സംസ്കൃത ഗദ്യകാവ്യമാണ് ദശകുമാരചരിതം. ദണ്ഡിയാണ് (7-ആം ശതകം) ദശകുമാരചരിതത്തിന്റെ രചയിതാവ്[1]. സംസ്കൃത ഗദ്യവിഭാഗത്തിൽ സുബന്ധുവിന്റെ വാസവദത്ത, ബാണഭട്ടന്റെ കാദംബരി, ഹർഷചരിതം എന്നിവയാണ് ഉപലബ്ധമായ മറ്റു പ്രധാന കൃതികൾ. ദണ്ഡിയുടെ പൂർവികർ ഗുജറാത്തിൽനിന്ന് ദക്ഷിണദേശത്തെ പല്ലവ രാജധാനിയായ കാഞ്ചിയിൽ എത്തിയവരാണ്. മഹേന്ദ്രവിക്രമപല്ലവന്റെ പിൻഗാമികളായ പരമേശ്വരവർമൻ ഒന്നാമൻ, നരസിംഹവർമൻ രണ്ടാമൻ എന്നിവരുടെ ആസ്ഥാനപണ്ഡിതനായിരുന്നു ദണ്ഡി. 'ത്രയോ ദണ്ഡിപ്രബന്ധാഃ' എന്ന ചൊല്ലനുസരിച്ച് ദണ്ഡി മൂന്ന് കൃതികൾ രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു. കാവ്യാദർശം, ഛന്ദോവിചിതി, ദശകുമാരചരിതം എന്നിവയാണ് അവ. ദശകുമാരചരിതം പേര് സൂചിപ്പിക്കുന്നതുപോലെ രാജഹംസ മഹാരാജാവിന്റെയും മന്ത്രിമാരുടെയും മക്കളായ പത്ത് കുമാരന്മാരുടെ കഥകളാണ്. ദശകുമാരചരിതം പൂർണരൂപത്തിൽ ലഭിച്ചിട്ടില്ല. തന്മൂലം ഗ്രന്ഥത്തിന്റെ മുമ്പും പിമ്പുമായി പൂർവപീഠികയും ഉത്തരപീഠികയും ചേർത്ത രൂപത്തിലാണ്. അവ പില്ക്കാലത്ത് എഴുതിച്ചേർത്തതാകാനാണ് സാധ്യത. അവന്തിസുന്ദരീകഥ എന്ന പേരിൽ പ്രസിദ്ധമായ കഥയുടെ സംഗൃഹീതരൂപമാണ് ദശകുമാരചരിതം എന്നും പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

മാളവരാജാവുമായുണ്ടായ യുദ്ധത്തിൽ പരിക്കേറ്റ് വനത്തിൽ വസിക്കുന്ന രാജാവിന് വസുമതിയെന്ന രാജ്ഞിയിൽ രാജവാഹനനെന്ന പുത്രൻ ജനിക്കുന്നു. മന്ത്രിമാരായ സുമതി, സുമന്ത്രൻ, സുമിത്രൻ, സുശ്രുതൻ എന്നിവർക്കും യഥാക്രമം പ്രമതി, മിത്രഗുപ്തൻ, മന്ത്രഗുപ്തൻ, വിശ്രുതൻ എന്നീ കുമാരന്മാർ ജനിച്ചു. കൂടാതെ രാജഹംസന്റെ സുഹൃത്തും മിഥിലയിലെ രാജാവുമായ പ്രഹാരവർമന്റെ പുത്രന്മാരായ അപഹാരവർമൻ, ഉപഹാരവർമൻ എന്നിവരും രത്നോദ്ഭവൻ, കാമപാലൻ, സത്യവർമൻ എന്നിവരുടെ പുത്രന്മാരായ പുഷ്പോദ്ഭവനും അർഥപാലനും സോമദത്തനും ആണ് പത്ത് കുമാരന്മാർ. വാമദേവമഹർഷിയുടെ നിർദ്ദേശാനുസാരം ഈ പത്ത് കുമാരന്മാരും ദിഗ്വിജയത്തിനു പുറപ്പെടുന്നു. പാതാളവിജയത്തിനായി കൂട്ടുകാരെ വിട്ടുപോയ രാജവാഹനൻ കർത്തവ്യനിർവഹണത്തിനുശേഷം തിരിച്ചെത്തുമ്പോഴേക്കും മറ്റ് ഒമ്പത് കുമാരന്മാരും അദ്ദേഹത്തെ തിരഞ്ഞ് ഓരോ ദിക്കിലേക്കു പോയിക്കഴിഞ്ഞിരുന്നു. നടന്നലഞ്ഞ് ഉജ്ജയിനിയിലെത്തിയ രാജവാഹനൻ സുഹൃത്തുക്കളായ സോമദത്തനെയും പുഷ്പോദ്ഭവനെയും കണ്ടെത്തി. അവരുടെ കഥകൾ കേട്ട് ഉജ്ജയിനിയിൽത്തന്നെ താമസവും തുടങ്ങി. രാജവാഹനൻ പിതാവിന്റെ ശത്രുവായ മാനസാരന്റെ പുത്രിയും അതീവസുന്ദരിയുമായ അവന്തിസുന്ദരിയിൽ അനുരക്തനാകുന്നു. ഒരു ഇന്ദ്രജാലക്കാരന്റെ സഹായത്തോടെ അവന്തിസുന്ദരിയെ സ്വന്തമാക്കി. മാനസാരന്റെ സഹോദരീപുത്രനായ ചണ്ഡവർമൻ രാജവാഹനനെ തടവിലാക്കി ആനയെക്കൊണ്ട് ചവിട്ടിക്കൊല്ലിക്കാൻ തുടങ്ങുമ്പോൾ രാജവാഹനനെ ബന്ധിച്ചിരുന്ന വെള്ളിച്ചങ്ങല സ്വയമേവ അഴിഞ്ഞുവീണ് രാജവാഹനൻ രക്ഷപെടുന്നു. അതിനിടയിൽ അപഹാരവർമനെന്ന തോഴൻ ചണ്ഡവർമനെ കൊന്ന് സുഹൃത്തിനെ രക്ഷിക്കാൻ എത്തിയിരുന്നു. തുടർന്ന് എല്ലാ സുഹൃത്തുക്കളും ഒത്തുചേരുന്നു. അപഹാരവർമൻ, ഉപഹാരവർമൻ, അർഥപാലൻ, പ്രമതി, മിത്രഗുപ്തൻ, മന്ത്രഗുപ്തൻ, വിശ്രുതൻ എന്നിവരും സ്വന്തം സാഹസകഥകൾ വർണിക്കുന്നു. പിതാവായ രാജഹംസന്റെ നിർദ്ദേശാനുസാരം രാജവാഹനൻ മാളവദേശം കീഴടക്കുകയും പുഷ്പപുരത്തിന്റെയും ഉജ്ജയിനിയുടെയും അധികാരമേല്ക്കുകയും ചെയ്യുന്നു. മറ്റു കുമാരന്മാരും ഓരോ നാടിന്റെ ആധിപത്യം ഏറ്റെടുക്കുന്നു.

ഈ കഥയിൽ ജീവിതത്തിന്റെ നാനാ തുറകളിൽപ്പെട്ട ഒട്ടനവധി കഥാപാത്രങ്ങൾ രംഗത്തു വരുന്നുണ്ട്. കന്യാഹരണം, രാജ്യവിപ്ളവം, ആഭിചാരം, ഗണികാവൃത്തി മുതലായവയുടെ ചിത്രീകരണത്തിലൂടെ പ്രാചീനഭാരതത്തിലെ യഥാർഥജീവിതം ദശകുമാരചരിതം അനാവരണം ചെയ്യുന്നു. വിധിക്കും ഈശ്വരഹിതത്തിനും പരമപ്രാധാന്യം നല്കുന്നതാണ് ദണ്ഡിയുടെ ജീവിതദർശനം. യാദൃച്ഛിക സംഭവങ്ങളിൽ കഥ വളരുകയും വിസ്മയകരമായ രീതിയിൽ പുരോഗമിക്കുകയും ചെയ്യുന്നു.

ദശകുമാരചരിതം ഡൽഹിയിൽനിന്ന് മുൻഷീ റാം മനോഹർ ലാൽ പബ്ലിഷേഴ്സ് 1982-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുണ്ടൂർ സുകുമാരൻ രചിച്ച മലയാള കൃതി കേരള സാഹിത്യ അക്കാദമി 1980-ൽ പ്രസിദ്ധീകരിച്ചു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-11-21. Retrieved 2009-11-21.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദശകുമാരചരിതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദശകുമാരചരിതം&oldid=3634504" എന്ന താളിൽനിന്ന് ശേഖരിച്ചത്