ഉപ-ആർട്ടിക് മേഖലയിലെ വിശാല സ്തൂപികാഗ്രിത വനങ്ങൾക്കുള്ള പൊതുനാമമാണ് ടൈഗ. തുന്ദ്രാ പ്രദേശത്തിനു തൊട്ടു തെക്കായി കാണപ്പെടുന്നു. യൂറോപ്പിന്റെയും വടക്കേ അമേരിക്കയുടെയും ഉത്തരഭാഗത്തായി വരുന്ന സ്തൂപികാഗ്രിത വനങ്ങളാണ് ഇവ.

ടൈഗ

വനം എന്ന ടൈഗ

തിരുത്തുക

വനം എന്നർഥമുള്ള ടൈഗാ എന്ന റഷ്യൻ പദത്തിൽ നിന്നാണ് ടൈഗ എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. മുമ്പ് യൂറേഷ്യയിൽ മാത്രം പ്രചരിച്ചിരുന്ന ഈ പദം ക്രമേണ വടക്കേ അമേരിക്കയിലെ സമാന പ്രദേശങ്ങളെ കുറിക്കാനും ഉപയോഗിച്ചു തുടങ്ങി. സ്കാൻഡിനേവിയ മുതൽ റഷ്യയുടെ പസിഫിക് തീരം വരെയാണ് യൂറേഷ്യയിൽ ടൈഗയുടെ വ്യാപ്തി. വടക്കേ അമേരിക്കയിൽ ഇവ അലാസ്ക മുതൽ ന്യൂഫൌണ്ട്ലൻഡ് വരെ വ്യാപിച്ചു കിടക്കുന്നു.

പ്രധാന വൃക്ഷങ്ങൾ

തിരുത്തുക

ദേവദാരു വൃക്ഷം, പൈൻ, തുടങ്ങിയവയാണ് ടൈഗ പ്രദേശത്തെ പ്രധാന വൃക്ഷങ്ങൾ. ചതുപ്പാർന്ന നിമ്നഭാഗങ്ങൾ ഇവിടെ ധാരാളമുണ്ട്. ഉത്തര ദിശയിലേക്കൊഴുകുന്ന നദികളുടെ ജലനിർഗമന മാർഗങ്ങൾ മഞ്ഞുമൂടിക്കിടക്കുന്നതിനാൽ വസന്തകാലത്തുണ്ടാകുന്ന ഹിമസ്രുതി വെള്ളപ്പൊക്കമുണ്ടാക്കാറുണ്ട്. റഷ്യയുൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളും വളരെ വിശാലമായ അർഥത്തിലാണ് ടൈഗ എന്ന പദം ഉപയോഗിക്കുന്നത്. തുന്ദ്രായ്ക്കു തെക്കും ഇടതൂർന്ന വനങ്ങൾക്കു വടക്കും കാണപ്പെടുന്ന വനപ്രദേശങ്ങളെയും ടൈഗ എന്നുപറയാറുണ്ട്. കൂട്ടം ചേർന്നോ, ഒറ്റപ്പെട്ടോ, ഇടതൂർന്നോ ഉള്ള സ്തൂപികാഗ്രിതവനങ്ങൾ സമ്പന്നമായി കാണപ്പെടുന്ന പ്രദേശങ്ങളെ സൂചിപ്പിക്കുവാനും ടൈഗ എന്ന പദം തന്നെയാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ നിയതാർഥത്തിൽ ഇടയ്ക്ക് ഏതാണ്ട് തുടർച്ചയായ രീതിയിൽ ലൈക്കനുകളും, ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും കാണപ്പെടുന്ന തുറസ്സായ നിത്യഹരിത സ്തൂപികാഗ്രിത വനങ്ങളാണ് ടൈഗകൾ. ചിലയിടങ്ങളിൽ ഇവയ്ക്കു ചുറ്റും പുൽ പ്രദേശങ്ങൾ കാണുന്നുണ്ട്. തടിയും ധാതുനിക്ഷേപങ്ങളും ടൈഗ പ്രദേശങ്ങൾക്ക് സാമ്പത്തികപ്രാധാന്യം നേടിക്കൊടുത്തിട്ടുണ്ടെങ്കിലും ഇന്നും ഇവയുടെ പല ഭാഗങ്ങളിലും മനുഷ്യർക്കെത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. ഇവിടത്തെ ചില പ്രദേശങ്ങൾ ജലം പുറത്തേയ്ക്ക് ഒഴുകിപ്പോകാത്തവയാണ്. ഈ പ്രദേശങ്ങളിൽ തുടർച്ചയായി പീറ്റ് നിക്ഷേപിക്കപ്പെടുന്നു.

മഞ്ഞുകാലം

തിരുത്തുക

ടൈഗ പ്രദേശത്തെ മഞ്ഞുകാലം ദീർഘവും കാഠിന്യമേറിയതുമാണ്. ഹ്രസ്വവും സൌമ്യവുമാണ് വേനൽക്കാലം. കാഠിന്യമേറിയ കാലാവസ്ഥയും ദുഷ്പ്രാപ്യതയും നിമിത്തം ഈ പ്രദേശത്ത് ജനസാന്ദ്രത വളരെ കുറവാണ്. ഈ പ്രദേശത്തു കാണപ്പെടുന്ന ഒരു പ്രധാന മൃഗമാണ് വുഡ്ലൻഡ് കാരിബോ (Woodland caribou).[1] സസ്യജാല വൈവിധ്യത്തിനും കാലാവസ്ഥാമാറ്റങ്ങൾക്കും അനുസൃതമായ ഉപവിഭാഗങ്ങളും ടൈഗയ്ക്കുണ്ട്.

ചിത്രശാല

തിരുത്തുക
  1. http://www.defenders.org/woodland-caribou/basic-facts Basic Facts About Woodland Caribou

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടൈഗ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടൈഗ&oldid=3786737" എന്ന താളിൽനിന്ന് ശേഖരിച്ചത്