ജിംനേഷ്യം
ശാരീരിക വ്യായാമത്തിനായോ കായിക പരിശീലനങ്ങൾക്കായോ ക്രമപ്പെടുത്തിയിരിക്കുന്ന സ്ഥാപനങ്ങളാണ് ജിംനേഷ്യം(Gymnasium) അഥവാ ജിം(Gym). അത്യാധുനിക രീതിയിൽ വിപുലമായി ക്രമീകരിക്കപ്പെട്ടിട്ടുള്ള ജിംനേഷ്യങ്ങൾ ഹെൽത്ത് ക്ലബുകൾ, ഫിറ്റ്നസ്സ് സെന്ററുകൾ, ഹെൽത്ത് ആൻഡ് ഫിറ്റ്നസ് സെന്ററുകൾ എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. വിദേശ രാജ്യങ്ങളിൽ ശാസ്ത്രീയമായി പരിശീലനം സിദ്ധിക്കപ്പെട്ട ട്രെയിനർമാരുടെ മേൽനോട്ടത്തിലാണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇവിടെ ഡംബെൽ, ബാർബെൽ തുടങ്ങിയ ഫ്രീ വെയ്റ്റ് സാമഗ്രികളും ട്രെഡ് മിൽ, എല്ലിപ്റ്റിക്ക് ട്രെയിനർ തുടങ്ങിയ സങ്കീർണവും ശാസ്ത്രീയവുമായ ആധുനിക വ്യായാമ യന്ത്രങ്ങളും സജ്ജമാക്കിയിരിക്കുന്നു. ഫ്രീ വെയ്റ്റ് സാമഗ്രികൾ മാത്രമോ അല്ലെങ്കിൽ അവക്ക് പ്രാമുഖ്യം നൽകപ്പെടുകയോ ചെയ്യുന്ന ജിമ്മുകളെ 'കാരിരുമ്പ് ജിമ്മുകൾ' (black-iron gym) എന്ന് പരാമർശിക്കപ്പെടാറുണ്ട്. ശരീരത്തിലെ പേശികൾ അഥവാ മസിലുകളുടെ വളർച്ചയും പോഷണവും ഇവിടെ സാധ്യമാകുന്നു. അന്നജവും, മധുരവും, ഉപ്പും, കൊഴുപ്പും കുറച്ചു പ്രോടീൻ സമ്പുഷ്ടമായതും, പഴങ്ങളും, പച്ചക്കറികളും, പരിപ്പുവർഗങ്ങളും അടങ്ങിയ പോഷകസമൃദ്ധമായ ആഹാരം കഴിക്കേണ്ടത് ഇതിന് ആവശ്യമാണ്. ശാരീരിക മാനസിക ആരോഗ്യവും ശരീരസൗന്ദര്യവും കായിക ബലവും ഉറപ്പ് വരുത്താൻ ജിംനേഷ്യങ്ങൾ സഹായിക്കുന്നു എന്നും പറയാം. വികസിത രാജ്യങ്ങളിൽ തങ്ങളുടെ ആരോഗ്യവും സൗന്ദര്യവും കായികക്ഷമതയും നിലനിർത്താൻ പ്രായഭേദമന്യേ, സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ജനങ്ങൾ ജിമ്മുകളിൽ പോകുന്നതായി കാണാം. അത്തരം രാജ്യങ്ങളിലെ പല ജോലിക്കാർക്കും ജിം അംഗത്വം അവരുടെ തൊഴിൽ സ്ഥാപനങ്ങൾ സൗജന്യമായി നൽകാറുണ്ട്. കാൻസർ, പ്രമേഹം, ഹൃദ്രോഗം, അസ്ഥികളുടെ ബലക്കുറവ്, അമിതഭാരം അടക്കമുള്ള ജീവിതശൈലി രോഗങ്ങളെ ചെറുക്കുവാൻ ഏതൊരു വ്യായാമവും പോലെ തന്നെ ജിമ്മുകളിലെ കായിക പരിശീലനങ്ങൾ നല്ലൊരു പരിധിവരെ സഹായിക്കാറുണ്ട്. മാത്രമല്ല ശരീര സൗന്ദര്യവും, ആകാരഭംഗിയും മെച്ചപ്പെടുത്തി പ്രായക്കൂടുതൽ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ നല്ലൊരു ശതമാനംവരെ പരിഹരിക്കാനും ഇതുകൊണ്ട് സാധിക്കുന്നു. മധ്യവയസ്ക്കാരായ സ്ത്രീകളിൽ ആർത്തവവിരാമം എന്ന ഘട്ടത്തിൽ ഉണ്ടാകാനിടയുള്ള അസ്ഥികളുടെ ബലക്കുറവും പൊട്ടലും ചെറുക്കാൻ ജിമ്മുകളിലെ ശാസ്ത്രീയമായ പരിശീലനം സഹായിക്കാറുണ്ട്. ചില രാജ്യങ്ങളിൽ 'മേനോപോസ് സപ്പോർട്ട് ഗ്രൂപ്പുകളും' ജിമ്മുകളിൽ പ്രവർത്തിക്കുന്നു. പരിശീലനങ്ങൾ കാര്യക്ഷമവും ശാസ്ത്രീയവുമായി നടത്തുന്നതിന് ആധുനിക ജിമ്മുകളിൽ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പല മികച്ച ജിമ്മുകളും ശാസ്ത്രീയമായി പരിശീലനം സിദ്ധിക്കപ്പെട്ട വിദഗ്ദ പരിശീലകരുടെയും ഫിസിയോതെറാപ്പിസ്റ്റുകളുടെയും ഡയറ്റീഷ്യൻമാരുടെയും സേവനം കൂടി ലഭ്യമാക്കാറുണ്ട്. പ്രധാന പട്ടണങ്ങളിലെ ജിമ്മുകളിൽ നീന്തൽക്കുളം ഉൾപ്പെടെ 'എയറോബിക്സ്' സൗകര്യങ്ങളും വ്യക്തിഗത പരിശീലന പരിപാടികളും യോഗ, 'മസാജ്', 'സ്നാക്ക്സ് ബാർ' അടക്കമുള്ള സേവനങ്ങളും ലഭ്യമാണ്. ചില ജിമ്മുകളും മാസ-വാർഷിക അംഗത്വങ്ങൾക്ക് പുറമേ ആജീവാനന്ത അംഗത്വസൗകര്യവും ഏർപ്പെടുത്താറുണ്ട്.
ചില രാജ്യങ്ങളിൽ ഇൻ-ഡോർ കായിക സൗകര്യങ്ങളോടു കൂടിയ സ്ഥാപനങ്ങളെയാണ് ജിംനേഷ്യം എന്ന് അറിയപ്പെടുന്നത്. അമേരിക്കൻ ഐക്യനാടുകളിൽ മിക്കവാറും എല്ലാ കോളേജുകളിലും സ്കൂളുകളിലും ഇത്തരത്തിലുള്ള ജിംനേഷ്യങ്ങൾ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. ചില രാജ്യങ്ങളിൽ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലും ഇവ ഉണ്ടാകാറുണ്ട്. ഇവയെ 'സ്പോർട്ടേറിയം' എന്ന പേരിലും അറിയപ്പെടാറുണ്ട്.
ചരിത്രം
തിരുത്തുകപുരാതന ഗ്രീസിൽ പതിനെട്ടു വയസ്സ് തികഞ്ഞ പുരുഷ കായികതാരങ്ങൾക്ക് പൊതുമത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനം നൽകുവാനായി സ്ഥാപിക്കപ്പെട്ടിരുന്ന കേന്ദ്രങ്ങളെ ജിംനേഷ്യൻ (γυμνάσιον, gymnasion) എന്നു അറിയപ്പെട്ടിരുന്നു. 'നഗ്നരായുള്ള മത്സരങ്ങളുടെ കളരി' എന്നതാണ് ഇതിന്റെ വാച്യാർത്ഥം.[1]പുരുഷസൗന്ദര്യ പ്രദർശനത്തിന്റെയും മറ്റും ഭാഗമായി കായിക മത്സരാർത്ഥികൾ അക്കാലത്ത് നഗ്നരായി മത്സരിച്ചിരുന്നുവെന്നതാണ് ഇതിനു കാരണമായി കരുതുന്നത്.
പുരാതന ഗ്രീക്കുകാരുടെ ഇടയിൽ ഈ പരിശീലന കേന്ദ്രങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. പ്രധാന പട്ടണങ്ങളിലെല്ലാം ഒരു ജിംനേഷനെങ്കിലും സ്ഥാപിക്കുവാൻ ഭരണാധികാരികൾ ശ്രദ്ധിച്ചിരുന്നു. കായിക പരിശീലനത്തിനുള്ള കേന്ദ്രം എന്നതിൽ നിന്നും സ്നാനഘട്ടങ്ങൾ, വസ്ത്രം മാറാനുള്ള അണിയറകൾ, താത്കാലിക താമസയിടം, മത്സരക്കളങ്ങൾ എന്നിങ്ങനെ വിവിധ സൗകര്യങ്ങളുള്ള വൻസമുച്ചയങ്ങളായി ജിംനേഷ്യനുകൾ മാറി. കാലക്രമത്തിൽ തത്ത്വശാസ്ത്രം,സാഹിത്യം,സംഗീതം തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങൾക്കും സംവാദങ്ങൾക്കുമുള്ള ഒരു വേദി കൂടിയായി ജിംനേഷനുകൾ മാറപ്പെടുകയും ജിംനേഷ്യനുകളോടൊപ്പം പൊതുവായനശാലകൾ നിർമ്മിക്കുകയും ചെയ്തതോടു കൂടി ഇവയ്ക്ക് ഒരു കായികപരിശീലന കേന്ദ്രം എന്നതിനൊപ്പം ഒരു ബൗദ്ധിക-സാംസ്കാരിക പ്രതിഛായ കൂടി ലഭിക്കപ്പെട്ടു.
പിൽക്കാലത്ത്, ഗ്രീക്കിൽ നിന്നും ഈ പദം ജിംനേഷ്യം എന്ന ലത്തീൻ രൂപത്തിൽ യൂറോപ്യൻ രാജ്യങ്ങളിലും പ്രചരിച്ചു. പക്ഷേ ജർമ്മൻ സംസാരിക്കുന്ന രാജ്യങ്ങളിൽ മൂലപദത്തിന്റെ ബൗദ്ധിക പശ്ചാത്തലത്തിനോട് സാമ്യം പുലർത്തുന്ന വിധം സർക്കാർ നിയന്ത്രണത്തിലുള്ള ഒരു വിഭാഗം ദ്വിതീയ വിദ്യാഭ്യാസകേന്ദ്രങ്ങളെ ജിംനേഷ്യം വിദ്യാലയങ്ങൾ എന്ന് അറിയപ്പെട്ടപ്പോൾ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ജിംനേഷ്യം എന്നത് കായിക പരിശീലനത്തിനും വ്യായാമത്തിനുമുള്ള കേന്ദ്രങ്ങളായി തുടർന്നു.
അവലംബം
തിരുത്തുക