ചാൾസ് ഡിബ്ഡിൻ
ഇംഗ്ലീഷ് സംഗീതജ്ഞനും നടനും നാടകകൃത്തുമായിരുന്ന ചാൾസ് ഡിബ്ഡിൻ 1745 മാർച്ച് 4 ന് സതാംപ്റ്റണിലെ ഡിബ്ഡിനിൽ ജനിച്ചു. വിഞ്ചസ്റ്റർ കത്തീഡ്രലിലെ ഓർക്കെസ്ട്രാ നയിച്ചുകൊണ്ടാണ് സംഗീതലോകത്തേക്ക് പ്രവേശിച്ചത്. കെന്റ്, ഫസൽ തുടങ്ങിയവരിൽ നിന്നും പരമ്പരാഗത സംഗീതാഭ്യാസനം നടത്തിയിട്ടുണ്ടെങ്കിലും ഇദ്ദേഹം തനതായ ഒരു ശൈലിക്ക് ജന്മം നൽകുകയാണുണ്ടായത്. ഇദ്ദേഹം എഴുതി ചിട്ടപ്പെടുത്തിയ സാഗര ഗീതങ്ങൾ വിശ്വപ്രസിദ്ധങ്ങളാണ്. 15-ആം വയസ്സിൽത്തന്നെ ഗായകനടൻ എന്ന നിലയിൽ ശ്രദ്ധേയനായിത്തുടങ്ങിയിരുന്ന ഇദ്ദേഹം പിന്നീട് നടനെന്ന പോലെ നാടകരചയിതാവ് എന്ന നിലയിലും പ്രശസ്തനായി.
ഓപ്പറാ അവതാരകൻ
തിരുത്തുക1764 മേയ് 21-ന് പ്രഥമ നാടകമായ ദ് ഷെപ്പേഡ്സ് ആർട്ടിഫൈസ് കവന്റ് ഗാർഡിൽ അവതരിപ്പിക്കപ്പെട്ടു. കുറച്ചുകാലം ബർമിംഗ് ഹാമിലായിരുന്നുവെങ്കിലും കവന്റ് ഗാർഡിലായിരുന്നു ജീവിതകാലത്തിലേറെയും ചെലവഴിച്ചത്. അവിടത്തെ റോയൽ സർക്കസ് എന്ന ഓപ്പറ സംഘത്തിന്റെ മാനേജർ ആയി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവർക്കു വേണ്ടി ഇദ്ദേഹം എട്ട് ഓപ്പറകൾ അവതരിപ്പിക്കുകയുണ്ടായി. 1789 മുതൽ 1805 വരെ ഇദ്ദേഹം രൂപകല്പന ചെയ്ത ഏകാംഗാവതരണം ലോകശ്രദ്ധപിടിച്ചു പറ്റുകയുണ്ടായി. ഒരു തരം മേശവിനോദം എന്നു വിശേഷിപ്പിക്കാവുന്ന ഇതിന്റെ രചനയും സംഗീതസംവിധാനവും വിവരണ പാഠവും ഗാനാലാപനവുമെല്ലാം നിർവഹിച്ചത് ഇദ്ദേഹം തന്നെയായിരുന്നു. ഈ കലാരൂപവുമായി ഇദ്ദേഹം ഭാരതസന്ദർശനവും നടത്തിയിട്ടുണ്ട്.
കൃതികൾ
തിരുത്തുക1796 ൽ ഇദ്ദേഹം സ്വന്തമായി ഒരു തിയെറ്റർ സ്ഥാപിച്ചു.
- ടോംബൗളിംഗ്,
- ദ് ലാസ്സ് ദാറ്റ് ലവ്ഡ്-സെയ്‌ലർ
എന്നിവയാണ് പ്രധാന നാടകങ്ങൾ.
- ദ് മ്യൂസിക്കൽ ടൂർ ഓഫ് മി ഡിബ്ഡിൻ (1788)
- ഹിസ്റ്ററി ഒഫ് ദ് സ്റ്റേജ് (1795)
- പ്രൊഫഷണൽ ലൈഫ് (1803)
എന്നിവയും ഏതാനും നോവലുകളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പുത്രന്മാരായ ചാൾസും (1768-1833) തോമസും (1771-1841) പ്രഗദ്ഭനടന്മാരായിരുന്നു. 1814 ജൂലൈ 25-ന് ലണ്ടനിൽ അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.archive.org/stream/songslatecharle00dibdgoog/songslatecharle00dibdgoog_djvu.txt
- http://www.ebooksread.com/authors-eng/tiruvalum-subba-row/a-span-classsearchtermspan-classsearchtermcollectionspanspan-of--ala.shtml[പ്രവർത്തിക്കാത്ത കണ്ണി]
- http://www.alibris.com/search/books/qwork/14298905/used/The%20Life%2C%20Death%2C%20and%20Renovation%20of%20Tom%20Thumb%3B%20A%20Legendary%20Burletta%2C%20in%20One%20Act%2C%20as%20It%20Is%20Performed%20at%20the%20Royal%20Circus
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡിബ്ഡിൻ, ചാൾസ് (1745-1814) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |