ടി.ഇ. ലോറൻസ്

(തോമസ് എഡ്വേഡ് ലോറൻസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒന്നാം ലോകമഹായുദ്ധത്തിലെ സീനായ്-പലസ്തീൻ പോരാട്ടത്തിലും, യുദ്ധത്തിനിടെ ഓട്ടമൻ തുർക്കി ഭരണത്തിനെതിരായി അറേബ്യൻ ജനത നടത്തിയ കലാപത്തിലും വഹിച്ച പങ്കിന്റെ പേരിൽ പ്രശസ്തനായ ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥനും പണ്ഡിതനും എഴുത്തുകാരനുമാണ് തോമസ് എഡ്വേഡ് ലോറൻസ് അഥവാ ടി.ഇ. ലോറൻസ് (ജനനം 1888; മരണം 1935 മേയ് 19). ലോറൻസിന്റെ താത്പര്യസീമയുടെ പരപ്പും വൈവിദ്ധ്യവും, സ്വന്തം ഇടപെടലുകളെ ഉജ്ജ്വലമായ ഗദ്യത്തിൽ പുനരവതരിപ്പിക്കുന്നതിൽ പ്രകടിപ്പിച്ച അസാമാന്യമായ കഴിവും,[൧] അദ്ദേഹത്തെ ലോകമെമ്പാടും അറിയപ്പെടുന്നവനാക്കി. അറബി ജനതയുടെ സംസ്കാരവും ദേശീയാഭിലാഷങ്ങളുമായി ഉണ്ടായിരുന്ന ഗാഢബന്ധം അദ്ദേഹത്തിന് "അറേബ്യയിലെ ലോറൻസ്" (ലോറൻസ് ഓഫ് അറേബ്യ) എന്ന പേരു നേടിക്കൊടുത്തു. ലോറൻസിന്റെ സാഹസികജീവിതം പ്രമേയമാക്കി ലോറൻസ് ഓഫ് അറേബ്യ എന്ന പേരിൽ തന്നെ ചലച്ചിത്രവും ഇറങ്ങിയിരുന്നു. "സെവൻ പില്ലേഴ്സ് ഓഫ് വിസ്ഡം" (അറിവിന്റെ നാലു തൂണുകൾ) എന്ന പ്രസിദ്ധ കൃതിയുടെ പേരിലും ലോറൻസ് അറിയപ്പെടുന്നു.[1] ഈ രചന ഒരേ സമയം, ഓട്ടമൻ മേൽക്കോയ്മക്കെതിരായ അറബിജനതയുടെ കലാപത്തിന്റെ കഥയും ഗ്രന്ഥകാരന്റെ തന്നെ ആത്മീയ ജീവചരിത്രവുമാണ്.[2]

ടി.ഇ. ലോറൻസ്

അറബി-ഇസ്ലാമിക സമൂഹങ്ങളെ ലക്ഷ്യമാക്കിയുള്ള "ഓറിയന്റലിസ്റ്റു പദ്ധതിയിൽ" പാശ്ചാത്യസാമ്രാജ്യത്വത്തിന്റെ ദല്ലാളിന്റെ പങ്കാണ് ലോറൻസ് വഹിച്ചതെന്നും വാദമുണ്ട്.[3]

തുടക്കം

തിരുത്തുക
 
വെയിൽസിൽ ലോറൻസിന്റെ ജന്മഗൃഹം

ബിട്ടണിലെ വെയിൽസിലെ തെമോഡോക്ക് എന്ന സ്ഥലത്ത് ജനിച്ച ലോറൻസ്, സർ തോമസ് ചാപ്പ്മാനും സാറാ ജന്നറിനും വിവാഹബാഹ്യമായി ഉണ്ടായ അഞ്ചു മക്കളിൽ രണ്ടാമത്തെ ആളായിരുന്നു. തന്റെ വീട്ടുകാര്യസ്ഥ സാറാ ജന്നറുമായി പ്രേമത്തിലായ ചാപ്മാൻ ആദ്യവിവാഹത്തിൽ നിന്നു വിട്ടുപോയി പലയിടങ്ങളിൽ കഴിഞ്ഞശേഷം ഒടുവിൽ ലോറൻസിന് 8 വയസ്സുള്ളപ്പോൾ ഓക്സ്ഫോർഡിൽ താമസമാക്കി. അവിടെയായിരുന്നു ലോറൻസ് സ്കൂളിൽ പോയതും ഉപരിപഠനം നടത്തിയതും. നാലാമത്തെ വയസ്സു മുതൽ ലോറൻസ് വായനയിൽ താല്പര്യം പ്രകടിപ്പിച്ചു. ആദ്യം ഓക്സ്ഫോർഡ് ഹൈസ്കൂളിലും തുടർന്ന് സ്കോളർഷിപ്പിന്റെ സഹായത്തോടെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ജീസസ് കോളജിലും ആയിരുന്നു അദ്ദേഹം പഠിച്ചത്. ചരിത്രത്തിലും ദേശാടനത്തിലും തല്പരനായിരുന്ന അദ്ദേഹം സർവകലാശാലാവിദ്യാർത്ഥിയായിരിക്കെ ഒരു പഠനപര്യടനത്തിൽ കുരിശുയുദ്ധക്കാലത്തെ കോട്ടകൾ അന്വേഷിച്ച് സിറിയയിലും തുർക്കിയിലുമായി ആയിരത്തിലധികം മൈൽ കാൽനടയായി സഞ്ചരിച്ചു. ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയ ശേഷം ചരിത്രത്തിൽ ഒന്നാം ക്ലാസോടെ ബിരുദം നേടിയ അദ്ദേഹം പുരാവസ്തുഗവേഷകനാകാൻ തീരുമാനിച്ചു. പുരാതന നഗരമായ കാർക്കെമിഷിന്റെ പര്യവേഷണത്തിൽ പങ്കുചേരാനായി 1910-ൽ വീണ്ടും സിറിയയിലെത്തിയ ലോറൻസ് 1914 വരെ അവിടെ ചെലവഴിച്ചു. അക്കാലത്താണ് 'ദാഹൂം' എന്ന അറബി യുവാവുമായുള്ള ലോറൻസിന്റെ പ്രസിദ്ധവും വിവാദപരവുമായ ദീർഘകാലസൗഹൃദം ആരംഭിച്ചത്.[2][4]

 
അറബി വേഷമണിഞ്ഞ ലോറൻസ് 1917-ൽ

ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ ലോറൻസ് ബ്രിട്ടീഷ് സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ അറബിഭാഷാ വിദഗ്ദ്ധനായി ചേർന്നു. അന്നു ബ്രിട്ടീഷ് ഭരണത്തിലിരുന്ന ഈജിപ്തിലെ കെയ്റോയിലേക്കാണ് അദ്ദേഹത്തെ നിയോഗിച്ചത്. ഈജിപ്തിലെ ബ്രിട്ടീഷ് സർക്കാരാകട്ടെ ലോറൻസിനെ അറേബ്യയുടെ പശ്ചിമതീരത്തെ ഹിജാസിൽ തുർക്കി മേൽക്കോയ്മക്കെതിരെ പൊരുതിയിരുന്ന അറബി-ഹാഷെമീയ സൈന്യത്തിനൊപ്പം പ്രവർത്തിക്കാൻ അയച്ചു. മെക്കയിലെ നഗരപിതാവ് ഹുസൈന്റെ മകൻ അമീർ ഫൈസലായിരുന്നു ആ വിമോചന സേനയെ നയിച്ചിരുന്നത്. ഗറില്ലാ യുദ്ധമുറ ഉപയോഗിച്ച് തുർക്കി സൈന്യത്തെ നേരിടുന്നതിനൽ ലോറൻസ് ആറേബ്യൻ പോരാളികളെ സഹായിച്ചു. ശത്രുസൈന്യവുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കിയ ലോറൻസ്, സന്ദേശവിനിമയ സംവിധാനങ്ങൾ വിഛേദിച്ച് അവരുടെ തന്ത്രങ്ങൾ തർക്കുന്നതിലാണ് ശ്രദ്ധയൂന്നിയത്. 1916-ൽ ലോറൻസ് തുർക്കി സൈന്യത്തിന്റെ പിടിയിൽ പെട്ടു. തടവിൽ തന്നെ മർദ്ദിക്കുകയും സ്വവർഗ്ഗബലാൽസംഗത്തിനു വിധേയനാക്കുകയും ചെയ്തതായി അദ്ദേഹം പറയുന്നു.[2]

1917-ൽ അറേബ്യൻ സൈന്യം തന്ത്രപ്രധാനമായ തുറമുഖനഗരമായ അക്വാബയിൽ തുർക്കികളുടെ താവളം ആക്രമിച്ചു. ലണ്ടണിലെ ലോറൻസിന്റെ മേധാവികൾക്ക് ഈ സൈനികനടപടിയുടെ മുന്നറിവില്ലായിരുന്നു. തുർക്കി സൈന്യത്തെ അവർ തീരെ പ്രതീക്ഷിക്കാത്ത സ്ഥലത്ത് ആക്രമിക്കുന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ സൈനികനീക്കം.[4] ഉജ്ജ്വലവിജയത്തിൽ കലാശിച്ച ഈ അക്രമണത്തിൽ ലോറൻസ് വലിയ പങ്കു വഹിക്കുകയും അത് അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കുകയും ചെയ്തു.

യുദ്ധാനന്തരം

തിരുത്തുക
 
1919-ൽ വേഴ്സായ് സമാധാനചർച്ചകൾക്കിടെ ഫൈസൽ രാജകുമാരനും സംഘത്തിനുമൊപ്പം ലോറൻസ്

യുദ്ധം ബ്രിട്ടന്റേയും സഖ്യകക്ഷികളുടെയും വിജയത്തിൽ സമാപിച്ചതിനെ തുടർന്ന് യുദ്ധാനന്തരസന്ധിയെ സംബന്ധിച്ച വേഴ്സായ് ചർച്ചകൾ പാരിസിൽ നടക്കുമ്പോൾ, അറബി ദേശീയതയുടെ പക്ഷം വാദിക്കാനായി ലോറൻസും എത്തി. എന്നാൽ അറബികളുടെ ദേശീയാഭിലാഷങ്ങളെ പൊതുവേ അവഗണിച്ചുകൊണ്ടുള്ള തീരുമാനങ്ങളാണ് പാരിസിൽ ഉണ്ടായത്. ഇത് ലോറൻസിനെ നിരാശപ്പെടുത്തി. ഇതിൽ പ്രതിക്ഷേധിച്ച് അദ്ദേഹം യുദ്ധത്തിൽ വഹിച്ച പങ്കിനെ മാനിച്ചു ബ്രിട്ടീഷ് സർക്കാർ നൽകിയ ബഹുമതികൾ നിരസിക്കുക പോലും ചെയ്തു. ചർച്ചകളുമായി ബന്ധപ്പെട്ട് പാരിസിൽ ആയിരിക്കെ ആണ് അദ്ദേഹം "അറിവിന്റെ ഏഴു തൂണുകൾ" (സെവൻ പില്ലേഴ്സ് ഓഫ് വിസ്ഡം) എന്ന പ്രശസ്തകൃതിയുടെ ആദ്യരൂപം എഴുതിയത്. സൈനികമുന്നേറ്റത്തിന്റെ ദിനക്കുറിപ്പുകളേയും കെയ്റോയിലെ മേലുദ്യോഗസ്ഥന്മാർക്ക് അയച്ച റിപ്പോർട്ടുകളേയും ആശ്രയിച്ച് എഴുതിയ കൃതിയുടെ ആ കരടുരൂപവും തന്റെ കുറിപ്പുകളിൽ ചിലതും 1919-ൽ നഷ്ടപ്പെട്ടതിനെ തുടർന്ന്, 1919-20 വർഷങ്ങളിൽ ലണ്ടണിനിലായിരിക്കെ ഓർമ്മയിൽ നിന്നെഴുതിയതാണ് ഒടുവിൽ വെളിച്ചം കണ്ട രചന എന്നും ലോറൻസ് പറയുന്നു.[5]

കുറിപ്പുകൾ

തിരുത്തുക

^ താൻ വഹിച്ച പങ്ക് ചെറുതായിരുന്നെന്നും പേനയുടെ കഴിവും, വാഗ്സാമർത്ഥ്യവും കൗശലവും ഉപയോഗിച്ച് വ്യാജമായ പ്രാഥമികത താൻ സ്വന്തമാക്കിയതാണെന്നും ലോറൻസ് എഴുതിയിട്ടുണ്ട്. ("My proper share was a minor one, but because of a fluent pen, a free speech, and a certain adroitness of brain, I took upon myself, as I describe it, a mock primacy.") [5]

  1. ബിബിസി ഹിസ്റ്ററി, ടി.ഇ. ലോറൻസ് (1888-1935)
  2. 2.0 2.1 2.2 TE Lawrence, First Worldwar.com A Multimedia History of World War one
  3. എഡ്വേഡ് സൈദ്, "ഓറിയന്റലിസം" (പുറങ്ങൾ 240-41)
  4. 4.0 4.1 Lawrence of Arabia, PBS.Org.
  5. 5.0 5.1 Seven Pillars of Wisdom Introductory Chapter, Gutenberg.net.au
"https://ml.wikipedia.org/w/index.php?title=ടി.ഇ._ലോറൻസ്&oldid=3382418" എന്ന താളിൽനിന്ന് ശേഖരിച്ചത്