ഗുടാവ് ടമ്മൻ
ടമ്മൻ, ഗുടാവ് പ്രമുഖനായ ഒരു റഷ്യൻ ഭൗതിക രസതന്ത്രജ്ഞൻ ആയിരുന്നു. ഭൗതിക രസതന്ത്രശാഖയുടെ ഉപജ്ഞാതാക്കളിൽ ഒരാളായ ഇദ്ദേഹം മെറ്റലർജി, മെറ്റലോഗ്രാഫി എന്നീ വിഷയങ്ങൾക്ക് അടിത്തറ പാകിയവരിൽ പ്രമുഖനാണ്. ഖരാവസ്ഥയിൽ നടക്കുന്ന രാസമാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ആദ്യമായി നടത്തിയ വ്യക്തിയാണിദ്ദേഹം.
ടമ്മൻ, ഗുടാവ് | |
---|---|
ജനനം | |
മരണം | ഡിസംബർ 17, 1938 | (പ്രായം 77)
ദേശീയത | Baltic-German |
കലാലയം | University of Dorpat |
പുരസ്കാരങ്ങൾ | Liebig Medal, Eagle Shield of the German Empire |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physical chemistry |
അക്കാദമിക് ഉപദേശകർ | Carl Schmidt (chemist) |
സ്വാധീനങ്ങൾ | Carl Schmidt (chemist) |
ചരിത്രം
തിരുത്തുകമുൻ റഷ്യയിലെ യാംബർഗിൽ (ഇപ്പോഴത്തെ കിങ്ങിസെപ്പ്) 1861 മേയിൽ ജനിച്ചു. 1879-ൽ ഡോർപാറ്റ് സർവകലാശാലയിൽ ചേർന്നു രസതന്ത്രം ഐഛികമായി പഠിച്ചു. ബിരുദം നേടുന്നതിനുമുമ്പു തന്നെ പ്രമുഖ ഭൗതിക രസതന്ത്രജ്ഞനായ വിൽഹെം ഓസ്റ്റ്വാൾഡിനെ തോൽപിച്ച് കാൾ ഷ്മിത്തിന്റെ അധ്യാപക സഹായിയായി ജോലി നേടിയെടുത്തു. ആ കാലഘട്ടത്തിൽ ഡോർപാറ്റിൽ വൈദ്യശാസ്ത്ര-കാർഷികമേഖലകളിലാണ് പ്രധാനമായും പഠനങ്ങൾ നടന്നിരുന്നത്. സസ്യങ്ങളിലെ എൻസൈം പ്രതിപ്രവർത്തനങ്ങൾ, കിണ്വനപ്രക്രിയകൾ, കോശസ്തരങ്ങൾ, പരാസരണമർദം എന്നിവയിൽ ടമ്മൻ പഠനം നടത്തി.
ഗവേഷണം
തിരുത്തുക1883-ൽ രസതന്ത്രത്തിന്റെയും ഭൗതികശാസ്ത്രത്തിന്റെയും സീമയുമായിണങ്ങുന്ന ചില വിഷയങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ഇദ്ദേഹം ആരംഭിച്ചു. ബാഷ്പമർദത്തിന്റെ അവനമനത്തിൽ (lower vapour pressure) നിന്ന് തന്മാത്രാഭാരം കണ്ടുപിടിക്കുന്നതിൽ ഇദ്ദേഹം വിജയിച്ചു. 1887-ൽ മെറ്റാഫോസ്ഫേറ്റുകളുടെ മെറ്റാമെറിസത്തെക്കുറിച്ച് മറ്റൊരു പ്രബന്ധവും ഇദ്ദേഹം സമർപ്പിച്ചു. ഇതേവർഷം തന്നെ സർവകലാശാല അധ്യാപകൻ ആകാനുള്ള യോഗ്യതയും ഇദ്ദേഹം നേടി. 1889-ൽ ഹെൽമോൾട്സ് ഇൻസ്റ്റിറ്റ്യൂട്ടിലും ലീപ്സിഗിലും (Leipzing) പ്രവർത്തിച്ചു. അവിടെ ഓസ്റ്റ് വാൾഡ്, അരീഹ്നീയസ്, നേൺസ്റ്റ് എന്നിവരോടൊപ്പമാണ് ഇദ്ദേഹം കർമനിരതനായത്. 1889-90-ൽ നേൺസ്റ്റിനോടൊപ്പം ലായനികളിൽ നിന്ന് ലോഹങ്ങൾ ആദേശം ചെയ്യുന്ന ഹൈഡ്രജൻ വാതകമർദം കണക്കാക്കാനുള്ള ഗവേഷണങ്ങൾ നടത്തി. 1903-ൽ ഗോട്ടിങ്ങെനിൽ പുതിയതായി സ്ഥാപിച്ച അകാർബണിക രസതന്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ തലവനായി ഇദ്ദേഹം നിയമിക്കപ്പെട്ടു. ഇക്കാലത്ത് നേർത്തലായനികൾ, പ്രാവസ്ഥാസന്തുലിതാവസ്ഥകൾ (phase equilibria), അലോയികൾ, ലോഹങ്ങളുടെ ക്രിസ്റ്റൽഘടന, ലോഹങ്ങളുടെ ഭൗതികവും രാസികവും ആയ ഗുണങ്ങൾ, വൈദ്യുതചാലകത എന്നിവയിൽ ടമ്മൻ ഏറെ ഗവേഷണങ്ങൾ നടത്തി. പിൽക്കാലത്ത് ലോഹഭൗതികം (Metal physics) എന്ന ഒരു പുതിയ ശാസ്ത്രശാഖ രൂപം കൊള്ളുന്നതിന് ഈ പഠനങ്ങൾ സഹായകമായിത്തീർന്നു.
ടമ്മൻ നടത്തിയ പഠനങ്ങളിൽ മിക്കതും സാങ്കേതികരീതിയിൽ പ്രയോഗക്ഷമമായിത്തീർന്നിരുന്നെങ്കിലും ശുദ്ധശാസ്ത്രത്തിന്റെ വികസനത്തിലായിരുന്നു ടമ്മന്റെ വ്യക്തിപരമായ ആഭിമുഖ്യവും ത്വരയും. പ്രകൃതിനിയമങ്ങൾ കണ്ടെത്തുക എന്നത് ഇദ്ദേഹത്തെ ഹഠാദാകർഷിച്ച കാര്യമായിരുന്നു. എങ്കിലും ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾക്ക് സമകാലികശാസ്ത്രജ്ഞരുടെ ശ്രദ്ധയോ അംഗീകാരമോ നേടുവാനായില്ല. തന്മൂലം, ടമ്മൻ ശാസ്ത്രലോകത്തിന്റെ മുമ്പിൽ അവതരിപ്പിച്ച പല ഗവേഷണ പ്രശ്നങ്ങളും ഇന്നും ഉത്തരം കാണാതെ അവശേഷിക്കുന്നു.
രസതന്ത്രമായിരുന്നു മുഖ്യപ്രവർത്തനരംഗമെങ്കിലും റഷ്യൻ ചരിത്രത്തിലും ഗെയ്ഥേയുടെ കൃതികളിലും ഇദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. 1938 ഡി. 17-ന് ഗോട്ടിൻങ്ങെനിൽ ഇദ്ദേഹം നിര്യാതനായി.
പുറംകണ്ണികൾ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഗുടാവ് ടമ്മൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |