രഷ് ചെയ്യണം. ബ്രഷിന്റെ നാരുകൾ ഉപയോഗമനുസരിച്ച് വളയാൻ സാധ്യതയുണ്ട്. അതിനാൽ രണ്ടുമാസത്തിൽ ഒരിക്കൽ ബ്രഷ് മാറ്റേണ്ടതായി വരാം.

കുട്ടികളെ ചെറുപ്പത്തിൽത്തന്നെ ദന്തപരിചരണത്തിന്റെ പ്രാധാന്യം പറഞ്ഞുമനസ്സിലാക്കണം. അത് ശീലിപ്പിക്കുകയും വേണം. ശരിയായ രീതിയിലുള്ള ബ്രഷിങ്ങിലൂടെ വായിലും പല്ലിലും പറ്റിപ്പിടിച്ചിരിക്കുന്ന ആഹാര അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സാധിക്കും. ഡെന്റൽ പ്ലാക്കിനെ നിയന്ത്രിക്കുന്നതുവഴി ദന്തക്ഷയവും പല്ല് വൃത്തിയാക്കുന്നതിലുള്ള അവഗണനമൂലമുണ്ടാകുന്ന ജിൻജിവൈറ്റിസും തടയാൻ കഴിയും.

ആഹാര ക്രമീകരണം തിരുത്തുക

പല്ലിനുണ്ടാകുന്ന കേട് ആഹാരശീലവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടെക്കൂടെ മധുരപലഹാരങ്ങളും പഞ്ചസാരയും ഫെർമെന്റബിൾ കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നവർക്ക് രോഗസാധ്യതയേറും. പല്ല് മുളച്ചുതുടങ്ങിയ കുട്ടിക്ക് ഒരു നിയന്ത്രണവുമില്ലാതെ കുപ്പിപ്പാൽ കൊടുക്കുന്നത് നല്ലതല്ല. രാത്രിയിലും പകലും മധുരപാനീയങ്ങളോ പാലോ അടങ്ങിയ കുപ്പിയുടെ നിപ്പിൾ വളരെയേറെ സമയം ഉറിഞ്ചാൻ അനുവദിക്കരുത്; ആഹാരം കൊടുത്തു കഴിഞ്ഞാൽ ഉടനെ മാറ്റണം. ആഹാരം കൊടുത്തതിനുശേഷം പല്ലും മോണയും വൃത്തിയാക്കണം. കൂടെക്കൂടെ മുലപ്പാൽ കൊടുക്കുന്ന ശീലം ഒഴിവാക്കണം. സദാ സമയവും കുപ്പിപ്പാൽ കൊടുക്കുന്ന കുഞ്ഞുങ്ങളിൽ പല്ലുകൾ ദ്രവിക്കാനുള്ള സാധ്യത ഏറെയാണ്. രാത്രിയിൽ കുപ്പിപ്പാൽ കൊടുത്ത് ശീലിപ്പിച്ചിട്ടുള്ള കുട്ടികളിൽ പാലിനു പകരം വെള്ളം കൊടുത്ത് ശീലിപ്പിക്കുക. ആദ്യം കുട്ടിക്ക് പ്രയാസം അനുഭവപ്പെടുന്നുവെങ്കിൽ വെള്ളവും ജൂസും കലർത്തികൊടുക്കുക. ക്രമേണ ജൂസിന്റെ അളവ് കുറച്ചുകൊണ്ടുവരികയും വെള്ളം മാത്രം ആക്കുകയും ചെയ്യുക. കേക്ക്, കാന്റി, ബിസ്ക്കറ്റ് തുടങ്ങിയ പഞ്ചസാര അധികമുള്ളവ നല്കുന്നതിനു പകരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പാൽ ഉത്പന്നങ്ങൾ എന്നിവ പ്രായമനുസരിച്ചു കൊടുക്കുക. കൂടുതൽ തവണ ലഘു ഭക്ഷണം കഴിക്കുന്ന കുട്ടിയാണെങ്കിൽ ഓരോ തവണയും വായ് കുലുക്കുഴിയുന്നതിനും ലഘുഭക്ഷണം കഴിഞ്ഞ് പല്ല് ബ്രഷ് ചെയ്യുന്നതിനും ശീലിപ്പിക്കണം. പ്രധാന ആഹാരത്തോടൊപ്പം മാത്രം കാർബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കൊടുക്കുന്നതാണ് ഉചിതം. കഴിക്കുന്ന കൊഴുപ്പും പ്രോട്ടീനുകളും കാർബോഹ്രൈഡേറ്റിൽനിന്ന് ഉണ്ടാകുന്ന ആസിഡിനെ ഒരു പരിധിവരെ നിർവീര്യമാക്കുന്നു.

ഫ്ലൂറൈഡുകളുടെ ഉപയോഗം തിരുത്തുക

ഫ്ലൂറൈഡിന് പല്ലിന്റെ കേട് തടയാൻ കഴിവുണ്ട്. ഫ്ലൂറൈഡ് അടങ്ങിയ വെള്ളം, ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ്, ഫ്ലൂറൈഡ് അടങ്ങിയ മൗത്ത് റിൻസസ് മുതലായവയുടെ ഉപയോഗം പല്ലിന്റെ ഇനാമൽ പ്രതലത്തിന് ആസിഡിനെ ചെറുത്തുനിർത്താനുള്ള ശേഷിയുണ്ടാക്കിയെടുക്കുന്നു. അതായത് ഇനാമലിലെ ഹൈഡ്രോക്സി ആപറ്റൈറ്റ് ക്രിസ്റ്റലുകളെ ഫ്ലൂറാപ്പിറൈറ്റ് ക്രിസ്റ്റലുകളാക്കി മാറ്റുന്നു. ഇതിന് പല്ലിന്റെ കേടിനെ തടയാനാകുന്നു. കുടിവെള്ളത്തിലൂടെ ഫ്ളൂറൈഡ് ലവണം നിരന്തരമായി ഉള്ളിലെത്തിയാൽ പല്ലുകളെയും എല്ലുകളെയും ഫ്ലൂറോസിസ് എന്ന വൈകല്യം ബാധിക്കാം.

ഫിഷർ സീലിങ് തിരുത്തുക

(Flssure sealing)

പല്ലിന്റെ പ്രതലത്തിൽ അനേകം വിടവുകളും കുഴികളും ഉണ്ട്. പല്ല് മുളച്ചുവരുന്ന ഉടൻതന്നെ ഇത്തരം വിടവുകളും കുഴികളും റെസിൻ പോലെയുള്ള പദാർഥം ഉപയോഗിച്ച് സീൽ ചെയ്താൽ ആഹാരപദാർഥങ്ങളും അവശിഷ്ടങ്ങളും അടിയാതിരിക്കാൻ സഹായിക്കുന്നു. അങ്ങനെ ദന്ത ദ്രവത്തെ തടയാൻ കഴിയും.[40]

ക്രമമായ ദന്തപരിശോധന തിരുത്തുക

പല്ല് മുളച്ചതിനുശേഷം ആറുമാസത്തിലൊരിക്കൽ കുട്ടികളെ ദന്തപരിശോധനയ്ക്കു വിധേയമാക്കണം. പല്ലുകൾ ദ്രവിക്കാൻ സാധ്യതയുണ്ടോ എന്ന് അറിയുവാനും പല്ലുകൾ സംരക്ഷിക്കുന്നതിനുവേണ്ട മുൻകരുതലുകൾ ഉപദേശിക്കുവാനും ഡോക്ടർമാർക്കു കഴിയും. മാതാപിതാക്കൾക്ക് ദന്തസംരക്ഷണത്തെക്കുറിച്ചുള്ള ശാസ്ത്രീയ അറിവ് പകർന്നു കൊടുക്കാൻ ഈ അവസരം ഉപകരിക്കുന്നു. ദന്തരോഗങ്ങൾ വന്നിട്ടുണ്ടെങ്കിൽ ആരംഭദശയിൽത്തന്നെ ചികിത്സിച്ചു ഭേദമാക്കാൻ ക്രമമായ ദന്ത പരിശോധനമൂലം സാധിക്കും. കുട്ടികളിൽ ദന്തസംരക്ഷണ മാർഗങ്ങളിൽ താത്പര്യവും അറിവും ഉണ്ടാക്കിയെടുക്കാനും ഇതുവഴി കഴിയും.

ആധുനിക ഗവേഷണങ്ങൾ തിരുത്തുക

ടെസ്റ്റ് ട്യൂബ് പല്ലുകൾ തിരുത്തുക

ജനിതകരംഗത്തെ (Genetics) ഗവേഷണങ്ങളിലൂടെ കൃത്രിമപ്പല്ലുകളുടെ സ്ഥാനത്ത് സ്വാഭാവിക പല്ലുകൾ രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.[41] ഈ സാങ്കേതികവിദ്യ പ്രയോഗത്തിൽ വരുന്നതോടെ ഓരോ രോഗിയുടെയും വ്യക്തിഗത ജീൻ സവിശേഷതകൾ കണക്കിലെടുത്ത് രോഗിക്കാവശ്യമായ സേവനം പ്രദാനം ചെയ്യുന്നതിന് ദന്തഡോക്ടർമാർക്ക് കഴിയും. സെൽ ബയോളജിയിലും ടിഷ്യുഎൻജിനീയറിങ് ടെക്നോളജിയിലും കൈവന്ന പുരോഗതിയിലൂടെ പ്രകൃതിദത്തമായ പല്ലിനു പകരം അതേ സ്വഭാവ വിശേഷമുള്ള പല്ലുകളുടെ രൂപവത്കരണത്തിന് സാധ്യതയേറിയിരിക്കുന്നു. ഈ ദിശയിലുള്ള ഗവേഷണ നിരീക്ഷണങ്ങൾ ടെസ്റ്റ് ട്യൂബ് പല്ലുകളെ രൂപപ്പെടുത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

1980-കളുടെ അവസാനത്തോടെ ഹാർവാഡ് മെഡിക്കൽ സ്കൂളിലെ ജോസഫ് പി. വക്കാന്റി എന്ന അവയവ മാറ്റിവയ്ക്കൽ സർജൻ ആണ് കൃത്രിമ അവയവങ്ങൾക്കു പകരമായി ടെസ്റ്റ് ട്യൂബ് അവയവങ്ങൾ എന്ന സിദ്ധാന്തം പ്രയോഗത്തിൽ വരുത്തുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇതിന് തുടർച്ചയായി ബോസ്റ്റണിലെ പമീല സി. എലിക്, ജോൺ പി. ബാർട്ട്ലർ എന്നിവരാണ് ടെസ്റ്റ് ട്യൂബ് പല്ലുകളുടെ സാദ്ധ്യതകളെക്കുറിച്ച് ഗവേഷണം തുടങ്ങിവച്ചത്. പാൽപ്പല്ലുകളുടെയും സ്ഥിരം പല്ലുകളുടെയും രൂപാന്തരപ്രക്രിയകളിൽ ഊന്നൽ നല്കിയാണ് ഈ രംഗത്തെ ഗവേഷണം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യ പല്ലുകൾ, തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ ചെറുതും സരളവുമായ ഒരു അവയവം എന്ന നിലയിൽ സാധാരണക്കാർക്ക് തോന്നുമെങ്കിലും ഏകദേശം പതിനാലുമാസത്തെ വളർച്ചയിലൂടെ രൂപാന്തരപ്പെടുന്ന ഒന്നാണ്. ടിഷ്യു എൻജിനിയർമാർ പല്ലുകളുടെ രൂപാന്തരപ്പെടലിനെക്കുറിച്ച് അതിസൂക്ഷ്മമായ നിരീക്ഷണ ഗവേഷണങ്ങൾ നടത്തുകയാണ്. 6-7 ആഴ്ച നീണ്ടുനില്ക്കുന്ന ആദ്യഘട്ടത്തിൽ രൂപം പ്രാപിക്കുന്ന മുകുളങ്ങൾ അടുത്ത 6-7 ആഴ്ചകൊണ്ട് ബഡ്ഡ് രൂപത്തിലാകുന്നു. പിന്നീടുള്ള ഒൻപത് ആഴ്ചക്കാലത്തിനുള്ളിൽ അതിന് ക്യാപ് ആകൃതി കൈവരുന്നു. വീണ്ടും പതിനാല് ആഴ്ചകൾ കഴിഞ്ഞിട്ടു മാത്രമേ അത് സാധാരണ പല്ലുകളുടെ രൂപം കൈവരിക്കുകയുള്ളൂ. ഇതിൽ ആദ്യ ഘട്ടത്തിലുള്ള രൂപപരിണാമങ്ങൾ ഗർഭപാത്രത്തിൽ വച്ചുതന്നെ നടക്കുന്നു. കുഞ്ഞ് ജനിച്ചതിനുശേഷം അവസാന ഘട്ടത്തിലാണ് വേരുകൾ രൂപംകൊള്ളുന്നത്. കുഞ്ഞിന് 6 മാസം പ്രായം ആകുമ്പോഴേക്ക് പാൽപ്പല്ലുകൾ മുളച്ചുതുടങ്ങും. ഈ ഘട്ടത്തിൽത്തന്നെ സ്ഥിരം പല്ലുകൾ താടിയെല്ലുകൾക്കുള്ളിൽ രൂപപ്പെട്ടുതുടങ്ങിക്കഴിഞ്ഞിരിക്കും. ഇക്കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ടെസ്റ്റ് ട്യൂബ് പല്ലുകൾക്ക് രൂപംനല്കുന്നതിന് ഗവേഷണങ്ങൾ പുരോഗമിച്ചുവരുന്നത്.

നിലവിലുള്ള ദന്തകോശങ്ങളെ ഉപയോഗപ്പെടുത്തിയോ മറ്റു കോശങ്ങളെ ദന്തകോശങ്ങളായി രൂപാന്തരപ്പെടുത്തിയോ ആണ് ടിഷ്യു എൻജിനീയറിങ്ങിലൂടെ ടെസ്റ്റ് ട്യൂബ് പല്ലുകൾ ഉണ്ടാക്കുന്നത്. രണ്ടു രീതികളും ഘടനാപരമായി മേന്മയാർന്ന സ്വാഭാവിക പല്ലുകളുടെ സൃഷ്ടിക്ക് പ്രയോജനപ്പെടുന്നുവെന്നു കണ്ടുവരുന്നു. ഇനിയുള്ള വെല്ലുവിളികൾ പല്ലുകൾക്കാവശ്യമായ വേരുകൾ വികസിപ്പിക്കലും ബയോഎൻജിനീയേർഡ് ആയിട്ടുള്ള ഈ പല്ലുകൾ വായിൽ ഉറപ്പിക്കുന്നതിനുള്ള അസംസ്കൃതവിഭവങ്ങളെ കണ്ടെത്തലുമാണ്. ഈ ദിശയിലുള്ള പ്രവർത്തനം ധ്രുതഗതിയിൽ പുരോഗമിച്ചുവരുകയാണ്. പല്ലുകളെ എല്ലുകളുമായി ബന്ധിപ്പിക്കുന്നതിന് ജനിതക എൻജിനീയറിങ്ങിൽ കൈവരിക്കുന്ന പുരോഗതി ഇക്കാര്യത്തിൽ നിർണായകമാകും.

കൊഴിഞ്ഞ പാൽപ്പല്ലുകളും സ്റ്റെം സെൽ തെറാപ്പിയും തിരുത്തുക

 
സ്റ്റെംസെല്ലിന്റെ ഉപയോഗം

സ്റ്റെം സെൽ തെറാപ്പി (Stem cell therapy)[42] എന്ന ഒരുതരം ചികിത്സാപദ്ധതി വൈദ്യശാസ്ത്രമേഖലയിൽ വൻ പ്രാധാന്യം നേടിയെടുത്തിട്ടുണ്ട്. രോഗചികിത്സയ്ക്കും മുറിവുകൾ ഉണക്കുന്നതിനും ഉൾപ്പെടെ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ പുതിയ കോശങ്ങൾ പ്രദാനം ചെയ്യുന്നതിന് സ്റ്റെം സെൽ ട്രാൻസ് പ്ലാന്റേഷൻ ഉപയോഗപ്പെടുത്താൻ തുടങ്ങിക്കഴിഞ്ഞു. രക്താർബുദം ബാധിച്ച രോഗികളിൽ വിജയകരമായി ഈ ചികിത്സാരീതി പ്രയോഗിക്കുന്നു. എന്നാൽ ഇതിനാവശ്യമായ കോശസംഭരണത്തിൽ പ്രായോഗികമായ ബുദ്ധിമുട്ടുകൾ നിരവധിയാണ്. പാർക്കിൻസൺസ് രോഗചികിത്സയ്ക്ക് ഈ ചികിത്സാപദ്ധതി പ്രയോജനപ്രദമായി മാറിയിട്ടുണ്ട്.

മൂന്നുതരത്തിലുള്ള സ്റ്റെം സെൽ തെറാപ്പിയുണ്ട്.

  1. ഫീറ്റൽ സ്റ്റെം സെൽ തെറാപ്പി ഒന്നുമുതൽ മൂന്നുവരെ മാസം വളർച്ചയുള്ള ഗർഭം അലസിപ്പിച്ചു ശേഖരിക്കുന്ന കോശങ്ങളെയാണ് ഇതിൽ ഉപയോഗപ്പെടുത്തുന്നത്.
  2. അഡൽറ്റ് സ്റ്റെം സെൽ തെറാപ്പി എല്ലുകൾക്കുള്ളിലെ മജ്ജയിൽനിന്ന് (bone marrow) ശേഖരിക്കുന്ന കോശങ്ങളെയാണ് പ്രയോജനപ്പെടുത്തുന്നത്.
  3. ഹോൾ(Whole) കോർഡ് ബ്ലഡ് സ്റ്റെം സെൽ തെറാപ്പി നവജാതശിശുക്കളുടെ പൊക്കിൾക്കൊടിയിലെ രക്തം ഉപയോഗപ്പെടുത്തിയാണ് ഈ ചികിത്സാപദ്ധതി പ്രയോഗിക്കുന്നത്.

ഈ മൂന്ന് സ്രോതസ്സുകളിലും കോശങ്ങൾ ശേഖരിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും പലവിധ പ്രായോഗിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട്. എന്നാൽ ഈ മേഖലകളിൽ കുട്ടികളുടെ പാൽപ്പല്ലുകൾക്ക് ഏറെ സഹായം നല്കാനാകും എന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. പാൽപ്പല്ലുകൾ കൊഴിയുന്ന മാത്രയിൽത്തന്നെ ശേഖരിച്ച് വേണ്ടവിധം സംസ്കരിച്ചാൽ സ്റ്റെം സെൽ തെറാപ്പിക്ക് പ്രയോജനപ്പെടുത്താനാകുമെന്ന് നൂതന ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിനായി കൊഴിയുന്ന പാൽപ്പല്ലുകൾ ഉടൻതന്നെ ശേഖരിച്ച് ശീതീകരിച്ച പാലിൽ സൂക്ഷിക്കണം. ഓറൽ സർജറി രംഗത്ത് വിപ്ളവകരമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്രോതസ്സ് വൻരീതിയിൽ പ്രയോജനപ്പെടുമെന്നാണ് കരുതപ്പെടുന്നത്.[43]

അവലബം തിരുത്തുക

  1. "പിഡോഡോണ്ടിക്സ്". Archived from the original on 2011-03-09. Retrieved 2011-01-22.
  2. "പാൽപ്പല്ലുകൾ". Archived from the original on 2010-09-23. Retrieved 2011-01-25.
  3. പാൽപ്പല്ലിന്റെ ക്രമീകരണം
  4. "മിശ്രദന്ത സംവിധാനം". Archived from the original on 2010-12-18. Retrieved 2011-01-25.
  5. സ്ഥിരം പല്ലുകൾ
  6. നേറ്റൽ പല്ലുകൾ
  7. "നിയോനേറ്റൽ റ്റീത്ത്". Archived from the original on 2010-12-22. Retrieved 2011-01-26.
  8. "റ്റീത്തിങ് സിക്നസ്സ്". Archived from the original on 2011-08-29. Retrieved 2011-01-26.
  9. ഹെറിഡിറ്ററി എക്റ്റോഡേർമൽ ഡിസ്പ്ളാസിയ
  10. അമിലോജനെസിസ് ഇംപെർഫക്റ്റ
  11. ഡെന്റിനോജനെസിസ്
  12. ഓബ്റ്റൂറേറ്റർ
  13. "മുച്ചുണ്ടും അണ്ണാക്കിലെ വിള്ളലും". Archived from the original on 2011-06-16. Retrieved 2011-01-26.
  14. "എൻഡോഡോന്റിക് ചികിത്സ". Archived from the original on 2011-06-29. Retrieved 2011-01-27.
  15. ഏർലി ചൈൽഡ്ഹുഡ് കാരിസ്
  16. നഴ്സിങ് ദന്തക്ഷയം
  17. ഇറപ്ഷൻ ജിൻജിവൈറ്റിസ്
  18. "റ്റീത്തിങ് സിക്നെസ്". Archived from the original on 2011-08-29. Retrieved 2011-01-26.
  19. "പെരികൊറോണൈറ്റിസ്". Archived from the original on 2011-01-26. Retrieved 2011-01-27.
  20. "ഡെന്റൽ പ്ലാക്ക്". Archived from the original on 2011-01-18. Retrieved 2011-01-27.
  21. ജുവനൈൽ പെരിയോഡോൺടൈറ്റിസ്
  22. അക്യൂട്ട് അൾസറേറ്റിവ് ജിൻജിവൈറ്റിസ്
  23. സെൻസറി ഗാംഗ്ലിയോണിൺ
  24. ലേബിയൽ ഹെർപ്പിസ്
  25. പ്രൈമറി ഹെർപ്പറ്റിക് ജിൻജിവോസ്റ്റോമറ്റൈറ്റിസ്
  26. ജിൻജിവൽ എൻലാർജ്മെന്റ്
  27. പ്രതിരോധ രോഗം
  28. "ആപ്തസ് വ്രണങ്ങൾ". Archived from the original on 2011-03-10. Retrieved 2011-01-27.
  29. സ്കർവി
  30. മുൻവരിപ്പല്ലുകൾക്കുണ്ടാകുന്ന ദന്തക്ഷതം
  31. "ഡിസ്പ്ലേസ്മെന്റ് ഓഫ് റ്റീത്ത്". Archived from the original on 2011-01-13. Retrieved 2011-01-27.
  32. റീഇംപ്ലാന്റേഷൻ
  33. "നാക്ക് തള്ളൽ ശീലം". Archived from the original on 2011-08-12. Retrieved 2011-01-27.
  34. "ഹാബിറ്റ് റിമൈൻഡർ". Archived from the original on 2011-11-14. Retrieved 2011-01-27.
  35. വായിൽക്കൂടി ശ്വസിക്കുന്ന ശീലം
  36. ഓറൽ സ്ക്രീൻ
  37. ചുണ്ട് കടിക്കൽ
  38. "പല്ലിറുമ്മൽ". Archived from the original on 2011-08-19. Retrieved 2011-01-27.
  39. നഖം കടിക്കൽ
  40. "ഫിഷർ സീലിങ്". Archived from the original on 2011-01-11. Retrieved 2011-01-28.
  41. ടെസ്റ്റ് ട്യൂബ് പല്ലുകൾ
  42. "സ്റ്റെം സെൽ തെറാപ്പി". Archived from the original on 2011-01-08. Retrieved 2011-01-28.
  43. സ്റ്റെം സെൽ തെറാപ്പി

പുറംകണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദന്താരോഗ്യം കുട്ടികളിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.