പ്രസിദ്ധ ചിത്രകാരി ടി.കെ. പത്മിനി (1940 മേയ് 2-1969 മേയ് 11) പൊന്നാനി താലൂക്കിലെ കാടഞ്ചേരിയിൽ ജനിച്ചു.[1] പൊന്നാനി എ.വി. ഹൈസ്കൂൾ, മദ്രാസ് ആർട്സ് & ക്രാഫ്റ്റ്സ് കോളേജ് എന്നിവിടങ്ങളിൽ പഠനം‌. 1960 മുതൽ '69 വരെയുളള കാലയളവിലാണ് പത്മിനി ചിത്രങ്ങളുടെ പിറവി. ഈ കാലയളവിൽ അവർ 30 എണ്ണച്ചായ ചിത്രങ്ങൾ ഉൾപ്പെടെ 230 ചിത്രങ്ങൾ രചിച്ചു. കേരളത്തിലെ അമൃതാ ഷെർഗിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടി.കെ പത്മിനിയുടെ ചിത്രങ്ങൾ റൊമാന്റിക്, അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസ്റ്റിക് ഗണങ്ങളിൽ ഉൾപ്പെടുന്നു. ടി കെ പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി പത്മിനി എന്ന പേരിൽ സുസ്മേഷ് ചന്ത്രോത്ത് രചനയും സംവിധാനവും നിർവ്വഹിച്ച ചലച്ചിത്രം 2018ൽ പുറത്തിറിങ്ങി.[2]

ടി.കെ. പത്മിനി
ടി.കെ. പത്മിനി
ജനനം(1940-05-02)മേയ് 2, 1940
കാടഞ്ചേരി, പൊന്നാനി, കേരളം
മരണംമേയ് 11, 1969(1969-05-11) (പ്രായം 29)
വിദ്യാഭ്യാസംപൊന്നാനി എ.വി. ഹൈസ്കൂൾ, മദ്രാസ് ആർട്സ് & ക്രാഫ്റ്റ്സ് കോളേജ്
തൊഴിൽറൊമാന്റിക്, അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസ്റ്റിക് ചിത്രകാരി
ജീവിതപങ്കാളി(കൾ)ദാമോദരൻ

ജീവിതം തിരുത്തുക

മലപ്പുറം ജില്ലയിലെ കാടഞ്ചേരി എന്ന ഗ്രാമത്തിൽ ജനിച്ച പത്മിനി നാട്ടിൻ പുറത്തെ സ്ത്രീകളുടെ ജീവിതം നേരിൽ കണ്ടാണ് വളർന്നത്. ഈ ഗ്രാമീണ ജീവിത പശ്ചാത്തലങ്ങളും ബിംബങ്ങളും അവരുടെ ചിത്രങ്ങളെ വളരെ സ്വാധീനിച്ചിട്ടുണ്ട്. ഹൈസ്കൂൾ പഠന കാലത്ത് ചിത്രകലാ അധ്യാപനായിരുന്ന ദേവസ്യ മാസ്റ്റർ ആയിരുന്നു പത്മിനിയുടെ ഗുരു[3]. അതിനു ശേഷം ചിത്രകലയിൽ തുടർപഠനം ആഗ്രഹിച്ച പത്മിനിയെ 1961-ൽ അമ്മാവൻ ദിവാകരമേനോൻ മുൻകൈ എടുത്ത് മദ്രാസ് ആർട്സ് & ക്രാഫ്റ്റ്സ് കോളേജിൽ അയച്ചു. ആർട്ടിസ്റ്റ് നമ്പൂതിരി ആയിരുന്നു ഇതിന് സഹായങ്ങൾ നൽകിയത്. കെ.സി.എസ്. പണിക്കർ ആയിരുന്നു അന്ന് ആ സ്ഥാപനത്തിന്റെ പ്രിൻസിപ്പാൾ. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ആറു വർഷത്തെ കോഴ്സ് രണ്ടു പ്രൊമോഷനുകൾ സഹിതം‌ അവർ നാലു വർഷം‌ കൊണ്ട് 1965-ൽ ഒന്നാം റാങ്കോടെ പൂർത്തിയാക്കി.

ചെന്നൈയിലെ വിദ്യോദയ ഗേൾസ് ഹൈസ്കൂൾ (1965), ആദർശ വിദ്യാലയ മെട്രിക്കുലേഷൻ സ്കൂൾ (1966-'69), ചിൽഡ്രൻസ് ഗാർഡൻ സ്കൂൾ (1967-'69) എന്നിവിടങ്ങളിൽ പിന്നീട് ചിത്രകലാധ്യാപികയായി പ്രവർത്തിച്ചു.

1968 മെയ് മാസത്തിൽ പത്മിനി ചിത്രകാരനായ ദാമോദരനെ വിവാഹം കഴിച്ചു[3].

1969 മെയ് 11ന് 29ആം വയസ്സിൽ പ്രസവസംബന്ധമായ അസുഖത്തെ തുടർന്ന് പത്മിനിയും കുഞ്ഞും അന്തരിച്ചു.[4]

ചിത്രങ്ങൾ തിരുത്തുക

 
പട്ടം പറപ്പിക്കുന്ന പെൺകുട്ടി പ്രമേയമാക്കി മിനി പമ്പയിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ സ്ഥാപിച്ച ശിൽപ്പം

ഗ്രാമീണ സ്ത്രീകളും അവരുടെ ജീവിതവുമാണ് പത്മിനി ചിത്രങ്ങളുടെ മുഖ്യ പ്രമേയം‌. ഇരുണ്ട നിറങ്ങളും കട്ടി കൂടിയ രേഖകളും പത്മിനിയുടെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. പരമ്പരാഗത വിശ്വാസങ്ങളും‌ സർപ്പക്കാവുകളും കളങ്ങളും ഇഴചേർന്ന അവരുടെ ചിത്രങ്ങളിലെ സ്ഥായീഭാവം‌ വിഷാദമാണ്. ഉൾനാടൻ ജീവിതങ്ങളിലെ ഏകതാനതയും പ്രകൃതിയോടുള്ള തന്മയീഭാവങ്ങളും കാൽപനിക വിഷാദവും ചിത്രങ്ങളിൽ പ്രകടമായി കാണാം. ചിത്രകലയിലെ ക്ലാസ്സിക് സങ്കേതങ്ങളും ജനിച്ചു വളർന്ന പശ്ചാത്തലങ്ങളിലെ പരിചിത കാഴ്ച്ചകളും പത്മിനിയുടെ ചിത്രങ്ങളിൽ സമന്വയിക്കുന്നുണ്ട്.

സ്ത്രീ ശരീരത്തിന്റെ ആവർത്തിക്കപ്പെടുന്ന സാന്നിധ്യവും പശ്ചാത്തലമായി അനുവർത്തിക്കുന്ന പ്രകൃതി ബിംബങ്ങളും ഒരു പൊതു സാമൂഹിക സ്ഥലമായല്ല, മറിച്ച് സ്ത്രീപക്ഷ കാഴ്ച്ചകളിലൂടെ രൂപപ്പെടുന്ന ഒരു സ്വയം പ്രഖ്യാപിത സ്വതന്ത്ര ദൃശ്യ വ്യവഹാരമായാണ് പത്മിനിയുടെ ചിത്രങ്ങളിൽ എത്തുന്നത്. സ്ത്രീ ലൈംഗികതയുടെയും ഉടലിന്റെയും സ്വാതന്ത്ര്യബോധം ചിത്രകലയിൽ ആദ്യമായി ആവിഷ്കരിച്ച മലയാളി എന്നും പത്മിനി വിശേഷിപ്പിക്കപ്പെടുന്നുണ്ട്.

പട്ടം പറപ്പിക്കുന്ന പെൺകുട്ടി, നീല നദി, ധ്യാനം, നിലാവ്, ഡിസയർ, ഡ്രീംലാന്റ്, ഡോൺ, വുമൺ, ഗ്രോത്ത്, ബറിയർ ഗ്രൗണ്ട്, പോർട്രൈറ്റ് എന്നിവ പത്മിനിയുടെ ചിത്രങ്ങളിൽ ചിലതാണ്.

പത്മിനിയുടെ പെയ്ന്റിംഗുകളും രേഖാചിത്രങ്ങളും ചെന്നൈയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിലും ഹൈദരാബാദിലെ സലർജംഗ് മ്യൂസിയത്തിലും കേരള ലളിതകലാ അക്കാദമിയുടെ കൊച്ചിയിലെ ആർട്ട് ഗാലറിയിലും സൂക്ഷിക്കുന്നുണ്ട്[5].

.

പ്രധാന പ്രദർശനങ്ങൾ തിരുത്തുക

 • 1962 - പ്രോഗ്രസ്സിവ് പെയിന്റേഴ്സ് അസോസിയേഷൻ , മദ്രാസ്
 • 1963 - യങ് പെയിന്റേഴ്സ് & സ്കൾപ്ച്ചേഴ്സ് അസോസിയേഷൻ ‍, മദ്രാസ്
 • 1964 - യങ് പെയിന്റേഴ്സ് & സ്കൾപ്ച്ചേഴ്സ് അസോസിയേഷൻ , ബോംബെ
 • 1964 - നാഷണൽ എക്സിബിഷൻ ഓഫ് ആർട്സ്, ബോംബെ
 • 1964 - ബോംബെ ആർട്സ് സൊസൈറ്റി വാർഷിക പ്രദർശനം
 • 1965 - ത്രീ വുമൺ ആർടിസ്റ്റ്സ് ഷോ, മദ്രാസ്
 • 1966 - സിക്സ് ആർടിസ്റ്റ്സ് ഷോ, മദ്രാസ്
 • 1966 - സിക്സ് ആർടിസ്റ്റ്സ് ഷോ, ഡൽഹി
 • 1967 - യങ് പെയിന്റേഴ്സ് & സ്കൾപ്ച്ചേഴ്സ് അസോസിയേഷൻ ‍, ഹൈദരാബാദ്
 • 1968 - വൺ മാൻ ഷോ, മദ്രാസ്
 • 1969 - നാഷണൽ എക്സിബിഷൻ ഓഫ് ആർട്സ്, ന്യൂ ഡൽഹി
 • 1969 - യുവ ദക്ഷിണേന്ത്യൻ കലാകാരന്മാരുടെ സമകാലിക ചിത്രങ്ങളുടെ പ്രദർശനം (മാക്സ് മുള്ളർ ഭവൻ സ്പോൺസർ ചെയ്തത്), ബാംഗ്ലൂർ
 • 1969 - ക്രിയേറ്റീവ് ഫോറം എക്സിബിഷൻ , മദ്രാസ്[6].

പുരസ്കാരങ്ങൾ തിരുത്തുക

 • മദ്രാസ് ലളിത കലാ അക്കാദമി അവാർഡ് (1963)
 • മദ്രാസ് ലളിത കലാ അക്കാദമിയുടെ ഹൈലി കമാന്റഡ് സർട്ടിഫിക്കറ്റ് ('Growth' എന്ന പെയിന്റിംഗിൻ)
 • അസോസിയേഷൻ ഓഫ് യങ് പെയിന്റേഴ്സ് ആന്റ് സ്കൾപ്‌റ്റേഴ്സ് അവാർഡ് (1965)
 • മദ്രാസ് ലളിത കലാ അക്കാദമി അവാർഡ് (1967)[6].

അവലംബം തിരുത്തുക

 • കേരള ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ച പത്മിനിയുടെ ജീവിതരേഖ
 • പത്മിനിയുടെ അമ്മാവൻ ദിവാകരമേനോൻ ‍, പി. സുരേന്ദ്രൻ എന്നിവരുമായുള്ള അഭിമുഖം.
 • കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറി

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ടി.കെ._പത്മിനി&oldid=3704573" എന്ന താളിൽനിന്ന് ശേഖരിച്ചത്