ചാമിയൂട്ട്
എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശമായ കുട്ടമ്പുഴ പഞ്ചായത്തിലെ മുതുവാൻ വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെ ഒരു പരമ്പരാഗത ആചാരമാണ് ചാമിയൂട്ട് അല്ലെങ്കിൽ സ്വാമിയൂട്ട്. പൂർവ്വികർക്കും ഗോത്രദൈവങ്ങൾക്കും വഴിപാടുകൾ അർപ്പിക്കപ്പെടുന്ന ഈ ചടങ്ങ് മകരമാസത്തിലാണ് ആചരിക്കുന്നത്. വനാന്തർഭാഗത്ത് താൽക്കാലികമായി നിർമ്മിക്കപ്പെടുന്ന ചാമിത്തറയിലാണ് ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ നടത്തപ്പെടുന്നത്. കുട്ടമ്പുഴ പ്രദേശത്ത് പതിനാലോളം ആദിവാസിക്കുടികൾ ഉള്ളതിൽ വാരിയം, തലവച്ചുപാറ, കുഞ്ചിപ്പാറ. കണ്ടൻപാറ എന്നീ കുടികളിലാണ് ചാമിയൂട്ട് പ്രധാനമായും ആഘോഷിക്കപ്പെടുന്നത്.
ചടങ്ങുകൾ
തിരുത്തുകചാമിത്തറയിൽ പൂജാരി ദീപം തെളിക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. തൂശനിലയിൽ വിളമ്പുന്ന ചോറും മീൻകറിയും കളളും കാരണവന്മാർക്ക് നേദിക്കുന്നു. പുഴയോരത്ത് അടുപ്പുകൂട്ടിയാണ് ചോറും കറിയും പാകംചെയ്യുന്നത്.
ആണിപൂജ
തിരുത്തുകപിതൃക്കൾക്ക് വേണ്ടി നടത്തപ്പെടുന്ന പൂജയാണ് ആണിപൂജ. നാല് ആണികൾ തീക്കനലിൽ ചുട്ടെടുത്ത് നാലുദിക്കും കാക്കുന്ന ഗോത്രദൈവങ്ങൾക്ക് സമർപ്പിക്കുന്ന ചടങ്ങാണിത്. ഇതിനോടനുബന്ധിച്ച് പരമ്പരാഗത വേഷം കെട്ടി നടത്തപ്പെടുന്ന കോമാളിനൃത്തം എന്ന ചടങ്ങുണ്ടാവും.
കോഴികുരുതി
തിരുത്തുകകുരുതിയ്ക്കുള്ള പൂവൻകോഴികളെ അന്യകുടികളിൽ നിന്നാണ് കൊണ്ടുവരിക. ഇവയെ കുരുതികഴിച്ച് രക്തം ചാമിത്തറയിൽ വീഴ്ത്തുന്നതാണ് പ്രധാന ചടങ്ങ്. അതിനുശേഷം തീക്കനലിൽ ചുട്ടെടുത്ത പൂവൻകോഴിയുടെ കരൾ പൂജാരി ഭക്ഷിക്കുന്നു. അതേസമയം സ്ത്രീകൾ മഞ്ഞൾവെള്ളം നിറച്ച കുടങ്ങളുമായെത്തി പുരുഷന്മാരുടെ ദേഹത്തൊഴിക്കുന്ന മഞ്ഞളഭിഷേകം എന്ന ചടങ്ങ് അനുഷ്ഠിക്കുന്നു.
മാട്ടുപൊങ്കൽ
തിരുത്തുകപശുക്കളുടെ പാൽ കറന്നെടുത്ത് ചാമിത്തറയിൽ നിവേദിച്ചതിനു ശേഷം പശുവിനെക്കൊണ്ടുതന്നെ കുടിപ്പിക്കുന്ന ചടങ്ങാണിത്. ഇതിനുമുൻപായി പശുക്കളെ നോമ്പെടുപ്പിക്കുന്നു. പുലരും മുൻപ് പശുക്കളെ കുളിപ്പിച്ച് ആദ്യം കറന്നെടുക്കുന്ന പാൽ വേണം നിവേദിക്കാൻ. പശുവിനെ തൊട്ടുവന്ദിക്കുന്നതും വിശ്വാസത്തിന്റെ ഭാഗമാണ്.
സാമൂഹിക പ്രസക്തി
തിരുത്തുകഒരു മതാചാരം എന്നതിനേക്കാൾ ആദിവാസികളുടെ സാമൂഹിക കൂട്ടായ്മയുടെ പ്രകടനം കൂടിയാണ് ചാമിയൂട്ട് എന്ന ആചാരം. ഒരുമിച്ച് ആഹാരം പാകം ചെയ്ത് ഒരിലയിൽ ഭക്ഷിച്ച് പ്രാചീന ഗോത്രസംസ്കൃതിയുടെ ശീലങ്ങളെ ഊട്ടിയുറപ്പിക്കുന്ന ചടങ്ങാണിത്. ആധുനിക സംസ്ക്കാരത്തിന്റെ കടന്നുകയറ്റത്തിൽ അന്യം നിന്നുപോയ്ക്കൊണ്ടിരിക്കുന്ന ഗോത്രവർഗ ആചാരങ്ങളിൽ ഒന്നായ ഇത് വീക്ഷിക്കാനും പഠനം നടത്താനും ഗവേഷണവിദ്യാർത്ഥികൾ വർഷം തോറും കുട്ടമ്പുഴയിലെത്താറുണ്ട്. വേരുകൾ, മുള, ഈറ്റ, മുതലായ വനവിഭവങ്ങൾ ഉപയോഗിച്ച് പരമ്പരാഗത ഗോത്രശൈലിയിൽ നിർമ്മിക്കപ്പെട്ട കരകൗശലവസ്തുക്കളുടെ വിൽപ്പനയും ഈ ഉൽസവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നു.
അവലംബം
തിരുത്തുക- നാലുദിക്ക് ദൈവത്തിന് ചാമിയൂട്ട് Archived 2014-11-30 at the Wayback Machine.- ജനപഥം മാർച്ച് 2013