രണ്ടാം ലോകമഹായുദ്ധകാലത്തെ ജർമ്മൻ സുരക്ഷാസംഘടനയിലെ(എസ് എസ്)ഒരു ഉദ്യോഗസ്ഥനും ഓഷ്‌വിറ്റ്സ് തടങ്കൽപ്പാളയത്തിലെ ചികിത്സകനും ആയിരുന്നു ജോസഫ് മെൻഗെളെ (Josef Mengele) (16 മാർച്ച് 1911 - 7 ഫെബ്രുവരി 1979) . ഗ്യാസ് ചേമ്പറിലേക്കു ഇരകളെ തിരഞ്ഞെടുക്കുന്നതിനും തടവുകാരുടെ മേൽ മാരക പരീക്ഷണങ്ങൾ നടത്തുന്നതിനും ചുമതലപ്പെടുത്തപ്പെട്ട വൈദ്യസംഘത്തിലെ ഒരു കുപ്രസിദ്ധ അംഗമായിരുന്നു മെൻഗെളെ. പുതുതായെത്തുന്ന തടവുകാരെ ജോലി ചെയ്യാൻ ആരോഗ്യമുള്ളവരാണെങ്കിൽ ക്യാമ്പിലേക്ക് ചേർക്കുകയും അല്ലാത്തവരെ ഉടൻതന്നെ ഗ്യാസ് ചേമ്പറുകളിലിട്ടു കൊല്ലുകയുമാണ് അവർ ചെയ്തിരുന്നത്. റഷ്യൻ ചെമ്പടയുടെ വരവിനു തൊട്ടുമുമ്പേ 17 ജനുവരി 1945 -ന് മെൻഗെളെ ഓഷ്‌വിറ്റ്സിൽ നിന്നു പലായനം ചെയ്തു. യുദ്ധത്തിനുശേഷം ദക്ഷിണ അമേരിക്കയിലേക്ക് ഒളിച്ചോടുകയും തന്റെ ശിഷ്ടകാലം മുഴുവൻ പിടികൊടുക്കാതെ അവിടെ ജീവിക്കുകയും ചെയ്തു .

ജോസഫ് മെൻഗെളെ
നാസികാലത്തെ ചിത്രം
ജനന നാമംജോസഫ് മെൻഗെളെ
Nicknameമരണത്തിന്റെ മാലാഖ (Angel of Death) (ജർമ്മൻ: Todesengel)[1]
ജനനം(1911-03-16)16 മാർച്ച് 1911
ഗുൺസ്‌ബർഗ്, ബാവേറിയ, ജർമനി
മരണം7 ഫെബ്രുവരി 1979(1979-02-07) (പ്രായം 67)
ബെർട്ടിയോഗ, സവോ പോളോ, ബ്രസീൽ
ദേശീയത Nazi Germany
വിഭാഗം ഷുറ്റ്‌സ്റ്റാഫൽ
ജോലിക്കാലം1938–45
പദവി SS-Hauptsturmführer (captain)
Service number
പുരസ്കാരങ്ങൾ
ഒപ്പ്

മ്യൂണിക് സർവകലാശാലയിൽ നിന്നും നരവംശപഠനത്തിലും വൈദ്യപഠനത്തിലും ഡോക്ടറേറ്റ് നേടിയ മെൻഗെളെ ഒരു ഗവേഷകനായിട്ടാണ് തന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. 1937ൽ അദ്ദേഹം നാസി പാർട്ടിയിലും 1938ൽ എസ്. എസ് യിലും ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലത്തു ബറ്റാലിയൻ മെഡിക്കൽ ഉദ്യോഗസ്ഥനായിട്ടാണ് തുടക്കത്തിൽ അദ്ദേഹത്തെ നിയമിച്ചതെങ്കിലും 1943 ന്റെ തുടക്കത്തിൽ തടങ്കൽപ്പാളയസേവനത്തിലേക്കു മാറ്റുകയും അവിടെ നിന്നു ഓഷ്‌വിറ്റ്സിലേക്കു നിയമിക്കുകയും ചെയ്തു. അവിടെ അദ്ദേഹം കണ്ടത് മനുഷ്യരിൽ ജനിതക ഗവേഷണങ്ങൾ നടത്താനുള്ള അവസരമാണ്. അദ്ദേഹത്തിന്റെ തുടർന്നുള്ള പരീക്ഷണങ്ങൾ - അവയിൽ മുഖ്യമായത് ഇരട്ടകളുടെ മുകളിലുള്ള പരീക്ഷണങ്ങളാണ് - ഇരകളുടെ ആരോഗ്യമോ സുരക്ഷയോ കണക്കിലെടുക്കാതെയുള്ളവയായിരുന്നു.

യുദ്ധാനന്തരം ചില മുൻ എസ് എസ് അംഗങ്ങളുടെ സഹായത്തോടെ 1949 ജൂലൈയിൽ മെൻഗെളെ അർജന്റീനയിലേക്ക് തിരിച്ചു. പശ്ചിമ ജർമ്മനി, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുടെയും സൈമൺ വെസെന്താൽ തുടങ്ങിയ നാസിവേട്ടക്കാരുടെയും നിരന്തരമായ അന്വേഷണശ്രമങ്ങളിൽ നിന്നും രക്ഷപെടാൻ തുടക്കത്തിൽ ബ്യുണസ് അയേഴ്സിന്റെ ചുറ്റിലും ജീവിച്ച ഇദ്ദേഹം 1959ൽ പരഗ്വെയിലേക്കും 1960ൽ ബ്രസീലിലേക്കും കടന്നു. 1979ൽ ബ്രസീൽ തീരത്തു നിന്നു നീന്തിക്കടക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിമരിക്കുകയും ഒരു വ്യാജപ്പേരിൽ മറവുചെയ്യപ്പെടുകയുമാണുണ്ടായത്. 1985ൽ ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ കുഴിച്ചെടുക്കുകയും ഫോറൻസിക് പരിശോധന വഴി സംശയാതീതമായി തിരിച്ചറിയുകയും ചെയ്തു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

16 മാർച്ച് 1911 ൽ കാൾ മെൻഗെളെയുടേയും വാൽബുർഗ മെൻഗെളെയുടെയും മൂന്നു മക്കളിൽ ഏറ്റവും മൂത്തവനായി ജർമ്മനിയിലെ ബവേറിയയിൽ ഗൺസ്ബെർഗ് എന്ന സ്ഥലത്താണ് ജനനം. കാൾ (ജൂനിയർ)ഉം അലോയ്‌സും ആയിരുന്നു ഇളയ സഹോദരങ്ങൾ. കാൾ മെൻഗെളെ & സൺസ് കമ്പനിയുടെ സ്ഥാപകനായിരുന്നു ജൊസെഫ് മെൻഗെളെയുടെ പിതാവ്. ജോസഫ് മെൻഗെളെയുടെ സ്കൂൾ ജീവിതം നല്ല നിലയിൽ പൂർത്തീകരിക്കുകയും കൂട്ടത്തിൽ കലയിലും സംഗീതത്തിലും തനിക്കുള്ള താല്പര്യം നല്ലപോലെ വികസിപ്പിച്ചെടുക്കുകയും ചെയ്തു. 1930 ഏപ്രിൽ മാസത്തിൽ തന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മെൻഗെളെ വൈദ്യത്തിന്ന് ഗൊയ്‌ഥെ സർവകലാശാലയിലും തത്ത്വചിന്താപഠനത്തിനു മ്യൂണിക് സർവകലാശാലയിലും ചേർന്നു. മ്യൂണിക്കിൽ ആയിരുന്നു നാസി പാർട്ടിയുടെ ആസ്ഥാനം. മെൻഗെളെ 1931ൽ ഒരു പാരാമിലിറ്ററി സംഘടനയിലും അവിടെ നിന്നു 1934ൽ നാസി പാർട്ടിയിലും ചേർന്നു.

1935ൽ നരവംശപഠനത്തിന് മ്യൂണിക് സർവകലാശാലയിൽ നിന്നും ബിരുദം നേടിയ മെൻഗളെ, 1937 ജനുവരിയിൽ ഫ്രാങ്ക്ഫർട്ടിലെ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെറെഡിറ്ററി ബയോളജി ആൻഡ് റാഷ്യൽ ഹൈജീനിൽ ജനിതക ഗവേഷണം - പ്രത്യേകിച്ചു ഇരട്ടക്കുട്ടികളേപ്പറ്റി - നടത്തിയിരുന്ന ഡോ. ഓട്മർ ഫ്രയർ വോൺ വേർസ്ച്ചറുടെ കീഴിൽ സഹായിയായി. വോൺ വേർസ്ച്ചറുടെ സഹായി ആയിക്കൊണ്ട് മെൻഗെളെ ശ്രദ്ധ കേന്ദ്രീകരിച്ചത് ജന്മനാ ചുണ്ടുകളിലും അണ്ണാക്കിലും താടിയിലും വരാറുള്ള വൈകല്യങ്ങൾക്ക് കാരണമായ ജനിതക ഘടനകളിൽ ആയിരുന്നു. ഇതേക്കുറിച്ചുള്ള പ്രബന്ധം മെൻഗെളെക്ക് 1938ൽ വൈദ്യത്തിൽ ഡോക്ടറേറ്റ് നേടിക്കൊടുത്തു. ഒരു ശുപാർശക്കത്തിൽ വോൺ വേർസ്ച്ചർ മെൻഗെളെയുടെ വിശ്വാസ്യതയേയും സങ്കീർണമായ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു ഫലിപ്പിക്കാനുള്ള അയാളുടെ കഴിവിനെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. റോബേർട്ട് ജെ ലിഫ്റ്റൺ എന്ന അമേരിക്കൻ എഴുത്തുകാരൻ കുറിക്കുന്നത് മെൻഗെളെയുടെ പ്രസിദ്ധീകരിക്കപ്പെട്ട പഠനങ്ങൾ അക്കാലത്തെ മുഖ്യധാരാ ശാസ്ത്രവീക്ഷണങ്ങളുടെ നിരയിൽനിന്നും വ്യതിചലിക്കുന്നില്ലെന്നു മാത്രമല്ല നാസി ജർമനി എന്ന ചട്ടക്കൂടിന്റെ പുറത്തു നിന്നു നോക്കി കാണേണ്ടതുമാണ് എന്നാണ്. എങ്കിലും അദ്ദേഹത്തിന്റെ രണ്ടു ബിരുദങ്ങളും പിൽക്കാലത്ത് അവ നൽകിയ സർവകലാശാലകൾ തന്നെ പിൻവലിക്കുകയുണ്ടായി.

28 ജൂലൈ 1939ൽ, മെൻഗെളെ ഐറിൻ സ്കോർബിനെ കല്യാണം കഴിച്ചു. അവരുടെ ഏകമകനായ റോൾഫ് 1944ൽ ജനിച്ചു.

സൈനിക സേവനം

തിരുത്തുക

യഹൂദവിരോധം, വർഗീയശുചിത്വം, സുസന്താനോത്പാദനവിദ്യ തുടങ്ങിയ ഘടകങ്ങളെ ഒരുമിച്ചു കൊണ്ടു വരികയും അവയെ പാൻ-ജർമനിസത്തോടും അതിർത്തിവികസനത്തോടും കൂട്ടിയിണക്കുകയും ചെയ്തുപോന്ന നാസി പ്രത്യയശാസ്ത്രം ഉയർത്തി പിടിച്ച ലക്ഷ്യങ്ങളിൽ ഒന്ന് ജർമൻ ജനതക്ക് പാർക്കാൻ കൂടുതൽ സ്ഥലം എന്നതായിരുന്നു. അതുകൊണ്ട് അതിർത്തി വികസനത്തിനായി നാസി ജർമ്മനി പോളണ്ടിനെയും സോവ്യറ്റ് റഷ്യയെയും ആക്രമിക്കുകയും ആ പ്രദേശത്തെ സ്ലാവുകളെയും യഹൂദന്മാരെയും നാടുകടത്തുകയോ കൊല്ലുവാനോ താല്പര്യപ്പെടുകയും ചെയ്തു.

മെൻഗെളെ 1937ൽ നാസി പാർട്ടിയിലും 1938ൽ ഷുട്സ്റ്റാഫലിലും ചേർന്നു. 1938ൽ ജിബർഗ്സാഗിറിൽ(മൗണ്ടൻ ഇൻഫന്ററി)യിൽ ചേർന്നു പ്രാഥമിക പരിശീലനം നേടുകയും 1940 വെർമഷ്ട് (ജർമൻ സായുധസേന) യിൽ സേവനത്തിനായി വിളിക്കപ്പെടുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ടതിനു ഏതാനും മാസങ്ങൾക്കു ശേഷമായിരുന്നു ഇത്‌. വാഫൺ-എസ് എസിൽ രണ്ടാം ലെഫ്റ്റനന്റ് പദവിയോടുകൂടെ 1940 നവംബർ വരെ അദ്ദേഹം വൈദ്യസേവനം അനുഷ്ഠിച്ചു. അടുത്ത നിയമനം എസ് എസിന്റെ പോസെനിലുള്ള വംശീയ പുനരധിവാസത്തിന്റെ മുഖ്യ കാര്യാലയത്തിലേക്കായിരുന്നു.

1941 ജൂണിൽ മെൻഗെളെയെ ഉക്രൈനിലേക്കു നിയോഗിക്കുകയും അവിടെ വച്ചു അദ്ദേഹത്തിന് രണ്ടാം വിഭാഗത്തിൽ പെട്ട അയേൺ ക്രോസ്സ് ബഹുമതി ലഭിക്കുകയും ചെയ്തു. 1942 ജനുവരിയിൽ അദ്ദേഹം എസ് എസ് പാൻസെർ അഞ്ചാം വിഭാഗത്തിൽ സേനാവിഭാഗം വൈദ്യ ഉദ്യോഗസ്ഥനായി ചേർന്നു. തീ പിടിച്ച ഒരു ടാങ്കിന്റെ ഉള്ളിൽ നിന്നും രണ്ടു ജർമ്മൻ പടയാളികളെ രക്ഷിച്ചതിന്റെ ഫലമായി കിട്ടിയ ഒന്നാം വിഭാഗത്തിൽ പെട്ട അയേൺ ക്രോസ്സ് ബഹുമതി കൂടാതെ, വൂണ്ട് ബാഡ്‌ജ്, മെഡൽ ഫോർ ദ കെയർ ഫോർ ജർമ്മൻ പീപ്ൾ എന്നീ ബഹുമതികളും അക്കാലത്ത് അദ്ദേഹത്തിന് ലഭിച്ചു. 1942ൽ റോസ്റ്റോവ് ഓൺ ഡോണിൽ വച്ചു നടന്ന പോരാട്ടത്തിൽ സാരമായ പരിക്ക് പറ്റിയ അദ്ദേഹത്തെ തുടർസേവനത്തിനു അനുയോജ്യനല്ല എന്നു വിധിക്കുകയും തിരിച്ചു വംശീയ പുനരധിവാസത്തിന്റെ ബെർലിനിലുള്ള കാര്യാലയത്തിലേക്കു മടക്കി അയക്കുകയും ചെയ്തു. അവിടെ വച്ചു അദ്ദേഹം കൈസർ വിൽഹെം ഇൻസ്റ്റിറ്റ്യുട്ടിൽ ജോലി ചെയ്തിരുന്ന വോൺ വേർസ്ച്ചറിന്റെ കീഴിൽ വീണ്ടും സഹായിയായി ചേർന്നു. ഏപ്രിൽ 1943ൽ മെൻഗെളെയെ എസ് എസ് -ഹോപ്റ്റസ്റ്റെമംഫ്യൂറർ (ക്യാപ്റ്റൻ) പദവിയിലേക്ക് ഉയർത്തി.

ഓഷ്‌വിറ്റ്സ്

തിരുത്തുക

1943 -ന്റെ ആദ്യകാലത്തു വോൺ വേർസ്ച്ചറിന്റെ പ്രോത്സാഹനത്തോടെ മെൻഗെളെ തടങ്കൽപാളയസേവനത്തിനു വേണ്ടി അപേക്ഷിച്ചു. മനുഷ്യരുടെ മുകളിൽ ജനിതകഗവേഷണം നടത്താനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണ് മെൻഗെളെ ഇതിന്ന് അപേക്ഷിച്ചത്. അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിക്കപ്പെടുകയും ഓഷ്‌വിറ്റ്സ് തടങ്കൽപാളയത്തിൽ നിയമിതനാവുകയും ചെയ്തു. ഓഷ്‌വിറ്റ്സിലെ മുഖ്യമെഡിക്കൽ ഓഫീസർ ആയിരുന്ന എഡ്‌വേഡ്‌ വിർത്സ്, ബിർക്കനവ് ക്യാമ്പിലെ മുഖ്യ മെഡിക്കൽ ഓഫീസർ ആയി മെൻഗെളെയെ നിയമിച്ചു. 1941 -ന്റെ അവസാനത്തോട് കൂടി ഹിറ്റ്ല ർ യൂറോപ്പിലെ യഹൂദന്മാരെയൊക്കെ കൊന്നൊടുക്കാൻ തിരുമാനിച്ചു. തുടർന്നു അടിമപ്പണിക്കരെ താമസിപ്പിക്കാൻവേണ്ടി നിർമിച്ച ബേർക്കനവ് ക്യാമ്പ് ഇതിനായി പുനർനിർദ്ദേശിക്കപ്പെട്ടു. ജർമ്മൻ നിയന്ത്രിത യൂറോപ്പിൽ നിന്നാകമാനം യഹൂദന്മാരെ ദിനംപ്രതി റയിൽവേ വഴി ഇങ്ങോട്ടേക്ക് എത്തിച്ചുകൊണ്ടിരുന്നു. 1942 ജൂലൈയോടുകൂടി എസ് എസ് കൊണ്ടുവരുന്ന യഹൂദന്മാരിൽ ജോലി ചെയ്യാൻ ശേഷിയുള്ളവരെ വേർതിരിച്ച് ക്യാമ്പിലേക്ക് മാറ്റിനിർത്തുകയും ശേഷിയില്ലാത്തവരെ ഗ്യാസ് ചേംബറുകളിലേക്കയച്ച് കൊല്ലാനും തുടങ്ങി. കൊല്ലാൻ വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരിൽ, ക്യാമ്പിലേക്ക് കൊണ്ടു വരുന്നവരിൽ ഏതാണ്ട് മുക്കാൽ ഭാഗത്തോളം വന്നിരുന്ന അവരിൽ, കുട്ടികളും ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും വൃദ്ധരും, വളരെ ലഘുവും ഉപരിപ്ലവവുമായ പരിശോധനകളിൽത്തന്നെ ആരോഗ്യമില്ലാത്തവർ എന്ന് വിധിക്കപ്പെട്ടവരുമായിരുന്നു ഭൂരിഭാഗവും. ഒരു മെഡിക്കൽ ഓഫീസർ ഇവരെ പരിശോധിച്ച് ശാരീരികസ്വാസ്ഥ്യം ഇല്ലായെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടായിരുന്നു. ഇവരുടെ കൂട്ടത്തിലൊരാളായിരുന്ന മെൻഗളെ ഈ ജോലി താൻ ചെയ്യേണ്ടതല്ലാത്ത സമയത്തുപോലും ഏറെ താല്പര്യത്തോടെ ഏറ്റെടുത്ത് നടത്തിയിരുന്നു. തന്റെ പരീക്ഷണങ്ങൾക്കായി ഇരട്ടകളെ കണ്ടെത്തുന്നതിലായിരുന്നു മെൻഗെളെയുടെ താല്പര്യം. ഈ ജോലി വളരെ ഭീതിജനകവും ഭാരിച്ചതുമായി കണ്ട ഡോക്ടർമാരിൽ നിന്നു വ്യത്യസ്തനായി മെൻഗെളെ വളരെ താല്പര്യത്തോടുകൂടെ, പലപ്പോഴും ചിരിച്ചുകൊണ്ടോ ചൂളമടിച്ചുകൊണ്ടോ, ഈ ജോലി ചെയ്തുപോന്നു. മെൻഗെളെയോ മറ്റു എസ് എസ് ഡോക്ടർമാരോ അന്തേവാസികളെ ചികിൽസിച്ചിരുന്നില്ല, മറിച്ച് ക്യാമ്പിലെ മറ്റുഡോക്ടർമാരുടെ മേൽനോട്ടമാണ് അവ്ർക്കുണ്ടായിരുന്നത്. ആഴ്ചതോറും ആശുപത്രി സന്ദർശിച്ചിരുന്ന മെൻഗളെ രണ്ടാഴ്‍ചയിൽ കൂടുതൽ കിടത്തി ചികിത്സിച്ചിട്ടും രോഗം ഭേദമാകാത്ത എല്ലവരേയും ഗ്യാസ് ചേമ്പറുകളിലേക്കു അയക്കുകയായിരുന്നു പതിവ്. ബിർക്കാനാവിലെ ഗ്യാസ് ചേംബറുകളിൽ ആളുകളെ കൊല്ലാൻ ഉപയോഗിച്ചിരുന്ന സൈക്ളോൺ ബി എന്ന പേരിൽ അറിയപ്പെട്ടിരുന്ന സയനൈഡ്-കീടനാശിനിയുടെ മേൽനോട്ടചുമതല മെൻഗെളെ ഉൾപ്പെടുന്ന ഒരു ഡോക്ടർ സംഘത്തിനായിരുന്നു. ക്രെമറ്റോറിയ IV, V എന്നിവിടങ്ങളിലെ ചേംബറുകളിലായിരുന്നു ഇതിന്റെ ശേഷി പരീക്ഷിച്ചിരുന്നത്.

 
ഓഷ്‌വിറ്റ്സ് -II (ബിർക്കനേവ്) ക്യാമ്പിലെ ഹംഗേറിയൻ യഹൂദന്മാരുടെ "തിരഞ്ഞെടുപ്പ്" , മെയ്/ജൂൺ 1944

1943 -ൽ റൊമാനി ക്യാമ്പിൽ നോമ (മുഖത്തെയും വായയെയും ബാധിക്കുന്ന ഒരു ബാക്റ്റീരിയൽ രോഗം) പൊട്ടിപ്പുറപ്പെട്ടപ്പോൾ മെൻഗെളെ അതേപ്പറ്റി പഠിക്കാനും അതിനെതിരായി ഒരു മരുന്ന് വികസിപ്പിച്ചെടുക്കാനും തുടക്കമിട്ടു. ഒരു യഹൂദിഡോക്ടറും പ്രാഗ് സർവകലാശാലയിലെ പ്രൊഫസറും ആയിരുന്ന ഡോ.ബെർത്തോൾഡ് എപ്‌സ്റ്റെയ്നെ മെൻഗെളെ സഹായത്തിനായി കൂട്ടി. രോഗികളെ വേറെ ബാരക്കിലേക്കു മാറ്റിപ്പാർപ്പിക്കുകയും രോഗം ബാധിച്ച കുട്ടികളെ കൊല്ലുകയും അവരുടെ അവയവങ്ങൾ ഗ്രാസിലെ എസ് എസ് മെഡിക്കൽ അക്കാദമിക്കും മറ്റു പല സ്ഥാപനങ്ങൾക്കും പഠിക്കാനായി അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. റൊമാനിയയിലെ ക്യാമ്പ് പിരിച്ചു വിടുകയും അവിടത്തെ ബാക്കി അന്തേവാസികളെ കൊല്ലുകയും ചെയ്യുമ്പോഴും അവിടെ ഗവേഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നു.

സ്ത്രീകളുടെ ക്യാമ്പിലുണ്ടായ ഒരു ടൈഫസ് പകർച്ചവ്യാധിയെ തുടർന്നു മെൻഗെളെ ഒരു കെട്ടിടത്തിൽ ഉണ്ടായിരുന്ന 600 -ഓളം വരുന്ന യഹൂദസ്ത്രീകളെ ഗ്യാസ് ചേമ്പറുകളിലേക്കു അയച്ചു. തുടർന്നു കെട്ടിട്ടം വൃത്തിയാക്കി അണുനശീകരണം നടത്തിയതിനു ശേഷം തൊട്ടടുത്ത കെട്ടിടത്തിലെ അന്തേവാസികളെ കുളിപ്പിച്ചു വൃത്തിയാക്കി പുതിയ വസ്ത്രങ്ങൾ കൊടുത്ത് വൃത്തിയാക്കിയ കെട്ടിടത്തിലേക്ക് മാറ്റിപാർപ്പിച്ചു. എല്ലാ കെട്ടിടങ്ങളും വൃത്തിയാക്കുന്നതുവരേക്കും ഈ പ്രവൃത്തി ആവർത്തിച്ചു. ചുവപ്പുപനി തുടങ്ങിയ പകർച്ചവ്യാധികളുടെ സമയത്തും ഇതു തന്നെയാണ് ചെയ്തത്. രോഗികളായവരെയൊക്കെ ഗാസ് ചേംബറുകളിലേക്കയച്ചുകൊണ്ടാണ് എല്ലായ്പ്പോഴും ശുദ്ധീകരണം സാധിച്ചിരുന്നത്. അകാലത്ത് മെൻഗെളെക്കു വാർ മെറിറ്റ് ക്രോസ്സ് നൽകുകയും 1944 -ൽ അദ്ദേഹത്തെ ബിർക്കനവ് ക്യാമ്പിന്റെ പ്രഥമവൈദ്യനാക്കി ഉയർത്തുകയും ചെയ്തു.

പരീക്ഷണങ്ങൾ മനുഷ്യരിൽ

തിരുത്തുക

അന്തേവാസികളെ പരീക്ഷണവസ്തുക്കളാക്കികൊണ്ടു തന്റെ നരവംശശാസ്ത്രപഠനവും പാരമ്പര്യത്തേക്കുറിച്ചുള്ള ഗവേഷണങ്ങളും തുടരാനുള്ള ഒരു അവസരമായിട്ടാണ് മെൻഗെളെ ഓഷ്‌വിറ്റ്സിനെ ഉപയോഗപ്പെടുത്തിയത്. പരീക്ഷണങ്ങളിലൊന്നിലും ഇരകളുടെ ആരോഗ്യമോ സുരക്ഷയോ കണക്കിലെടുത്തിരുന്നില്ല. ഒരേപോലുള്ള ഇരട്ടകൾ, രണ്ടു വ്യത്യസ്ത നിറങ്ങളുള്ള കണ്ണുകളോട് കൂടിയവർ, കുള്ളന്മാർ, ശാരീരികതകരാറുള്ളവർ തുടങ്ങിയവരിലായിരുന്നു മെൻഗെളെക്കു താല്പര്യം. മെൻഗെളെയിൽ നിന്നു സ്ഥിരമായി വിവരങ്ങളും മാതൃകകളും ലഭിച്ചുകൊണ്ടിരുന്ന വോൺ വേർസ്ച്ചറിൻ മെൻഗെളെക്ക് ഒരു സഹായധനം ഏർപ്പെടുത്തിക്കൊടുക്കുകയുണ്ടായി. ഓഷ്‌വിറ്റ്സ്-II ലെ ശ്‌മശാനത്തോട് ചേർന്ന് ഒരു രോഗനിദാനശാസ്ത്രസംബന്ധമായ പരീക്ഷണശാല ഈ ധനസഹായം കൊണ്ടു നിർമ്മിക്കപ്പെട്ടു. 1944 മെയ് 29 ന് ഓഷ്‌വിറ്റ്സിൽ എത്തിച്ചേർന്ന ഹംഗറിക്കാരനും യഹൂദനുമായ ഡോ. മിക്‌ളോസ് നെയ്സ്ലി ഇവ്ടെവച്ചാണ് മനുഷ്യശരീരങ്ങളിൽ നിന്ന് മാതൃകകൾ മുറിച്ചെടുത്ത് വിവിധ പരീക്ഷണശാലകളിലേക്ക് അയക്കാൻ വേണ്ടി തയ്യാറാക്കിക്കൊടുത്തിരുന്നത്. മെൻഗെളെയുടെ ഇരട്ടകളുടെ മുകളിലുള്ള പരീക്ഷണങ്ങളുടെ ഒരു പങ്ക് പാരമ്പര്യത്തിന് മനുഷ്യപരിസരങ്ങൾക്കുമേലുള്ള ആധിപത്യം തെളിയിക്കാനും അതു വഴി നാസികളുടെ വാദമായ ആര്യൻ വംശത്തിന്റെ മേൽക്കോയ്മ സ്ഥിരീകരിക്കാനും ആയിരുന്നു. നെയ്സ്ലിയുടെയും മറ്റു പലരുടെയും പ്രസ്താവനകൾ പ്രകാരം ഈ പരീക്ഷണം ജർമ്മൻവംശത്തിന്റെ പ്രജനനം വർദ്ധിപ്പിക്കലും കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു.

 
മെൻഗെളെയുടെ ക്രൂരപരീക്ഷണങ്ങൾക്കായി ജീവനോടെ നിർത്തപ്പെട്ട ജൂതന്മാരായ ഇരട്ടക്കുട്ടികൾ. ഇവരെ 1945 ജനുവരിയിൽ ഓഷ്‌വിറ്റ്സിൽ നിന്നും ചെമ്പട മോചിപ്പിച്ചു

.

മെൻഗെളെയുടെ പരീക്ഷണത്തിനു ഇരയാകുന്ന മനുഷ്യർക്ക്‌ മറ്റു തടവുകാരേക്കാളും മികച്ച ഭക്ഷണവും താമസസൗകര്യങ്ങളും ലഭിച്ചിരുന്നു. മാത്രമല്ല ഗ്യാസ് ചേംബറിനെ കുറിച്ചുള്ള ഭയവും തത്കാലത്തേക്ക് മാറ്റി വക്കാമായിരുന്നു. പരീക്ഷണങ്ങളുടെ ഇരയാകുന്ന ആറുവയസിൽ താഴെയുള്ള കുട്ടികൾക്കായി റൊമാനി കുട്ടികളോടൊപ്പം ഒരു നേഴ്‌സറി വിദ്യാലയം സ്ഥാപിക്കുകയും കളിസ്ഥലം വരെ നിർമിച്ചുകൊടുക്കുകയും ചെയ്തു. കുട്ടികളെ സന്ദർശിക്കുന്ന വേളയിൽ അവർക്കു മധുരം കൊടുക്കുകയും തന്നെ അങ്കിൾ മെൻഗെളെയായി പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ തന്നെയും കുത്തിവെയ്പ്പ് വഴിയും വെടിവെച്ചും മർദിച്ചും പരീക്ഷണങ്ങൾ നടത്തിയും ഒട്ടനവധി പേരെ മെൻഗെളെ തന്നെ വ്യക്തിപരമായി കൊന്നിരുന്നു. ലിഫ്റ്റൺ മെൻഗെളെയെ കാണുന്നത് ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്നവനായും ദയവില്ലാത്തവനായും അങ്ങേ അറ്റത്തെ യഹൂദവിരോധിയും ആയിട്ടാണ്. യഹൂദവംശത്തെ താഴ്ന്നതും അപകടകാരിയായ വംശമായും അതിനെ ഉന്മൂലനം ചെയ്യേണ്ടതെന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്തു. മെൻഗെളെയുടെ മകനായ റോൾഫ് ഓർമ്മിക്കുന്നത് തന്റെ പിതാവ് യുദ്ധകാലത്തു താൻ ചെയ്തുകൂട്ടിയതിനൊന്നും പശ്ചാത്തപിച്ചിരുന്നില്ലെന്നാണ്.

ഇരട്ടകളെ മെൻഗെളെയോ അദ്ദേഹത്തിന്റെ ഏതെങ്കിലും സഹായിയോ ആഴ്ചാടിസ്ഥാനത്തിൽ പരീക്ഷണങ്ങൾക്കും ശാരീരികലക്ഷണങ്ങൾ അളക്കുകയോ ചെയ്തിരുന്നു. അനാവശ്യമായ അംഗഭംഗം, ഇരട്ടകളിലൊന്നിനെ ടൈഫസോ അല്ലെങ്കിൽ മറ്റു രോഗങ്ങളെയോ കുത്തിവെക്കുക്ക, ഒരാളുടെ രക്തം മറ്റേ ആളിൽ കൂട്ടികലർത്തുക തുടങ്ങിയവയും മെൻഗെളയുടെ പരീക്ഷണങ്ങളിൽ ഉൾപ്പെട്ടിരുന്നു. മിക്കവാറും ഇരകൾ ഈ നടപടിക്രമങ്ങൾക്കിടയിൽ തന്നെ മരണപ്പെട്ടിരുന്നു. പരീക്ഷണം കഴിഞ്ഞാൽ അവശേഷിക്കുന്ന ഇരട്ടകളെ കൊല്ലുകയോ ശരീരം കീറിമുറിക്കുകയും ചെയ്തിരുന്നു. മെൻഗെളെ ഒരൊറ്റ രാത്രിയിൽ പതിനാലു ഇരട്ടകളെ ഹൃദയത്തിൽ കോളോറോഫോം കുത്തി കൊന്ന കാര്യം സഹായിയായിരുന്ന നെയ്സ്ലി അനുസ്മരിക്കുകയുണ്ടായി.

രണ്ടു നിറങ്ങളോട് കൂടിയ കണ്ണുവരുടെ മേൽ നടത്തിയ പരീക്ഷണങ്ങളിൽ കണ്ണിന്റെ നിറം മാറാൻ കണ്ണിൽ രാസവസ്തുക്കൾ കുത്തിവയ്ക്കുകയും അവരെ കൊന്ന് അവരുടെ കണ്ണുകൾ നീക്കം ചെയ്തു ബെർലിനിലേക്ക് അയക്കുക എന്നിവയാണ് ഉൾപ്പെട്ടിരുന്നത്. കുള്ളന്മാരിലും ഭൗതിക തകരാറു ഉള്ളവരിലും നടത്തിയ പരീക്ഷണങ്ങളിൽ അളവുകളെടുക്കുക, രക്തം ഊറ്റിയെടുക്കുക, പല്ലുകൾ പറിച്ചെടുക്കുക, അനാവശ്യ മരുന്നുകൾ , എക്സ് റേ രശ്മികൾ കൊണ്ടുള്ള ചികിത്സകൾ എന്നിവയാണ് ഉൾപ്പെട്ടിരുന്നത്. രണ്ടാഴ്ചക്കു ശേഷം മിക്കവരെയും ഗ്യാസ് ചേംബറുകളിലിട്ടു കൊല്ലുകയും അവരുടെ അസ്ഥികൂടം ബെർലിനിലേക്ക് കൂടുതൽ പഠനത്തിനായി അയച്ചു കൊടുക്കുകയും ആണ് ചെയ്യാറുണ്ടായിരുന്നു. പരീക്ഷണങ്ങൾ നടത്തുന്നതിന് വേണ്ടി ഗർഭിണികളായവരെ മെൻഗെളെ മാറ്റി നിർത്തുമായിരുന്നു. യോജിച്ച ഇരട്ടകളെ സൃഷ്ട്ടിക്കാൻ വേണ്ടി രണ്ടു റോമനി ഇരട്ടകളെ മെൻഗെളെ തുന്നിച്ചേർത്തത് ദൃക്സാക്ഷിയായിരുന്ന വേര അലക്സാണ്ടർ വിവരിച്ചിരുന്നു.ദിവസങ്ങളോളം നീണ്ടു നിന്ന പഴുപ്പിനു ശേഷം ആ കുട്ടികൾ മരണമടയുകയാണുണ്ടായത്.

ഓഷ്‌വിറ്റ്സിനു ശേഷം

തിരുത്തുക

1945 ജനുവരി 17 -ന് മറ്റു ഓഷ്‌വിറ്റ്സ് ഡോക്ടർമാരോടൊപ്പം മെൻഗെളെയെയും ഗ്രോസ്-റോസെൻ തടങ്കൽ പാളയത്തിലേക്ക് അയച്ചു. രണ്ടു പെട്ടിയോളം വരുന്ന തന്റെ പരീക്ഷണങ്ങളുടെ മാതൃകകളും കുറിപ്പുകളുമാണ് അദ്ദേഹം കൂടെ കരുതിയിരുന്നത്. ക്യാമ്പിലെ മിക്ക പ്രമാണങ്ങളും എസ് എസ് നശിപ്പിച്ചിരുന്നു. ചെമ്പട ഓഷ്‌വിറ്റ്സ് പിടിക്കുന്നത് ജനുവരി 27 -നാണ്. ഫെബ്രുവരി 18-ന്, ചെമ്പട എത്തുന്നതിനു ഒരാഴ്ച മുമ്പ് തന്നെ, മെൻഗെളെ സാസിന്റെ ഒരുദ്യോഗസ്ഥനായി വേഷം മാറി പടിഞ്ഞാറോട്ടു രക്ഷപ്പെട്ടു. അവിടെ വച്ച് അടുപ്പത്തിലായ ഒരു നഴ്‌സിന്റെ കയ്യിൽ തന്റെ പഠനങ്ങളുടെ രേഖകൾ ഏല്പിച്ചു. സോവിയറ്റുകളുടെ പിടിയിൽ പെടാതിരിക്കാൻ പടിഞ്ഞാറോട്ടു യാത്രചെയ്ത മെൻഗെളെയെയും കൂട്ടരെയും യുദ്ധതടവുകാരായി അമേരിക്ക ജൂണിൽ തടവിലാക്കി. മെൻഗെളെ ആദ്യം രജിസ്റ്റർ ചെയ്യപ്പെട്ടത് സ്വന്തം പേരിലായിരുന്നെങ്കിലും പിടികിട്ടാപ്പുളികളുടെ പട്ടിക വിതരണം ചെയ്യുന്നതിലുണ്ടായ സഖ്യകക്ഷികളുടെ ക്രമക്കേട് കാരണവും സാധാരണ എസ് എസ് രക്തഗ്രൂപ്പ് പച്ചകുത്തിയിരുന്നില്ലെന്നതിനാലും മുഖ്യ പിടികിട്ടാപ്പുളികളുടെ പട്ടികയിൽ ഉള്ള ആളാണിതെന്നു തിരിച്ചറിയപ്പെടാതെ പോയി. ജൂലൈ അവസാനത്തോട് കൂടി വിട്ടയക്കപ്പെട്ട മെൻഗെളെ ഫ്രിറ്റ്സ് ഉൾമാൻ എന്ന പേരിൽ വ്യാജരേഖകൾ സംഘടിപ്പിച്ചു. പിന്നീട് ഫ്രിറ്റ്സ് ഹോൾമാൻ എന്നാക്കി മാറ്റുകയും ചെയ്‌തു.

തന്റെ ഓഷ്‌വിറ്റ്സ് രേഖകൾ വീണ്ടെടുക്കാൻ സോവിയറ്റ് അധീനപ്രദേശത്തു നടത്തിയ ഒരു യാത്രയടക്കം നിരവധി മാസത്തെ പരക്കംപാച്ചിലിനൊടുവിൽ റോസെൻഹൈമിനടുത്തു ഒരു കർഷകനായി അദ്ദേഹം ജോലി കണ്ടെത്തി. വിചാരണയെയും വധശിക്ഷയെയും ഭയന്ന് 1949 ഏപ്രിൽ 17 -ന് ജർമ്മനി വിട്ട അയാൾ ഒരു കൂട്ടം മുൻ എസ് എസ് അംഗംങ്ങളുടെ സഹായത്തോടെ ജനീവയിലേക്ക് യാത്ര ചെയ്യുകയും അവിടെ വച്ച് റെഡ് ക്രോസ്സ് അന്താരാഷ്ട്രസംഘടനയിൽ നിന്ന് ഹെൽമറ്റ് ഗ്രിഗോർ എന്ന പേരിൽ ഒരു വ്യാജപാസ്പോര്ട്ട് സംഘടിപ്പിക്കുകയും ജൂലൈയിൽ അർജൻറ്റീനയിലേക്ക് പുറപ്പെടുകയും ചെയ്‌തു. ഭാര്യ അയാളെ അനുഗമിക്കാൻ തയ്യാറാവാത്തതിനെത്തുടർന്ന് 1954 -ൽ അവർ വേർപിരിഞ്ഞു.

ദക്ഷിണ അമേരിക്കയിൽ

തിരുത്തുക

ബ്യൂണസ് അയേഴ്സിലെ വിന്സൻറെ ലോപ്പസിലെ ഒരു വീട്ടിൽ ആശാരിയായിട്ട് മെൻഗെളെ തുടക്കത്തിൽ താമസിച്ചു. ഏതാനും ആഴ്ചകൾക്കു ശേഷം ഫ്ലോറിഡയിലെ ഒരു നാസി അനുഭാവിയുടെ വീട്ടിലേക്കു മാറുകയുണ്ടായി. അടുത്തതായി അദ്ദേഹം ജോലി നോക്കിയിരുന്നത് അദ്ദേഹത്തിന്റെ കുടുംബത്തിന്റേതായ കാർഷികോപകരണ കമ്പനിയുടെ ഒരു വില്പനക്കാരനായിട്ടാണ്. തുടർന്നു 1951 ഈ ആവശ്യങ്ങൾക്കായി നിരവധി തവണ പരാഗ്വേ സന്ദർശിക്കുയുണ്ടായി. 1953ൽ ബ്യൂണസ് അയേഴ്സിലെനടുക്ക് തന്നെ താമസമാക്കിയ അദ്ദേഹം തന്റെ കുടുംബനിക്ഷേപം ഉപയോഗിച്ച്‌ ആശാരിപ്പണിയുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിന്റെ ഭാഗം വാങ്ങുകയുണ്ടായി. 1954ൽ ഒലിവോസിലെ ഒരു വീട് വാടകക്കെടുത്തു. 1992ൽ അർജന്റീന ഗവണ്മെന്റ് പുറത്തു വിട്ട രേഖകൾ പ്രകാരം ബ്യൂണസ് അയേഴ്സിലെ തന്റെ താമസക്കാലത്തു മെൻഗെളെ ലൈസൻസ് ഇല്ലാതെ തന്നെ ചികിൽസിക്കുകയും ഗർഭച്ഛിദ്രം നടത്തിയിരുന്നു എന്നുമാണ്.

 
അർജന്റീന തിരിച്ചറിയൽ രേഖയിലെ മെൻഗെളെയുടെ ചിത്രം (1956)

1956ൽ പടിഞ്ഞാറൻ ജർമ്മനി എംബസി വഴി തന്റെ ജനന സെർട്ടിഫിക്കറ്റിന്റെ കോപ്പി നേടിയെടുത്ത അദ്ദേഹം തന്റെ യഥാർത്ഥ നാമത്തിൽ ഒരു അർജന്റീന വിദേശ റെസിഡൻസ് പെർമിറ്റ് നേടിയെടുത്തു.അതുപയോഗിച്ചു ഒരു പശ്ചിമ ജർമ്മൻ പാസ്പോർട്ട് ഒപ്പിക്കുകയും,അതും യഥാർത്ഥ നാമത്തിൽ തന്നെ, യൂറോപ്പിലേക്ക് ഒരു യാത്ര തരപ്പെടുത്തുകയും ചെയ്തു. തന്റെ മകനെയും(അങ്കിൾ ഫ്രിറ്റ്സ് ആയിട്ടാണ് മകനോട് പരിചയപ്പെടുത്തിയത്) വിധവയായ സഹോദരഭാര്യയെയും(മാർത്ത) സ്വിറ്റസർലാൻഡിൽ വച്ചു കാണുകയും ഒരാഴ്ചക്കാലത്തോളം താൻ ജനിച്ച ഗ്രാമമായ ഗൺസ്ബർഗിൽ താമസിക്കുകയും ചെയ്തു. അർജന്റീനയിൽ തിരിച്ചെത്തിയ ശേഷം മെൻഗെളെ തന്റെ യഥാർത്ഥ നാമത്തിൽ ജീവിതമാരംഭിച്ചു. മാർത്തയും അവരുടെ മകനായ കാൾ ഹെയ്ൻസും ഒരു മാസത്തിനു ശേഷം അവിടെ എത്തുകയും മൂന്നു പേരും ഒരുമിച്ചു താമസം തുടങ്ങുകയും ചെയ്തു. ഉറുഗ്വേയിലെ, 1958ലെ വിനോദയാത്രക്കാലത്തു അവർ വിവാഹം കഴിക്കുകയും ബ്യുണസ്‌ അയേഴ്സിൽ ഒരു വീട് വാങ്ങുകയും ചെയ്തു. ഫഡ്‌റോ എന്നറിയപ്പെട്ട ഒരു മരുന്നു കമ്പനിയുടെ ഭാഗിക ഉടമസ്ഥാവകാശം ഈ സമയത്ത്‌ അവർ അദ്ദേഹം വാങ്ങി. 1958ൽ,ഗർഭച്ഛിദ്രം നടത്തുന്നതിനിടെ ഒരു പെൺകുട്ടി മരണമടഞ്ഞതിനെ തുടർന്ന് ലൈസൻസ് ഇല്ലാതെ പരിശീലിക്കുന്ന പല ഡോക്ടർമാരെയും ചോദ്യം ചെയ്തതിന്റെ കൂട്ടത്തിൽ ഇദ്ദേഹത്തെയും ചോദ്യം ചെയ്യുകയുണ്ടായി. ഈ പ്രശസ്തി തന്റെ നാസി പശ്ചാത്തലത്തിലേക്കു വഴി തെളിക്കുമോ എന്നു ഭയന്നു അദ്ദേഹം പരാഗ്വേയിലേക്ക്, ഒരു നീണ്ട ബിസിനസ് ആവശ്യമെന്ന പേരിൽ, പോകുകയും അവിടെ വച്ചു 1959 ൽ ജോസ് മെൻഗെളെ എന്ന പേരിൽ പൗരത്വം നേടിയെടുക്കുകയും ചെയ്തു. കാര്യപരിപാടികൾ അവസാനിപ്പിക്കാനും കുടുംബത്തെ സന്ദർശിക്കാനായി നിരവധി തവണ അദ്ദേഹം ബ്യുണസ്‌ അയേഴ്സ് സന്ദർശിച്ചിരുന്നു. 1960ൽ ജർമ്മനിയിലേക്ക് മടങ്ങി പോകുന്ന വരേയ്ക്കും മാർത്തയും കാൾ ഹെയ്ൻസും ഒരു തത്‌കാല വസതിയിലാണ് താമസിച്ചിരുന്നത്.

ന്യൂറംബർഗ് വിചാരണയിൽ പല തവണ മെൻഗെളെയുടെ പേര് പരാമർശിക്കപ്പെട്ടെങ്കിലും അദ്ദേഹം മരിച്ചെന്നാണ് സഖ്യകക്ഷികൾ വിശ്വസിച്ചിരുന്നത്. ഗൺസ്ബർഗിലുള്ള ഐറിനും കുടുംബവും ഇത് തന്നെയാണ് പറഞ്ഞിരുന്നത്. പശ്ചിമ ജർമ്മനിയിൽ പ്രവർത്തിച്ചിരുന്ന നാസി വേട്ടക്കാരായ സൈമൺ വെയ്‌സെന്താലും ഹെർമൻ ലാങ്ബെയ്‌നും യുദ്ധകാല ദൃക്‌സാക്ഷികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. പൊതുരേഖകൾ പരിശോധിക്കുന്നതിനിടക്ക് ലാങ്ബെയ്ൻ മെൻഗെളെയുടെ വിവാഹമോചനപത്രങ്ങളിൽ ബ്യൂണസ് അയേഴ്സിലെ വിലാസം കണ്ടെത്തി.തുടർന്ന് അദ്ദേഹവും വെയ്‌സെന്താലും പശ്ചിമ ജർമ്മൻ അധികാരികളിൽ സമ്മർദ്ദം ചെലുത്തി 1959 ജൂൺ 5 ൽ ഒരു അറസ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു അന്വേഷണം തുടങ്ങി. പിടികിട്ടാപ്പുള്ളി ആ വിലാസത്തിൽ തുടർന്നു താമസിക്കുന്നില്ലെന്ന കാരണത്താൽ അർജന്റീന ഗവണ്മെന്റ് തുടക്കത്തിൽ അന്വേഷണഭ്യർത്ഥന തള്ളുകയാണുണ്ടായത്. 30 ജൂൺ 1960ൽ അംഗീകരിക്കപ്പെടുമ്പോഴേക്കും മെൻഗെളെ പരാഗ്വേയിലേക്കു പറന്നു കഴിഞ്ഞിരുന്നു. അർജന്റീന അതിർത്തിയിൽ ഒരു കൃഷിയിടത്തു താമസിക്കുകയായിരുന്നു മെൻഗെളെ അപ്പോൾ.

മൊസ്സാദിന്റെ ശ്രമങ്ങൾ

തിരുത്തുക

മെയ് 1960ൽ ,മൊസ്സാദിന്റെ ഡയറക്ടർ ആയിരുന്ന ഇസ്സർ ഹരേൽ, അഡോൾഫ് ഐക്‌മാനെ ബ്യുണസ് അയേഴ്സിൽ വച്ചു പിടികൂടിയ ശ്രമത്തെ വ്യക്തിപരമായാണ് നയിച്ചത്. തുടർന്നു മെൻഗെളെയെയും പിടികൂടാമെന്നും ഇസ്രായേലിലേക്ക് വിചാരണക്കായി കൂട്ടികൊണ്ടു പോകാമെന്നും അദ്ദേഹം ആശിച്ചു. ചോദ്യം ചെയ്യലിൽ ഐക്‌മാൻ നാസി അഭയാർത്ഥികൾ ഉപയോഗിച്ചിരുന്ന ഒരു വീടിന്റെ വിലാസം കൈമാറി. തുടർന്നുണ്ടായ പരിശോധനയിലും നിരീക്ഷണത്തിലും മെൻഗെളെയെയോ കുടുംബാംഗങ്ങളെയോ കിട്ടാനായില്ല. അയൽപക്കത്തു താമസിച്ചിരുന്ന പോസ്റ്റുമാൻ വിശദീകരിച്ചത് ഈ അടുത്ത കാലം വരെ അദ്ദേഹം കത്തുകൾ കൈപറ്റിയിരുന്നു എന്നും മാറി താമസിക്കുന്നതിന്റെ പുതിയ വിലാസം തന്നിരുന്നില്ല എന്നുമാണ്. ഭാഗിക ഉടമസ്ഥനായിരുന്ന ഒരു കടയിലും ഹരേൽ അന്വേഷിച്ചെങ്കിലും കൂടുതൽ തുമ്പുകൾ കിട്ടാത്തതിനാൽ പിന്തിരിയുകയാണുണ്ടായത്.

അർജന്റീനയിലെ താമസം സ്ഥിരതയാക്കാൻ വേണ്ടിയ രേഖകൾ പശ്ചിമ ജർമ്മനി മെൻഗെളെക്കു 1956ൽ നൽകിയിരുന്നെങ്കിലും അദ്ദേഹത്തെ പിടികൂടുന്നവർക്കായി ഒരു പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. തന്റെ യുദ്ധകാലചെയ്തികൾ പത്രങ്ങളിൽ തുടരെ വന്നിരുന്നതുകൊണ്ടു മെൻഗെളെക്കു 1960ൽ വീണ്ടും സ്ഥലം മാറേണ്ടതായി വന്നു. മുൻ പൈലറ്റ് ആയിരുന്ന ഹാൻസ് ഉൾറിച് റുഡിൽ അദ്ദേഹത്തെ നാസി സഹായി ആയിരുന്ന വോൾഫ്ഗാങ് ഗെർഹാർഡുമായി പരിചയപ്പെടുത്തി. തുടർന്നു അദ്ദേഹം മെൻഗെളെയെ അതിർത്തി കടത്തി ബ്രസീലിൽ എത്തിച്ചു. അവിടെ അദ്ദേഹം ഗെർഹാർഡിനൊപ്പം താമസമാക്കി. പിന്നീട് ഗേസ,ഗിറ്റെർ ദമ്പതിമാരുടെ കൂടെ കുറെ കൂടി സ്ഥിരതയാർന്ന താമസം കിട്ടുന്നത് വരെ അവർ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. മെൻഗെളെയുടെ സമ്പാദ്യം ഉപയോഗിച്ചു അവർ നോവ യൂറോപ്പയിൽ കൃഷിയിടം വാങ്ങുകയും അവിടെ മെൻഗെളെയെ മാനേജർ ആയി നിയമിക്കുകയും ചെയ്തു. 1962ൽ മൂന്നു പേരും കൂടി സെറ നെഗ്രയിൽ ഒരു കാപ്പി തോട്ടവും കന്നുകാലിതോട്ടവും വാങ്ങി, മെൻഗെളെയുടെ പകുതി ഉടമസ്ഥതയോടെ. തുടക്കത്തിൽ ഗെർഹാർഡ്‌ മെൻഗെളെയെ പീറ്റർ ഹൊച്ബിച്ച്ലർ എന്ന പേരിലാണ് പരിചയപ്പെടുത്തിയതെങ്കിലും 1963ൽ അവർ മെൻഗെളെയുടെ യഥാർത്ഥ പേര് തിരിച്ചറിഞ്ഞു. എന്നാലും ഗെർഹാർഡ്‌ മെൻഗെളെയുടെ സ്ഥലം അധികാരികൾക്ക് കാട്ടി കൊടുക്കരുതെന്നും അഥവാ കാട്ടികൊടുത്താൽ ഒരു പിടികിട്ടാപ്പുള്ളിയെ താമസിപ്പിച്ചതിനു അവരും അകത്താകും എന്നും പറഞ്ഞു വിശ്വസിപ്പിച്ചു. അർജന്റീനയിൽ മെൻഗെളെയെ കണ്ടു കിട്ടാനുള്ള സാധ്യത കുറഞ്ഞത് കൊണ്ട് പശ്ചിമ ജർമ്മനി 1961 ഫെബ്രുവരിയിൽ പുറത്തേക്കു അന്വേഷണം വ്യാപിപ്പിച്ചു.

അതെസമയം ഐക്‌മാനെ പിടികൂടിയ സംഘത്തിൽ പെട്ട സ്വി അഹറോണിയെ നായകനാക്കി ഒരു സംഘം രൂപീകരിച്ചു. മുഖ്യ ലക്ഷ്യം മെൻഗെളെയെ പിടികൂടി വിചാരണക്കായി ഇസ്രായേലിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു. പരാഗ്വേയിലെ അന്വേഷണങ്ങൾക്ക് ഒരു തുമ്പും, അക്കാലത്തു ഇറ്റലിയിൽ താമസിച്ചിരുന്ന മാർത്തയും മെൻഗെളെയും തമ്മിലുള്ള വിനിമയവും കണ്ടെത്താൻ സാധിച്ചില്ല. റുഡിലിന്റെ നീക്കങ്ങൾ പിന്തുർന്നവർക്കും എന്തെങ്കിലും വഴി തെളിക്കാൻ സാധിച്ചില്ല. അഹറോണിയും സംഘവും ഗെർഹാർഡിനെ പിന്തുടർന്നു സാവോ പോളോക്കടുത്തുള്ള ഒരു കുഗ്രാമത്തിൽ മെൻഗെളെയെന്നു സംശയിക്കാവുന്ന ഒരു യൂറോപ്യക്കാരനെ കണ്ടെത്തി. ഹരേലിനെ വിവരം അറിയിച്ചെങ്കിലും പിടികൂടുന്നതിനുള്ള ബുദ്ധിമുട്ടുകളും സാമ്പത്തിക പരാധീനകളും തകർന്നുകൊണ്ടിരുന്ന ഈജിപ്തുമായുള്ള ബന്ധത്തിൽ ശ്രദ്ധ ചെലുത്തലും 1962ൽ പ്രസ്തുത ഓപ്പറേഷൻ നിർത്തിവയ്ക്കാൻ മൊസ്സാദിന്റെ മുഖ്യനെ പ്രേരിതമാക്കി.

പിൽക്കാല ജീവിതവും മരണവും

തിരുത്തുക

മെൻഗെളെയും സ്റ്റാമ്മർ ദമ്പതികളും കൂടെ മെൻഗെളെക്കു പകുതി ഉടമസ്ഥാവകാശം നൽകികൊണ്ടു 1969ൽ കൈറാസിൽ ഒരു വീടും കൃഷിയിടവും വാങ്ങുകയുണ്ടായി. തന്റെ ഭാര്യയുടെയും മകന്റെയും ചികിത്സക്കായി ജർമ്മനിയിലേക്ക് തിരിക്കും മുമ്പേ ഗെർഹാർഡ്‌ തന്റെ തിരിച്ചറിയൽ രേഖകൾ മെൻഗെളെയെ ഏൽപ്പിച്ചു. സ്റ്റാമ്മർ ദമ്പതികൾ 1974 അവസാനത്തോട് കൂടി മെൻഗെളെയുമായി പിരിയുകയും സാവോ പോളോയിൽ ഒരു വീട് വാങ്ങുകയും ചെയ്തു. എൽഡോറാഡോയിൽ ഒരു ബംഗ്ലാവ് വാങ്ങിയ സ്റ്റാമ്മർ ദമ്പതികൾ മെൻഗെളെക്കു വാടകക്ക് കൊടുത്തു. 1956ലെ അവധിക്കാലത്തിന്‌ ശേഷം അച്ഛനെ കണ്ടിട്ടില്ലാത്ത റോൾഫ് 1977 അദ്ദേഹത്തെ സന്ദർശിക്കുകയുണ്ടായി. വ്യക്തിപരമായി ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും തന്റെ കർത്തവ്യം മാത്രമാണ് നിർവഹിച്ചത് എന്നവകാശപ്പെടുന്ന പശ്ചാത്താപരഹിതനായ ഒരു നാസിയെയാണ് റോൾഫിനു അവിടെ കാണാനായത്.

1972നു ശേഷം മെൻഗെളെയുടെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. 1976ൽ ഒരു ഹൃദയാഘാതവും ഉണ്ടായി. ഉയർന്ന രക്ത സമ്മർദ്ദവും ചെവിയിലെ പഴുപ്പും അദ്ദേഹത്തിന്റെ സന്തുലിതാവസ്ഥയെ താറുമാറാക്കി. 1979 ഫെബ്രുവരി 7നു തന്റെ കൂട്ടുകാരായ വോൾഫ്‌റാമിനെയും ബോസ്‌സെർട്ടിനെയും അവരുടെ തീരവസതിയിൽ സന്ദർശിക്കുന്നതിനിടെ വീണ്ടും ആഘാതംവരികയും നീന്തുന്നതിനിടെ മുങ്ങിപ്പോകുകയുമാണുണ്ടായത്. 1971മുതൽ ഉപയോഗിച്ചിരുന്ന തിരിച്ചറിയൽ രേഖകളിൽ ഉണ്ടായിരുന്ന വോൾഫ്ഗ്യാങ് ഗെർഹാർഡ്‌ എന്ന പേരിൽ എംബു ദാസ് ആർട്ടിസിൽ മെൻഗെളെയെ മറവു ചെയ്തു.

മെൻഗെളെ ഉപയോഗിച്ചിരുന്ന മറ്റു കള്ളപ്പേരുകളിൽ ഡോ. ഫോസ്‌റ്റോ റിണ്ടൻ എന്നും എസ് ജോസി ആൽവേർസ് ആസ്‌പിയാസു എന്നും ഉൾപ്പെട്ടിരുന്നു.

പുനരാനയനം

തിരുത്തുക

അതേസമയം മെൻഗെളെയെ കണ്ടുവെന്ന അവകാശവാദങ്ങൾ ലോകത്തെല്ലായിടത്തുനിന്നും ഉയർന്നു. ഗ്രീക്ക് ദ്വീപായ ക്യന്തനോസിൽ 1960ലും, കെയ്‌റോയിൽ 1961ലും സ്പെയിനിൽ 1971ലും പരാഗ്വേയിൽ 1978ലും മെൻഗെളെ ഉണ്ടായിരുന്നെന്ന വിവരം തന്റെ പക്കലുണ്ടെന്ന് വൈസ്‌ന്താൽ അവകാശപ്പെട്ടു. മരിച്ചിട്ടു ആറു വർഷത്തിനിപ്പുറവും അദ്ദേഹം മെൻഗെളെ ജീവിച്ചിരിപ്പുണ്ടെന്നു വിശ്വസിക്കുകയും പിടികൂടുന്നവർക്കു $100,000 പാരിതോഷികവും പ്രഖ്യാപിക്കുകയുണ്ടായി.ഫെബ്രുവരി 1985ൽ ജറുസലേമിൽ നടന്ന ഒരു വിചാരണയിൽ മെൻഗെളെയുടെ പരീക്ഷണത്തിനിരയായ നൂറുകണക്കിന് ആളുകൾ സാക്ഷ്യം ചെയ്യുകയുണ്ടായി.ഇതേത്തുടർന്ന് പ്രസ്തുത കേസ് ലോകജനശ്രദ്ധ ആർജ്ജിക്കുകയുണ്ടായി. ഉടൻ തന്നെ പശ്ചിമ ജർമ്മനി, ഇസ്രായേൽ, അമേരിക്ക തുടങ്ങിയയിടങ്ങളിലെ സർക്കാരുകൾ ഒരുമിച്ച് മെൻഗെളെയെ കുറിച്ചന്വേഷിക്കാൻ ഒരു ശ്രമം നടത്തുകയുണ്ടായി.

1985 മെയ് 31 നു പശ്ചിമ ജർമ്മനിയുടെ പ്രോസിക്യൂട്ടർക്കു ഒരു സൂചന കിട്ടിയതിനെ തുടർന്ന് പോലീസ് മെൻഗെളെയുടെ ആജീവനാന്ത സുഹൃത്തായ ഹാൻസ് സെദൽമീറുടെ ഗൺസ്ബർഗിലുള്ള വീട് പരിശോധിക്കുകയുണ്ടായി. അവിടെ നിന്ന് അവർക്കു രഹസ്യഭാഷയിലാക്കിയ ഒരു അഡ്രസ്സ് പുസ്തകവും മെൻഗെളെക്കും മെൻഗെളെ ഇങ്ങോട്ടും എഴുതിയ ചില കത്തുകളും കണ്ടെടുക്കാനായി. രേഖകളിൽ മെൻഗെളെയുടെ മരണം അറിയിച്ചു കൊണ്ട് ബൊസ്സേർട് എഴുതിയ ഒരു കത്തും ലഭിച്ചു. തുടർന്ന് ജർമ്മൻ അധികാരികൾ സാവോ പോളോയിലെ പൊലീസുകാരെ അറിയിക്കുകയും അവർ ബോസ്സാർട്ടുമായി ബന്ധപ്പെടുകയും ചെയ്തു. ചോദ്യം ചെയ്യലിൽ അവർ കുഴിമാടത്തിൽ സ്ഥാനം വെളിപ്പെടുത്തി.അവശിഷ്ടങ്ങൾ 6 ജൂൺ 1985ൽ കുഴിച്ചെടുക്കുകയും വിപുലമായ ഫോറൻസിക് പരിശോധനക്ക് ശേഷം ശരീരം മെൻഗെളെയുടേതാകാൻ ഉയർന്ന സാധ്യത നിലനിൽക്കുന്നതായി കണ്ടെത്തി.10 ജൂണിൽ ആ ശരീരം തന്റെ അച്ഛന്റേതു തന്നെയാണെന്ന് റോൾഫ് മെൻഗെളെ ഒരു പ്രസ്താവന പുറത്തിറക്കി. അച്ഛന് അഭയം കൊടുത്തവരുടെ രക്ഷയെ കുറിച്ചോർത്തു മരണവിവരം രഹസ്യമാക്കി വച്ചതാണെന്നും അദ്ദേഹം പറഞ്ഞു.1992ൽ നടത്തിയ DNA പരിശോധന നടത്തുകയും സ്ഥിതീകരിക്കുകയും ചെയ്തു. കുടുംബം അവശിഷ്ടങ്ങൾ ജർമ്മനിയിലേക്ക് കൊണ്ട് പോകാൻ വിസമ്മതിച്ചത് കാരണം അവർ അഹ് സാവോ പോളോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറൻസിക് മെഡിസിനിൽ സൂക്ഷിച്ചിരിക്കുന്നു

പിന്തുടർച്ച

തിരുത്തുക

മെൻഗെളെയുടെ ജീവിതം ദി ബോയ്‌സ് ഫ്രം ബ്രസീൽ എന്ന പേരിലുള്ള ചലച്ചിത്രത്തിനും നോവലിനും പ്രേരകമായിട്ടുണ്ട്. അതിൽ മെൻഗെളെ (ഗ്രിഗറി പെക്ക് അഭിനയിച്ചു) ബ്രസീലിലെ ഒരു ക്ലിനിക്കിൽ ഹിറ്റ്ലറുടെ ക്ലോണുകളെ സൃഷ്ട്ടിക്കുന്നാതായിട്ടാണ്. 2007ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോളോകോസ്റ്റ് മെമ്മോറിയൽ മ്യൂസിയം ഹോക്കർ ആൽബത്തിന്റെ സംഭാവനയായി കാൾ ഫ്രഡറിച് ഹോക്കർ എടുത്ത ചിത്രങ്ങളുടെ ഒരു ആൽബം ലഭിക്കുകയുണ്ടായി. അത് മെൻഗെളെയടക്കം പല ഓഷ്‌വിറ്റ്സ് ഉദ്യോഗസ്ഥരുടെയും ചിത്രങ്ങൾ അടങ്ങിയതായിരുന്നു.

പുറത്തു വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു തുകക്ക് 2010 ഫെബ്രുവരിയിൽ 180 പേജോളം വരുന്ന മെൻഗെളെയുടെ ഒരു ഡയറി ഒരു തടങ്കൽ പാളയത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാളുടെ കൊച്ചുമകനായ അലക്സാണ്ടർ ഓട്ടോഗ്രാഫ്സ് ലേലത്തിൽ വിൽക്കുകയുണ്ടായി. പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലാത്ത ആദ്യത്തെ കൈവശക്കാരൻ മെൻഗെളെയുടെ കുടുംബത്തോട് അടുത്ത ബന്ധമുള്ളയാളാണെന്നു ആനുകാലിക പ്രസിദ്ധീകരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

കുറിപ്പുകൾ

തിരുത്തുക
  1. Levy 2006, പുറം. 242.
"https://ml.wikipedia.org/w/index.php?title=ജോസഫ്_മെൻഗെളെ&oldid=3632391" എന്ന താളിൽനിന്ന് ശേഖരിച്ചത്