ദണ്ഡകാരണ്യ പുനരധിവാസ പദ്ധതി

ദണ്ഡകാരണ്യ പുനരധിവാസ പദ്ധതി, 1950-ൽ രൂപം കൊണ്ടത്, ഇന്ത്യാ വിഭജനത്തിനുശേഷം കിഴക്കൻ ബംഗാളിൽ നിന്നെത്തിയ അഭയാർഥികളെ പാർപ്പിക്കാനായിരുന്നു[1],[2][3]. മധ്യപ്രദേശിലെ ബസ്തറും, ഒഡീഷയിലെ കോരാപുത്, കാലഹണ്ടി ജില്ലകളുടെ ഭാഗങ്ങളും അന്നത്തെ ആന്ധ്രപ്രദേശിലെ ചെല ഭാഗങ്ങളും ഉൾപെടുന്ന വനപ്രദേശമായിരുന്ന ദണ്ഡകാരണ്യം ഗോത്രവർഗക്കാരുടേയും വാസസ്ഥലമായിരുന്നു. ബസ്തർ ജില്ല ഇപ്പോൾ ഛത്തീസ്ഗഢ് സംസ്ഥാനത്തിലാണ്, മുമ്പ് സംയുക്ത ആന്ധ്രപ്രദേശിൽ ഉൾപെട്ടിരുന്ന സ്ഥലങ്ങൾ ഇപ്പോൾ തെലംഗാണയിലാണ്.

ദണ്ഡകാരണ്യമേഖല (പഴയ ബസ്തർ നാട്ടുരാജ്യം)

പശ്ചാത്തലം

തിരുത്തുക

സ്വാതന്ത്ര്യലബ്ധിയോടൊപ്പം ഇന്ത്യയും പാകിസ്താനും രണ്ടു സ്വതന്ത്ര രാഷ്ടങ്ങളായി വിഭജിക്കപ്പെട്ടു. ബംഗാൾ പ്രസിഡൻസിയുടെ കിഴക്കൻ മേഖല പൂർവപാകിസ്താൻ എന്നപേരിൽ പാകിസ്താൻറെ ഭാഗമായി. തുടർന്നുണ്ടായ കോളിളക്കങ്ങൾ കാരണം ലക്ഷക്കണക്കിന് കുടുംബങ്ങൾ പശ്ചിമ ബംഗാളിലും ആസാമിലും ഇതര അയൽസംസ്ഥാനങ്ങളിലും അഭയം തേടി. ഇവരിൽ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു[4],[5]. 1946 മുതൽ പലപ്പോഴായി ഉണ്ടായ മത സ്പർധകളും രാഷ്ട്രീയ അസ്ഥിരതകളും കാരണം അഭയാർഥി പ്രവാഹം തുടർന്നുകൊണ്ടേയിരുന്നു. കൊൽക്കത്തയിലും പരിസരങ്ങളിലും അഭയാർഥിസംഖ്യ നിയന്ത്രണാതീതമായി വർധിച്ചു. 1971 ഡിസമ്പർ കണക്കനുസരിച്ച് കൊൽക്കത്തയിൽ മാത്രം അഭയാർഥി സംഖ്യ എഴുപതു ലക്ഷത്തോളമായി[6]. ജനജീവിതത്തെ ഇതു സാരമായി ബാധിച്ചു[7]. ദേശവ്യാപകമായിത്തീർന്ന ഈ പ്രശ്നം പരിഹരിക്കാനായാണ് ഭാരത സർക്കാർ 1950-ൽ ദണ്ഡകാരണ്യ പുനരധിവാസ പദ്ധതി നടപ്പിലാക്കിയത്[1]. ആൻഡമാൻ ദ്വീപുകൾ കേന്ദ്രീകരിച്ചും ഒരു സമാന്തര പദ്ധതി പരിഗണനയിലുണ്ടായിരുന്നു[8],[9]. ബംഗ്ലാദേശ് സ്വാതന്ത്ര്യസമരക്കാലത്ത് ഇന്ത്യയിലെത്തിയ അഭയാർഥികളും ദണ്ഡകാരണ്യത്തിലാണ് പാർപ്പിക്കപ്പെട്ടത്[10].

80,000 ചതുരശ്ര മൈൽ വിസ്തീർണമുള്ള ദണ്ഡകാരണ്യം എന്നറിയപ്പെട്ട വനമേഖലയിൽ അഭയാർഥികളെ പാർപ്പിക്കാൻ തീരുമാനമായി. മേഖലയുടെ സമഗ്ര വികസനത്തിനായി ദണ്ഡകാരണ്യ ഡവലെപ്മെൻറ് അഥോറിട്ടി( ഡി.ഡി.എ) നിലവിൽ വരികയും പുനരധിവാസ പദ്ധതി ഡി.ഡി.എയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാവുകയും ചെയ്തു. [1] പദ്ധതിക്കായി ഉദ്ദേശിക്കപ്പെട്ട വനമേഖലയുടെ പകുതി ഭാഗം അതേപടി നിലനിർത്താനും മറുപകുതി അഭയാർഥികൾക്കും ഗോത്രവർഗക്കാർക്കും സമാസമം നീക്കിവെക്കാനുമായിരുന്നു ഡി.ഡി.എ.യുടെ പ്ലാൻ[11]. വികസനത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ റോഡു-റെയിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും, കുടിക്കാനും കൃഷിയാവശ്യങ്ങൾക്കുമായുള്ള ജലവിതരണ സംവിധാനവും, മേഖലയിലേക്ക് വൈദ്യതി എത്തിക്കാനും ആരോഗ്യ-വിദ്യാഭ്യാസ വിഷയങ്ങളിൽ അടിസ്ഥാനസൗകര്യം ഏർപെടുത്താനും ഉദ്ദേശമുണ്ടായിരുന്നു[1]. ഒന്നാം പഞ്ചവത്സര പദ്ധതിയിൽ ഈ പദ്ധതിയും ഉൾപെടുത്തപ്പെട്ടു.

വികസനപ്രവർത്തനങ്ങൾ

തിരുത്തുക
 
ദക്ഷിണപൂർവ റെയിൽവെ മേഖല 1955-ൽ

1990-91ൽ സമർപിക്കപ്പെട്ട പാർലമെൻറ് കമ്മിറ്റി റിപോർട്ട് 25000 കുടുംബങ്ങൾ പുനരധിവസിക്കപ്പെട്ടതായും, 1506 കുഴൽക്കിണറുകളും 523 മൺകിണറുകളും 334കുളങ്ങളും മറ്റും നിർമ്മിക്കപ്പട്ടതായും 400 വീടുകൾക്ക് വിദ്യുച്ഛക്തി ലഭ്യമാക്കിയതായും രേഖപ്പെടുത്തിയിട്ടുണ്ട്[12]. മികച്ച പുരോഗതി ഉണ്ടായത് റെയിൽ മേഖലയിലായിരുന്നു. പൂർവറെയിൽവെ മേഖലയിൽ നിന്ന് ദക്ഷണപൂർവ റെയിൽവെ മേഖല വേർതിരിക്കപ്പെട്ടു[13],[14],[15].

ഏഴാം പഞ്ചവത്സര പദ്ധതി റിപോർട്ടിലും . പാർലമെന്ററി കമ്മറ്റിയുടെ തുടർന്നുള്ള റിപോർട്ടുകളിലും ദണ്ഡകാരണ്യ പ്രൊജക്റ്റിൻറെ പുരോഗതി തൃപ്തകരമല്ല എന്ന പരാമർശമുണ്ട്.[16],[12],[17].

പരാജയകാരണങ്ങൾ

തിരുത്തുക

1958-ൽ പ്രസ്താവിക്കപ്പെട്ട മാസ്റ്റർ പ്ലാൻ 1980 ആയിട്ടും തയ്യാറായില്ല [17]. അതുകൊണ്ടു തന്നെ തുടക്കം മുതൽ ഉദ്ദേശിച്ച വിധം വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാനായില്ല[18],[19],[20],[12]. ഇതിലുപരി ബഹുതലങ്ങളിലായി വേറേയും കാരണങ്ങളുണ്ടായിരുന്നു.

ഔദ്യോഗികതലത്തിൽ

തിരുത്തുക

കേന്ദ്രഗവണ്മെൻറിൻറെ വിവിധ വകുപ്പുകളും മധ്യപ്രദേശ്, പശ്ചിമബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനഗവണ്മെൻറുകളും ഡി.ഡി.എയും ഏകോപിച്ചു പ്രവർത്തിക്കേണ്ടിയിരുന്നു. എന്നാൽ ഇതിൽ ഗുരുതരമായ വീഴ്ചകളുണ്ടായി [12] .

സാമൂഹ്യതലത്തിൽ

തിരുത്തുക

ഗോത്രവർഗക്കാരും അഭയാർഥി സമൂഹവും തമ്മിൽ പ്രശ്നങ്ങളുണ്ടായി[21]. തങ്ങൾക്കവകാശപ്പെട്ട ഭൂമിയിൽ അഭയാർഥികൾ അവകാശം സ്ഥാപിക്കുകയാണെന്ന് ഗോത്രവർഗക്കാർ ആശങ്കപ്പെട്ടു. ജാതിവ്യവസ്ഥ( caste ) സംഗതികളെ കൂടുതൽ സങ്കീർണമാക്കി. ബംഗാളി അഭയാർഥികളിൽ ഭൂരിഭാഗവും നാമശുദ്ര, പൗണ്ഡ്ര ഖത്രിയസമൂഹത്തിൽ പെട്ടവരായിരുന്നു[22]. പശ്ചിമബംഗാളിൽ ഇവർ പട്ടികവർഗത്തിൽ പെട്ടവരായിരുന്നെങ്കിലും , മധ്യപ്രദേശിലും ഒഡീഷയിലും സ്ഥിതി അതായിരുന്നില്ല. ഇത് ഏറെ ആശയക്കുഴപ്പങ്ങളും പ്രായോഗികതലത്തിൽ ബുദ്ധിമുട്ടുകളും ഉണ്ടാക്കി. [23].

പരിസ്ഥിതി പ്രശ്നങ്ങൾ

തിരുത്തുക

ഭാഗികമായി കാടുവെട്ടിത്തെളിയിക്കാതെ പുനരധിവാസപദ്ധതി നടപ്പിലാക്കാനാവുമായിരുന്നില്ല. എന്നാൽ ഇതോടെ തങ്ങളുടെ ജീവനോപാധികൾ നശിപ്പിക്കപ്പെടുകയാണെന്ന് ഗോത്രവർഗക്കാർ ഭയന്നു. ഈർപവും വളക്കൂറുമല്ലാത്ത മണ്ണിൽ കൃഷി സാധ്യമല്ലായിരുന്നു. അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ അഭയാർഥികളിൽ കുറെയേറെ പേർ കൂട്ടത്തോടെ കാംപ് ഉപേക്ഷിച്ചു[17]

രാഷ്ട്രീയ പ്രേരകങ്ങൾ

തിരുത്തുക

1950 -മുതൽ 1977 വരെ കോൺഗ്രസിന് മുൻതൂക്കമുള്ള കൂട്ടുമന്ത്രി സഭകളായിരുന്നു പശ്ചിമബംഗാൾ ഭരിച്ചത്. അഭയാർഥി പ്രശ്നം കൊടുമ്പിരി കൊണ്ട കാലഘട്ടത്തിൽ പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷം ബംഗാളി അഭയാർഥികളെ ബംഗാളിൽത്തന്നെ പുനരധിവസിപ്പിക്കണമെന്ന വാദഗതിക്കാരായിരുന്നു[24]. 1977-ൽ പശ്ചിമബംഗാളിൽ ജ്യോതി ബാസുവിൻറെ നേതൃത്വത്തിൽ ഇടതുപക്ഷം അധികാരമേറ്റു[25]. സാഹചര്യങ്ങൾ തങ്ങൾക്കനുകൂലമായിരിക്കുമെന്ന ധാരണയോടെ ദണ്ഡകാരണ്യ അഭയാർഥികാംപിൽ നിന്ന് നിവാസികൾ കൂട്ടത്തോടെ വീണ്ടും പശ്ചിമബംഗാളിലേക്ക് തിരിച്ചെത്തി, മരിച്ഝാംപി ദ്വീപിൽ കുടിയേറി[17],[22],[24].

ഏതാണ്ട് ഇതേ കാലയളവിൽത്തന്നെയാണ് ദണ്ഡകാരണ്യ മേഖലയിൽ മാവോയിസ്റ്റ് തീവ്രവാദികളുടെ സ്വാധീനം അനുഭവപ്പെടാൻ തുടങ്ങിയതും.[26].

അനന്തരഫലങ്ങൾ

തിരുത്തുക

മരിച്ഝാംപി ദ്വീപിൽ അഭയാർഥികൾ കുടിയേറിയതിനെ പശ്ചിമബംഗാൾ ഗവണ്മെൻറ് അനധികൃത കുടിയേറ്റമായാണ് കണ്ടത്. ദണ്ഡകാരണ്യത്തിലെ കാംപുകളിലേക്ക് തിരിച്ചു ചെല്ലാൻ അഭയാർഥികളിൽ സമ്മർദ്ദം ചെലുത്തപ്പെട്ടു. ജ്യോതിബാസു ഗവണ്മെൻറ് ദ്വീപ് ഉപരോധിക്കുകയും പൊലീസ് വെടിവെപ്പ് നടത്തുകയും ചെയ്തു[27]. മരിച്ഝാംപി കൂട്ടക്കൊല എന്ന പേരിൽ ഈ സംഭവം അറിയപ്പെടുന്നു[24],[28].


  1. 1.0 1.1 1.2 1.3 "Estimates Committee 1959-60: 97th Report(Second Loksabha) Ministry of Rehabilitation- Dandakaranya Project" (PDF). eparlib.nic.in. Lok Sabha Secretariat. 1960-04-26. p. 1-2. Retrieved 2020-01-10.
  2. "Dandakaranya Project: Estimates Committee Report (1964-65), Ministry of Rehabilitation (Third Lok Sabha)" (PDF). eparlib.nic.in. Parliament of India, Lok Sabha Digital Library,. 1965-04-05. Retrieved 2020-01-23.{{cite web}}: CS1 maint: extra punctuation (link)[പ്രവർത്തിക്കാത്ത കണ്ണി]
  3. Chatterji, Joya (2007). Spoils of Partition: Bengal and India, 1947-67. Cambridge: Cambridge University Press. pp. 136. ISBN 9781139468305.
  4. Shamshad, Rizwana (2017). Bangladeshi Migrants in India : Foreigners,Refugees or Infiltrators?. New Delhi: Oxford University Press. ISBN 9780199091591.
  5. Roy, Tathagata (2007). A Suppressed chapter in history: the exodus of Hindus from East Pakistan and Bangladesh 1947-2006. New Delhi: Bookwell. ISBN 9788189640439.
  6. Cutts, Mark, ed. (2000). The State of World Refugees, 2000: Fifty years of Humanitarian Action. Oxford: UNCHR, Oxford University Press. p. 65.
  7. Sengupta, Anwesha (2017-01-01). ""They must have to go therefore, elsewhere": Mapping the Many Displacements of Bengali Hindu Refugees from East Pakistan, 1947 to 1960s" (PDF). tiss.edu. Public Arguments Series 2. Tata Institute of Social Sciences, Patna Centre. p. 5. Retrieved 2020-01-11.
  8. Lorea, Carola Erika (2017). "Bengali Settlers in the Andaman islands: the performance of homeland". iias.asia. International Institute for Asian Studies. Retrieved 2020-01-11.
  9. Sen, Udit (2017-07-01). "Memories of Partition's 'Forgotten Episode': Refugee Resettlement in the Andaman Islands" (PDF). edoc.hu.berlin.de. Südasien-Seminar der Humboldt-Universität zu Berlin. ISBN 9783860043301. Retrieved 2020-01-11.
  10. Datta, Antara (2012). Refugees and Borders in South Asia : The Great Exodus of 1971. London: Routledge. pp. 123–154. ISBN 9781136250361.
  11. "Estimates Committee, 1959-60: 97th Report (Second Loksabha), Ministry of Rehabilitation - Dandakaranya Project" (PDF). eparlib.nic.in. Loksabha Secretariat. 1960-04-26. p. 18 (53). Retrieved 2020-01-10.
  12. 12.0 12.1 12.2 12.3 "Fourth Report (1990-91) on: Action taken by Government on the Recommendation contained in the 70th Report of Estimates Committee (Eighth Lok Sabha) on the Ministry of Home Affairs (Rehabilitation)-Rehabilitation of Migrants from East Bengal" (PDF). eparlib.nic.in. Parliament of India: Lok Sabha Digital Library. 1990-08-09. Retrieved 2020-01-11.
  13. "History of Bengal Nagpur Railway" (PDF). ser.indianrailways.gov.in. Archived from the original (PDF) on 2018-05-17. Retrieved 2020-01-13.
  14. "Reminiscences : Erstwhile Dandakaranya-Bolangir-Kirandi Railway". railnews.in. 2016-04-19. Retrieved 2020-01-13.
  15. Gopal, Madhu B (2016-04-16). "Rail Zone History poised to repeat itself in Vizag". thehindu.com. The Hindu. Retrieved 2020-01-13.
  16. "Seventh Five Year Plan 1985-90 (Vol.II)". Web. archive.org. Government Of India, Ministry Of Human Resource Development,Department Of Education with National Informatics Centre. p. 394. Archived from the original on 2012-02-04. Retrieved 2020-01-13.{{cite web}}: CS1 maint: bot: original URL status unknown (link)
  17. 17.0 17.1 17.2 17.3 "Second Report(1980-81) on Action taken by Government on the recommendations contained in the thirteenth report of estimates committee (Sixth Lok sabha) on the Ministry of Supply and Rehabilitation(Department of Rehabilitation) Dandakaranya Project-Exodus of Settlers" (PDF). eparlib.nic.in. Lok Sabha Digital Library. 1980-12-03. pp. 5 (1.15), 6(1.18). Retrieved 2020-01-10.
  18. Gupta, Saibal Kumar (1965-01-02). "Dandakaranya, A Survey of Rehabilitation : The state of Agriculture" (PDF). Economic Weekly. Retrieved 2020-01-11.
  19. Gupta, Saibal Kumar (2020-01-09). "Dandakaranya, A Survey of Rehabilitation. II Industries". Economic weekly.
  20. Gupta, Saibal Kumar (1965-01-16). "Dandakarany, A Survey of Rehabilitation. III Other Urban and Semi Urban employment". Economic Weekly.
  21. "Urged upon the Central Government to direct the Government of orissa to exercise its original jurisdiction under the Constitution of India, as an autonomous body, and to restore the lands of the tribals captured by the refugees and illegal immigrants of Bangladesh in the name of Dandakaranya Project" (PDF). eparlib.nic.in. Parliament of India  : Lok Sabha Digital Library. 2001-08-10. Retrieved 2020-01-10.
  22. 22.0 22.1 Sengupta, Debjani (2011-05-26). "From Dandakaranya to Morichjhapi: Rehabilitation, Representation and the partition of Bengal (1947)" (PDF). shodhganga.inflibnet.ac.in. Retrieved 2020-01-11.
  23. "Second Report(1980-81) on Action taken by Government on the recommendations contained in the thirteenth report of estimates committee (Sixth Lok sabha) on the Ministry of Supply and Rehabilitation(Department of Rehabilitation) Dandakaranya Project-Exodus of Settlers" (PDF). eparlib.nic.in. Parliament of India :Lok Sabha Digital Library. 1980-12-03. pp. 8–9, 11(1.33). Retrieved 2020-01-10.
  24. 24.0 24.1 24.2 Mallick, Ross (2015-07-14). "Refugee resettlements in forest reserves: West Bengal policy reversals and the Marichjhapi massacre". The Journal of Asian Studies,58(1) February 1999: 104–125. doi:10.2307/2658391.
  25. "West Bengal Assembly Election Results 1977". elections.in. Election Commission of India. Retrieved 2020-01-13.
  26. Sahoo, Niranjan (2019-06-13). "Half a century of India's Maoist insurgency". orfonline.org. ORF. Retrieved 2020-01-13.
  27. Roy, Biswajit (2010-01-18). "Controversies that dogged the pragmatic chief minister". thetelegraphindia.com. The Telegraph. Retrieved 2020-01-14.
  28. Bandyopadhyay, Biswajit (2012-02-19). "The Tale of Marchjhapi: Review of the book "Marchjhapi- Chhinna desh, chhinna Itihash". radicalsocialist.in. Archived from the original on 2020-05-12. Retrieved 2020-01-14.