ഡീഗോ മറഡോണ
ഡീഗോ അർമാൻഡോ മറഡോണ (ജനനം. ഒക്ടോബർ 30, 1960, മരണം, 25 നവംബർ, 2020) ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളായിരുന്നു. അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു.[2]
മറഡോണ 2012-ലെ ചിത്രം | |||
വ്യക്തി വിവരം | |||
---|---|---|---|
മുഴുവൻ പേര് | ഡീഗോ അർമാൻഡോ മറഡോണ | ||
ജനന തിയതി | 30 ഒക്ടോബർ 1960 | ||
ജനനസ്ഥലം | ബ്യൂണസ് അയേഴ്‌സ്, അർജന്റീന | ||
മരണ തീയതി | 25 നവംബർ 2020[1] | (പ്രായം 60)||
മരണ സ്ഥലം | Tigre, Buenos Aires, Argentina | ||
ഉയരം | 1.65 മീ (5 അടി 5 in) | ||
റോൾ |
ആക്രമിക്കുന്ന മദ്ധ്യനിരക്കാരൻ മുന്നേറ്റനിര | ||
യൂത്ത് കരിയർ | |||
–1969 | എസ്ട്രെല്ല റോജ | ||
1970–1974 | ലോസ് സെബോളിറ്റാസ് | ||
1975 | അർജെന്റിനോസ് ജൂനിയേഴ്സ് | ||
സീനിയർ കരിയർ* | |||
വർഷങ്ങൾ | ടീം | മത്സരങ്ങൾ | (ഗോളുകൾ) |
1976–1981 | അർജെന്റീനോസ് ജൂനിയേഴ്സ് | 167 | (115) |
1981–1982 | ബോകാ ജൂനിയേഴ്സ് | 40 | (28) |
1982–1984 | ബാഴ്സലോണ | 36 | (22) |
1984–1991 | നാപ്പോളി | 188 | (81) |
1992–1993 | സെവിയ്യ | 26 | (5) |
1993–1994 | നെവെൽസ് ഓൾഡ് ബോയ്സ് | 5 | (0) |
1995–1997 | ബോകാ ജൂനിയേഴ്സ് | 30 | (7) |
Total | 492 | (258) | |
ദേശീയ ടീം | |||
1977–1994 | അർജന്റീന | 91 | (34) |
മാനേജ് ചെയ്ത ടീമുകൾ | |||
1994 | ടെക്സ്റ്റിൽ മാൻഡിയു | ||
1995 | റേസിങ് ക്ലബ് | ||
2008–2010 | അർജന്റീന | ||
2011– | അൽ വാസൽ | ||
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. പ്രകാരം ശരിയാണ്. പ്രകാരം ശരിയാണ്. |
തന്റെ പ്രൊഫഷണൽ ക്ലബ് ഫുട്ബോൾ ജീവിതത്തിൽ, അർജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെൽസ് ഓൾഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള കൈമാറ്റത്തുകയിൽ ചരിത്രം സൃഷ്ടിച്ചിട്ടിട്ടുണ്ട്. അന്താരാഷ്ട്രഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്.
1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. 1986-ലെ ലോകകപ്പിൽ മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജന്റീന ടീം ഫൈനലിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടുകയും, മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു. ഈ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന ഇംഗ്ലണ്ടിന്റെ തോൽപ്പിച്ചു.
ലോകമെമ്പാടുമുള്ള ആരാധകവൃന്ദങ്ങൾക്കൊണ്ടും ശ്രദ്ധേയനാണു മറഡോണ. കാൽപന്തുകളിയിലെ ദൈവം എന്നുപോലും ചിലയവസരങ്ങളിൽ ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.[3]
ലോകകപ്പുകളിലും, ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും നടത്തിയ മികവാർന്ന പ്രകടനങ്ങളെക്കാൾ സംഭവബഹുലമായിരുന്നു മറഡോണയുടെ പൊതുജീവിതം. മയക്കുമരുന്നുപയോഗം, വിവാഹേതരബന്ധങ്ങൾ എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങളിലൂടെ അദ്ദേഹം കുപ്രസിദ്ധി നേടി.
ജീവചരിത്രംതിരുത്തുക
1960 ഒക്ടോബർ 30 ന് ബ്യൂണസ് അയേഴ്സിന്റെ തെക്കൻ പ്രാന്തപ്രദേശത്തെ ചേരിയിൽ ഒരു ദരിദ്രകുടുംബത്തിലായിരുന്നു മറഡോണ ജനിച്ചത്. [4] മറഡോണയുടെ കുടുംബം അർജന്റീനയിലെ കൊറിയന്റസ് പ്രവിശ്യയിൽ നിന്നും ബ്യൂണസ് അയേഴ്സിലേക്ക് കുടിയേറിയതായിരുന്നു. 2020 നവംബർ 25 ന്, മസ്തിഷ്കത്തിലെ രക്തസ്രാവത്തെത്തുടർന്ന് അന്തരിച്ചു. [5]
പ്രൊഫഷണൽ ഫുട്ബോൾ ജീവിതംതിരുത്തുക
പത്താം വയസിൽ തദ്ദേശീയ ക്ലബായ എസ്ട്രെല്ല റോജാക്ക് വേണ്ടി കളിക്കുമ്പോൾത്തന്നെ തന്റെ പ്രകടനങ്ങൾ കൊണ്ട് മറഡോണ ശ്രദ്ധേയനായി. തുടർന്ന് അർജന്റിനോസ് ജൂനിയഴ്സിന്റെ ഒരു ജൂനിയർ ടീമായ ലോസ് സെബൊളിറ്റാസിൽ അംഗമായി. അർജന്റീനയിലെ ഒന്നാം ഡിവിഷൻ കളികളുടെ ഇടവേളകളിലെ പന്തടക്കപ്രകടനങ്ങൾ മറഡോണക്ക് മാദ്ധ്യമശ്രദ്ധ നൽകി.[6] അർജന്റീനോസ് ജൂനിയേഴ്സിൽ കളിക്കുമ്പോൾ കുട്ടിയായിരുന്ന മറഡോണയെ പലപ്പോഴും പ്രായം കൂടിയവരുടെ കളികളിൽ തുരുപ്പു ചീട്ടായി പരിശീലകൻ കളിക്കാനിറക്കുമായിരുന്നു.[അവലംബം ആവശ്യമാണ്] 16 വയസാവുന്നതിനു മുമ്പെ (10 ദിവസം മുമ്പെ) അർജന്റിനോസ് ജൂനിയഴ്സിനു വേണ്ടി ഒന്നാം ഡിവിഷണിൽ കളിക്കാനാരംഭിച്ചു. അർജന്റീന പ്രൊഫഷണൽ ലീഗിൽ കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ മറഡോണയായിരുന്നു.[6] 2003 വരെ ഈ റെക്കോഡ് മറഡോണയുടെ പേരിലായിരുന്നു. 1976 മുതൽ 1980 വരെയുള്ള കാലയളവിൽ അർജന്റീനോസ് ജൂനിയേഴ്സിനു വേണ്ടി മറഡോണ 166 മത്സരങ്ങൾ കളിക്കുകയും അതിൽ നിന്ന് 111 ഗോളുകൾ നേടുകയും ചെയ്തു. 1975-ൽ അർജന്റീന ഒന്നാം ഡിവിഷൻ ലീഗിലെ 20 ടീമുകളിൽ പത്തൊമ്പതാം സ്ഥാനത്തായിരുന്ന അർജന്റീനോസ് ജൂനിയേഴ്സ്, 1980-ൽ രണ്ടാം സ്ഥാനത്തേക്കെത്തിയതിൽ മറഡോണയുടെ പങ്ക് എടുത്തുപറയത്തക്കതാണ്.
1981-ൽ മറഡോണ ബൊകാ ജൂനിയേഴ്സിലേക്ക് മാറി. പത്തു ലക്ഷം പൗണ്ടായിരുന്നു കൈമാറ്റത്തുക. ബൊക്ക ജൂനിയേഴ്സിനു വേണ്ടി 1982 വരെ കളിച്ച മറഡോണ, 1982-ൽ ടീമിനെ ലീഗ് ജേതാക്കളാക്കുന്നതിൽ പ്രമുഖപങ്കുവഹിച്ചു.
1982-ലെ ലോകകപ്പിനു ശേഷം, യൂറോപ്പിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണ മറഡോണയെ സ്വന്തമാക്കി.[7] കൈമാറ്റത്തുകയായിരുന്ന അമ്പത് ലക്ഷം പൗണ്ട്, അന്നത്തെ ലോകറെക്കോഡായിരുന്നു.[8] 1983-ൽ മറഡോണയുൾപ്പെട്ട ബാഴ്സലോണ സംഘം, റിയൽ മാഡ്രിഡിനെ തോൽപ്പിച്ച് കോപ ഡെൽ റെയ് കപ്പും, അത്‌ലെറ്റിക്കോ ബിൽബാവോയെ തോൽപ്പിച്ച് സ്പാനിഷ് സൂപ്പർ കപ്പും സ്വന്തമാക്കി. എങ്കിലും ബാഴ്സലോണയിൽ കളിക്കുന്ന കാലയളവ് പരിക്കുകളുടേയും രോഗത്തിന്റേയ്യും വിവാദങ്ങളുടേയും കാലമായിരുന്നു.[9] ഹെപറ്റൈറ്റിസും, കളിക്കിടെ സംഭവിച്ച മണിബന്ധത്തിലെ പരിക്കും അദ്ദേഹത്തെ അലട്ടി ഫുട്ബോൾ ജീവിതത്തിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കി.[7] ബാഴ്സലോണ ടീം മേധാവികളുമായി, പ്രത്യേകിച്ച് ക്ലബ് അദ്ധ്യക്ഷൻ ജോസെപ് ല്യൂയിസ് ന്യൂനെസുമായുള്ള തുടർച്ചയായ വിവാദങ്ങളും ഇക്കാലത്ത് ശ്രദ്ധിക്കപ്പെട്ടു. ഇതിനെത്തുടർന്ന് 1984-ൽ മറഡോണ ബാഴ്സലോണ വിട്ട് ഇറ്റലിയിലെ നാപ്പോളി ക്ലബിലേക്ക് ചേക്കേറി. ഇത്തവണത്തെ കൈമാറ്റത്തുകയായിരുന്ന 69 ലക്ഷം പൗണ്ടും മറ്റൊരു റെക്കോഡായിരുന്നു.
1984 മുതൽ 1991 വരെ മറഡോണ നാപ്പോളിക്കു വേണ്ടി കളിക്കുകയും ഒട്ടേറെ കിരീടവിജയങ്ങളിൽ പങ്കാളിയാകുകയും ചെയ്തു. ഇക്കാലയളവാണ് മറഡോണയുടെ ഫുട്ബോൾജീവിതത്തിന്റെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നത്. നാപ്പോളി ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവും ഇക്കാലയളവിലാണ്. നാപ്പോളിക്ക് ആകെ ലഭിച്ച രണ്ട് ഇറ്റാലിയൻ സീരി 'എ' കിരീടങ്ങളും (1986-87, 1989-90), ഒരു യുവേഫ കപ്പും (1988-89) ഈ വേളയിലേതാണ്. 1987-88, 1988-89 സീസണുകളിൽ ഇറ്റാലിയൻ സീരി എയിൽ നാപ്പോളി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 1987-88 സീസണിൽ 15 ഗോളുകൾ നേടിയ മറഡോണയായിരുന്നു ഏറ്റവുമധികം ഗോളുകൾ നേടിയത്. ഇതിനു പുറമേ ഒരു കോപ്പാ ഇറ്റാലിയ കിരീടവും (1986-87) ഒരു സൂപ്പർ കോപ്പ ഇറ്റാലിയാന കിരീടവും (1990-91) നാപ്പോളി, മറഡോണയുടെ കാലത്ത് നേടിയിട്ടുണ്ട്. എങ്കിലും മയക്കുമരുന്നുപയോഗവും, പരിശീലനങ്ങളിൽ പങ്കെടുക്കാത്തതും, അവിഹിതബന്ധത്തെക്കുറിച്ചുമുള്ള വിവാദങ്ങൾക്കും ഈ കാലയളവ് സാക്ഷ്യംവഹിച്ചു.
1991 മാർച്ച് 17-ന് ഒരു ഫുട്ബോൾ മൽസരത്തിനു ശേഷമുള്ള പരിശോധനയിൽ മറഡോണ, മയക്കുമരുന്ന് (കൊക്കെയ്ൻ) ഉപയോഗിച്ചതായി കണ്ടെത്തി. ഇതിനെത്തുടർന്ന് 15 മാസത്തേക്ക് ഫുട്ബോളിൽ നിന്ന് അദ്ദേഹത്തെ വിലക്കി.[10] ഇതിനു ശേഷം 1992-ൽ സ്പെയിനിലെ സെവിയ്യ ക്ലബിലേക്ക് മാറി. ഒരു വർഷം സെവിയ്യക്കു വേണ്ടി കളിച്ച് 1993-ൽ ജന്മനാട്ടിലേക്ക് മടങ്ങി.
1993 മുതൽ 1995 വരെ അർജന്റീനയിലെ നെവെൽസ് ഓൾഡ് ബോയ്സിനു വേണ്ടിയും 1995 മുതൽ 1997 വരെ ബോക്ക ജൂനിയേഴ്സിനു വേണ്ടിയും കളിച്ചു.
അന്താരാഷ്ട്ര ഫുട്ബോൾ പ്രകടനങ്ങൾതിരുത്തുക
പ്രൊഫഷണൽ ക്ലബ് ഫുട്ബോളെന്നപോലെ അർജന്റീനക്കു വേണ്ടിയുള്ള അന്താരാഷ്ട്രപ്രകടനങ്ങളും മറഡോണയെ ലോകപ്രശസ്തനാക്കുന്നതിൽ പങ്കുവഹിച്ചു. 1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരെ തന്റെ പതിനാറാം വയസ്സിൽ മറഡോണ ആദ്യ അന്താരാഷ്ട്രമൽസരം കളിച്ചു. 1979 ജൂൺ 2-നാണ് സ്കോട്ട്ലന്റിനെതിരെയുള്ള മൽസരത്തിലാണ് മറഡോണ സീനിയർതലത്തിലുള്ള ആദ്യത്തെ അന്താരാഷ്ട്ര ഗോൾ നേടുന്നത്.
1979-ലെ യൂത്ത് ഫുട്ബോൾ ലോകകപ്പ് നേടിയ അർജന്റീന സംഘത്തിൽ മറഡോണ അംഗമായിരുന്നു. ഈ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള സ്വർണ്ണപ്പന്ത് നേടുകയും ചെയ്തു. 1982 മുതൽ 1994 വരെയുള്ള നാല് ഫിഫ ലോകകപ്പുകളിൽ മറഡോണ അർജന്റീനക്കു വേണ്ടി കളത്തിലിറങ്ങി. മറഡോണയുടെ നേതൃത്വത്തിൽ അർജന്റീന 1986-ൽ ലോകകപ്പ് വിജയിക്കുകയും 1990-ൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 1986 ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സ്വർണ്ണപ്പന്തും മറഡോണക്കായിരുന്നു. യൂത്ത് ലോകകപ്പിലും സീനിയർ ലോകകപ്പിലും സ്വർണ്ണപ്പന്ത് നേടിയിട്ടുള്ള ഒരേയൊരു കളിക്കാരനാണ് മറഡോണ.
അർജന്റീനക്കു വേണ്ടി 91 മത്സരങ്ങളിലായി 34 ഗോളുകൾ മറഡോണ നേടിയിട്ടുണ്ട്.
ലോകകപ്പുകളിൽതിരുത്തുക
ദേശീയ ടീമിൽ അംഗമായിരുന്നിട്ടും പരിചയക്കുറവെന്ന കാരണത്താൽ മറഡോണയ്ക്ക് 1978 ലോകകപ്പ് സംഘത്തിൽ ഇടം കിട്ടിയില്ല. 1982-ൽ ലോകകപ്പിൽ അരങ്ങേറ്റം. ഈ ലോകകപ്പിന്റെ രണ്ടാം ഘട്ടത്തിൽ ഇറ്റലിയോടും ബ്രസീലിനോടും തോറ്റ് അർജന്റീന പുറത്തായി. ബ്രസീലിന്റെ കളിക്കാരൻ ജോവോ ബാറ്റിസ്റ്റാ ഡസിൽവയെ ചവിട്ടിവീഴ്ത്തിയതിന് മറഡോണ ചുവപ്പുകാർഡ് കണ്ട് പുറത്താകുകയും ചെയ്തു.[11] അർജന്റീനയുടെയും മറഡോണയുടേയും ഏറ്റവും മോശപ്പെട്ട ലോകകപ്പ് പ്രകടനങ്ങളിലൊന്നായിരുന്നു ഇത്.
1986-ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ അർജന്റീനയുടെ നായകനായാണ് മറഡോണ എത്തിയത്. ഫൈനലിൽ പശ്ചിമജർമ്മനിയെ തോൽപ്പിച്ച് ഈ ലോകകപ്പ് അർജന്റീന നേടുകയും ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സ്വർണ്ണപ്പന്ത് മറഡോണ നേടുകയും ചെയ്തു. ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ക്വാർട്ടർ ഫൈനൽ മൽസരത്തിൽ മറഡോണ നേടിയ രണ്ടു ഗോളുകളും (ദൈവത്തിന്റെ കൈയും, നൂറ്റാണ്ടിന്റെ ഗോളും)ചരിത്രമായി. മറഡോണയുടെ ഏറ്റവും മികച്ച ലോകകപ്പ് പ്രകടനം ഇതാണ്.
1990-ലെ ഇറ്റലി ലോകകപ്പിൽ മറഡോണയുടെ നേതൃത്വത്തിൽത്തന്നെയായിരുന്നു അർജന്റീന കളിക്കിറങ്ങിയത്. ചാമ്പ്യന്മാരായ അർജന്റീനയെ ആദ്യ മത്സരത്തിൽ കാമറൂൺ അട്ടിമറിച്ചു. കഷ്ടിച്ച് രണ്ടാം ഘട്ടത്തിൽ കടന്ന അർജന്റീന ഫൈനൽ വരെയെത്തിയെങ്കിലും ഫൈനലിൽ പശ്ചിമജർമ്മനിയോട് തോറ്റ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടീവന്നു. 1994-ലെ അമേരിക്ക ലോകകപ്പിൽ രണ്ടു കളികളിൽ മാത്രമേ മറഡോണ കളിച്ചുള്ളൂ. ഗ്രീസുമായുള്ള ഒരു കളിയിൽ ഗോളടീക്കുകയും ചെയ്തു. ഈ ലോകകപ്പിനിടക്ക് നടത്തിയ ഒരു ഉത്തേജകമരുന്നുപരിശോധനയിൽ പിടിക്കപ്പെട്ട് തുടർന്നുള്ള മൽസരങ്ങളിൽ നിന്നും വിലക്കപ്പെട്ടു.
പ്രതിഭതിരുത്തുക
വിജയപരാജയങ്ങളോ നേടിയ ഗോളുകളുടെ എണ്ണമോ നോക്കിയിട്ടായിരുന്നില്ല ഫുട്ബോൾ ലോകം മറഡോണയെ വിലയിരുത്തിയിരുന്നത്. പന്തടക്കത്തിൽ മറഡോണയെ വെല്ലാൻ ആളുകൾ കുറവാണ്. എതിരാളികൾ എത്രപേരുണ്ടേങ്കിലും അവരുടെ ഇടയിലൂടെ നുഴഞ്ഞുകയറാനും കൂട്ടുകാർക്കു വിദഗ്‌ദ്ധമായി പന്തു കൈമാറാനും, ആ കൈമാറ്റം അതി സൂക്ഷ്മവും കൃത്യവുമാക്കാനും മറഡോണയ്ക്ക് എന്നും കഴിഞ്ഞിരുന്നു. ഫൗൾ ചെയ്തുകൊണ്ടാണ് പലപ്പോഴും എതിരാളികൾ ഇദ്ദേഹത്തെ നേരിട്ടിരുന്നത്.
പരിശീലകൻതിരുത്തുക
2010 ലെ ലോക കപ്പിനായുള്ള യോഗ്യതാ മൽസരങ്ങളിൽ ഇടം തേടാനാകതെ മുങ്ങിത്താണുകൊണ്ടിരുന്ന[അവലംബം ആവശ്യമാണ്] ദേശീയ റ്റീമിന്റെ പരിശീലകനായി 2009 ഒടുവിൽ നിയമിതനായ മറഡോണ കുറഞ്ഞ സമയം[അവലംബം ആവശ്യമാണ്] കൊണ്ട് റ്റീമിന് യോഗ്യത നേടിക്കൊടുത്തു. ലോക കപ്പിൽ സാമാന്യം നല്ല കളി കാഴ്ച്ച വച്ചെങ്കിലും ക്വാർട്ടർ ഫൈനലിൽ ജർമനിയോട് തോറ്റ് പുറത്തായി. ഇതിനു പിന്നാലെ പരിശീലകസ്ഥാനത്തു നിന്നും രാജി വക്കേണ്ടി വരുകയും ചെയ്തു.
അവലംബംതിരുത്തുക
- ↑ ., . "Diego Maradona dead: Argentinian football legend passes away aged 60". www.rt.com/sport. www.rt.com. ശേഖരിച്ചത് 25 നവംബർ 2020.CS1 maint: numeric names: authors list (link)
- ↑ ഇസ്രയേലി, ജെഫ് (2000 ഡിസംബർ 12). "Pele and Maradona share player of the century award". ദ ഇൻഡിപെൻഡന്റ് (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ (എച്ച്.ടി.എം.എൽ.) നിന്നും 2009-10-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 സെപ്റ്റംബർ 2011. More than one of
|author=
and|last=
specified (help); Check date values in:|date=
(help) - ↑ "'Football god' Maradona keeps date with Kolkata". ഇന്ത്യൻ എക്സ്പ്രസ്. 2008 ഡിസംബർ 6. ശേഖരിച്ചത് 10 സെപ്റ്റംബർ 2011. Check date values in:
|date=
(help) - ↑ The greatest rags-to-riches stories ever James Dart, Paul Doyle and Jon Hill, 12 April 2006. Retrieved 18 August 2006.
- ↑ ., . "Diego Maradona dead: Argentinian football legend passes away aged 60". www.rt.com/sport. www.rt.com. ശേഖരിച്ചത് 25 നവംബർ 2020.CS1 maint: numeric names: authors list (link)
- ↑ 6.0 6.1 http://www.fundus.org/referat.asp?ID=12053
- ↑ 7.0 7.1 A SUMMARY OF MARADONA's LIFE www.vivadiego.com. Retrieved 18 August 2006.
- ↑ http://cavalerasports.com/maradona-hand-god-fantastic.html
- ↑ That's one hell of a diet, Diego 8 January 2006. Guardian Newspapers Limited. Retrieved 13 August 2006.
- ↑ http://www.onthisfootballday.com/football-history/march-17-maradona-fails-drug-test.php
- ↑ http://www.worldcupfails.com/2010/05/diego-maradonas-red-card-in-1982.html
മറ്റ് ലിങ്കുകൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Diego Maradona എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- El rincón del Diego
- Viva Diego 10 (ഭാഷ: Spanish) (ഭാഷ: English) (ഭാഷ: Italian)
- (ഭാഷ: Spanish) Homenaje al 10 - Diego Maradona's Tribute
- Diego Maradona's home page
- Gary Lineker interviews Diego - BBC News 30 April 2006
- Maradona's life Photo Gallery BBC Sport 9 November, 2001. Retrieved 18 August 2006