അമേരിക്കൻ തത്ത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു കർട്ട് ജോൺ ഡ്യൂകേസി. 1881 ജൂലൈ 7-ന് ഫ്രാൻസിലെ ആൻഗോളയിൽ ജനിച്ചു. ഡ്യൂകേസി കർട്ട് ജോൺ എന്നാണ് പൂർണമായ പേര്. പ്രാഥമിക വിദ്യാഭ്യാസം ഫ്രാൻസിലും ഉപരിപഠനം ഇംഗ്ലണ്ടിലും അമേരിക്കയിലുമായിരുന്നു. 1900-ൽ അദ്ദേഹം അമേരിക്കയിൽ സ്ഥിരതാമസമാക്കി. 1912-ൽ ഹാർവാഡ് സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. തുടർന്ന് 1912 മുതൽ 1926 വരെ വാഷിങ്ടൺ, ബ്രൗൺ എന്നീ സർവകലാശാലകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു.

കർട്ട് ജോൺ ഡ്യൂകേസി
കർട്ട് ജോൺ ഡ്യൂകേസി.jpg
കർട്ട് ജോൺ ഡ്യൂകേസി
ജനനം1881 ജൂലൈ 7
മരണം1969 സെപ്റ്റംബർ 3
ദേശീയതഅമേരിക്കൻ
തൊഴിൽഅധ്യാപകൻ
അറിയപ്പെടുന്നത്തത്ത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനും

തത്ത്വശാസ്ത്ര സിദ്ധാന്തങ്ങൾതിരുത്തുക

തത്ത്വശാസ്ത്രപഠനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ഡ്യൂകേസിയുടെ പ്രധാന സിദ്ധാന്തങ്ങൾ ജ്ഞാനസിദ്ധാന്തം, കാരണവാദം, മനസ്സും പ്രകൃതിയും ആധാരമാക്കിയുള്ള പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങളുടെ വിശകലനം എന്നിവയായിരുന്നു. പ്രപഞ്ചം കാര്യകാരണങ്ങളാൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രകൃതിയാണ് എല്ലാറ്റിന്റേയും നിയാമകശക്തിയെന്നും ഇദ്ദേഹം വെളിപ്പെടുത്തി. തന്റെ ഗ്രന്ഥരചനാകാലത്തുടനീളം ടെലിപ്പതി, അതീന്ദ്രിയ ജ്ഞാനം, പൂർവജ്ഞാനം തുടങ്ങിയ മാനസിക പ്രതിഭാസങ്ങളെപ്പറ്റി ഡ്യൂകേസി വിശദമായിത്തന്നെ എഴുതുകയുണ്ടായി. ഇദ്ദേഹത്തിന് ഇവയിലുണ്ടായിരുന്ന താത്പര്യം ബഹുമുഖമായിരുന്നു. അതിസാധാരണമായ പ്രതിഭാസങ്ങൾ യാഥാർഥ്യമാണെങ്കിൽ മനസ്സിനേയും ശരീരത്തേയും സംബന്ധിച്ച നിലവിലുള്ള സിദ്ധാന്തങ്ങൾ അവയെ വ്യാഖ്യാനിക്കാനുതകുന്ന തരത്തിൽ പരിഷ്കരിക്കേണ്ടിയിരിക്കുന്നു. മനുഷ്യമനസ്സിന്റെ മേല്പറഞ്ഞ തരത്തിലുള്ള വന്യയാഥാർഥ്യങ്ങളെ വിശദീകരിക്കാൻ പര്യാപ്തമായ ഏതു സിദ്ധാന്തവും പ്രകൃത്യതീത ശക്തികളെ മുൻകൂട്ടി അംഗീകരിക്കേണ്ടതുണ്ടെന്ന് അനുക്ത സിദ്ധമത്രേ.

പ്രധാനകൃതികൾതിരുത്തുക

ഡ്യൂകേസിയുടെ പ്രധാന കൃതികൾ

  • ഫിലോസഫി അസ് എ സയൻസ് (1941)
  • കോസേഷൻ ആൻഡ് ദ് ടൈപ്പ്സ് ഒഫ് നെസസിറ്റി (1924)
  • നേച്ചർ, മൈൻഡ്, ആൻഡ് ഡെത്ത് (1924)
  • ദ് ഫിലോസഫി ഒഫ് ആർട്ട് (1929)
  • ആർട്ട് ദ് ക്രിട്ടിക്സ് ആൻഡ് യൂ (1944)
  • എ ഫിലോസഫിക്കൽ സ്ക്രൂട്ടിനി ഒഫ് റിലീജിയൻ (1953)
  • എ ക്രിട്ടിക്കൽ എക്സാമിനേഷൻ ഒഫ് ദ് ബിലീഫ് ഇൻ എ ലൈഫ് ആഫ്റ്റർ ഡെത്ത് (1961)
  • ട്രൂത്ത്, നോളഡ്ജ് ആൻഡ് കോസേഷൻ (1968)

എന്നിവയാണ്. 1969 സെപ്റ്റംബർ 3-ന് ഇദ്ദേഹം അന്തരിച്ചു.

അവലംബംതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡ്യൂകേസി, സി.ജെ. (1881 - 1969) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കർട്ട്_ജോൺ_ഡ്യൂകേസി&oldid=3294780" എന്ന താളിൽനിന്ന് ശേഖരിച്ചത്