ശൈഖ് ഹസ്സൻ ജിഫ്രി

(സയ്യിദ് ഹസ്സൻ ജിഫ്രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്താം നൂറ്റാണ്ട് മുതൽക്കേ യമനിലെ ഹളറൽ മൗത്തിലെ സയ്യിദുമാരായ സൂഫി വര്യന്മാർ മത പ്രബോധന ലക്ഷ്യവുമായി ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ആരംഭിച്ചിരുന്നു. ഇത്തരത്തിൽ യമനിൽ നിന്നും മത പ്രബോധന ലക്ഷ്യവുമായി കേരളത്തിലെത്തിയ മുസ്ലിം ആധ്യാത്മിക ജ്ഞാനി ആയിരുന്നു ശൈഖ് ഹസ്സൻ ജിഫ്രി. ഖാദിരിയ്യ സൂഫി സരണിയിലെ അലവി ഉപ വിഭാഗത്തിൻറെ ആചാര്യനായിരുന്നു ഇദ്ദേഹം [1]

മലൈബാരിലേക്ക്

തിരുത്തുക

വർഷങ്ങൾക്കു മുൻപ് കേരളത്തിലേക്ക് വന്ന സഹോദരൻ ശൈഖ് സയ്യിദ് ജിഫ്രിയുടെ ക്ഷണമനുസരിച്ചായിരുന്നു ഹസ്സൻ ജിഫ്രിയുടെ കേരള യാത്ര.[2] 1754 ൽ കൊയിലാണ്ടിയിലെ പന്തലായനിയിൽ കപ്പലിറങ്ങിയ ഇദ്ദേഹം കുറച്ചു നാൾ ശൈഖ് സയ്യിദ് ജിഫ്രിയോടൊപ്പം കോഴിക്കോട് താമസിക്കുകയും ശേഷം ഉൾ നാടുകളിൽ ഇസ്ളാം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനിയിലേക്കു താമസം മാറ്റുകയും ചെയ്തു. പ്രബോധന പ്രവർത്തനങ്ങളുമായി പൊന്നാനിയിൽ കഴിഞ്ഞ ഹസ്സൻ ജിഫ്രി പിന്നീട് തിരൂരങ്ങാടി ഖാളി അല്ലാമാ ജമാലുദ്ദീന് മഖ്ദൂമിന്റെ ക്ഷണം സ്വീകരിച്ചു തിരൂരങ്ങാടി ജുമുഅത്ത് പള്ളിയിൽ താമസമാരംഭിച്ചു.

അദ്ധ്യാത്മ പ്രവർത്തനങ്ങളിൽ വ്യാപൃതനായ ഹസ്സൻ ജിഫ്രിയുടെ മഹത്ത്വം ദർശിച്ച സ്ഥലപ്രമാണിയും പള്ളി കൈകാര്യകർത്താവുമായ വലിയാക്കത്തൊടി മഖ്ദൂം കുടുംബാഗം കമ്മുമൊല്ല മമ്പുറത്തുള്ള അദ്ദേഹത്തിൻറെ ഒരു വീടും പറമ്പും ഹസ്സൻ ജിഫ്രിക്ക് താമസിക്കാനായി വിട്ടുകൊടുത്തു. കൂടെ തൻറെ പുത്രി സയ്യിദ ശരീഫ ഫാത്തിമയെ ഹസന് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. മമ്പുറം പഴയമാളിയേക്കൽ എന്നായിരുന്നു ആ വീട് അറിയപ്പെട്ടത്. ഹസ്സൻ ജിഫ്രി വീടിനടുത്തായി ഒരു സാവിയ (സാംബ്രിയ) പണിയുകയും അവിടം കേന്ദ്രമാക്കി മത പ്രചാരണ പ്രവർത്തനം തുടരുകയും ചെയ്തു. ഏറനാട്ടിലും വള്ളുവ നാട്ടിലും ഉൾ പ്രദേശങ്ങളിൽ ഇസ്ളാമിക മത പ്രബോധനമാരംഭിക്കുന്നത് ശൈഖ് ഹസ്സൻ ജിഫ്രിയാണ്. ബാ അലവി മാർഗ്ഗത്തിലെ പ്രധാന സന്യാസിയായതിനാൽ ഒട്ടേറെ ആത്മീയ ശിഷ്യ സമ്പത്തിനുടമയായിരുന്നു ഇദ്ദേഹം. പല ഉൾ പ്രദേശങ്ങളിലേക്കും ശിഷ്യരെ പ്രബോധനാവശ്യാർത്ഥം അയക്കാറുണ്ടായിരുന്നു.

ജന്മിത്ത പീഡനങ്ങൾക്കിരയായ അടിയാള ജനങ്ങൾക്ക് ആശ്വാസവും സേവനവും നൽകുന്നതിന് പ്രത്യേക താല്പര്യം എടുത്തിരുന്ന സന്യാസി പ്രമുഖനായിരുന്നു ഹസ്സൻ. [3] നിരവധി അത്ഭുത പ്രവർത്തനങ്ങൾ നടത്താൻ കഴിവുള്ളവനാണ് ശൈഖ് ഹസ്സനെന്നു അക്കാലത്തെ ജനങ്ങൾ വിശ്വസിച്ചിരുന്നു. ഇക്കാരണങ്ങളാൽ കൊണ്ട് തന്നെ സമ്പത്തും,അമൂല്യ വസ്തുക്കളും, സ്ഥലവും, ഭക്ഷണവും അടക്കം നിരവധി സമ്മാനങ്ങൾ മതഭേദമന്യേ ജനങ്ങൾ നേർച്ചയായി സമർപ്പിക്കുമായിരുന്നു. ഇത്തരം നേർച്ചകൾ ദരിദ്രരായ ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുകയായിരുന്നു ഇദ്ദേഹത്തിൻറെ പതിവ്.[4] കൊയിലാണ്ടിയിലെ സൂഫി വര്യൻ സയ്യിദ് മുഹമ്മദ് ബിൻ ഹാമിദ് ശൈഖ് ഹസ്സൻ ജിഫ്രിയുടെ ആത്മീയ ഗുരുക്കന്മാരിൽ പ്രധാനിയാണ്. .

 
തറമ്മൽ ജാറം

1764 (ചന്ദ്രവർഷം: 1178/80)ൽ ഹസ്സൻ ജിഫ്രിയുടെ വിയോഗം സംഭവിച്ചു. മമ്പുറത്തെ സാവിയക്ക് സമീപം അദ്ദേഹത്തെ ഖബറടക്കം ചെയ്തു[5]. പിന്നീട് മമ്പുറത്തെത്തിയ സഹോദരി പുത്രൻ സയ്യിദ് അലവി ഹസ്സൻ ജിഫ്രിയുടെ അഭീഷ്ട പ്രകാരം സാവിയ ഏറ്റെടുക്കുകയും മകളെ വിവാഹം ചെയ്തു അവിടം താമസമാക്കുക്കുകയും[6] ഹസ്സൻ ജിഫ്രിയുടെ സമാധി മണ്ഡപം പണിതുയർത്തുകയും ചെയ്തു. [7] തറമ്മൽ ജാറം എന്ന പേരിൽ ഈ മണ്ഡപം പ്രശസ്തിയാർജ്ജിച്ചു. പിൽക്കാലത്ത് മമ്പുറം തങ്ങൾ മമ്പുറം സയ്യിദ് അലവി തങ്ങൾ എന്നപേരിൽ പ്രശസ്തനായ ആധ്യാത്മിക ജ്ഞാനിയാണ് സയ്യിദ് അലവി.[8]

മമ്പുറത്തെ മഖാമിൽ ഹസ്സൻ ജിഫ്രിയുടെയും മമ്പുറം സയ്യിദ് അലവി യുടെയും ശവ കല്ലറകൾ സ്ഥിതി ചെയ്യുന്നത് അടുത്തടുത്തായിട്ടാണ്. ശൈഖ് ഹസ്സൻ ജിഫ്രിയുടെ കാലം മുതൽക്കാണ് ആത്മീയ ശാന്തി തേടിയുള്ള തീർത്ഥാടക സന്ദർശനത്തിനു മമ്പുറം നാന്ദി കുറിക്കുന്നത്.

  1. ഹുസൈൻ രണ്ടത്താണി -സൂഫി മാർഗം
  2. page 268,Mappila Muslim Culture: How a Historic Muslim Community in India Has Blended tradition and modernity ,By Roland E. Miller,state university of newyork press ,albany
  3. page 15,Hazrat Mamburam Sayyid alawi Tangal,by Muhammed Abdul Kareem,8th Edition, Venniyur Malappuram Dist, 1989
  4. [ https://www.academia.edu/36455338/Role_of_mamburam_thangal_in_malabar/ Role of mamburam thangal in malabar]
  5. page 268,Mappila Muslim Culture: How a Historic Muslim Community in India Has Blended tradition and modernity
  6. കരീം: മമ്പുറം സയ്യിദ് അലവി തങ്ങൾ
  7. Malabar manual ,by w logan , Vol. I
  8. page 269 ,Mappila Muslim Culture: How a Historic Muslim Community in India Has Blended tradition and modernity
"https://ml.wikipedia.org/w/index.php?title=ശൈഖ്_ഹസ്സൻ_ജിഫ്രി&oldid=3257856" എന്ന താളിൽനിന്ന് ശേഖരിച്ചത്