വില്യം ഗോൾഡിംഗ് (ജനനം - 1911 സെപ്റ്റംബർ 19, മരണം - 1993 ജൂൺ 19) ബ്രിട്ടീഷ് നോവലിസ്റ്റും നാടകകൃത്തും കവിയും 1983-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവുമാണ്. ‘ഈച്ചകളുടെ തമ്പുരാൻ‘ (ലോർഡ് ഓഫ് ദ് ഫ്ലൈസ്) എന്ന കൃതിയിലൂടെ പ്രശസ്തനായ അദ്ദേഹത്തിന് 'റൈറ്റ്സ് ഓഫ് പാസ്സേജ്’ എന്ന കൃതിക്ക് 1980-ലെ ബുക്കർ സമ്മാനം ലഭിച്ചു.

വില്യം ഗോൾഡിംഗ്
OccupationNovelist
NationalityBritish
Genreallegory, essay
Notable worksLord of the Flies
Notable awardsNobel Prize in Literature
1983
Signatureപ്രമാണം:William Golding signature.jpg

ആദ്യകാ‍ലം തിരുത്തുക

ഇംഗ്ലണ്ടിലെ കോൺ‌വാൾ എന്ന സ്ഥലത്ത് 1911 സെപ്റ്റംബർ 19 നു ഗോൾഡിംഗ് ജനിച്ചു. അദ്ദേഹം ഏഴു വയസ്സു പ്രായമുള്ളപ്പോൾ എഴുതിത്തുടങ്ങി. ഒരു ചെറുപ്പക്കാരനായിരിക്കേ തന്നെ കോർണിഷ് ഭാഷ പഠിച്ചു. അച്ഛൻ ഒരു സ്കൂൾ അദ്ധ്യാപകനും ചിന്തകനുമായിരുന്നു. രാഷ്ട്രീയമായും മതപരമായും ഉറച്ചവിശ്വാസങ്ങൾ ഉള്ളയാളായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ. മാൾബറോ വ്യാകരണ വിദ്യാലയത്തിലും പിന്നീട് ഒക്സ്ഫോർഡ് സർവകലാശാലയിലും അദ്ദേഹം പഠിച്ചു. അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്ത്കം - ഒരു കവിതാ സമാഹാരം - അദ്ദേഹത്തിനു ബിരുദം ലഭിക്കുന്നതിന് ഒരുവർഷം മുൻപ് പ്രസിദ്ധീകരിച്ചു.

അദ്ദേഹം ആൻ ബ്രൂക്ഫീൽഡ് എന്ന രസതന്ത്രജ്ഞയെ 1939-ൽ വിവാഹം കഴിച്ചു. അദ്ദേഹം സാലിസ്ബറിയിലെ ബിഷപ് വേഡ്സ്‌വർത്ത് വിദ്യാലയത്തിൽ ഇംഗ്ലീഷ്, തത്വചിന്ത എന്നീ വിഷയങ്ങളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.

രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് നാവികസേനയിലെ ഒരു നാവികനായി ജോലിചെയ്തു. ബിസ്മാർക്ക് എന്ന ജർമനിയുടെ പ്രശസ്തമായ യുദ്ധക്കപ്പൽ മുക്കുന്നതിൽ അദ്ദേഹം ഒരു പങ്കുവഹിച്ചു. നോർമാണ്ടി ആക്രമണത്തിലും യുദ്ധത്തിന്റെ അവസാന ദിവസത്തെ ആക്രമണങ്ങളിലും (ഡി-ഡേ) അദ്ദേഹം പങ്കുവഹിച്ചു. യുദ്ധത്തിനുശേഷം അദ്ദേഹം എഴുത്തിലേക്കും അദ്ധ്യാപനത്തിലേക്കും ശ്രദ്ധതിരിച്ചു.

1961-ൽ അദ്ദേഹം അദ്ധ്യാപനം ഉപേക്ഷിച്ച് ഒരു വർഷത്തോളം വിർജീനിയയിലെ ഹോളിൻസ് കോളെജിൽ ‘റൈറ്റർ ഇൻ റസിഡൻസ്‘ എന്ന പദവിയിൽ ജോലിചെയ്തു. അതിനുശേഷം അദ്ദേഹം ഒരു മുഴുവൻ സമയ എഴുത്തുകാരനായി.

സാഹിത്യം തിരുത്തുക

ഗോൾഡിംഗിന്റെ സാഹിത്യം ഉപമകൾ നിറഞ്ഞതാണ്. പലപ്പോഴും സാഹിത്യത്തിൽ ക്ലാസിക്കൽ സാഹിത്യം, പുരാണങ്ങൾ (മിഥോളജി), ക്രിസ്ത്യൻ പ്രതീകാത്മകത (സിംബോളിസം) എന്നിവയോട് ഗോൾഡിംഗിന്റെ സാഹിത്യം ഉപമിക്കുന്നു. ഗോൾഡിംഗിന്റെ എല്ലാ കൃതികളും തമ്മിൽ ബന്ധപ്പെടുത്തുന്ന കണ്ണികൾ ഇല്ല എങ്കിലും പ്രധാ‍നമായും കൃതികൾ തിന്മ എന്ന സങ്കല്പത്തെ കൈകാര്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ കൃതികളിൽനിന്ന് ഒരുതരം ഇരുണ്ട ശുഭാപ്തിവിശ്വാസം ഊറിവരുന്നു എന്നു പറയാം. ഗോൾഡിംഗിന്റെ ആദ്യത്തെ പുസ്തകം (ലോഡ് ഓഫ് ദ് ഫ്ലൈസ് - 1954, 1963-ലും 1990-ലും സിനിമ ആയി നിർമിച്ചു) മനുഷ്യരാശിയിൽ അന്തർലീനമായ തിന്മയും മനുഷ്യവംശത്തിന്റെ സംസ്കാരവും തമ്മിലുള്ള യുദ്ധത്തെ കാണിക്കുന്നു. തിന്മ മനുഷ്യരാശിയിൽ പുറത്തുനിന്നുള്ള ഒരു സ്വാധീനമല്ല, മറിച്ച് മനുഷ്യനിൽ അന്തർലീനമാണ് എന്ന സന്ദേശമാണ് ഈ പുസ്തകം നൽകുന്നത്. അവകാശികൾ (ദ് ഇൻ‌ഹറിറ്റേഴ്സ് - 1955) ചരിത്രാതീത കാലത്തോളം പിന്നോട്ടുപോയി എങ്ങനെ മനുഷ്യൻ തിന്മകൊണ്ടും ചതികൊണ്ടും നിഷ്കളങ്കരായ സമൂഹത്തിന്റെ മുകളിൽ ആധിപത്യം സ്ഥാപിക്കുന്നു എന്നു കാണിക്കുന്നു. പിൻ‌ചർ മാർട്ടിൻ (1956), ഫ്രീ ഫാൾ (1959) എന്നീ കൃതികളിൽ നിലനില്പിന്റെ മൂലപ്രശ്നങ്ങൾ - മനുഷ്യ സ്വാതന്ത്ര്യം, നിലനിൽപ്പ് തുടങ്ങിയവ - സ്വപ്നാടനത്തിലൂടെയും തിരനോട്ടങ്ങളിലൂടെയും വിശകലനം ചെയ്യുന്നു. ഗോപുരം (ദ് സ്പൈർ (1964)) എന്ന കൃതി മുഖ്യകഥാപാത്രത്തിന്റെ ഭവിക്ഷ്യത്തുകൾ ആലോചിക്കാതെയുള്ള പള്ളി ഗോപുരം പണിയുവാനുള്ള അദമ്യമായ അഭിനിവേശം ബിംബാത്മകമായി കാണിക്കുന്നു. ഗോൾഡിംഗിന്റെ പിൽക്കാല നോവലുകൾക്ക് ആദ്യകാല നോവലുകൾക്കു ലഭിച്ച അതേസ്വീകരണം ലഭിച്ചില്ല. അവസാന നോവലുകളിൽ കാണപ്പെടുന്ന അന്ധകാരം‍ (1979), ലോകത്തിന്റെ അറ്റംവരെ എന്ന പുസ്തക ത്രയം എന്നിവ ഉൾപ്പെടുന്നു.

അദ്ദേഹത്തിന് 1988-ൽ സർ പദവി ലഭിച്ചു.

മരണം തിരുത്തുക

ഹൃദയ സംബന്ധമായ അസുഖങ്ങൾ കാരണം 1993 ജൂൺ 19-ന് ഇംഗ്ലണ്ടിലെ സ്വഭവനത്തിൽ വെച്ച് അന്തരിച്ചു.

നുറുങ്ങുകൾ തിരുത്തുക

തിരുവനന്തപുരം ബ്രിട്ടീഷ് ലൈബ്രറിയിൽ ഗോൾഡിംഗ് വരികയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കേരളം അദ്ദേഹം ഒരുതവണ സന്ദർശിച്ചിട്ടുണ്ട്.

ഗോൾഡിംഗിന്റെ കൃതികൾ തിരുത്തുക

 • കവിതകൾ (1934)
 • ഈച്ചകളുടെ തമ്പുരാൻ (ലോഡ് ഓഫ് ദ് ഫ്ലൈസ് Lord of the Flies (1954) ISBN 0-571-06366-7) - കറന്റ് ബുക്സിൽ നിന്ന് മലയാള വിവർത്തനം ലഭ്യമാണ്.
 • അവകാശികൾ (The Inheritors (1955) ISBN 0-571-06529-5)
 • പിഞ്ചെർ മാർട്ടിൻ (Pincher Martin (1956))
 • വെങ്കല ശലഭം (The Brass Butterfly (1958) )
 • സ്വതന്ത്ര വീഴ്ച (Free Fall (1959) )
 • ഗോപുരം (The Spire (1964) ISBN 0-571-06492-2 )
 • ചൂടു വാതിലുകൾ (The Hot Gates (1965) )
 • പിരമിഡ് (The Pyramid (1967) )
 • സ്കോർപിയോൺ ദൈവം (The Scorpion God (1971) )
 • അന്ധകാ‍രം കാണപ്പെടുന്നു (Darkness Visible (1979) )
 • നീങ്ങുന്ന ലക്ഷ്യം (A Moving Target (1982) )
 • കടലാസു മനുഷ്യർ (The Paper Men (1984) )
 • ഈജിപ്തിലെ വിവരണം (An Egyptian Journal (1985) )
 • ലോകത്തിന്റെ അറ്റം വരെ (മൂന്നു ഭാഗങ്ങൾ) (To the Ends of the Earth (trilogy) )
 • റെറ്റ്സ് ഓഫ് പാസ്സേജ് (Rites of Passage (1980) )
 • ക്ലോസ് ക്വാർട്ടേഴ്സ് (Close Quarters (1987) )
 • ഫയർ ഡൌൺ ബിലോ (Fire Down Below (1989) )

പുറത്തുനിന്നുള്ള കണ്ണികൾ തിരുത്തുക


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1976-2000)

1976: സോൾ ബെലോ | 1977: അലെക്സാണ്ടർ | 1978: സിംഗർ | 1979: എലൈറ്റിസ് | 1980: മിവോഷ് | 1981: കാനേറ്റി | 1982: ഗാർസ്യാ മാർക്വേസ് | 1983: ഗോൾഡിംഗ് | 1984: സീഫേർട്ട് | 1985: സൈമൺ | 1986: സോയിങ്ക | 1987: ബ്രോഡ്സ്കി | 1988: മഹ്ഫൂസ് | 1989: സെലാ | 1990: പാസ് | 1991: ഗോർഡിമെർ | 1992: വാൽകോട്ട് | 1993: മോറിസൺ | 1994: ഓയി | 1995: ഹീനി | 1996: സിംബോർസ്ക | 1997: ഫോ | 1998: സരമാഗോ | 1999: ഗ്രാസ് | 2000: ഗാവോ


"https://ml.wikipedia.org/w/index.php?title=വില്യം_ഗോൾഡിംഗ്&oldid=3808528" എന്ന താളിൽനിന്ന് ശേഖരിച്ചത്