മെയ്ൻ-കാനഡ അതിർത്തിയിൽ 1724-ലും 25-ലും നടന്ന യുദ്ധമാണ് ഡമ്മർ യുദ്ധം.ഇതിന് അമേരിന്ത്യൻ യുദ്ധമെന്നും പേരുപറയാറുണ്ട്. മസാച്ചുസെറ്റ്സിലെ ആക്റ്റിങ് ഗവർണറായിരുന്ന വില്യം ഡമ്മറിന്റെ പേരുമായി ബന്ധപ്പെട്ടതുമൂലമാണ് ഇത് ഡമ്മർ യുദ്ധം എന്നറിയപ്പെടുന്നത്. ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ പതിനെട്ടാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കിടമത്സരമായിരുന്നു യുദ്ധത്തിന് പ്രധാനകാരണമായത്. ഇവർ ഇരുകൂട്ടരും തങ്ങളുടെ സ്വാധീനത്തിലുള്ള പ്രദേശങ്ങൾ സ്വന്തമാക്കാൻ യത്നിച്ചുകൊണ്ടിരുന്ന അവസരമായിരുന്നു ഇത്. അന്ന് കാനഡയിലെ കനബക് നദിയുടെ തീരപ്രദേശം ഇംഗ്ലീഷുകാരുടെ പക്കലായിരുന്നു. ഇതിന്റെ പരിധി മെയ്ൻ എന്ന തന്ത്രപ്രധാനമായ പ്രദേശം മുതൽ തുടങ്ങുന്നു. തന്മൂലം അസൂയാലുക്കളായ ഫ്രഞ്ചുകാർ തങ്ങളുടെ അമേരിന്ത്യൻ സുഹൃത്തുക്കളുമായി യോജിച്ച് കാനഡയിലേക്കുള്ള ഇംഗ്ലീഷുകാരുടെ കടന്നുകയറ്റത്തെ തടയുവാൻ ശ്രമിച്ചു. ഇതിനായി അമേരിന്ത്യർക്ക് ഫ്രഞ്ചുകാർ ആയുധവും പണവും നൽകി. അമേരിന്ത്യർ ബ്രിട്ടിഷുകാരുടെ തന്ത്രപ്രധാനമായ ചില കേന്ദ്രങ്ങൾ കൈവശപ്പെടുത്തിയെങ്കിലും ബ്രിട്ടിഷ് സൈന്യത്തിന്റെ തിരിച്ചടി വളരെ ശക്തമായിരുന്നു. കനബക് തീരത്തെ നോരിഡ്ജ് വക്ക് ഗ്രാമം പൂർണമായി നശിപ്പിക്കപ്പെട്ടു. ഒടുവിൽ 1725-ൽ അമേരിന്ത്യർ സമാധാനം നിലനിർത്താനും ഭരണകർത്താവായ ജോർജ് ഒന്നാമനെ തങ്ങളുടെ കൂടി രാജാവായി അംഗീകരിക്കാനും തയ്യാറായി. ഈ വിട്ടുവീഴ്ചകൾക്കു പ്രതിഫലമായി ഇംഗ്ലീഷുകാർ തങ്ങളുടെ കച്ചവടകേന്ദ്രങ്ങൾ പലതും അമേരിന്ത്യരുടെ പാർപ്പിടങ്ങൾക്കു സമീപത്തായി സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും തദ്വാരാ സമാധാനവും സൗഹൃദവും നിലവിൽ വരുകയും ചെയ്തു.
- ↑ Hatch, Louis Clinton (ed.) (1919). Maine: A History. American Historical Society. p. 53. Retrieved 24 July 2011.