ജി. രവീന്ദ്രവർമ്മ
കേരളപാണിനി എ.ആർ. രാജരാജവർമ്മയുടെ കൊച്ചുമകനും പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും കേന്ദ്രമന്ത്രിയുമായിരുന്നു മാവേലിക്കര സ്വദേശിയായ ജി. രവീന്ദ്രവർമ്മ(18 ഏപ്രിൽ 1925-9 ഒക്ടോബർ 2006).[2]
ജി. രവീന്ദ്രവർമ്മ | |
---|---|
ജനനം | ഏപ്രിൽ 18, 1925 |
മരണം | ഒക്ടോബർ 9, 2006[1] | (പ്രായം 81)
ദേശീയത | ഇന്ത്യ |
തൊഴിൽ | പൊതുപ്രവർത്തകൻ |
അറിയപ്പെടുന്നത് | പാർലമെന്റംഗം, കേന്ദ്രമന്ത്രി, ഗാന്ധിയൻ |
ജീവചരിത്രം
തിരുത്തുക1925 ഏപ്രിൽ 18-നു് മാവേലിക്കര രാജകൊട്ടാരത്തിലാണു് അദ്ദേഹം ജനിച്ചതു്. പിതാവ് ഡോ. കെ. ഗോദവർമ്മ സുപ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനും സംസ്കൃതപണ്ഡിതനുമായിരുന്നു. മാതാവ് എ.ആർ. രാജരാജവർമ്മയുടെ മകളായിരുന്നു.[2]
തിരുവനന്തപുരം മഹാരാജാസ് കോളേജ് ഓഫ് ആർട്ട്സിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലും തുടർന്ന വിദ്യാഭ്യാസം പൂർത്തിയാവുന്നതിനുമുമ്പേ, ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ ചേർന്നു് അറസ്റ്റും ജയിൽവാസവും വരിച്ചു. തുടർന്നു് ഒരു മുഴുവൻ സമയ സ്വാതന്ത്ര്യസമരപ്രവർത്തകനായി മാറി.[2]
ഇന്ത്യയിലെ വിദ്യാർത്ഥികളേയും യുവാക്കളേയും സ്വാതന്ത്ര്യസമരധാരയിലേക്കു് നയിക്കുന്നതിൽ അദ്ദേഹം ശക്തമായ നേതൃത്വം നൽകി. 1946 മുതൽ 1949 വരെ അദ്ദേഹം അഖിലേന്ത്യാ വിദ്യാർത്ഥി കോൺഗ്രസ്സിന്റെ അദ്ധ്യക്ഷനായിരുന്നു. ഇതേ കാലത്തുതന്നെ ലോകസർവ്വകലാശാലാ സർവീസിന്റെ അന്താരാഷ്ട്ര വിദ്യാർത്ഥി സർവീസ് ഘടകത്തിന്റെ നിർവ്വഹണസമിതി അംഗവുമായി.[2]
1949 മുതൽ 1951 വരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിന്റെ അഖിലേന്ത്യാ സെക്രട്ടറിയും പിന്നീട് 1957-ൽ അതിന്റെ പ്രസിഡണ്ടും ആയിത്തീർന്നു.[2]
വേൾഡ് അസെംബ്ലി ഓഫ് ദ യൂത്ത് ഇന്ത്യാ ഘടകത്തിന്റെ സെക്രട്ടറിയും പിന്നീട് 1958 മുതൽ 1962 വരെ അതിന്റെ അന്താരാഷ്ട്ര പ്രസിഡണ്ടും ആയി. ഇക്കാലത്തു് അദ്ദേഹം ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്കകൾ എന്നീ ഭൂഖണ്ഡങ്ങളിൽ വ്യാപകമായി യാത്ര ചെയ്തു. ലോകത്തിലെ വിവിധരാജ്യങ്ങൾ സന്ദർശിച്ച് അവിടെയുള്ള യുവാക്കളേയും വിദ്യാർത്ഥികലേയും പരസ്പരം കൂട്ടിയിണക്കുന്നതിൽ ഈ യാത്രകൾ അഭൂതപൂർവ്വമായ പങ്കു വഹിച്ചു.[2]
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1961-ൽ സ്ഥാപിച്ച ഇന്ത്യൻ യൂത്ത് സെന്ററുകൾ പിന്നീട് ഇന്റർനാഷണൽ യൂത്ത് സെന്ററുകൾ വിശ്വ യുവൿ കേന്ദ്രം ആയി മാറി. 1996 മുതൽ മരണം വരെ അവയുടേ ചെയർമാൻ ആയി അദ്ദേഹം യുവജനതയോട് അദ്ദേഹത്തിനുള്ള പ്രതിബദ്ധത തുടർന്നു.[2]
1958 മുതൽ 1977 വരെ എ.ഐ.സി.സി. അംഗമായിരുന്നു. കൂടാതെ, 1971-74 ഘട്ടത്തിൽ ജനറൽ സെക്രട്ടറിയുമായി.[2]
ഭാരതസർക്കാരിന്റെ പ്രതിനിധിയായി അദ്ദേഹം പല അന്താരാഷ്ട്ര പരിപാടികളിലും പങ്കെടുത്തു. വടക്കൻ കൊറിയൻ സന്ദർശത്തിനുള്ള പാർലിമെന്റരി സംഘത്തിന്റെ നേതാവ് അദ്ദേഹമായിരുന്നു. 61-ആമതും 62ആമതും 63-ആമതും അന്താരാഷ്ട്രാ തൊഴിൽ സമ്മേളനങ്ങളിൽ അദ്ദേഹമായിരുന്നു ഇന്ത്യൻപ്രതിനിധിസംഘത്തിന്റെ നേതാവു്.[2]
ലോകസഭാംഗമായി
തിരുത്തുക- മൂന്നാം ലോകസഭ (1962-1967) തിരുവല്ല[2]
- ആറാം ലോകസഭ (1977-1979) റാഞ്ചി[2]
- ഏഴാം ലോകസഭ (1979-1984) മുംബൈ നോർത്ത്[2]
ലോകസഭാംഗമായിരിക്കേ, പലപ്പോഴുമായി അദ്ദേഹം വിദേശകാര്യവകുപ്പ്, പ്രതിരോധവകുപ്പ്, ധനകാര്യവകുപ്പ് എന്നിവയ്ക്കുള്ള ഉപദേശകസമിതികളിലും പ്രിവിലേജ് കമ്മിറ്റി, റൂൾസ് കമ്മിറ്റി എന്നിവയിലും തന്റെ സേവനം നൽകി.[2]
അടിയന്തരാവസ്ഥക്കാലം
തിരുത്തുക1975 ജൂണിൽ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ ഒരു ജനമുന്നേറ്റം പടുത്തുയർത്തുന്നതിൽ രവീന്ദ്രവർമ്മ പ്രധാനമായ ഒരു പങ്കു വഹിച്ചു. ഇന്ത്യയിലങ്ങോളമിങ്ങോളം സഞ്ചരിച്ച് അദ്ദേഹം പ്രതിരോധകരുടെ രഹസ്യയോഗങ്ങൾ സംഘടിപ്പിച്ചു. 1976 ഫെബ്രുവരിയിൽ മുംബായിൽ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടർന്നു് 1977 ഫെബ്രുവരി 24 വരെ അദ്ദേഹം തടവിൽ പാർപ്പിക്കപ്പെട്ടു.[2]
അടിയന്തരാവസ്ഥക്കുശേഷം വന്ന ജനതാ സർക്കാരിൽ അദ്ദേഹം തൊഴിൽ-പാർലിമെന്ററി വകുപ്പുകളുടെ കാബിനറ്റ് മന്ത്രിയായി. (1977 മാർച്ച്- 1979 ഓഗസ്റ്റ്). ഭാരതസർക്കാർ രൂപം കൊടുത്ത തൊഴിൽകാര്യ ദേശീയസമിതിയുടെ (National Commission on Labor) രണ്ടാമത്തേതിന്റെ ചെയർമാനുമായിരുന്നു അദ്ദേഹം (1999-2000).[2]
ഗാന്ധിസം
തിരുത്തുകമഹാത്മാഗാന്ധിയുടെ തികഞ്ഞ അനുയായിയും അതിരറ്റ ആരാധകനുമായിരുന്നു അദ്ദേഹം. അഖിലേന്ത്യാ നൂൽനൂൽപ്പു സംഘടന(All India Spinner's Association), അഖിലേന്ത്യാ കുടിൽവ്യവസായ സംഘടന (All India Village Industries Association) എന്നിവയുമായി അദ്ദേഹം തുടക്കം മുതലേ സഹകരിച്ചു. ഗാന്ധിയുടെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താനും, അദ്ദേഹത്തിന്റെ വീക്ഷണങ്ങളിലെ സാമൂഹ്യശാസ്ത്രീയമാനങ്ങളെക്കുറിച്ചു ഗവേഷണപഠനങ്ങൾ നടത്താനും ഒരു സ്ഥാപനം രൂപീകരിക്കാൻ അനുയായികൾ ശ്രമങ്ങളാരംഭിച്ചു. അങ്ങനെ 1950-നടുത്തായി വർധയിൽ ഗാന്ധി വിചാർ പരിഷത്ത് എന്ന സംഘടന രൂപം കൊണ്ടു. രവീന്ദ്രവർമ്മയും ശങ്കർ റാവു ദേവുമായിരുന്നു സെക്രട്ടറിമാർ. ചെയർമാനായി കാകാ സാഹബ് കലേൽക്കർ എന്ന ഗാന്ധിയനും. പിൽക്കാലത്ത്, 1987ൽ, ഈ സ്ഥാപനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗാന്ധിയൻ സ്റ്റഡീസ് എന്ന പേരിൽ രൂപാന്തരം പ്രാപിച്ച് അന്താരാഷ്ട്രപ്രസിദ്ധമായിത്തീർന്നു. തുടക്കം മുതൽ 2000 മേയ് വരെ അദ്ദേഹമായിരുന്നു ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ. [2]
ന്യൂ ദില്ലിയിലെ ഗാന്ധി പീസ് ഫൗണ്ടേഷന്റെ രണ്ടാമത്തെ ചെയർമാനും രവീന്ദ്രവർമ്മയായിരുന്നു. സ്ഥാപനകാലം മുതലേ ചെയർമാനായിരുന്ന ആർ. ആർ. ദിവാകറിന്റെ മരണാനന്തരമാണു് അദ്ദേഹം ഈ ഭാരവാഹിത്വം ഏറ്റെടുത്തതു്. അന്ത്യശ്വാസം വരെ അദ്ദേഹം ഗാന്ധി പീസ് ഫൗണ്ടേഷന്റെ വളർച്ചയ്ക്കു് നേതൃത്വവും ഉപദേശവും കൊടുത്തു.[2]
കൊളോണിയൽ വിദ്യാസംസ്കാരത്തിനെതിരായി നിസ്സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമായി 1920-ൽ ഗാന്ധിജി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിന്റെ ചാൻസലറായി അദ്ദേഹം 2003 ജൂലൈയിൽ സ്ഥാനമേറ്റു. മരണംവരെ ഈ ചുമതലയിൽ തുടർന്നു.[2]
ഗാന്ധിജിയുടെ രാഷ്ട്രസാമൂഹ്യസങ്കൽപ്പങ്ങളെക്കുറിച്ച് യുവതലമുറയെ ബോധവൽക്കരണം നടത്തുന്നതിനു് ഏറ്റവുമധികം ഉത്സാഹിച്ചതു് അദ്ദേഹമായിരിക്കണം. രാജ്യത്തിനകത്തും പുറത്തും അദ്ദേഹം ഗാന്ധിയിസത്തെക്കുറിച്ച് ധാരാളം പ്രഭാഷണങ്ങളും അവതരണങ്ങളും നടത്തി. ഗാന്ധി മാർഗ്ഗം എന്ന ത്രൈമാസികത്തിന്റേയും ഓറിയന്റ് ലോങ്ങ്മാൻ എന്ന പ്രസിദ്ധീകരണക്കമ്പനിയുടേയും ആജീവനാന്ത ഉപദേശകനായിരുന്നു അദ്ദേഹം. "ഗാന്ധി: കുട്ടികൾക്കും തുടക്കക്കാർക്കും വേണ്ടി ഒരു ജീവചരിത്രം"(Gandhi: A biography for children and beginners), "ഗാന്ധി സംഭവസ്മരണകളിലൂടെ"( Gandhiin anecdotes), "സത്യാഗ്രഹത്തിന്റെ ആദ്ധ്യാത്മിക അടിത്തറ" (Spiritual basis of Satyagraha), "മഹാത്മാ ഗാന്ധിയുടെ ആധ്യാത്മികവീക്ഷണങ്ങൾ" (The spiritual perceptions of Mahatma Gandhi) തുടങ്ങിയവയാണു് അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടവയിൽ പ്രമുഖമായ ഗ്രന്ഥങ്ങൾ. എന്നാൽ ഗാന്ധിയൻ തത്ത്വശാസ്ത്രത്തെക്കുറിച്ചും മഹായാന ബുദ്ധമതത്തെക്കുറിച്ചും മറ്റുമുള്ള അദ്ദേഹത്തിന്റെ കൂടുതൽ ഗൗരവത്വമുള്ള പല കൃതികളും ഇനിയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. [2]
തികഞ്ഞ ശുഭാപ്തിവിശ്വാസിയും ദീർഘചക്ഷുസ്സുമായിരുന്നു രവീന്ദ്രവർമ്മ. കൂടെ ജോലി ചെയ്തിരുന്നവരോടും മറ്റു സഹകാരികളോടും അദ്ദേഹം അവരുടെ സ്ഥാനമാനങ്ങൾ പരിഗണിക്കാതെത്തന്നെ വളരെ സംയമനത്തോടും സ്നേഹത്തോടും കൂടി പെരുമാറി. കറ കളഞ്ഞ ഒരു ബുദ്ധമതവിശ്വാസിയും കൂടിയായിരുന്നു അദ്ദേഹം. [2]
2006 ഒക്ടോബർ 10നു് ഹൃദയാഘാതത്തെത്തുടർന്നു് അദ്ദേഹം അന്തരിച്ചു.
കുടുംബം
തിരുത്തുകഭാര്യ - മംഗളവർമ. 20 വർഷത്തെ വിവാഹ ജീവിതത്തിനുശേഷം വേർപിരിഞ്ഞു. [3] , മക്കൾ - ഗൗതം വർമ്മ, ഹർഷ് വർമ്മ എന്നീ രണ്ടു് ആൺമക്കളാണുണ്ടായിരുന്നത്.[2] ഇവരിൽ ഗൗതം വർമ്മ 2015 ഏപ്രിലിൽ അന്തരിച്ചു. ആറുമാസത്തിനുശേഷം മംഗളാ വർമ്മയും അന്തരിച്ചു.
വിശ്വയുവകേന്ദ്രയുടെ ചെയർമാനും മാനേജിങ് ട്രസ്റ്റിയും, ഗുജറാത്ത് വിദ്യാപീഠം ചാൻസലർ,[4] ഗാന്ധിസ്മാരക നിധി ചെയർമാൻ[4] എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. 1962-ൽ തിരുവല്ല[4] മണ്ഡലത്തിൽനിന്ന് ആദ്യമായി കോൺഗ്രസ് ടിക്കറ്റിൽ പാർലമെൻറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയിൽനിന്നും ബിഹാറിൽനിന്നുമായി പിന്നീട് രണ്ടു തവണ കൂടി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1977-ൽ റാഞ്ചിയിൽ നിന്ന് ജനതാ പാർട്ടി ടിക്കറ്റിലാണ് ഇദ്ദേഹം വിജയിച്ചത്.[4] ഇദ്ദേഹം 1977-ലെ മൊറാർജി ദേശായി മന്ത്രിസഭയിൽ തൊഴിൽമന്ത്രിയായിരുന്നു. 1992-ൽ എ.ബി. വാജ്‌പേയി സർക്കാർ രൂപം നൽകിയ രണ്ടാം ദേശീയ ലേബർ കമ്മീഷന്റെ ചെയർമാൻ രവീന്ദ്രവർമ്മയായിരുന്നു. വേൾഡ് യൂത്ത് അസംബ്ലി എന്ന അന്താരാഷ്ട്ര സംഘടനയുടെ ആദ്യത്തെ ഇന്ത്യൻ പ്രസിഡൻറായിരുന്ന രവീന്ദ്രവർമ്മ യുത്ത് കോൺഗ്രസിന്റെ സ്ഥാപകനേതാക്കളില് ഒരാളുമാണ്. 2006 ഒക്ടോബർ 9ന് രവീന്ദ്രവർമ്മ അന്തരിച്ചപ്പോൾ അദ്ദേഹത്തിന് 81 വയസ്സായിരുന്നു. -->
അവലംബം
തിരുത്തുക- ↑ "രവീന്ദ്ര വർമ്മ ഡെഡ്". ദി ഹിന്ദു. 2006 ഒക്റ്റോബർ 11. Archived from the original on 2007-10-01. Retrieved 2013 ജൂൺ 1.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 2.15 2.16 2.17 2.18 2.19 2.20 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-04-22. Retrieved 2013-06-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-26. Retrieved 2015-10-26.
- ↑ 4.0 4.1 4.2 4.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;hindu
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ http://news.oneindia.in/2006/10/10/gandhian-and-former-union-minister-ravindra-varma-dead-1160484016.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://archive.deccanherald.com/Deccanherald/oct112006/national1813320061010.asp[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആദ്യത്തെ അവിശ്വാസപ്രമേയം". വീക്ഷണം. Archived from the original on 2013-05-09. Retrieved 2013 ജൂൺ 1.
{{cite news}}
: Check date values in:|accessdate=
(help)