കംബോഡിയയും തായ്‌ലൻഡും തമ്മിലുള്ള സ്വാഭാവിക അതിർത്തിയായി മാറുന്ന ഒരു പർവതനിരയാണ് ഡാൻ‌ഗ്രെക്ക് മലനിരകൾ.

ഡാൻ‌ഗ്രെക്ക് മലനിരകൾ
Dângrêk Mountains, looking east from Maw I-daeng, Thailand
ഉയരം കൂടിയ പർവതം
Peakഫു ഖി സുക്
Elevation753 m (2,470 ft)
വ്യാപ്തി
നീളം300 km (190 mi) E/W
Width40 km (25 mi) N/S
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Mountain ranges in Central and northeastern Thailand
Countriesതായ്‍ലാന്റ്, കംബോഡിയ and ലാവോസ്
Range coordinates14°20.25′N 103°55′E / 14.33750°N 103.917°E / 14.33750; 103.917
Borders onതായ്/കംബോഡിയ
ഭൂവിജ്ഞാനീയം
Age of rockജുറാസിക്
Type of rocksandstone and siltstone

ഭൂമിശാസ്ത്രം തിരുത്തുക

നിരകൾക്ക് ദൈർഘ്യം ഉണ്ടായിരുന്നിട്ടുകൂടി താരതമ്യേന താഴ്ന്ന വിതാനത്തിലുള്ള ഒരു പർവ്വത വ്യവസ്ഥയായ ഡാൻ‌ഗ്രോക്കിലെ കൊടുമുടികളുടെ ശരാശരി ഉയരം 500 മീറ്ററാണ്. ഈ പർവ്വതനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി, കിഴക്കേ അറ്റത്തായി ചോങ് ബോക്ക് (603 മീറ്റർ) പ്രദേശത്ത തായ്‌ലാന്റ്, ലാവോസ്, കംബോഡിയ എന്നീ മൂന്ന് രാജ്യങ്ങളുടെ അതിർത്തികൾ കൂടിച്ചേരുന്നിടത്ത് സ്ഥിതിചെയ്യുന്ന 753 മീറ്റർ ഉയരത്തിലുള്ള ഫു ഖി സുക്ക് ആണ്.[1] ഫു ഖോക് യായി (693 മീറ്റർ), ഫു ചെപ്പ് തോങ് (692 മീറ്റർ), ഫു ടാങ്കോക് (689 മീറ്റർ), ഫലാൻ സൺ (670 മീറ്റർ), ഫാനോം ഐ നാക് (638 മീറ്റർ), ഫനോം തബാൻ (582 മീറ്റർ), പടിഞ്ഞാറേ അറ്റത്തായി 374 മീറ്റർ ഉയരത്തിലുള്ള ഖാവോ ബന്താറ്റ് എന്നിവയാണ് ഇവിടെയുള്ള മറ്റു പ്രധാന കൊടുമുടികൾ.[2]

വടക്കുഭാഗം മിതമായ ചരിവുള്ള ഡാൻ‌ഗ്രോക്ക് പർവതനിരകളുടെ തെക്കൻ ദിക്കിന് അഭിമുഖമായുള്ള വശങ്ങൾ സാധാരണയായി വടക്കൻ കംബോഡിയയുടെ സമതലത്തിലേയ്ക്ക് അധീശത്വം സ്ഥാപിച്ചു നിലകൊള്ളുന്ന കിഴുക്കാംതൂക്കായ മലഞ്ചെരുവുകളാണ്. ചില പ്രദേശങ്ങളെ ഒഴിച്ചുനിർത്തിയാൽ മലഞ്ചെരുവുകളിലെ നീരൊഴുക്ക് പൊതുവായി തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തിയെ അടയാളപ്പെടുത്തുന്നു. ഈ പ്രദേശത്തെ ഇരു രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ഡാൻ‌ഗ്രോക്ക് പർവതനിരകളിലെ ഓ സ്മാച്ചിനടുത്ത് ഒരു ചുരത്തിലൂടെ കടന്നുപോകുന്നു. ഫാനോം ഡോങ് റാക്ക് ജില്ലയിലെ സുരിൻ പ്രവിശ്യയിലുൾപ്പെട്ട തായ്‌ലൻഡിലെ ഒരു ചെറിയ ഭരണവിഭാഗം ഈ പർവതനിരയുടെ പേരിനെ വഹിക്കുന്നുണ്ട്.[3]

പരിസ്ഥിതി വ്യവസ്ഥ തിരുത്തുക

വരണ്ട നിത്യഹരിത വനം, ഇടകലർന്ന ഡിപ്റ്ററോകാർപ്പ് വനം, ഇലപൊഴിയും ഡിപ്റ്ററോകാർപ്പ് വനം എന്നിവയാൽ ഡാൻ‌ഗ്രെക്ക് മലനിരകളുടെ സിംഹഭാഗവും ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ടെറോർപസ് മാക്രോകാർപസ്, ഷോറിയ സയാമെൻസിസ്, ക്സൈലിയ ക്സൈലോകാർപ വാർ.കെറി എന്നീ വൃക്ഷ ജനുസുകൾക്കാണ് ഇവിടെ പ്രാമുഖ്യം. തായ് ഭാഗത്തെന്നപോലെതന്നെ കംബോഡിയൻ ഭാഗങ്ങളിലും അനധികൃത മരംവെട്ട് നടക്കുന്നതിനാൽ വലിയ കുന്നിൻ പ്രദേശങ്ങൾ നഗ്നമാക്കപ്പെടുകയും ഡാൽബെർജിയ കൊച്ചിഞ്ചിനെൻസിസ് പോലുള്ള വൃക്ഷയിനങ്ങളുടെ നിലനിൽപ്പിനെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.[4] വരണ്ട കാലാവസ്ഥയിൽ ഇവിടുത്തെ കുന്നുകളിൽ കാട്ടുതീ സർവ്വസാധാരണമാണ്.[5]

ഡാൻ‌ഗ്രോക്ക് പർ‌വ്വതനിരകളിൽ അധികം‌ വന്യജീവികളൊന്നുംതന്നെ‌ അവശേഷിക്കുന്നില്ല. കാട്ടുപന്നി, മാൻ, കുരയ്ക്കും മാൻ, മുയൽ, അണ്ണാൻ, ഗിബ്ബൺ, വെരുക് എന്നിവയാണ് മനുഷ്യരുടെ കയ്യേറ്റത്താൽ ആവാസവ്യവസ്ഥ നഷ്ടപ്പെടാതെ പ്രദേശങ്ങളിൽ അവശേഷിക്കുന്ന ഏതാനും ചില മൃഗങ്ങൾ. വംശനാശഭീഷണി നേരിടുന്ന ജീവികളിൽ, വെളുത്ത ചിറകുള്ള താറാവിന്റെ പേരെടുത്തു പറയേണ്ടതാണ്.

സിസാകെറ്റ് പ്രവിശ്യയിലെ ഒരു സംരക്ഷിത പ്രദേശമായ ഫാനോം ഡോങ് റാക്ക് വന്യജീവി സങ്കേതം ഈ മലനിരകളുടെ പരിധിയിലുള്ള പ്രദേശമാണ്.[6] മറ്റു സംരക്ഷിത പ്രദേശങ്ങളിൽ  ഫു ചോങ്-നാ യോയി ദേശീയോദ്യാനം, ഖാവോ ഫ്രാ വിഹാൻ ദേശീയോദ്യാനം, യോട്ട് ഡോം വന്യജീവി സങ്കേതം,[7] ഹുവായ് സാല വന്യജീവി സങ്കേതം,[8] ഹുവാ തബ്താൻ ഹഡ്‌സമ്രാൻ വന്യജീവി സങ്കേതം, തായ് ഭാഗത്തുള്ള താ ഫ്രായ ദേശീയോദ്യാനം, അതുപോലെതന്നെ ബാൻ‌ടെ ച്മാർ സംരക്ഷിത ഭൂപ്രദേശം, പ്രിയാ വിഹ്യാർ ടെമ്പിൾ പ്രൊട്ടക്റ്റഡ് ലാന്റ്സ്കേപ്പ്, കംബോഡിയൻ ഭാഗത്തെ പ്രിയാ വിഹ്യാർ സംരക്ഷിത വനം എന്നിവയാണ് ഇവിടുത്തെ മറ്റ് സംരക്ഷിത പ്രദേശങ്ങൾ.

ചരിത്രം തിരുത്തുക

പുരാതന ഖെമർ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഡാൻ‌ഗ്രോക്ക് പർവതനിരകൾ, വടക്കോട്ട് വ്യാപിച്ച്, 1220 ൽ ജയവർമൻ ഏഴാമന്റെ പൂർണ നിയന്ത്രണത്തിലുണ്ടായിരുന്ന ഇസാൻ പ്രദേശത്ത് അതിന്റെ പരമകാഷ്ഠയെ പ്രാപിക്കുന്നു.[9] പർവതപ്രദേശത്തെ പുരാവസ്തു അവശിഷ്ടങ്ങളിൽ ഫാ മോ ഐ-ഡേങ് മലഞ്ചെരിവിലെ കൽക്കൊത്തുപണികൾ, പുരാതന ശിലാഛേദന പാറമടകൾ, സാ ട്രാവോ ജലസംഭരണി എന്നിവ ഉൾപ്പെടുന്നു. ഡാൻ‌ഗ്രോക്ക് പർവത ശൃംഖലയുടെ അതിർത്തി പ്രദേശത്തുനീളമായി വിവിധ സ്ഥലങ്ങളിൽ ഫി ടോൺ നാം ('നീർത്തട ആത്മാക്കൾ') എന്നു വിളിക്കപ്പെട്ടിരുന്ന ആത്മാക്കളുടെ ഭവനങ്ങൾക്കായി നിർമ്മിച്ച സങ്കേതങ്ങളുടെ അവശിഷ്ടങ്ങളും നിലനിൽക്കുന്നു. എന്നിരുന്നാലും, ഈ പർവതനിരകളിലെ ഏറ്റവും ബൃഹത്തായതും പ്രധാനപ്പെട്ടതുമായ പുരാവസ്തു കേന്ദ്രമെന്ന് പറയാവുന്നത് സൂര്യവർമ്മൻ ഒന്നാമന്റെ കാലം[10]:96 മുതൽക്ക് ഒരു ഉയർന്ന കുന്നിൻ മുകളിൽ നാടകീയമായ ഒരു സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഖെമർ സാമ്രാജ്യകാലത്തെ ഒരു ശൈവക്ഷേത്രമായ പ്രസാത് പ്രീയ വിഹാർ വളപ്പാണ്.[11]

1975 ൽ ലോൺ നോൾ ഭരണകൂടത്തിന്റെ പതനത്തെത്തുടർന്ന് ഏപ്രിൽ 17 ന് ഖമർ റൂഷ് തലസ്ഥാന നഗരമായ നോം പെനിൽ പ്രവേശിച്ചു. എന്നാൽ നിർഭ്യാഗം വിധിക്കപ്പെട്ട ഖെമർ റിപ്പബ്ലിക്കിന്റെ ഏതെങ്കിലും രൂപത്തിലുള്ള അന്തിമ പ്രദേശം ഈ പർവതനിരകളിലെ പ്രീ വിഹാർ ക്ഷേത്രമായിരിക്കാവുന്നതാണ്. ആ വർഷം ഏപ്രിൽ അവസാനത്തോടെയാണ് ഖമർ ദേശീയ സായുധ സേന ഈ സ്ഥലം കൈവശപ്പെടുത്തിയത്. ക്ഷേത്രം നിൽക്കുന്ന കുന്നിനെ മെയ് 22 ന് ഖമർ റൂഷ് ഏറ്റെടുക്കുന്നതുവരെയുള്ള  ഏതാനും ആഴ്ചകൾ അവർ ഇത് കൈപ്പിടിയിലൊതുക്കിയിരുന്നു.

1975 നും 1979 നും ഇടയിൽ നിരവധി കംബോഡിയക്കാർ തങ്ങളുടെ രാജ്യത്ത് നടന്ന അക്രമങ്ങളേത്തുടർന്ന് ഈ മലനിരകളിലൂടെ പലായനം ചെയ്തു. ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിൽ സ്വദേശത്തേക്ക് നിർബന്ധിതമായി മടക്കിയയച്ചവരേക്കുറിച്ചുള്ള ഏറ്റവും മോശമായ കേസുകളിലൊന്ന് പ്രകാരം, തായ് സൈന്യം 40,000 ത്തോളം അഭയാർഥികളെ അവർക്ക്  മടങ്ങിപ്പോകാൻ മനസ്സില്ലാതിരുന്നിട്ടുകൂടി, പലപ്പോഴും കൂടിയ അളവിൽ മൈനുകൾ പാകിയ പ്രദേശങ്ങളിലൂടെ കംബോഡിയയിലേക്ക് മടക്കി അയച്ചുവെന്നാണ്. ഭക്ഷണത്തിന്റെ അഭാവവും പർവതനിരകളിലെ കഠിന പരിതസ്ഥിതികൾകൊണ്ടുള്ള ശാരീരികാവസ്ഥകളും കാരണം ഇവരിൽ പലരും മരണത്തെ പുൽകിയിരിക്കാവുന്നതാണ്. നിസ്സഹായരായ അഭയാർഥികളെ ഇരയാക്കുന്നതിനായി കാടുകളിൽ ഒളിച്ചിരുന്ന കൊള്ളക്കാർ പ്രശ്നത്തെ കൂടുതൽ വഷളാക്കി. അക്കാലത്ത് ഡാങ്‌റോക്ക് പർവതനിരകളെ ചുറ്റിപ്പറ്റിയുള്ള പ്രദേശത്ത് അഴുകിയതും മറവു ചെയ്യാത്തതുമായ ധാരാളം ശവശരീരങ്ങൾ ചിതറിക്കിടന്നിരുന്നു.

1984-ൽ പുറത്തിറങ്ങിയ ദി കില്ലിംഗ് ഫീൽഡ്സ് എന്ന സിനിമയിൽ, നടൻ ഹെയ്ംഗ് എസ്. എൻഗോർ അവതരിപ്പിച്ച പ്രാൺ എന്ന കഥാപാത്രം അതിർത്തിക്കപ്പുറത്തുള്ള അഭയാർഥിക്യാമ്പിന്റെ സുരക്ഷയിൽ എത്തിച്ചേരുന്നതിനായി കയറുന്ന അവസാനത്തെ കിഴുക്കാംതൂക്കായ മലഞ്ചെരിവ് ഇതാണ്. ഈ മലനിരകളുടെ കുത്തനെയുള്ള കംബോഡിയൻ വശവും പർവ്വതവ്യൂഹത്തിന്റെ താരമ്യേന ലളിതമായ വടക്കൻ ചരിവും തമ്മിലുള്ള വ്യത്യാസം ഈ സിനിമയിൽ വ്യക്തമായി കാണിക്കുന്നു.

ചില പ്രദേശങ്ങൾ വൃത്തിയാക്കിയിട്ടുണ്ടെങ്കിലും, 1980 കളിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കമ്പൂചിയ സർക്കാർ ഡാങ്‌റോക്ക് പർവതനിരയിലും തായ്-കംബോഡിയൻ അതിർത്തിയിലെ മറ്റ് ഭാഗങ്ങളിലും ആയിരക്കണക്കിന് നിർബന്ധിത തൊഴിലാളികളെ ഉപയോഗിച്ച് ഒരു വലിയ ആസൂത്രിത പ്രവർത്തനത്തിന്റെ ഭാഗമായി വിപുലമായ രീതിയിൽ ലാന്റ് മൈനുകൾ സ്ഥാപിച്ചിരുന്നു. പോൾ പോട്ടിന്റെ പുനഃസംഘടിപ്പിക്കപ്പെട്ട ഖമർ റൂഷിനെ തായ്‌ലൻഡിൽ നിന്ന് കമ്പോഡിയയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയായിരുന്നു ആരോപണവിധേയമായ ഈ പ്രവൃത്തിയുടെ ലക്ഷ്യം. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കംബോഡിയയെ ചുറ്റിപ്പറ്റിയുള്ള രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകളുടെ പൈതൃകത്തിന്റെ ഭാഗംകൂടിയായ ഈ പ്രതിരോധ രേഖ കെ -5 ബെൽറ്റ് എന്നറിയപ്പെടുന്നു.

1989 ൽ കംബോഡിയയിലെ വിയറ്റ്നാമീസ് അധിനിവേശത്തിന്റെ പരിസമാപ്തിയോടെ വിയറ്റ്നാം പീപ്പിൾസ് ആർമിയെ പിൻവലിച്ചതിനുശേഷം കംബോഡിയുടെ സായുധ സേനയായിരുന്ന കമ്പൂചിയൻ പീപ്പിൾസ് റെവല്യൂഷണറി സായുധ സേനയ്‌ക്കെതിരെ പോരാടുന്നതിനായി കംബോഡിയയുടെ അതിർത്തിയിലുടനീളം ഡാങ്‌റോക്ക് പർവതനിര പ്രദേശത്ത് ഖമർ റൂജ് അവരുടെ മുൻ താവളങ്ങൾ പുനർനിർമിച്ചിരുന്നു. ഈ കുന്നുകളുടെ താഴ്വരയിലുള്ള ഒരു ചെറിയ പട്ടണമായ അൻ‌ലോംഗ് വെംഗ് കുറച്ചുകാലം ഖമർ റൂജിന്റെ ഒരു മുഖ്യ "തലസ്ഥാനമായി" മാറി. 1990 കളിൽ ഖമർ റൂജ് അപ്പോഴും നിയന്ത്രിച്ചിരുന്ന അൻലോംഗ് വെങിൽ "ഡെമോക്രാറ്റിക് കമ്പൂചിയ" യുടെ പതനത്തിനുശേഷമുള്ള ആദ്യത്തെ "കൊലപാതക മേഖല"കിൽ ഒന്ന് നിലനിന്നിരുന്നു.

അൻ‌ലോംഗ് വെങ്ങിന് 6 കിലോമീറ്റർ വടക്കുഭാഗത്തായി ഡാങ്‌റോക്ക് പർവതനിരകളിൽ ഇപ്പോഴും ഉൽഖനനം നടന്നിട്ടില്ലാത്ത ഒരു കാട്ടുപ്രദേശത്ത് 1993 നും 1997 നും ഇടയിലുള്ള കാലഘട്ടത്തിൽ അഴിമതിയുടെപേരിൽ 3,000 പേർ ഖമർ റൂഷ് ഇടപെടലിൽ കൊല്ലപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്നു. ഈ വധശിക്ഷകൾ പ്രദേശത്തെ ടാ മോക്കിന്റെ നേതൃത്വത്തിലാണ് നടത്തിയത്.

ഡാങ്‌റോക്ക് പർവതനിരകളിൽ ഫ്യൂങിന്റെ ('സയാമീസ് റോസ്വുഡ്') നിയമവിരുദ്ധ മുറിയ്ക്കൽ വ്യാപകമാണ്. ഔദ്യോഗികമായി ഒരു സംരക്ഷിത വൃക്ഷമാണെങ്കിലും, കമ്പോഡിയൻ ഭാഗത്ത് മുറിച്ച തടികൾ സാധാരണയായി നൂറുകണക്കിന് ആളുകൾ തായ്‌ലൻഡിലേക്ക് കടത്തുന്നു. തായ്‌ലൻഡിലും ചൈനയിലും ഈ മരം ഫർണിച്ചർ വ്യവസായത്തിൽ വളരെയധികം വിലമതിക്കുന്ന ഒന്നാണ്.

അവലംബം തിരുത്തുക

  1. Roadway Thailand Atlas, Groovy Map Co., Ltd. © 4/2010
  2. Chong Bok
  3. "Phanom Dong Rak". Archived from the original on 2012-04-26. Retrieved 2011-12-17.
  4. DSI claims illegal logging rampant - Bangkok Post
  5. Community Forestry International - Oddar Meancheay
  6. "Phanom Dong Rak Wildlife Sanctuary". Archived from the original on 2012-09-11. Retrieved 2020-11-08.
  7. "Yot Dom Wildlife Sanctuary". Archived from the original on 2014-02-27. Retrieved 2020-11-08.
  8. "Huai Sala Wildlife Sanctuary". Archived from the original on 2012-09-11. Retrieved 2012-02-19.
  9. Bernard Pjilippe Groslier, Prospection des Sites Khmers du Siam, Paris, 1980
  10. Higham, C., 2001, The Civilization of Angkor, London: Weidenfeld & Nicolson, ISBN 9781842125847
  11. Svasti, Pichaya (22 May 2008). "A fine line; The sovereignty dispute over sacred site Preah Vihear continues". SEAArch - Southeast Asian Archaeology. Bangkok Post. Retrieved 20 June 2019.
"https://ml.wikipedia.org/w/index.php?title=ഡാൻ‌ഗ്രെക്ക്_മലനിരകൾ&oldid=3971365" എന്ന താളിൽനിന്ന് ശേഖരിച്ചത്