മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു ഗണപത്‌റാവു ഗോവിന്ദറാവു ജാദവ്[1] . 1937 ൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ മറാഠി ദിനപത്രമായ പുഢാരിയുടെ സ്ഥാപകനായിരുന്നു[2][3]. 1984-ൽ ഭാരത സർക്കാർ പത്മശ്രീ നൽകി ആദരിച്ചു[4]. 2009 നവംബർ 12-ന് അദ്ദേഹത്തിന്റെ ആദരാർത്ഥം ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കി[5].

ആദ്യകാലജീവിതം

തിരുത്തുക

1908 മേയ് 5-ന് മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ ഗഗൻബാവഡായിലാണ് ഗൺപത്റാവു ജാദവ് ജനിച്ചത്[6]. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം അദ്ദേഹത്തിന്റെ വിദ്യാഭ്യാസം പ്രാദേശിക സ്കൂളിലെ വിദ്യാഭ്യാസത്തിലൊതുങ്ങി. എന്നാൽ ജാദവ് സ്വയം പുസ്തകങ്ങൾ വായിച്ച് പഠനം തുടർന്നു[7]. മുംബൈയിൽ നിന്നും പ്രസിദ്ധീകരിച്ച തേജ് എന്ന വാരികയിൽ പത്രപ്രവർത്തകനായിട്ടാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത്.

രാഷ്ട്രീയത്തിൽ

തിരുത്തുക

ചെറുപ്പത്തിൽ തന്നെ അദ്ദേഹം ജ്യോതിബാ ഫുലെ 1873 ൽ സ്ഥാപിച്ച ഒരു സാമൂഹിക സംഘടനയായ സത്യശോധക് സമാജ് എന്ന സംഘടനയുമായി ചേർന്നു പ്രവർത്തിച്ചിരുന്നു. ഇത് വ്യക്തികളായ കേശവ്‌റാവു ജേധെയെ പോലെ നിരവധി അറിയപ്പെടുന്ന മറാഠി നേതാക്കളുമായി ഇടപഴകുവാൻ അദ്ദേഹത്തിന് അവസരം നൽകി.

താമസിയാതെ, ഭാസ്കർറാവു ജാദവിന്റെ സഹായത്തോടെ ഡെയ്‌ലി കൈവാരി എന്ന ദിനപത്രം ആരംഭിക്കുകയും അതിന്റ എഡിറ്റർ ആയി പ്രവർത്തിക്കുകയും ചെയ്തു[7]. ജ്യോതിറാവു ഫുലെ,സത്യശോധക് സമാജ് തുടങ്ങിയവരുമായുള്ള ബന്ധം, 1930 മാർച്ചിൽ ദണ്ഡി മാർച്ചിൽ പങ്കെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു[6]. സത്യശോധക് സമാജിന്റെ കോലാപ്പൂർ ജില്ലാ യൂണിറ്റ് ഗൺപത്റാവു ജാദവ് സ്ഥാപിക്കുകയും ചെയ്തു. 1930 ലെ ഇന്ത്യൻ നിസ്സഹകരണ പ്രസ്ഥാനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻനിരനേതൃത്വവും ഒളിവിലെ പ്രവർത്തകരും തമ്മിലുള്ള ആശയവിനിമയത്തിന്റെ മേൽനോട്ടം അദ്ദേഹം നിർവ്വഹിച്ചു[7].

മഹാരാഷ്ട്രയിലെ പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായ ദിൻകർ‌റാവു ജാവൽക്കറിനെ ബ്രിട്ടീഷ് സർക്കാർ അറസ്റ്റുചെയ്തപ്പോൾ ജാദവ് ഒളിവിൽ പോവുകയും വാഡി ബന്തറിലും കർണാക് ബന്തറിലും പിക്കറ്റിങ്ങ് സംഘടിപ്പിക്കുകയും ചെയ്തു. ഇന്ത്യക്ക് ഡൊമീനിയൻ പദവി നൽകുന്നത് സംബന്ധിച്ച് 1931 മാർച്ച് 5-ന് ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പിടുന്നത് വരെ അദ്ദേഹം രഹസ്യമായി പ്രവർത്തിച്ചു[6]. ഈ കാലയളവിൽ ദളിത് സമുദായത്തിന്റെ ഉന്നമനത്തിനായി ബി. ആർ. അംബേദ്‌കറുമായും അദ്ദേഹം ബന്ധപ്പെട്ടു പ്രവർത്തിച്ചു. 1930 മാർച്ചിലെ കാലാറാം ക്ഷേത്രത്തിൽ നടന്ന ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും ചെയ്തു[7][8].

1930 കളുടെ രണ്ടാംപകുതിയിൽ ജാദവ് ജേണലിസത്തിൽ ശ്രദ്ധയൂന്നുകയും സേവക് എന്ന വാരിക ആരംഭിക്കുകയും ചെയ്തു. 1937 മേയ് 13 ന് ഈ വാരിക പുഢാരി എന്നു പുനർനാമകരണം ചെയ്യപ്പെട്ടു[6]. ഈ സമയത്താണ് അദ്ദേഹം കോലാപ്പൂർ ജേർണലിസ്റ്റ് അസോസിയേഷൻ (കോലാപൂർ പത്രകാർ സംഘ) സ്ഥാപിച്ചത്[7]. സത്യശോധക് സമാജിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1956 ൽ സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്നു[7].

കൃഷിക്കാരുമായുള്ള അദ്ദേഹത്തിന്റെ ഇടപെടൽ, കോലാപ്പൂർ ഡിസ്ട്രിക്ട് അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപകനാകുന്നതിന് കാരണമായി. ശിവാജി സർവ്വകലാശാല, താരാറാണി വിദ്യാപീഠ്, മൗനി വിദ്യാപീഠ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവനയും രേഖപ്പെടുത്തിയിട്ടുണ്ട്[7].

കുടുംബം

തിരുത്തുക

ഇന്ദിര ദേവിയാണ് ഭാര്യ. ഈ ദമ്പതികൾക്ക് ഒരു പുത്രനും ആറ് പുത്രിമാരുണ്ടായിരുന്നു[9]. 1987 മെയ് 20 നാണ് അദ്ദേഹം അന്തരിച്ചത്[9]. അദ്ദേഹത്തിന്റെ മകനായ ഡോ. പ്രതാപ്‌സിംഹ് ജാദവ് പിൽക്കാലത്ത് പുഢാരിയുടെ മേൽനോട്ടം വഹിച്ചു. പ്രതാപ്‌സിംഹ് ജാദവ് 003 ൽ പത്മശ്രീ പുരസ്ക്കാരം നേടി[10].

  1. "India 2009 Ganpatrao". eBid. 2015. Retrieved 18 July 2015.
  2. "Pudhari". Pudhari. 2015. Archived from the original on 17 ജൂലൈ 2015. Retrieved 17 ജൂലൈ 2015.
  3. Press in India, Issue 33. India: Office of the Registrar of Newspapers. Retrieved 22 July 2015.
  4. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 November 2014. Retrieved 18 June 2015.
  5. "Postage Stamp". Free Stamp Catalogue. 2015. Archived from the original on 2018-11-12. Retrieved 18 July 2015.
  6. 6.0 6.1 6.2 6.3 "Brief Sletch". Academia. 2015. Retrieved 18 July 2015.
  7. 7.0 7.1 7.2 7.3 7.4 7.5 7.6 "G G Jadhav". Stamp Sathi. 2015. Archived from the original on 2016-03-06. Retrieved 17 July 2015.
  8. Ramacandra Kshirasagara (1 January 1994). Dalit Movement in India and Its Leaders, 1857-1956. M. D. Publications. p. 123. ISBN 978-81-85880-43-3.
  9. 9.0 9.1 "Pudhari Editor Jhadhav is Bereaved". DNA Syndication. 28 January 2009. Retrieved 18 July 2015.
  10. "Padmshree Dr. pratapsinh jadhav". YouTube. 2015. Retrieved 18 July 2015.
"https://ml.wikipedia.org/w/index.php?title=ഗണപത്‌റാവു_ജാദവ്&oldid=3926878" എന്ന താളിൽനിന്ന് ശേഖരിച്ചത്