ടി. ഉബൈദ്
ഒരു മലയാള കവിയും മാപ്പിളസാഹിത്യ പണ്ഡിതനുമായിരുന്നു ടി. ഉബൈദ്.[1][2] ഉബൈദിന്റെ കവിതകളിലെ പ്രധാന അന്തർധാര ഇസ്‌ലാമും ദേശസ്നേഹവുമായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.[3][4]
ടി. ഉബൈദ് | |
---|---|
ജനനം | 1908 ഒക്ടോബർ 7 കാസർഗോഡ് |
മരണം | 1972 ഒക്ടോബർ 3 |
തൂലികാ നാമം | ടി. ഉബൈദ് |
തൊഴിൽ | കവി, മാപ്പിളസാഹിത്യകാരൻ |
ദേശീയത | ഭാരതീയൻ |
വിഷയം | ഗാനരചന |
ജീവിതരേഖ
തിരുത്തുക1908 ഒക്ടോബർ 7-ന് കാസർഗോഡ് ജില്ലയിലെ പള്ളിക്കാലിൽ ആയിരുന്നു ഉബൈദിന്റെ ജനനം. എം ആലിക്കുഞ്ഞി, സൈനബ് മാതാപിതാക്കൾ. യഥാർത്ഥ പേര് അബ്ദുറഹ്മാൻ. സ്വദേശത്ത് പ്രാഥമിക വിദ്യാഭ്യാസവും പിതാവിൽ നിന്ന് മതപഠനവും നേടി. മലയാളം, കന്നട, ഇംഗ്ലീഷ്, ഉറുദു, അറബി ഭാഷകളിൽ ചെറുപ്പത്തിൽ തന്നെ വ്യൽപത്തിനേടി. 1924-ൽ കവിതയെ നെഞ്ചേറ്റി ഔദ്യോഗിക പഠനം എട്ടാംക്ലാസിൽ വെച്ച് ഉപേക്ഷിച്ചു. എന്നാൽ 12 വർഷത്തിന് ശേഷം വീണ്ടം സ്വപ്രയത്നത്തിലൂടെ എട്ടാം തരം പൂർത്തീകരിച്ച് മലപ്പുറത്ത് അധ്യാപക പരിശീലനം പൂർത്തിയാക്കി. 1928ൽ കുമ്പള ഫിഷറീസ് സ്കൂളിൽ (മുനീറുൽ ഇസ്‌ലാം സ്‌കൂൾ) അധ്യാപനായി ജോലി ചെയ്തു. 64-ആം ജന്മദിനത്തിന് നാലുദിവസം ബാക്കിനിൽക്കേ 1972 ഒക്ടോബർ 3-ന് ഒരു പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു.[3][5]
സാഹിത്യജീവിതം
തിരുത്തുകമുഹമ്മദ് അബ്‌ദുർറഹ്‌മാൻ സാഹിബിന്റെ അൽ അമീനിലൂടെയാണ് ഉബൈദ് രചനാരംഗത്തേക്ക് പ്രവേശിക്കുന്നത്. അധ്യാപകനായിരുന്ന ഉബൈദ് കാസർഗോട്ടെ മുസ്ലിം നവോത്ഥാന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മുഹമ്മദ് ശറൂൽ സാഹിബുമായി ബന്ധപ്പെട്ടതിന് ശേഷമാണ് സാഹിത്യരംഗത്ത് പൊതുരംഗത്തും സജീവമാകുന്നത്. 1931ൽ ശെറുൽ സാഹിബുമായി ചേർന്ന് 'രണ്ടുൽബോധനങ്ങൾ' എന്ന കൃതി. ഉമ്മയുടെ മരണത്തെ തുടർന്ന് സംസ്കൃത വൃത്തത്തിൽ 'ബാഷ്പധാര'യും എഴുതി. ഇക്കാലത്ത് തലശ്ശേരിയിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ചന്ദ്രികയിൽ കവിതകളും ലേഖനങ്ങളും തുടർച്ചയായി എഴുതിവന്നു.[3] കന്നട ഭാഷയിൽ അവഗാഹമുണ്ടായിരുന്ന അദ്ദേഹം 'മുംതാസ്' എന്ന കന്നട പത്രത്തിലും കവിതകളും ലേഖനങ്ങളും എഴുതുമായിരുന്നു.
സാമൂഹിക നവോത്ഥാനരംഗത്ത്
തിരുത്തുകടി. ഉബൈദ് സാമൂഹിക നവോത്ഥാന സംരംഭങ്ങളിലും സജീവമായിരുന്നു. കുമ്പളയിലെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന അവഗണനക്കും ബഹിഷ്കരണത്തിനുമെതിരെ ശബ്ദിച്ചു. മതയാഥാസ്ഥികതക്കെതിരെ ശക്തമായി പൊരുതി. മാതൃഭാഷയിൽ വെള്ളിയാഴ്ച പ്രഭാഷണം നിർവ്വഹിച്ചതിന്റെയും അനാചാരങ്ങളെ എതിർത്തതിന്റെയും പേരിൽ ബഹിഷ്കരണങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. ഐക്യസംഘവുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു.
വിദ്യാഭ്യാസരംഗത്ത് പിന്നാക്കം നിന്നിരുന്ന സമൂഹത്തെ ഉയർത്തിക്കൊണ്ടു വരലായിരുന്നു ഏറ്റെടുത്ത മറ്റൊരു വിഷയം. ഇതിനായി 1939 ൽ ഒരു വിദ്യാഭ്യാസ പ്രചാരണജാഥ സംഘടിപ്പിച്ചു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹികപുരോഗതി കൈവരിക്കൂ എന്നുദ്ഘോഷിച്ച് കാസർഗോഡ് ജില്ല മുഴുവനും കാമ്പയിൻ പ്രവർത്തനം നടത്തി. 1942 മെയ് മാസത്തിലും തളങ്കരയിൽ ഇത്തരമമൊരു വിദ്യാഭ്യാസ പ്രചരണ ജാഥ നടത്തിയിരുന്നു.1944ൽ കാസർകോഡ് ആദ്യമായി ഗവ. മുസ്‌ലിം ഹൈസ്‌കൂൾ സ്ഥാപിതമായത് ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായായിരുന്നു. ആളുകളിൽ നിന്ന് പിരിവെടുത്ത് 15000 രൂപ തികച്ച് സർക്കാറിൽ കെട്ടിവെച്ചാണ് കലാലയം തുടങ്ങിയത്. ഹൈസ്‌കൂളിനു കീഴിലെ എൽ.പി. സ്‌കൂളിൽ 39 വർഷം ഹെഡ്‌മാസ്റ്ററായ അദ്ദേഹം 1969ലാണ് വിരമിച്ചത്.
പദവികൾ അംഗീകാരങ്ങൾ
തിരുത്തുക1964ൽ സംസ്ഥാന സർക്കാറിന്റെ അധ്യാപക അവാർഡ് കരസ്ഥമാക്കി. കേരള സാഹിത്യ അക്കാദമി അംഗം,സംഗീത നാടക അക്കാദമി അംഗം, കേരള കലാമണ്ഡലം അംഗം, മലയാളം എൻസൈക്ലോപീഡിയ ഉപദേശക സമിതിയംഗം, കോഴിക്കോട് സർവകലാശാല ഫൈൻ ആർട്സ് ഫാക്കൽറ്റി അംഗം, കാസർകോഡ് സാഹിത്യവേദി പ്രസിഡന്റ്, സമസ്‌ത കേരള സാഹിത്യ പരിഷത്ത് അംഗം, എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. മലയാള മഹാനിഘണ്ടുവിന് മാപ്പിളപദങ്ങൾ സമാഹരിക്കുന്നതിന് ശൂരനാട് കുഞ്ഞൻപിള്ളയുമായി പ്രവർത്തിച്ചിട്ടുണ്ട്. മലയാളശബ്‌ദം പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
രചനകൾ
തിരുത്തുക1980ൽ ഉബൈദിന്റെ തെരഞ്ഞെടുത്ത കവിതകൾ സാഹിത്യ പ്രവർത്തക സഹകരണസംഘം പുറത്തിറക്കി. ഇബ്‌റാഹീം ബേവിഞ്ചയുടെ ഉബൈദിന്റെ കവിതാലോകം (1997) ഉബൈദ് കവിതകളുടെ സമഗ്രപഠനമാണ്.സാഹിത്യപ്രവർത്തക സഹകരണ സംഘം തന്നെ പുറത്തിറക്കിയ ഇഖ്‌ബാലിന്റെ ശിക്‌വായുടെ വിവർത്തകൻ ടി ഉബൈദാണ്. ഉബൈദിന്റെ ചില രചനകൾ താഴെ:
- രണ്ടുൽബോധനങ്ങൾ
- ബാഷ്പധാര
- വിടവാങ്ങൽ
- സമുദായദുന്ദുഭി
- സമാശ്ലേഷം
- ദിവ്യകാവ്യം
- നവരത്നമാലിക
- മണ്ണിലേക്ക് മടങ്ങി (ശിവരാമ കാരന്തിന്റെ കന്നടനോവലിന്റെ വിവർത്തനം)
- തിരുമുൽക്കാഴ്‌ച
- ഹസ്‌റത്ത് മാലിക് ദീനാർ
- കവിതയോട്
- ശറൂൽ സാഹിബ്
അവലംബം
തിരുത്തുക- ↑ ദീപിക ദിനപത്രം 10//06/2009[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഉബൈദ് എന്ന ഇശൽ തേൻ സാഗരം വെബ്ദുനിയ
- ↑ 3.0 3.1 3.2 ഇസ്ലാമിനെ നെഞ്ചേറ്റിയ കവി ടി.ഉബൈദ്[പ്രവർത്തിക്കാത്ത കണ്ണി] പ്രബോധനം വാരിക 2008 നവംബർ 1
- ↑ ശബാബ് വാരിക, മഹാകവി ടി ഉബൈദ്, 2011-01-14[പ്രവർത്തിക്കാത്ത കണ്ണി]
- ↑ കേരള സാഹിത്യ അക്കാദമി