ടി.ജി. രവി
മലയാളചലച്ചിത്രങ്ങളിൽ1970 -80 കാലഘട്ടത്തിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ച് ശ്രദ്ധേയനായ ഒരു നടനാണ് ടി. ജി. രവി എന്നറിയപ്പെടുന്ന ടി.ജി. രവീന്ദ്രനാഥൻ. ബാലൻ കെ. നായരോടൊപ്പം അഭിനയിച്ച ധാരാളം വില്ലൻ വേഷങ്ങൾ അക്കാലത്തെ ചിത്രങ്ങളിൽ ശ്രദ്ധേയമാണ്.
ജീവചരിത്രം
തിരുത്തുക1944, മേയ് 16 ന് തൃശ്ശൂർ ജില്ലയിലെ മൂർക്കനിക്കര എന്ന ഗ്രാമത്തിൽ ജനിച്ചു. എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസമായിരുന്നു ഉപരിപഠനത്തിനു് അദ്ദേഹം തെരഞ്ഞെടുത്തതു്. കേരള സർവ്വകലാശാലയുടെ കീഴിൽ തൃശ്ശൂർ എൻജിനീയറിംഗ് കോളേജിലും ഇടയ്ക്കൊരു ഹ്രസ്വകാലത്തേക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലുമായി എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസം പൂർത്തിയാക്കി. 1969 ൽ മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടി. അക്കാലത്ത് യൂണിവേഴ്സിറ്റി തലത്തിൽ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. കൂടാതെ ഫുട്ബാൾ, ഹോക്കി എന്നിവയിലും യൂണിവേഴ്സിറ്റി തലത്തിൽ കളിക്കുമായിരുന്നു.
പിൽക്കാലത്തു് സ്വന്തമായി വ്യവസായത്തിൽ വ്യാപൃതനായ ഇദ്ദേഹം റബ്ബർ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സൺടെക് ടയേർസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങിവെച്ചു. കൊച്ചിൻ ദേവസ്വം ബോർഡിൽ അംഗമായിരുന്നിട്ടുണ്ടു്.[1].
കുടുംബം
തിരുത്തുകപരേതയായ ഡോക്ടർ വി.കെ. സുഭദ്രയായിരുന്നു അദ്ദേഹത്തിന്റെ ധർമ്മപത്നി. കൊൽക്കൊത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ലണ്ടൻ ബിസിനസ്സ് സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച രഞ്ജിത്ത്, സുരത്കൽ NIT , ബെങ്കലുരു ICFAI ബിസിനസ്സ് സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച മലയാളചലച്ചിത്ര അഭിനേതാവും വ്യവസായിയുമായ ശ്രീജിത്ത് രവി എന്നിവരാണു് മക്കൾ. മരുമക്കൾ സീമ, സജിത. പേരക്കുട്ടികൾ മിലിത്, ഋജ്രാശ്വ, മിതുൽ, മിനാൽ.
ഇപ്പോൾ ബോട്സ്വാനയിൽ സ്ഥിരതാമസം.
ചലച്ചിത്ര ജീവിതം
തിരുത്തുകരാമവർമ്മപുരത്തുള്ള തൃശ്ശൂർ ആകാശവാണിയിൽ ഇടനേരജോലി ചെയ്യുന്ന സമയത്ത് സാഹിത്യകാരനും തിരക്കഥാകൃത്തുമായ തിക്കോടിയനെ കണ്ടുമുട്ടിയത് അദ്ദേഹത്തിനു് ചലച്ചിത്ര ലോകത്തേക്ക് ഒരു വഴിത്തിരിവായി.ആദ്യകാലത്ത് നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് തിക്കോടിയൻ ഇദ്ദേഹത്തെ സംവിധായകൻ അരവിന്ദനുമായി പരിചയപ്പെടുത്തി. അങ്ങനെ അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലൂടെ ആദ്യമായി അദ്ദേഹം ചലച്ചിത്രരംഗത്തെത്തി. തുടർന്നു് ഏറെ അവസരങ്ങൾ അദ്ദേഹത്തെ തേടി എത്തിയില്ലെങ്കിലും ചലച്ചിത്രരംഗത്തെ താൽപ്പര്യം മുൻനിർത്തി അദ്ദേഹം സ്വന്തമായി പാദസരം എന്ന പേരിൽ ഒരു ചിത്രം നിർമ്മിക്കുകയും ചെയ്തു. ഇതിൽ നായക വേഷത്തിൽ അഭിനയിച്ചെങ്കിലും ചിത്രം ഒരു പരാജയമായിരുന്നു. പക്ഷേ, തൂടർന്നു നിർമ്മിച്ച രണ്ട് ചിത്രങ്ങൾ സാമാന്യം വിജയം നേടി. പിന്നീട് ജയൻ നായകനായി അഭിനയിച്ച ചാകര എന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ച് ടി.ജി. രവി മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായ ഒരു വ്യക്തിയായി മാറി. അക്കാലത്തെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ പ്രധാനമായും വില്ലൻ വേഷങ്ങളിൽ അഭിനയിച്ചു് പിന്നീട് അദ്ദേഹം മലയാളചലച്ചിത്രചരിത്രത്തിൽ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തു.
1980 കളിൽ പൂർണ്ണസമയ ചലച്ചിത്രപ്രവർത്തനങ്ങാളിൽ നിന്നു് അദ്ദേഹം വിരമിച്ചു. പക്ഷേ, കാൽ നൂറ്റാണ്ടിനുശേഷം, സിബി മലയിൽ 2006ൽ സംവിധാനം ചെയ്ത അമൃതം എന്ന ചിത്രത്തിൽ അഭിനയിച്ചു. കുടാതെ പകൽ, സൈക്കിൾ, പ്രാഞ്ചിയേട്ടൻ, റെഡ് വൈൻ, പ്രീസ്റ്റ്'’ എന്നീ ചിത്രങ്ങളിലും ചില വേഷങ്ങൾ ചെയ്തു.[2]
പുരസ്കാരങ്ങൾ
തിരുത്തുക- Acting - കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2007 - പ്രത്യേക ജൂറി പുരസ്കാരം (Films - Adayalangal, Ottakkayyan)
- കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2006 - മികച്ച നടൻ - നിഴൽപ്പൂരം[3]
അവലംബം
തിരുത്തുക- ↑ http://www.hindu.com/2007/07/16/stories/2007071651760300.htm Archived 2012-11-03 at the Wayback Machine. The Hindu
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-15. Retrieved 2009-05-19.
- ↑ "കേരള TV അവാർഡുകൾ പ്രഖ്യാപിച്ചു" (in ഇംഗ്ലീഷ്). The Hindu. 2007 ജൂൺ 7. Archived from the original on 2013-01-25. Retrieved 2009 മാർച്ച് 22.
{{cite news}}
: Check date values in:|accessdate=
and|date=
(help)