ഗബ്രിയേൽ ഗർസിയ മാർക്വേസ്
ലോകപ്രശസ്തനായ കൊളംബിയൻ എഴുത്തുകാരനും,പത്രപ്രവർത്തകനും, എഡിറ്ററും,പ്രസാധകനും, രാഷ്ട്രീയ പ്രവർത്തകനുമാണ് ഗബ്രിയേൽ ഗാർസിയ മാർകേസ് (1927 മാർച്ച് 6 - 2014 ഏപ്രിൽ 17). മുഴുവൻ പേര് ഗബ്രിയേൽ ജോസ് ദെ ല കൊൻകോർദിയ ഗാർസ്യ മാർക്കേസ് (Gabriel José de la Concordia García Márquez). 1982-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു. സ്പാനിഷ് ഭാഷയിൽ ഇദ്ദേഹം എഴുതിയ ഏകാന്തതയുടെ നൂറ് വർഷങ്ങൾ(1967) എന്ന നോവൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഒരു നോവൽ ആയി (ജൂലൈ 7-ലെ കണക്കു പ്രകാരം 36 മില്യൺ കോപ്പികൾ). കൊളംബിയയിൽ ആയിരുന്നു ജനനം എങ്കിലും മാർകേസ് കൂടുതൽ ജീവിച്ചതും മെക്സിക്കോയിലും,യൂറോപ്പിലുമായിരുന്നു. മാജിക്കൽ റിയലിസം എന്ന ഒരു സങ്കേതം അദ്ദേഹത്തിന്റെ കൃതികളിൽ ഉപയോഗിയ്ക്കപ്പെടുകയുണ്ടായി. ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റുന്നതും, അതേ സമയം തന്നെ ജനപ്രീതി ഉള്ളവയുമാണ് മാർക്വേസിന്റെ രചനകൾ.
ഗബ്രിയേൽ ഗർസിയ മാർകേസ് | |
---|---|
ജനനം | അറകാറ്റക്ക, മഗ്‌ഡലന, കൊളംബിയ | മാർച്ച് 6, 1927
മരണം | 17 ഏപ്രിൽ 2014 മെക്സിക്കോ സിറ്റി | (പ്രായം 87)
തൊഴിൽ | നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പ്രസാധകൻ, രാഷ്ട്രീയ പ്രവർത്തകൻ, ചെറുകഥാകൃത്ത്. |
ദേശീയത | കൊളംബിയ |
Genre | മാജിക്കൽ റിയലിസം |
കയ്യൊപ്പ് |
ആദ്യകാല ജീവിതം
തിരുത്തുകകൊളംബിയയിലെ അറകാറ്റക്ക എന്ന ഗ്രാമത്തിൽ മാർച്ച് 6, 1927-നാണ് ഗബ്രിയേൽ എലിജിയോ ഗാർസിയ, ലൂയിസ സാന്റിയാഗ മാർകേസ് എന്നിവരുടെ മകനായി മാർകേസ് ജനിച്ചത്.[1] ഉടനേ തന്നെ പിതാവിന് ഫാർമസിസ്റ്റായി ജോലി ലഭിയ്ക്കുകയും ഭാര്യയോടൊത്ത് ബാറൻക്വില എന്ന സ്ഥലത്തേയ്ക്ക് മാറിത്താമസിയ്ക്കേണ്ടിയും വന്നു.[2] അമ്മയുടെ മാതാപിതാക്കളുടെ സംരക്ഷണയിൽ പതിനാറ് കുട്ടികൾ അടങ്ങുന്ന ഒരു വലിയ കുടുംബത്തിൽ മാർകേസ് വളർന്നു. [3] 1937ൽ അപ്പൂപ്പന്റെ മരണത്തോടെ അച്ഛൻ മാർകേസിനേയും സഹോദരനേയും കൊണ്ട് സിൻസിയിലേയ്ക്ക് പോയി. പിന്നീട് ആ കുടുംബം ബാരൻക്വിലയിലേയ്ക്കും അതിനു ശേഷം സുക്രേ(Sucre)യിലേയ്ക്കും മാറിത്താമസിക്കുകയും അച്ഛൻ അവിടെ ഒരു ഫാർമസി തുടങ്ങുകയും ചെയ്തു. [4]
മാർക്വിസിന്റെ അച്ഛനുമമ്മയും പ്രണയബദ്ധരായ സമയത്ത് അമ്മയുടെ മാതാപിതാക്കൾക്ക് ആ ബന്ധം ഇഷ്ടമല്ലായിരുന്നു. യാഥാസ്ഥിതികപാർട്ടിക്കാരനും സ്ത്രീകളിൽ കമ്പമുള്ളയാളെന്നു പേരുകേൾപ്പിച്ചവനുമായ ഗബ്രിയേൽ എലിജിയോ തന്റെ മകളുമായി ബന്ധം സ്ഥാപിയ്ക്കുന്നത് ലൂയിസയുടെ പിതാവിന് ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ തന്റെ വയലിൻ പ്രണയഗീതങ്ങളിലൂടെയും പ്രേമകവിതകളിലൂടെയും എണ്ണമറ്റ കത്തുകളിലൂടെയും പിന്നീട് കമ്പിസന്ദേശങ്ങളിലൂടെയും വരെ (അവരെ വേർപിരിയ്ക്കാനായി ലൂയിസയെ അവളുടെ അച്ഛൻ അകലേയ്ക്കയച്ചപ്പോൾ) അയാളവളുടെ മനം കവർന്നു. ആട്ടിയോടിച്ചപ്പോഴൊക്കെയും ഗബ്രിയേൽ അവളെത്തേടി തിരികെ വന്നു. ഒടുവിൽ നിവൃത്തിയില്ലാതെ ലൂയിസയുടെ മാതാപിതാക്കൾ അവരെ വിവാഹിതരാവാനനുവദിയ്ക്കുകയായിരുന്നു. [5][6] അവരുടെ ഈ പ്രണയകഥയാണ് പിന്നീട് മാർക്വേസ് കോളറാകാലത്തെ പ്രണയമായി രൂപാന്തരപ്പെടുത്തിയത്. [7]
പ്രാഥമിക വിദ്യാഭ്യാസം നടത്തുന്ന സമയത്തു തന്നെ മാർക്വേസിനു പഠനത്തിൽ മികവു കാണിച്ചതിന്റെ സമ്മാനങ്ങൾ ലഭിച്ചിരുന്നു.16 വയസ്സുമുതൽ 18 വയസ്സു വരെ മികച്ച വിദ്യാർത്ഥിക്കുള്ള സ്കോളർഷിപ്പു ലഭിച്ചു.പതിനെട്ടാമത്തെ വയസ്സിൽ മാർക്വേസ് തന്റെ വീടിനു 30 കിലോമീറ്റർ അകലെയുള്ള ബൊഗോട്ട എന്ന സ്ഥലത്തു പോവുകയും അവിടത്തെ നാഷണൽ യൂനിവേഴ്‌സിറ്റി ഓഫ് കൊളംബിയയിൽ നിന്നും നിയമത്തിലും,ജേർണ്ണലിസത്തിലും ഉന്നതപഠനം നടത്തുകയും ചെയ്തു. 1948 ൽ നിയമ പഠനത്തിനു ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല.അക്കാലത്തു തന്നെ പത്രപ്രവർത്തനത്തിലും ഏർപ്പെട്ടിരുന്നു.റോം.പാരീസ്,ബാർസിലോണിയ,ന്യൂയോർക്ക്,മെക്സിക്കോ എന്നീ നഗരങ്ങളിൽ പത്ര പ്രവർത്തകനായി. ഇക്കാലത്ത് വിശ്വ പ്രസിദ്ധിയാർജ്ജിച്ച നിരവധി നോവലുകളും കഥകളും എഴുതി.1982ൽ നോബൽ സമ്മാനാർഹിതനായി.ഇടതുപക്ഷക്കാരനായ അദ്ദേഹം മാജിക്കൽ റിയലിസത്തിന്റെ കുലപതി എന്നറിയപ്പെടുന്നു.
പത്രപ്രവർത്തകൻ
തിരുത്തുകഏൽ എസ്പെക്ടഡോർ എന്ന ദിനപത്രത്തിലൂടെയാണ് മാർകേസ് എഴുത്തിന്റെ ലോകത്തേക്കു കടന്നു വന്നത്. വിദേശകാര്യ ലേഖകനായി റോം, പാരിസ്, ബാഴ്‌സലോണ, ന്യൂയോർക്ക് സിറ്റി തുടങ്ങിയ വൻനഗരങ്ങളിൽ സഞ്ചരിക്കുകയായിരുന്നു മാർക്വേസിനു ലഭിച്ച ദൌത്യം. ഏതായാലും പത്രപ്രവർത്തന രംഗത്തു കിട്ടിയ അനുഭവങ്ങളും സംഭവ പരമ്പരകളും അദ്ദേഹം സാഹിത്യ ജീവിതത്തിനു മുതൽക്കൂട്ടാക്കി.
സാഹിത്യ ജീവിതം
തിരുത്തുക1955-ൽ പത്രദ്വാരാ പുറത്തുവന്ന The Story of a Shipwrecked Sailor (കപ്പൽച്ചേതത്തിലകപ്പെട്ട നാവികന്റെ കഥ) എന്ന കൃതിയിലൂടെയാണ് മാർക്വേസ് സാഹിത്യ ലോകത്തു വരവറിയിക്കുന്നത്. ഇതു പക്ഷേ, മാർക്വേസ് ഒരു സാഹിത്യ സൃഷ്ടിയായി എഴുതിയതല്ലതാനും. യഥാർഥത്തിൽ നടന്ന ഒരു സംഭവം നാടകീയത കലർത്തി അവതരിപ്പിച്ചു എന്നേയുള്ളു. ഏതായാലും 1970-ൽ ഈ കൃതി പുസ്തക രൂപത്തിൽ പ്രസിദ്ധപ്പെടുത്തി.
1967-ൽ പ്രസിദ്ധീകരിച്ച One Hundred Years of Solitude (ഏകാന്തതയുടെ നൂറുവർഷങ്ങൾ) എന്ന നോവലാണ് മാർക്വേസിന് ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തത്. പല ഭാഷകളിലായി ഈ നോവലിന്റെ കോടിക്കണക്കിനു പ്രതികൾ വിറ്റഴിഞ്ഞു. ഈ നോവലിറങ്ങിയതിനുശേഷം മാർക്വേസ് എന്തെഴുതുന്നു എന്ന് ലോകം ഉറ്റു നോക്കാൻ തുടങ്ങി. തന്റെ ആരാധകരെ തൃപ്തിപ്പെടുന്ന കഥകളും നോവലുകളും മാർക്വേസ് വീണ്ടുമെഴുതി. 1982-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനർഹനായി.
രാഷ്ട്രീയ കാഴ്ചപ്പാടുകൾ
തിരുത്തുകക്യൂബയുടെ മുൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോയുമായി ഇദ്ദേഹത്തിനുണ്ടായിരുന്ന സുഹൃദ് ബന്ധം ശ്രദ്ധേയമാണ്. അറുപതുകളിലും എഴുപതുകളിലും ചില ലാറ്റിൻ അമേരിക്കൻ വിപ്ലവസംഘടനകളോട് ഇദ്ദേഹം സഹതാപം പ്രകടിപ്പിച്ചിരുന്നു.
കുടുംബം
തിരുത്തുക1958-ൽ മെഴ്സെഡസ് ബാർചായെ വിവാഹം കഴിച്ചു. പ്രശസ്ത ടെലിവിഷൻ-സിനിമാ ഡയറക്ടറായ റൊഡ്രിഗോ ഗർസിയ അടക്കം രണ്ടു മക്കളുണ്ട്.
രോഗം
തിരുത്തുക1999-ൽ ഇദ്ദേഹത്തിനു് ലിംഫാറ്റിക്ക് കാൻസർ ഉള്ളതായി കണ്ടെത്തി. അതോടെ അദ്ദേഹം സ്വന്തം ഓർമ്മക്കുറിപ്പുകളെഴുതാൻ ആരംഭിച്ചു. 2000-ൽ അദ്ദേഹം അന്തരിച്ചതായി ലാ റിപ്പബ്ലികാ എന്ന പെറൂവിയൻ പത്രം തെറ്റായി റിപ്പോർട്ട് ചെയ്തിരുന്നു.
മരണം
തിരുത്തുക2014 മാർച്ച് അവസാനം ശ്വാസകോശത്തിലും മൂത്രനാളിയിലുമുണ്ടായ അണുബാധയെ തുടർന്ന് മാർക്കേസിനെ മെക്സിക്കോ സിറ്റിയിലെ ആശുപത്രിയിൽ ചികിത്സയ്കായി പ്രവേശിപ്പിച്ചിരുന്നു. അസുഖത്തിൽ ശമനമുണ്ടായതിനെ തുടർന്ന് മെക്സിക്കോ സിറ്റിയിലെ വസതിയിൽ വിശ്രമിച്ചുവരവെ തന്റെ 87 -ആം വയസ്സിൽ 2014 ഏപ്രിൽ 17 ന് അദ്ദേഹം അന്തരിക്കുകയായിരുന്നു.[8]
ചലച്ചിത്രം
തിരുത്തുകകൃതികൾ
തിരുത്തുകനോവലുകൾ
തിരുത്തുക- പൈശാചിക നേരത്ത് (In Evil Hour - 1962)
- ഏകാന്തതയുടെ നൂറ് വർഷങ്ങൾ (One hundred years of solitude - 1967)
- കുലപതിയുടെ ശരത്ക്കാലം (The Autumn of the Patriarch - 1975)
- കോളറാകാലത്തെ പ്രണയം (Love in the time of cholera - 1985)
- ജനറൽ തന്റെ രാവണൻ കോട്ടയിൽ (General in his Labyrinth - 1989)
- പ്രണയത്തേയും മറ്റ് പിശാചുക്കളേയും കുറിച്ച് (Of love and other demons - 1994)
നീണ്ടകഥകൾ
തിരുത്തുക- ഇലക്കൊടുങ്കാറ്റ് (Leaf Storm - 1955)
- ആരും കേണലിനെഴുതുന്നില്ല (No one writes to the Colonel - 1961)
- ഒരു മരണത്തിന്റെ പുരാവൃത്തം മുൻകൂട്ടിപ്പറഞ്ഞത് (Chronicle of a Death Foretold - 1981)
- എന്റെ വിഷാദശീലരായ വേശ്യകളുടെ ഓർമകൾ (Memories of My Melancholy Whores - 2004)
ചെറുകഥകൾ, കഥാസമാഹാരങ്ങൾ
തിരുത്തുക- നീലപ്പട്ടിയുടെ കണ്ണുകൾ (Eyes of a Blue Dog - 1962)
- വലിയ അമ്മച്ചിയുടെ ശവസംസ്കാരം (Big Mama's Funeral - 1962)
- നിഷ്കളങ്കയായ എറെൻഡീരയുടേയും അവളുടെ ഹൃദയശൂന്യയായ മുത്തശ്ശിയുടേയും അവിശ്വസനീയവും സങ്കടകരവുമായ കഥ (The Incredible and Sad Tale of Innocent Erendira and Her Heartless Grandmother 1978)
- സമാഹരിച്ച കഥകൾ (Collected Stories - 1984)
- അപരിചിത തീർത്ഥാടകർ (Strange pilgrims - 1993)
മറ്റു പുസ്തകങ്ങൾ
തിരുത്തുക- കപ്പൽച്ചേതം വന്ന നാവികന്റെ കഥ (The Story of a Shipwrecked Sailor - 1970)
- ലാറ്റിനമേരിക്കയുടെ ഏകാന്തത (The Solitude of Latin America - 1982)
- പേരക്കയുടെ സുഗന്ധം (The Fragrance of Guava - 1982)
- ചിലിയിലെ പ്രച്ഛന്നത (Clandestine in Chile - 1986)
- ഒരു തട്ടിക്കൊണ്ടുപോകലിന്റെ വാർത്ത (News of a Kidnapping - 1996)
- കുട്ടികൾക്കായൊരു രാജ്യം (A Country for Children - 1998)
- ലിവിംഗ് ടു ടെൽ ദ ടെയിൽ
അവലംബം
തിരുത്തുക- ↑ Martin 2008, p. 27
- ↑ Martin 2008, p. 30
- ↑ García Márquez 2003, p. 11
- ↑ Martin 2008, p. 58-66
- ↑ Apuleyo Mendoza & García Márquez 1983, pp. 11–12
- ↑ Saldívar 1997, p. 85
- ↑ Saldívar 1997, p. 83
- ↑ http://time.com/67273/gabriel-garcia-marquez-dies-at-age-87/
പുസ്തകങ്ങൾ
തിരുത്തുക- Martin, Gerald (2008), Gabriel García Márquez: A Life, London: Penguin, ISBN 978-0143171829.
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- https://www.britannica.com/biography/Gabriel-Garcia-Marquez
- https://www.nobelprize.org/prizes/literature/1982/marquez/biographical/
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1976-2000) |
---|
1976: സോൾ ബെലോ | 1977: അലെക്സാണ്ടർ | 1978: സിംഗർ | 1979: എലൈറ്റിസ് | 1980: മിവോഷ് | 1981: കാനേറ്റി | 1982: ഗാർസ്യാ മാർക്വേസ് | 1983: ഗോൾഡിംഗ് | 1984: സീഫേർട്ട് | 1985: സൈമൺ | 1986: സോയിങ്ക | 1987: ബ്രോഡ്സ്കി | 1988: മഹ്ഫൂസ് | 1989: സെലാ | 1990: പാസ് | 1991: ഗോർഡിമെർ | 1992: വാൽകോട്ട് | 1993: മോറിസൺ | 1994: ഓയി | 1995: ഹീനി | 1996: സിംബോർസ്ക | 1997: ഫോ | 1998: സരമാഗോ | 1999: ഗ്രാസ് | 2000: ഗാവോ |