യഥാർത്ഥമായ ഒരു കഥാസാഹചര്യത്തിൽ മായാകഥാപാത്രങ്ങൾ കടന്നുവരുന്ന കലാശാഖയാണ് മാജിക് റിയലിസം (മാജിക്കൽ റിയലിസം)

ഇന്ന് മാജിക്കൽ റിയലിസം എന്ന പദം അതിന്റെ മുകളിൽ നിർവ്വചിച്ച അർത്ഥത്തേക്കാൾ വ്യാപകമായി വിവരണാ‍ത്മകമായ അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ആദ്യമായി ജർമ്മൻ കലാനിരൂപകനായ ഫ്രാൻസ് റോഹ് ആയിരുന്നു ഈ പദം ഉപയോഗിച്ചത്. രൂപാന്തരയാഥാർത്ഥ്യത്തെ കാണിക്കുന്നതിനായിരുന്നു ഈ പദം ഫ്രാൻസിസ് റോഹ് ഉപയോഗിച്ചത്. പിന്നീട് വെനെസ്വേലൻ എഴുത്തുകാരനായ ആർതുറോ ഉസ്ലാർ-പിയേത്രി ഈ പദം ചില ലാറ്റിനമേരിക്കൻ സാഹിത്യകാരന്മാരുടെ കൃതികളെ വിവരിക്കുവാൻ ഉപയോഗിച്ചു. ക്യൂബൻ എഴുത്തുകാരനും ഉസ്ലാർ-പിയേത്രിയുടെ സുഹൃത്തുമായ അലെജോ കാർപെന്റിയേർ "ലൊ റിയാൽ മാരവില്ലൊസോ" (മനോഹരമായ യാഥാർത്ഥ്യം) എന്ന പദം തന്റെ നോവലായ ദ് കിങ്ങ്ഡം ഓഫ് ദിസ് വേൾഡ് (1949) എന്ന കൃതിയുടെ ആമുഖത്തിൽ ഉപയോഗിച്ചു. സ്വാഭാവികവും അടിച്ചേൽപ്പിക്കാത്തതുമായ അന്തരീക്ഷത്തിൽ അൽഭുതകരമായ കഥാതന്തുക്കൾ പ്രത്യക്ഷപ്പെടുന്ന ഒരുതരം ഉന്നതമായ യാഥാർത്ഥ്യം എന്നതായിരുന്നു കാർപെന്റിയേറുടെ ആശയം. കാർപെന്റിയേറുടെ കൃതികൾ 1960-കളിൽ ആവിർഭവിച്ച ലാറ്റിൻ അമേരിക്കൻ സാഹിത്യവസന്തത്തിനു ഒരു പ്രധാന പ്രേരകശക്തിയായിരുന്നു.

മാജിക് റിയലിസം വിദഗ്ദ്ധമായി തന്റെ കൃതികളിൽ കൂട്ടി ചേർത്ത വിശ്രുത ലാറ്റിനമേരിക്കൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗർസിയ മാർക്വേസ്. മലയാളത്തിൽ സേതുവിന്റെ പാണ്ഡവപുരം, കെ.വി. മോഹങ്കുമാറിന്റെ ഏഴാം ഇന്ദ്രിയം, വിനോദ് മങ്കരയുടെ കരയിലേക്ക് ഒരു കടൽ ദൂരം എന്നീ നോവലുകൾ ഇതിനുദാഹരണങ്ങളാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേൻ,രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം, പ്രാഞ്ചിയെട്ടൻ , പദ്മരാജന്റെ ഞാൻ ഗന്ധർവൻ, വിനോദ് മങ്കര സംവിധാനം ചെയ്ത കരയിലേക്ക് ഒരു കടൽ ദൂരം എന്നീ ചിത്രങ്ങൾ ഇത്തരത്തിൽ വന്ന മലയാള സിനിമകളിൽ ചിലതാണ് .

"https://ml.wikipedia.org/w/index.php?title=മാജിക്കൽ_റിയലിസം&oldid=3276005" എന്ന താളിൽനിന്ന് ശേഖരിച്ചത്