ചൈനീസ് ശില്പകല

ചൈനയിലെ ശില്പകല

ബി.സി. 8000 മുതൽ ബി.സി. 3000 വരെയുള്ള നിയോലിത്തിക് കാലഘട്ടത്തിലാണു ചൈനയിൽ ശില്പകലയുടെ ആരംഭം. മനുഷ്യന്റെയും മൃഗങ്ങളുടെയും രൂപങ്ങൾ കളിമണ്ണിലും ശിലയിലും ഇക്കാലത്ത് നിർമ്മിക്കപ്പെട്ടു. ബി.സി.200 കളുടെ തുടക്കത്തിൽ ചൈനയിൽ, വസ്തുക്കളുടെ ശരിയായ വലിപ്പത്തിലുള്ള രൂപങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചു. ഷിഹ്വാങ്ദിയുടെ ശവക്കല്ലറയിൽ നിന്നും ഇത്തരത്തിലുള്ള ഏതാനും രൂപങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ബി.സി. 202 മുതൽ എ.ഡി. 220 വരെ നീണ്ടുനിന്ന ഹാൻ രാജവംശത്തിന്റെ കാലത്തു ബുദ്ധമതം ഉൾപ്പെടെയുള്ള സംസ്കാരങ്ങൾ ചൈനയിൽ സ്വാധീനം ചെലുത്തി[1]. അതിന്റെ ഫലമായി സ്മാരകങ്ങൾ എന്ന നിലയിൽ ശില്പങ്ങൾ നിർമ്മിക്കുന്ന രീതി ചൈനയിൽ വൻപ്രചാരം നേടി[2].

സോങ് രാജവംശത്തിന്റെ ഡിങ്-വെയർ പോർസലൈൻ ബോട്ടിൽ
പതിനൊന്നാം നൂറ്റാണ്ടിലെ ബോധിസത്വൻ ശില്പം സോങ് രാജവംശം.

എ.ഡി. 220 മുതൽ എ.ഡി. 589 വരെയുള്ള കാലയളവിൽ ചൈനയിൽ ആറു രാജവംശങ്ങൾ ഭരണം നടത്തിയിരുന്നു. ഈ കാലഘട്ടത്തിൽ ചൈനീസ് ശില്പകലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഇന്ത്യൻ ശില്പങ്ങളിൽ നിന്നും വ്യത്യസ്തമായി ദ്വിമാനതലത്തിലുള്ളതും കൃശാകൃതിയിലുള്ളതുമായ ശില്പങ്ങൾ നിർമ്മിക്കപ്പെട്ടു. ശിലയും വെങ്കലവുമൊക്കെയായിരുന്നു അക്കാലത്ത് ശില്പനിർമ്മാണത്തിനുപയോഗിച്ചിരുന്നത്.

താങ് രാജവംശത്തിന്റെ കാലത്തു നിർമ്മിച്ച ശില്പങ്ങൾ യഥാതഥ (റിയലിസ്റ്റിക്) സ്വഭാവമുള്ളവയായിരുന്നു[3]. യുവാൻ രാജവംശത്തോടെ (1279-1368) ബുദ്ധമതത്തിന് ശില്പരചനാരംഗത്തുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടു. എങ്കിലും ശില്പനിർമ്മാണശൈലികൾ മാറ്റങ്ങളില്ലാതെ തുടർന്നു. 1900-കൾ വരെ കളിമണ്ണ്, തടി തുടങ്ങിയ മാധ്യമങ്ങളിൽ ശൈലീപരമായി വ്യത്യാസങ്ങളില്ലാതെ ചെറിയ ശില്പങ്ങൾ നിർമ്മിക്കുന്നതിലായിരുന്നു ചൈനീസ് ശില്പികൾ താല്പര്യം കാണിച്ചിരുന്നത്.

ചൈനീസ് ബുദ്ധമത ശില്പങ്ങൾ

തിരുത്തുക
 
റ്റിയാൻ റ്റാൻ ബുദ്ധ
 
മഞ്ജുശ്രീ

കിഴക്കനേഷ്യൻ ബുദ്ധമതത്തിലെ ബോധിസത്വൻ എന്ന ആത്മീയാചാര്യസങ്കല്പം ചൈനയിലും ജനപ്രിയമായിതീർന്നു. രാജവസ്ത്രങ്ങൾ ധരിച്ചിരിക്കുന്ന ബോധിസത്വന്റെ ശില്പം ഇതിനുദാഹരണമാണ്. ആദ്യകാലത്ത് ശില്പകലയുടെ പ്രാതിനിധ്യം മനുഷ്യരൂപങ്ങളായിരുന്നില്ല മറിച്ച് ശൂന്യമായ ഇരിപ്പിടം, കാലടികൾ, മരങ്ങൾ, സ്തൂപങ്ങൾ എന്നിവയായിരുന്നു. പിന്നീട് ഇത് പഗോഡകൾ നിർമ്മിക്കാനുള്ള പ്രചോദനം നൽകി[4]. ഇന്ത്യൻ ബുദ്ധശില്പ നിർമ്മാണത്തിന്റെ പരമ്പരാഗതശൈലിയോടോപ്പം ചൈനീസ് ശില്പികൾ അവരുടേതായ ശൈലികളും ഇതിൽ ഉപയോഗിച്ചിരുന്നു. മഞ്ജുശ്രീ, അവലോകിതേശ്വരൻ എന്നിവ രണ്ട് പ്രധാനപ്പെട്ട ബോധിസത്വശില്പങ്ങളാണ്. ബുദ്ധമതവിശ്വാസികൾ‍ ഏറ്റവും കൂടുതൽ ആദരിക്കുന്ന ബോധിസത്വമാണ് അവലോകിതേശ്വരൻ. വലതുകയ്യിൽ അഗ്നി വമിക്കുന്ന ഒരു വാൾ പിടിച്ചുകൊണ്ട് ധ്യാനാവസ്ഥയിൽ ഇരിക്കുന്ന ഒരു ബോധിസത്വരൂപമായാണു് മഞ്ജുശ്രീയുടെ ബിംബങ്ങൾ കാണപ്പെടുന്നത്[5]. ടിബറ്റൻ ബുദ്ധമതശാഖയിൽ പലപ്പോഴും മഞ്ജുശ്രീ, അവലോകിതേശ്വരൻ, വജ്രപാണി എന്നിവരെ ത്രിമൂർത്തികളായി ചിത്രീകരിച്ച വിഗ്രഹങ്ങൾ കാണാം. 1993-ൽ ചൈനയിലെ ഹോങ് കോങ് ൽ റ്റിയാൻ റ്റാൻ ബുദ്ധ അല്ലെങ്കിൽ ബിഗ് ബുദ്ധ എന്ന 34 മീറ്റർ ഉയരമുള്ള വെങ്കലശില്പം നവീന ശില്പകലയെ എടുത്തുകാണിക്കുന്നതാണ്[6][7].

ക്വിൻ രാജവംശക്കാലത്തെ ശില്പങ്ങൾ

തിരുത്തുക

ചൈനയിലെ ആദ്യത്തെ ക്വിൻ ചക്രവർത്തിയായിരുന്ന ചിൻ ഷി ഹ്വാങ്ങ് ഡിന്റെ (ക്രി.മു 210-209) ശവകുടീരത്തിൽ നിന്ന് ചക്രവർത്തിയുടെ ശരീരത്തോടൊപ്പം ഒരു മഹാ സൈന്യത്തെ പ്രതിനിധീകരിക്കുന്ന ശില്പസമൂഹത്തെ കണ്ടെടുക്കുകയുണ്ടായി. കളിമണ്ണിൽ തീർത്ത ശില്പങ്ങളാണ് ഇവ. കളിമൺ യോദ്ധാക്കൾ അല്ലെങ്കിൽ കളിമൺ പടയാളികളും കുതിരകളും (ടെറാകോട്ടാ ആർമി) ആയിരുന്നു ഈ ശില്പങ്ങൾ. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ഇതിനെകുറിച്ച് ആരും അറിഞ്ഞിരുന്നില്ല. 1974-ൽ ശിയാനിലെ ലിങ്ടോൺഗ് ജില്ലയിലുള്ള ഗ്രാമീണ കർഷകരാണ് യാദൃച്ഛികമായി ഈ കളിമൺ ശില്പങ്ങളെ കണ്ടെടുത്തത്. യോദ്ധാക്കൾ, രഥങ്ങൾ, കുതിരകൾ എന്നിവയെല്ലാം ഈ കൂട്ടത്തിലുണ്ട്. ഇവയിൽ ശില്പങ്ങളുടെ പദവിക്കനുസരിച്ച് അവയുടെ വലിപ്പവും വ്യത്യാസപ്പെട്ടിരിക്കുന്നു. മൂന്ന് കുഴികളിൽ നിന്നായി ഏകദേശം 8000ത്തിലധികം പടയാളികളെയും (കളിമൺ ശില്പങ്ങൾ) 520 ഓളം കുതിരകളേയും കണ്ടെടുത്തിട്ടുണ്ട്[8].

ഹാൻ രാജവംശക്കാലത്തെ ശില്പങ്ങൾ

തിരുത്തുക

താങ് രാജവംശക്കാലത്തെ ശില്പങ്ങൾ

തിരുത്തുക
 
ലെഷാനിലെ ബൃഹത് ബുദ്ധൻ

ചൈനയിലെ താങ് രാജവംശത്തിന്റെ ഭരണകാലത്ത് നിർമിച്ച ഒരു ഭീമാകാര ശില്പമാണ് ലെഷാനിലെ ബൃഹത് ബുദ്ധൻ. സിചുവാൻ പ്രവിശ്യയുടെ തെക്കുഭാഗത്ത് മിൻ നദിക്ക് അഭിമുഖമായാണ് ഈ ശില്പം സ്ഥിതിചെയ്യുന്നത്. മിൻ നദിയുടെ സമീപത്തുള്ള പർവ്വതശിലയിൽ കൊത്തിയെടുത്താണ് ഈ ബൃഹത് ശില്പം നിർമിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ 'കല്ലിൽ തീർത്ത' ഏറ്റവും വലിയ ബുദ്ധപ്രതിമയാണ് ലെഷാനിലെ ബൃഹത് ബുദ്ധൻ[9].

സോങ് രാജവംശക്കാലത്തെ ശില്പങ്ങൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. Rawson, 163–165
  2. Rawson, Chapter 1, 135–136
  3. Rawson, 138-138
  4. "Wisdom Embodied: Chinese Buddhist and Daoist Sculpture in The Metropolitan Museum of Art | MetPublications | The Metropolitan Museum of Art". www.metmuseum.org. Retrieved 2017-11-19.
  5. Keown, Damien (editor) with Hodge, Stephen; Jones, Charles; Tinti, Paola (2003). A Dictionary of Buddhism. Oxford, UK: Oxford University Press. ISBN 0-19-860560-9 p.172.
  6. DeWolf, Christopher "9 Hong Kong tourist traps – for better or worse" CNN Go. 27 October 2010. Retrieved 3 March 2012
  7. "Tian Tan Buddha". Atlas Obscura. Retrieved 10 January 2014.
  8. Jane Portal and Qingbo Duan, The First Emperor: China's Terracotta Army, British Museum Press, 2007, p. 167
  9. Mount Emei Scenic Area, including Leshan Giant Buddha Scenic Area. യുനെസ്കോ ലോകപൈതൃക സൈറ്റ്
"https://ml.wikipedia.org/w/index.php?title=ചൈനീസ്_ശില്പകല&oldid=3948945" എന്ന താളിൽനിന്ന് ശേഖരിച്ചത്