ഇറ്റലിയിലെ ത്രെന്തോസ് നഗരത്തിൽ 1475-ൽ രണ്ടുവയസ്സിനടുത്ത പ്രായത്തിൽ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ ശിശുവാണ് ത്രെന്തോസിലെ സൈമൺ. പെസഹാതിരുനാളിനു കാണാതായ സൈമന്റെ മൃതദേഹം ഉയിർപ്പുഞായറാഴ്ച ഒരു അഴുക്കു ചാലിൽ കണ്ടുകിട്ടിയതിനെ തുടർന്ന്,[1] ആ സംഭവത്തിൽ നഗരത്തിലെ യഹൂദസമൂഹം കുറ്റവാളികളായി കണക്കാക്കപ്പെട്ടു. യഹൂദർ നടത്തിയിരുന്നതായി കരുതപ്പെട്ടിരുന്ന നിഗൂഢാനുഷ്ഠാനങ്ങളിൽ ക്രൈസ്തവശിശുക്കളുടെ രക്തം ചേർത്തു ചുട്ട പെസഹാ അപ്പം ഉപയോഗിച്ചിരുന്നെന്നും അതിനായി കുട്ടിയെ തട്ടിയെടുത്തു കൊലചെയ്തതാണെന്നുമായിരുന്നു ആരോപണം.

ത്രെന്തോസിലെ സൈമൺ
ജനനം1472
ത്രെന്തോസ്, ഇറ്റലി
മരണം21 മാർച്ച് 1475
ത്രെന്തോസ്, ഇറ്റലി
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
നാമകരണംവിശുദ്ധപദവി ഔപചാരികമായി പ്രഖ്യാപിക്കപ്പെട്ടില്ല
ഓർമ്മത്തിരുന്നാൾമാർച്ച് 24
പ്രതീകം/ചിഹ്നംരക്തസാക്ഷിത്വം
മദ്ധ്യസ്ഥംകുഞ്ഞുങ്ങൾ, തട്ടിക്കൊണ്ടു പോകപ്പെടുന്നവർ, പീഡിതർ
വിവാദങ്ങൾരക്തപാതകാപവാദം
Catholic cult suppressed
After the Congregation

പീഡനമുപയോഗിച്ചുള്ള ചോദ്യം ചെയ്യൽ മുഖേന നേടിയ 'കുറ്റസമ്മതം' കൊണ്ട് 'സ്ഥിരീകരിക്കപ്പെട്ട' ഈ ആരോപണം, യൂറോപ്പിലുടനീളം യഹൂദർക്കെതിരെ രക്തപ്പകയുടെ വിഷയമായി. ത്രെന്തോസിലെ യഹൂദസമൂഹത്തിന്റെ നേതാവായിരുന്ന സാമുവേൽ ഉൾപ്പെടെ 15 യഹൂദരെ ഇതിന്റെ പേരിൽ വധശിക്ഷക്കു വിധിച്ച് എരിച്ചു കൊന്നു. ആരോപണങ്ങൾക്ക് ഇരയായ യഹൂദസ്ത്രീകളേയും മർദ്ദനത്തിനു വിധേയരാക്കിയെങ്കിലും 1478-ൽ മാർപ്പാപ്പായുടെ ഇടപെടലിന്റെ ഫലമായി അവർ മോചിതരായി.

കുട്ടിയുടെ മരണം നടന്ന് ഒരുവർഷത്തിനുള്ളിൽ അവന്റെ മദ്ധ്യസ്ഥം വഴി നൂറോളം അത്ഭുതങ്ങൾ നടന്നതായി അവകാശവാദം ഉണ്ടായി. താമസിയാതെ കത്തോലിക്കാസഭയിൽ സൈമൺ വ്യാപകമായി വണങ്ങപ്പെടാൻ തുടങ്ങി. ത്രെന്തോസിലെ മെത്രാൻ കുട്ടിയെ വിശുദ്ധപദവിയിലേക്ക് ഉയർത്താനുള്ള ശ്രമവും തുടങ്ങി.[2] സൈമൺ-ഭക്തി ഇറ്റലിയിലും ഓസ്ട്രിയയിലും ജർമ്മനിയിലും പരന്നു. എങ്കിലും സംഭവത്തിന്റെ വാസ്തവികതയെക്കുറിച്ച് സംശയം ഉന്നയിക്കപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്താൻ സിക്സ്റ്റസ് നാലാമൻ മാർപ്പാപ്പ ഏർപ്പാടാക്കി. [3]

ബെർണാർഡൈൻ ഫിൽട്രെ എന്ന ഫ്രാൻസിസ്കൻ വേദപ്രചാരകന്റെ യഹൂദവിരുദ്ധ പ്രഭാഷണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സൈമന്റെ തിരോധാനം ജൂതപീഡനത്തിന് അവസരമായത്. ഫ്രാൻസിസ്കൻ സഭാംഗമായ സിക്സ്റ്റസ് അഞ്ചാമൻ 1588-ൽ മാർപ്പാപ്പ ആയതോടെ സൈമന്റെ ഭക്തി പുനഃസ്ഥാപിക്കപ്പെട്ടു. ഒരിക്കലും ഔപചാരികമായി വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ടില്ലെങ്കിലും, കത്തോലിക്കാ സഭയിലെ രക്തസാക്ഷികളുടെ പഞ്ചാംഗത്തിൽ അവൻ ഇടം കണ്ടെത്തി. പീഡനത്തിനും തട്ടിയെടുക്കലിലും ഇരകളാകുന്നവരുടെ മദ്ധ്യസ്ഥനായും സൈമൺ കരുതപ്പെടാൻ തുടങ്ങി. രക്തസാക്ഷികളുടെ പഞ്ചാംഗത്തിൽ നിന്ന് സൈമന്റെ പേര് കത്തോലിക്കാ സഭ, രണ്ടാം വത്തിക്കാൻ സൂനഹദോസിനെ തുടർന്നു നടന്ന നവീകരണത്തിന്റെ ഭാഗമായി 1965-ൽ മാറ്റി.

അവലംബം തിരുത്തുക

  1. കത്തോലിക്കാ വിജ്ഞാനകോശത്തിൽ ത്രെന്തോസ് നഗരത്തെക്കുറിച്ചുള്ള ലേഖനം
  2. Paul Oskar Kristeller, "The Alleged Ritual Murder of Simon of Trent (1475) and Its Literary Repercussions: a bibliographical study", in: Proceedings of the American Academy for Jewish Research, Vol. 59. (1993), pp. 103-135
  3. Jewish Encyclopedia
"https://ml.wikipedia.org/w/index.php?title=ത്രെന്തോസിലെ_സൈമൺ&oldid=3579028" എന്ന താളിൽനിന്ന് ശേഖരിച്ചത്