ടൈലങ്കോയ്‌ഡിയ

(ടൈലങ്കോയ്ഡിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജന്തു സാമ്രാജ്യത്തിൽ നെമറ്റോഡ ഫൈലത്തിലെ ഒരു അതികുടുംബമാണ് ടൈലങ്കോയ്‌ഡിയ. കുമിളുകളിലും, ചിലയിനം സസ്യങ്ങളിലും, ജന്തുക്കളിലും പരാദങ്ങളായി ജീവിക്കുന്ന വിരകളെയാണ് ഈ കുടുംബത്തിലുൾപ്പെടുത്തിയിട്ടുള്ളത്. ഇവ ആഗോളവ്യാപകമായി കാർഷിക വിളകൾക്ക് വൻതോതിൽ നാശം വരുത്തുന്നു. ഏകദേശം രണ്ടായിരത്തിലധികം സസ്യയിനങ്ങളെ ഇത്തരം വിരകൾ ബാധിക്കാറുണ്ട്. വിരകൾക്ക് 0.25 - 2.5 മില്ലിമീറ്റർ വലിപ്പമേയുള്ളു. നൂലുപോലെ ലോലമായി രണ്ടറ്റവും കൂർത്ത നീളമേറിയ ശരീരമുള്ള സൂക്ഷ്മ ജീവികളാണിവ. ഇവയുടെ ആസ്യരന്ധ്രത്തിന്റെ അകം പൊള്ളയായ സൂചിമുന പോലെ കൂർത്ത ഭാഗം ജീവനുള്ള കോശങ്ങളിൽ ചൂഴ്ന്നിറങ്ങി ദ്രവപദാർഥങ്ങൾ ഊറ്റിക്കുടിക്കുന്നു. ഗ്രസികയ്ക്ക് സിലിണ്ടറാകൃതിയിലുള്ള പ്രോകോർപസ്, വാൽവ് ഉള്ളതോ ഇല്ലാത്തതോ ആയ മെറ്റാകോർപസ്, ഇടുങ്ങിയ ഇസ്ത്മസ്, അഗ്ര ആന്ത്രത്തെ അതിവ്യാപിക്കത്തക്ക വിധത്തിൽ വികസിച്ചിരിക്കുന്ന ഗ്രന്ഥിഭാഗം എന്നിങ്ങനെ നാലു ഭാഗങ്ങളുണ്ട്. പെൺജീവിക്ക് ഒന്നോ രണ്ടോ അണ്ഡാശയങ്ങളുണ്ടായിരിക്കും. ചിലയിനങ്ങളിൽ ആൺ ജീവിക്ക് വാലറ്റം വരെയെത്താത്ത ചിറകോ, വാലറ്റം വരെയെത്തുന്ന വാൽച്ചിറകുകളോ രൂപപ്പെട്ടിരിക്കും. ഹെറ്റിറോഡിറിഡേ കുടുംബത്തിൽപ്പെടുന്ന ഇനങ്ങളിൽ ഇത്തരം വാൽച്ചിറകുകൾ കാണപ്പെടുന്നുമില്ല.

ടൈലങ്കോയ്‌ഡിയ
ടൈലങ്കോയ്‌ഡിയ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Superfamily:
Tylenchoidea

(Orley, 1880)
Families

Anguinidae
Belonolaimidae
Dolichodoridae
Ecphyadophoridae
Hoplolaimidae
Heteroderidae
Pratylenchidae
Tylenchidae

ടൈലങ്കോയ്‌ഡിയയ്ക്ക് രണ്ടു പരിണാമസരണികളുണ്ട്. സസ്യങ്ങളുടെ മണ്ണിനടിയിലുള്ള ഭാഗങ്ങളിൽ പരാദങ്ങളായിരിക്കുന്നവ, മണ്ണിനു മുകളിലുള്ള ഭാഗങ്ങളിൽ പരാദങ്ങളായിരിക്കുന്നവ എന്നിങ്ങനെ രണ്ടിനങ്ങളുണ്ട്. മണ്ണിനു മുകളിലുള്ള സസ്യഭാഗങ്ങളിൽ ഏറ്റവുമധികം നാശകാരികളായിട്ടുള്ളത് ഡൈടൈലങ്കസ്, ആൻഗ്വിന എന്നിവയാണ്. ഡൈടൈലങ്കസ് ഉള്ളി, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, വിവിധയിനം അലങ്കാര സസ്യങ്ങൾ തുടങ്ങിയവയിൽ പരാദങ്ങളായി നാശമുണ്ടാക്കുന്നു. ചൈനയിലും മറ്റും ഗോതമ്പുവിളയ്ക്ക് ഏറെ നാശനഷ്ടങ്ങളുണ്ടാക്കുന്നത് ആൻഗ്വിന ട്രിറ്റിസി എന്നയിനമാണ്. ഏറ്റവുമധികം വ്യാപനമുള്ളതും നാശകാരികളുമായ സസ്യനെമറ്റോഡുകൾ പ്രാടൈലെങ്കിഡേ, ഹെറ്റിറോഡിറിഡേ എന്നീ കുടുംബങ്ങളിൽപ്പെടുന്നവയാണ്. പ്രാടൈലങ്കസ് സാധാരണ മണ്ണിൽ കാണുന്നയിനമാണ്. കരിമ്പ്, പച്ചക്കറി വർഗങ്ങൾ തുടങ്ങിയവയ്ക്ക് ഇത് കാര്യമായ നഷ്ടമുണ്ടാക്കുന്നു. വേരിൽ ചെറു മുറിവുകളുണ്ടാക്കി ഉള്ളിൽ പ്രവേശിച്ച് ഇവ കോശങ്ങൾ തിന്നു നശിപ്പിക്കുന്നു. കലകൾ നശിക്കും തോറും പുതിയ ജീവകോശങ്ങളിലേക്ക് ഇവ പ്രവേശിക്കുന്നു. തന്മൂലം തുടർച്ചയായ ക്ഷതങ്ങൾ രൂപപ്പെടുകയും വേര് മുഴുവനായിത്തന്നെ നശിച്ചുപോവുകയും ചെയ്യുന്നു. ഹെറ്റിറോഡെറിഡുകളിൽപ്പെടുന്നവ വേരുകളിൽ മുഴകളും ഗാളുകളും ഉണ്ടാക്കുന്ന നെമറ്റോഡുകളാണ്. മുഴകളും ഗാളുകളും ഉണ്ടാക്കുന്നവ ഘടനയിൽ സാദൃശ്യമുള്ളവയാണെങ്കിലും ജീവിത ചക്രത്തിലും വേരുകളെ ആക്രമിക്കുന്ന രീതിയിലും വ്യത്യസ്തത പുലർത്തുന്നവയാണ്. സസ്യങ്ങളുടെ വേരിൽ തുളച്ചുകയറുന്ന ലാർവ, കോശങ്ങൾ ഭക്ഷിക്കുകയും പടം പൊഴിക്കുകയും ചെയ്യുന്നു. ആൺ ജീവികളും ലാർവകളും ഒഴികെ ബാക്കി അവസ്ഥകളെല്ലാം തന്നെ ചലനരഹിതമായിരിക്കും. പെൺ ജീവിയുടെ ഉൾഭാഗം മുഴുവൻ മുട്ടകൾ നിറഞ്ഞിരിക്കും. പെൺജീവികൾ നശിച്ചുപോകുമ്പോൾ മുട്ടകൾ സിസ്റ്റ് രൂപത്തിലായിത്തീരുകയും അനുകൂലാവസ്ഥ വരെ കാത്തിരുന്നു മുട്ടകൾ വിരിഞ്ഞ് അടുത്ത തലമുറ ഉണ്ടാകുകയും ചെയ്യുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടൈലങ്കോയ്‌ഡിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടൈലങ്കോയ്‌ഡിയ&oldid=2282905" എന്ന താളിൽനിന്ന് ശേഖരിച്ചത്